നിരക്ക് വര്‍ധന ജൂലായ് മൂന്നിനു നിലവില്‍ വരും; മറ്റു കമ്പനികളും നിരക്ക് കൂട്ടും

moonamvazhi

മൊബൈല്‍ നിരക്കുകള്‍ വര്‍ധിക്കുമെന്ന് ഉറപ്പായി. റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെലും നിരക്കുവര്‍ധന പ്രഖ്യാപിച്ചു. മറ്റു ടെലികോം കമ്പനികളും കൂട്ടുമെന്നാണു സൂചന. ജൂണ്‍ 27നാണ് റിലയന്‍സ് ജിയോ നിരക്കുവര്‍ധന പ്രഖ്യാപിച്ചത്. 28ന് ഭാരതി എയര്‍ടെലും പ്രഖ്യാപിച്ചു. പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് വിഭാഗങ്ങളിലൊക്കെ അണ്‍ലിമിറ്റഡ് കോള്‍ പ്ലാനുകളുടെ നിരക്കുകളില്‍ 12 മുതല്‍ 25വരെ ശതമാനം വര്‍ധനയാണു റിലയന്‍സ് ജിയോ പ്രഖ്യാപിച്ചത്. 11 മുതല്‍ 20 വരെ ശതമാനം വര്‍ധനയാണു ഭാരതി എയര്‍ടെല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. രണ്ടു ടെലികോം കമ്പനികളുടെയും വര്‍ധിച്ച നിരക്കുകള്‍ ജൂലായ് മൂന്നിനു പ്രാബല്യത്തിലാവും. എയര്‍ടെലിന്റെ രണ്ടു ജിബി ഡാറ്റയുള്ള 179 രൂപയുടെ അണ്‍ലിമിറ്റഡ് കോള്‍ പ്ലാനിന്റെ നിരക്ക് 11 ശതമാനം വര്‍ധിച്ച് 199 രൂപയാവും. 455 രൂപ മുതല്‍ 1799 രൂപവരെയുള്ള മറ്റു നിരക്കുകളും വര്‍ധിക്കും.

പോസ്റ്റ് പെയ്ഡ് വിഭാഗത്തില്‍ 399 രൂപയുടെ പ്ലാന്‍ നിരക്ക് 449 രൂപയായും 499 രൂപയുടെത് 549 രൂപയായും 599 രൂപയുടെത് 699 രൂപയായും 999 രൂപയുടെത് 1199 രൂപയായും ഉയരും. വാര്‍ഷികാടിസ്ഥാനത്തിലുള്ള നിരക്കുകളിലും ഡാറ്റാ ആഡ് ഓണ്‍ വിഭാഗങ്ങളിലെ നിരക്കുകളിലും വര്‍ധനയുണ്ടാകും. ഓരോ ഉപയോക്താവില്‍നിന്നുമുള്ള ശരാശരി വരുമാനം 300 രൂപയില്‍ കൂടുതലാക്കുക എന്ന ഉദ്ദേശ്യത്തോടെയാണു എയര്‍ടെല്‍ വര്‍ധന വരുത്തിയിട്ടുള്ളത്. 2024 സാമ്പത്തികവര്‍ഷത്തിന്റെ നാലാംപാദമായ ജനുവരി-മാര്‍ച്ച് കാലത്തെ കണക്കുപ്രകാരം ഇത് 209 രൂപയാണ്. ജിയോയുടെത് 181.7 രൂപയും വോഡാഫോണ്‍ ഐഡിയയുടെത് 146 രൂപയുമാണ്.

എയര്‍ടെലിന്റെ മൂന്നാംപാദത്തിലെ നിരക്ക് 208രൂപയായിരുന്നു. നാമമാത്രമായ വര്‍ധയാണു രേഖപ്പെടുത്തിയത്. ജിയോയുടെ സമാനമായ നിരക്ക് 2024 മാര്‍ച്ചവരെയുള്ള മൂന്നുപാദത്തിലും 181.7 ആയി തുടരുകയായിരുന്നു. ശൃംഖലാസാങ്കേതികവിദ്യയിലും സ്‌പെക്ട്രത്തിലും ഗണ്യമായ നിക്ഷേപം നടത്തി മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് നിരക്കുവര്‍ധന ആവശ്യമാണെന്ന് എയര്‍ടെല്‍ പറയുന്നു. ജിയോയുടെ 155 രൂപയുടെ പ്ലാന്‍ 189 രൂപയാകും. പ്രതിദിനം 1.5 ജിബി ഡാറ്റയുള്ള 239 രൂപയുടെ പ്രതിമാസപ്ലാനിന്റെ നിരക്ക് 299 രൂപയാകും. 2999 രൂപയുടെ വാര്‍ഷികപ്ലാനിന്റെ നിരക്ക് 3599 ആകും.

പൊതുതിരഞ്ഞെടുപ്പുകഴിയുമ്പോള്‍ നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്നു പ്രവചിക്കപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published.