കണ്‍സ്യൂമര്‍ഫെഡ് റംസാന്‍-വിഷു വിപണന ചന്തകള്‍ തടഞ്ഞതിന്റെ കാരണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍ വിശദീകരിച്ചു

moonamvazhi

കണ്‍സ്യൂമര്‍ഫെഡിന്റെ റംസാന്‍-വിഷു ചന്തകള്‍ക്ക് അനുമതി നിഷേധിച്ചതിന് ഹൈക്കോടതിയില്‍ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. സബ്സിഡി നിരക്കില്‍ സാധനങ്ങള്‍ നല്‍കുന്നത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഇടയാക്കുമെന്നാണ് കമ്മീഷന്‍ കോടതിയെ അറിയിച്ചത്. ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ലംഘനമാകുമെന്നും കമ്മീഷന്‍ വിശദീകരിച്ചു. ചന്തയ്ക്ക് അനുമതി നിഷേധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ കണ്‍സ്യൂമര്‍ഫെഡ് നല്‍കിയ ഹരജി ഹൈക്കോടതി പരിഗണിച്ചപ്പോഴാണ് കമ്മീഷന്‍ കോടതിയില്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.

ജനങ്ങള്‍ക്ക് ഉപകാരമുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് തിരഞ്ഞെടുപ്പ് ഘട്ടത്തിലല്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി. അത് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ സ്വീകരിക്കണമെന്ന് മുന്‍കാല സുപ്രീംകോടതി വിധികള്‍ ചൂണ്ടിക്കാട്ടി കമ്മീഷന്‍ വിശദീകരിച്ചു. അധികാരത്തിലിരിക്കുന്ന പാര്‍ട്ടികള്‍ക്ക് സര്‍ക്കാര്‍ സംവിധാനം തങ്ങളുടെ നേട്ടത്തിനായി ദുരുപയോഗം ചെയ്തുവെന്ന് ആക്ഷേപമുയരാം. എല്ലാപാര്‍ട്ടികള്‍ക്കും തുല്യരായി മത്സരിക്കാവുന്ന വിധത്തില്‍ കാര്യങ്ങള്‍ മാറണം. അവിടെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അനര്‍ഹമായ രീതിയില്‍ മുന്‍തൂക്കം ലഭിക്കാന്‍ പാടില്ല. ഭരിക്കുന്ന പാര്‍ട്ടികള്‍ക്ക് അധികാരം ഉണ്ട് എന്നതിനാല്‍ അത് തിരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി ഉപയോഗിക്കാന്‍ പാടില്ലെന്നാണ് പെരുമാറ്റച്ചട്ടമെന്നും കോടതിയില്‍ കമ്മീഷന്‍ വിശദീകരിച്ചു.

ഏപ്രില്‍ എട്ടുമുതല്‍ 14വരെയാണ് കണ്‍സ്യൂമര്‍ഫെഡ് വിഷൂ-ഈസ്റ്റര്‍ ചന്ത നടത്താന്‍ തീരുമാനിച്ചത്. സബ്‌സിഡി നിരക്കില്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതാണ് ഉത്സവ ചന്ത. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാലാണ് ഇതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടിയത്. കമ്മീഷന്‍ അനുമതി നിഷേധിക്കുകയും ചെയ്തു. ഇതിനെതിരെയാണ് കണ്‍സ്യൂമര്‍ഫെഡ് ഹൈക്കോടതിയെ സമീപിച്ചത്. കോടതിയില്‍ വിശദമായ സത്യവാങ് മൂലമാണ് കമ്മീഷന്‍ നല്‍കിയത്. വ്യഴാഴ്ച കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കും.