പുല്‍പ്പള്ളി ബാങ്കിന് നഷ്ടമായ 8.30 കോടിരൂപ ഭരണസമിതി അംഗങ്ങളില്‍നിന്നും ജീവനക്കാരില്‍നിന്നും ഈടാക്കാന്‍ ഉത്തരവ്  

moonamvazhi

വയനാട് ജില്ലയിലെ പുല്‍പ്പള്ളി സഹകരണ ബാങ്കിനുണ്ടായ നഷ്ടം അതിന് കാരണക്കാരായ ഭരണസമിതി അംഗങ്ങളില്‍നിന്നും സെക്രട്ടറി അടക്കമുള്ള ജീവനക്കാരില്‍നിന്നും ഈടാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. ഒമ്പത് പേരില്‍നിന്നായി 8.30 കോടിരൂപയാണ് തിരിച്ചുപിടിക്കുന്നത്. സര്‍ചാര്‍ജ് ഉത്തരവിനെതിരെ ഒമ്പതുപേരുടെ അപ്പീല്‍ തള്ളിക്കൊണ്ടാണ് സര്‍ക്കാര്‍ അന്തിമ ഉത്തരവ് ഇറക്കിയിട്ടുള്ളത്.

സഹകരണ മേഖലയുടെ നിലനില്‍പിനെ തന്നെ ബാധിക്കുന്ന രീതിയില്‍ ക്രമവിരുദ്ധമായ പ്രവര്‍ത്തികളിലൂടെ സംഘത്തിന് നഷ്ടം വരുത്തിയ നടപടി അംഗീകരിക്കാനാവില്ലെന്ന് സഹകരണ വകുപ്പ് ഡെപ്യൂട്ടി ജനറല്‍ ബി.ടി. ബിജുകുമാറിന്റെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രസിഡന്റും സെക്രട്ടറിയുമാണ് ഏറ്റവും കൂടുതല്‍ പണം നല്‍കേണ്ടത്. പ്രസിഡന്റ് കെ.കെ. അബ്രഹാം 2.22 കോടിയും സെക്രട്ടറി കെ.ടി.രമാദേവി 2.18 കോടിരൂപയും നല്‍കണം. വായ്പ സെക്ഷന്റെ ചുമതലയുള്ള ഇന്റേണല്‍ ഓഡിറ്റര്‍ പി.യു.തോമസ് 1.81 കോടിരൂപയാണ് ബാങ്കിന് നല്‍കേണ്ടത്. 3.47ലക്ഷം മുതല്‍ 79.14 ലക്ഷംരൂപവരെയാണ് ബാക്കി ആറുപേരുടെ ബാധ്യത. ഇതില്‍ പ്രസിഡന്റിനെതിരെയുള്ള സര്‍ച്ചാര്‍ജ് ഉത്തരവ് നടപ്പാക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അദ്ദേഹത്തിന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകാന്‍ കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിന്റെ വാദം കൂടി കേള്‍ക്കുന്നതുവരെ പണം തിരിച്ചുപിടിക്കുന്നതിനുള്ള നടപടി സ്വീകരിക്കരുതെന്നാണ് നിര്‍ദ്ദേശം.

ജോയിന്റ് രജിസ്ട്രാര്‍ പുറപ്പെടുവിച്ച സര്‍ചാര്‍ജ് ഉത്തരവിനെതിരെ ഭരണസമിതി അംഗങ്ങള്‍ ബോധിപ്പിച്ച വാദഗതികള്‍ അംഗീകരിക്കാവുന്നതല്ലെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി. സഹകരണ സംഘത്തിന്റെ ഭരണത്തിന് നേതൃത്വം നല്‍കേണ്ടവര്‍ തന്നെ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളിലും വായ്പകള്‍ അനുവദിക്കുന്നതിലും നടപടികള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയിരിക്കുന്നു. ഇന്‍സ്‌പെക്ഷന്‍ ഫീസ് വാങ്ങുന്നത് നിയമവിരുദ്ധമാണ്. ഈ സാഹചര്യത്തില്‍ പുല്‍പ്പള്ളി സഹകരണ ബാങ്കിനുണ്ടായ 8.33 കോടിരൂപയുടെ നഷ്ടം ഈടാക്കാനുള്ള സര്‍ചാര്‍ജ് ഉത്തരവ് അംഗീകരിക്കുന്നുവെന്ന് ഉത്തരവില്‍ വ്യക്തമാക്കി.

നിരവധി കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലുള്ള അന്വേഷണങ്ങള്‍ക്ക് ശേഷം നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടാണ് ജോയിന്റ് രജിസ്ട്രാര്‍ സര്‍ചാര്‍ജ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അപ്പീല്‍ നല്‍കിയവരുടെ വിശദീകരണം സര്‍ക്കാര്‍ പരിശോധിച്ചു. സര്‍ച്ചാര്‍ജ് നടപടി സ്വീകരിച്ചതിന്റെ കാര്യകാരണങ്ങള്‍ ജോയിന്റ് രജിസ്ട്രാറും വിശദീകരിച്ചു. ഇതിന് ശേഷമാണ് ഭരണസമിതി അംഗങ്ങളുടെ അപ്പീല്‍ അപേക്ഷ തള്ളിയത്. കെ.കെ.അബ്രഹാമിന് നേര്‍ക്കാഴ്ചയില്‍ ഹാജരാകുന്നതിന് സാധിക്കില്ല എന്ന അറിയിച്ചതിനാല്‍ അദ്ദേഹത്തിന്റെ വാദം കേള്‍ക്കുന്നതിന് വീണ്ടും അവസരം നല്‍കും. അതുവരെ അദ്ദേഹത്തിനെതിരെയുള്ള സര്‍ചാര്‍ജ് ഉത്തരവ് നടപ്പാക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.