അര്‍ബന്‍ ബാങ്ക് ജീവനക്കാരുടെ പ്രശ്‌നത്തില്‍ മന്ത്രി യോഗം വിളിക്കണം – ടി.സിദ്ദിഖ് എം.എല്‍.എ.

moonamvazhi

കേരളത്തിലെ സഹകരണ അര്‍ബന്‍ ബാങ്ക് ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി സഹകരണ വകുപ്പുമന്ത്രി വകുപ്പു മേധാവികളും ജീവനക്കാരുടെ പ്രതിനിധികളും ഉള്‍ക്കൊള്ളുന്ന അടിയന്തിര യോഗം വിളിച്ചു ചേര്‍ക്കണമെന്ന് അഡ്വ. ടി.സിദ്ദീഖ് എം.എല്‍.എ. പറഞ്ഞു. സഹകരണ വകുപ്പുമന്ത്രിക്ക് ജീവനക്കാരുടെ അടിയന്തിര ആവശ്യങ്ങള്‍ അംഗീകരിക്കണം എന്നാവശ്യപ്പെട്ട് നിവേദനം നല്‍കി, ചര്‍ച്ച നടത്തിയ ശേഷം തിരുവനന്തപുരം കെ.പി.സി.സി ഇന്ദിരാ ഭവനില്‍ കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗ്ഗനൈസേഷന്‍ സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സര്‍ക്കാറിന് യാതൊരു വിധ സാമ്പത്തിക ബാധ്യതയുമില്ലാത്തതാണ് ജീവനക്കാരുടെ അവകാശ ആനുകൂല്യങ്ങളത്രയും. ക്ഷാമബത്ത, പുതിയ ശമ്പള പരിഷ്‌കരണ കമ്മിറ്റി രൂപീകരണം, പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍, പ്രമോഷന്‍ തടയുന്ന ഉത്തരവ് പിന്‍വലിക്കല്‍, അര്‍ബന്‍ ബാങ്കുകളുടെ സൂപ്പര്‍ ഗ്രേഡ് പദവി, പാര്‍ട്ട് ടൈം സ്വീപ്പര്‍മാരുടെ പ്രശ്‌നങ്ങള്‍ മുതലായവ പ്രധാന വിഷയങ്ങളില്‍ ചിലതാണ്. സംഘടനയുടെ 18ാം സംസ്ഥാന സമ്മേളനം ഒക്ടോബര്‍ 26, 27 തിയ്യതികളില്‍ മഞ്ചേരിയില്‍ നടക്കുംമെന്നും, അതിനു മുന്നോടിയായി ‘അവകാശ സംരക്ഷണ സമരജാഥ’ സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കണമെന്നും സിദ്ദീഖ് കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ഹുസ്സൈന്‍ വല്ലാഞ്ചിറ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി രാജന്‍ ജോസ് മണ്ണുത്തി തൃശൂര്‍, സംസ്ഥാന ട്രഷറര്‍ സുരേഷ് താണിയില്‍ പൊന്നാനി, മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. ശബരീഷ് കുമാര്‍, സംസ്ഥാന ഭാരവാഹികളായ പി.എഫ് വില്‍സണ്‍ ഗുരുവായൂര്‍, സജികുമാര്‍ തിരുവനന്തപുരം, പി. ബിജു ഫറോക്ക്, എം. ബിജു നിലമ്പൂര്‍, പാലോളി മെഹബൂബ്, ബിജു കോട്ടക്കല്‍, വി.വി. പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.