സഹകരണ ബാങ്കുകളിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ അക്കൗണ്ടുകളെക്കുറിച്ച് കേന്ദ്രത്തിന് ഇ.ഡി.യുടെ റിപ്പോര്‍ട്ട്

moonamvazhi

കേരളത്തിലെ സഹകരണ ബാങ്കുകളിലെ അക്കൗണ്ടുകളില്‍ സംശയം പ്രകടിപ്പിച്ച് കേന്ദ്ര റവന്യു ഡിപ്പാര്‍ട്ട്‌മെന്റിന് ഇന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോര്‍ട്ട്. കരുവന്നൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട് സംബന്ധിച്ചുള്ള വിശദീകരണത്തിനൊപ്പമാണ്, മറ്റ് സഹകരണ ബാങ്കുകളിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അക്കൗണ്ടുകളുണ്ടെന്ന ഇ.ഡി. വിശദീകരിക്കുന്നത്. ഇത്തരത്തില്‍ അക്കൗണ്ടുകളുള്ള 11 ബാങ്കുകളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

വോട്ടവകാശമില്ലാത്ത അംഗങ്ങളുമായി സഹകരണ സംഘങ്ങള്‍ ഇടപാടുനടത്തുന്നുണ്ടെന്നാണ് കേന്ദ്രത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. നോമിനല്‍, അസോസിയേറ്റ് അംഗങ്ങളില്‍നിന്ന് നിക്ഷേപം സ്വീകരിക്കുന്നത് നിയമവിരുദ്ധമാണെന്ന് കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും ആവര്‍ത്തിച്ച് ഉന്നയിക്കുന്നതിനിടെയാണ്, ഇതേകാര്യം ഇ.ഡി.യും അവരുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. കേരളത്തിലെ സഹകരണ നിയമം അനുസരിച്ച് നോമിനല്‍, അസോസിയേറ്റ് അംഗങ്ങളെ, വോട്ടവകാശമുള്ള അംഗങ്ങളുടെ അതേരീതിയില്‍തന്നെയാണ് പരിഗണിക്കുന്നത്.

ബാങ്കിങ് നിയന്ത്രണ നിയമത്തിനും, സംസ്ഥാന സഹകരണ സംഘം നിയമത്തിനും വിരുദ്ധമായാണ് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സഹകരണ ബാങ്കുകളില്‍ അക്കൗണ്ടുകള്‍ അനുവദിക്കുന്നതെന്നാണ് ഇ.ഡി. ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, 1966 മാര്‍ച്ച് ഒന്നിന് നിലവില്‍വന്ന ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതി വ്യവസ്ഥ അനുസരിച്ച്, ഈ നിയമം പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളായ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ബാധകമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനുശേഷമാണ് രാഷ്ട്രീയപാര്‍ട്ടികള്‍, സംഘടനകള്‍ എന്നിവയ്ക്ക് സഹകരണ ബാങ്കുകള്‍ അക്കൗണ്ട് അനുവദിക്കാന്‍ തുടങ്ങിയത്.

ബാങ്കിങ് നിയന്ത്രണ നിയമത്തിലെ 56-ാം വകുപ്പിന് വിരുദ്ധമായാണ് സഹകരണ ബാങ്കുകളും പ്രവര്‍ത്തിക്കുന്നതെന്നാണ് ഇ.ഡി. കേന്ദ്രത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2020 സെപ്റ്റംബര്‍ 29ന് നിലവില്‍ വന്ന ഭേദഗതി വ്യവസ്ഥ അനുസരിച്ചാണ് ഇക്കാര്യം ഇ.ഡി. ചൂണ്ടിക്കാട്ടുന്നത്. കേന്ദ്രം കൊണ്ടുവന്ന ഭേദഗതിയില്‍ ബാങ്ക് എന്ന പേര് ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്കെല്ലാം കേന്ദ്രനിയമം ബാധകമാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, ഈ ഭേദഗതിക്കെതിരെ ഒട്ടേറെ പരാതി ഉയരുകയും അത് മദ്രാസ് ഹൈക്കോടതി ഒരുമിച്ച് പരിഗണിക്കുകയുമാണ്. ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായിട്ടില്ല. അതിനിടയിലാണ് സഹകരണ ബാങ്കുകളിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ അക്കൗണ്ട് സംബന്ധിച്ച് ഇന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കുന്നത്.