‘ഹരിതം സഹകരണം’; സഹകരണ സംഘങ്ങള്‍ പൊതു ഇടങ്ങളിലടക്കം പ്ലാവ് നടാന്‍ നിര്‍ദ്ദേശം

moonamvazhi

പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് എല്ലാ സഹകരണ സംഘങ്ങളും പ്ലാവ് നടാന്‍ സഹകരണ സംഘം രജിസ്ട്രാര്‍ നിര്‍ദ്ദേശം നല്‍കി. 2018 മുതല്‍ ‘ഹരിതം സഹകരണം’ എന്നപേരിലാണ് സഹകരണ വകുപ്പ് പരിസ്ഥിതി ദിനാചരണം സംഘടിപ്പിക്കുന്നത്. അഞ്ചുലക്ഷം ഫലവൃക്ഷത്തൈകള്‍ നടാനായിരുന്നു ഹരിതം സഹകരണം ലക്ഷ്യമിട്ടത്. 2022 ഓടെ ഈ ലക്ഷ്യം പൂര്‍ത്തിയാക്കി. കഴിഞ്ഞവര്‍ഷം മാങ്കോസ്റ്റിന്‍ തൈകളാണ് സഹകരണ സംഘങ്ങള്‍ നട്ടത്.

ചക്കയ്ക്ക് ആഗോളതലത്തില്‍ തന്നെ വിപണിസാധ്യത കൂടിയ സാഹചര്യത്തിലാണ് ഇത്തവണ പ്ലാവ് നടാന്‍ തീരുമാനിച്ചതെന്ന് സഹകരണ സംഘം രജിസ്ട്രാര്‍ ഇറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ചക്കയുടെ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ കൂടിയിട്ടുണ്ട്. അതിനാല്‍, ചക്ക ഉല്‍പാദനം വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു.

 

എല്ലാസഹകരണ സംഘങ്ങളും പരിസ്ഥിതി ദിനത്തില്‍ പ്ലാവ് നടുന്നതില്‍ പങ്കാളികളാകണം. സംഘത്തിന്റെ അധീനതയിലുള്ള സ്ഥലത്തും, അധികൃതരുടെ അനുമതിയോടെ പൊതുസ്ഥലത്തും പ്ലാവ് നടാം. ഇതിനുള്ള പരസ്യപ്രചരണത്തിന് പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂവെന്നും പരിപാടി നടത്തേണ്ടത് ഹരിത പെരുമാറ്റ ചട്ടം പാലിച്ചാകണമെന്നും രജിസ്ട്രാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഇതിനാവശ്യമായ ചെലവ് സംഘത്തിന്റെ പൊതുനന്മാഫണ്ടില്‍നിന്നോ പൊതുഫണ്ടില്‍നിന്നോ ഉപയോഗിച്ച് നടത്താം. ഓരോ ജില്ലയിലും പരമാവധി തൈകള്‍ നടണം. എല്ലാ ജില്ലകളിലും ഇതിന്റെ ഉദ്ഘാടന പരിപാടിയുടെ ഭാഗമായി പരിസ്ഥിതി ബോധവല്‍ക്കരണ ക്ലാസുകള്‍, പരിപാടികള്‍, ചര്‍ച്ചകള്‍ എന്നിവ സംഘടിപ്പിക്കാവുന്നതാണെന്നും രജിസ്ട്രാര്‍ അറിയിച്ചു. ജോയിന്റ് രജിസ്ട്രാര്‍മാര്‍ക്കാണ് ജില്ലാതല ചുമതല. ഓരോ സംഘങ്ങളും നട്ടപ്ലാവിന്റെ കണക്കുകള്‍ അടക്കമുള്ള വിവരങ്ങള്‍ രജിസ്ട്രാര്‍ക്ക് നല്‍കണം. ഇതിനായി പ്രത്യേകം പെര്‍ഫോര്‍മയും തയ്യാറാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published.