മില്‍മയുടെ സബ്‌സിഡി ആനുകൂല്യത്തില്‍നിന്ന് പുറത്തായി ഒരു കൂട്ടം ക്ഷീരകര്‍ഷകര്‍

moonamvazhi

ക്ഷീരകര്‍ഷകര്‍ക്ക് അശ്വാസമായാണ് മില്‍മയ്ക്ക് പാല്‍ നല്‍കുന്ന കര്‍ഷകര്‍ക്ക് അധികവില നല്‍കാന്‍ മലബാര്‍ മേഖല യൂണിയന്‍ തീരുമാനിച്ചത്. എന്നാല്‍, മില്‍മ മലബാര്‍ മേഖല യൂണിയന്‍ ക്ഷീര കര്‍ഷകര്‍ക്കായി അനുവദിക്കുന്ന അധികവില ആനുകൂല്യത്തില്‍നിന്ന് ഒരുകൂട്ടം ക്ഷീര കര്‍ഷകര്‍ക്ക് പുറത്താണ്. പരമ്പരാഗത ക്ഷീരസംഘങ്ങളിലെ അംഗങ്ങളായ കര്‍ഷകര്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭിക്കാത്തത്. ഡിസംബര്‍ ജനുവരി മാസങ്ങളില്‍ ലിറ്ററിന് അധികമായി നല്‍കുന്ന 1.50 രൂപയും മാര്‍ച്ചില്‍ നല്‍കുന്ന നാലുരൂപയും മേഖലയൂണിയന്‍ പരിധിയില്‍ വരുന്ന പരമ്പരാഗത ക്ഷീര സംഘങ്ങളിലെ കര്‍ഷകര്‍ക്ക് ലഭിക്കില്ല.

മലബാര്‍ മേഖലയില്‍ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട്, ജില്ലകളിലായി 100 പരമ്പരാഗത ക്ഷീര സംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഈ സംഘങ്ങളില്‍ഡനിന്നുള്ള പ്രാദേശിക വില്‍പന കഴിഞ്ഞുള്ള പാല്‍ മില്‍മ സംഭരിക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ മേഖലായൂണിയന്‍ പരമ്പരാഗത സംഘങ്ങളില്‍നിന്ന് സംഭരിച്ച പാലിന് അധികവിലയായി ഒരുരൂപ നല്‍കിയിരുന്നു. എന്നാല്‍, വേനല്‍കാലത്ത് ആശ്വാസമായി മൂന്നുമാസം തുടര്‍ച്ചയായി മേഖല യൂണിയനില്‍ അംഗത്വമുള്ള ആനന്ദ് മാതൃക ക്ഷീരസംഘങ്ങള്‍ക്ക് അധികവില നല്‍കിയപ്പോഴും പരമ്പരാഗത ക്ഷീരസംഘങ്ങളെ പരിഗണിച്ചില്ല.

പാലക്കാട് ജില്ലയില്‍ ഒരുമാസം 40,000 ലിറ്റര്‍ പാലാണ് മില്‍മ സംഭരിക്കുന്നത്. മില്‍മയ്ക്ക് പാല്‍ നല്‍കുന്ന എല്ലാ ക്ഷീര സംഘങ്ങളിലെയും കര്‍ഷകരെ ഒരേപോലെ കണ്ട് അധികവില പരമ്പരാഗത സംഘങ്ങള്‍ക്കും അനുവദിക്കണമെന്നാണ് ഇത്തരം സംഘങ്ങളിലെ പ്രസിഡന്റുമാരുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി അവര്‍മില്‍മയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!