കേരള ബാങ്ക് ഇനി പൊതു അധികാരി; വിവരാവകാശ നിയമം അനുസരിച്ച് വിവരങ്ങള്‍ നല്‍കണമെന്ന് കമ്മീഷന്‍

moonamvazhi

കേരള ബാങ്കിന്റെ സംസ്ഥാന ഓഫീസിനെയും 14 ജില്ലാ ബാങ്കുകളെയും അവയുടെ ശാഖകളെയും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന വിവരാവകാശ കമ്മിഷന്‍ ഉത്തരവായി. കേരള ബാങ്ക് കൊല്ലം പതാരം ശാഖയിലെ വായ്പാ തിരിച്ചടവ് സംബന്ധിച്ച തര്‍ക്കത്തില്‍ യുവതി മരിക്കാനിടയായ സംഭവത്തിലെ രേഖകള്‍ ബാങ്ക് പുറത്തുവിടാതിരുന്നതിനെ തുടര്‍ന്നാണ് ഉത്തരവ്. വായ്പ എടുത്ത ശൂരനാട് തെക്കുള്ള കുടുംബത്തെ വീട്ടില്‍ നിന്നിറക്കിവിട്ട് വസ്തു വകകള്‍ ജപ്തിചെയ്തതും തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തതുമായ സംഭവത്തിലെ രേഖകളാണ് ബാങ്ക് മറച്ചു വച്ചത്.

രേഖകള്‍ വിവരാവകാശ നിയമപ്രകാരം നല്കണമെന്ന ആലപ്പുഴ ചാരുമ്മൂട് പൂക്കോയ്ക്കല്‍ വി.രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വിവരാവകാശ നിയമം കേരള ബാങ്കിന് ബാധകമല്ലെന്ന് ഭരണ സമിതി തീരുമാനിച്ചിട്ടുണ്ടെന്ന മറുപടിയാണ് ലഭിച്ചത്. അതേ സമയം പതാരം ശാഖയില്‍ അന്വേഷിക്കപ്പെട്ട രേഖകള്‍ വിവരാവകാശ നിയമം എട്ടാം ഖണ്ഡിക പ്രകാരം തരേണ്ടതില്ലാത്തതാണെന്നും മറുപടിയില്‍ പറഞ്ഞു.

ഇതിനെതിരെയുള്ള ഹരജി പരിഗണിച്ച വിവരാവകാശ കമ്മിഷന്‍ ബാധകമല്ലെന്ന് പറഞ്ഞ അതേ നിയമം ഉദ്ധരിച്ച് വിവരം നിഷേധിച്ചത് വൈരുദ്ധ്യമാണെന്ന് കണ്ടെത്തി. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിലൂടെ നിലവില്‍ വന്നതും ആകെ 2159.03 കോടി രൂപ മൂലധമുള്ളതും അതില്‍ സര്‍ക്കാറിന്റെ 906 കോടി രൂപ ഓഹരിയുള്ളതം 400 കോടിരൂപ സര്‍ക്കാറിന്റെ അധികമൂലധനമുള്ളതുമായ കേരള ബാങ്കിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് അറിയാന്‍ പൗരന് അവകാശമുണ്ടെന്നും വിവരാവകാശ നിയമപ്രകാരം അത് സംരക്ഷിക്കപ്പെടണമെന്നും സംസ്ഥാന വിവരാവകാശ കമ്മീഷ്ണര്‍ ഡോ.എ.അബ്ദുല്‍ ഹക്കിം ഉത്തരവായി.

സര്‍ക്കാറിന്റെ ഓഹരിധനം കേരള ബാങ്കിന് അനിവാര്യമായിരിക്കെ കേരള ബാങ്ക് വിവരാവകാശ നിയമ പ്രകാരം പൊതു അധികാര സ്ഥാനമാണെന്നും ഓരോ ശാഖയുടെയും മാനേജര്‍ അവിടുത്തെ പൊതു അധികാരിയാണെന്നും ഒടുവില്‍ കേരള ബാങ്കില്‍ ലയിച്ച മലപ്പുറം ജില്ലാ സഹകരണ ബാങ്കിനും വിധി ബാധകമാണെന്നും കമ്മിഷന്‍ ഉത്തരവില്‍ വ്യക്തമാക്കി. പൗരന്മാര്‍ക്ക് വിവരം നല്കാന്‍ കേരള ബാങ്ക് എന്ന കേരള സംസ്ഥാന സഹകരണ ബാങ്കിന് ബാധ്യതയുണ്ട്.അതിനാല്‍ ഒരാഴ്ചയ്ക്കകം വി.രാജേന്ദ്രന് വിവരം നല്കിയ ശേഷം ആഗസ്റ്റ് 14 നകം കേരള ബാങ്ക് നടപടി റിപ്പോര്‍ട്ട് കമ്മിഷന് സമര്‍പ്പിക്കണമെന്നും ഉത്തരവിലുണ്ട്.