യു.പി.ഐ. ആപ്പുകള്‍ വഴി ബാങ്കുകളുടെ കാഷ് ഡെപ്പോസിറ്റ് മെഷീനുകളിലും പണമടയ്ക്കാം

moonamvazhi

യുണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേയ്സ് (യു.പി.ഐ) സംവിധാനം ഉപയോഗിച്ച് ബാങ്കുകളുടെ കാഷ് ഡെപ്പോസിറ്റ് മെഷീനുകളില്‍(സി. ഡി.എം) പണം നിക്ഷേപിക്കാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി. നിലവില്‍ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചാണ് പ്രധാനമായും കാഷ് ഡെപ്പോസിറ്റ് നടത്തുന്നത്. യു.പി.ഐ ഉപയോഗിച്ച് കാര്‍ഡ്ലെസ് പണം പിന്‍വലിക്കല്‍ ഏര്‍പ്പെടുത്തിയതിന്റെ വിജയം കണക്കിലെടുത്താണ് കാഷ് ഡെപ്പോസിറ്റിനും പുതിയ സംവിധാനം ഒരുക്കുന്നത്.2024-25 സാമ്പത്തിക വര്‍ഷത്തെ ആദ്യധനനയ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.

ലോകത്ത് ഏറ്റവും കൂടുതല്‍ യു.പി.ഐ. ഇടപാട് നടക്കുന്ന രാജ്യമാണ് ഇന്ത്യ. 2024 ഫെബ്രുവരിയിലെ കണക്ക് അനുസരിച്ച് 18.2ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് യു.പി.ഐ. ആപ്പുകള്‍ വഴി ഇന്ത്യയിലുണ്ടായത്. 122 കോടിയാണ് ഇടപാടുകളുടെ എണ്ണം. 2024 ജനുവരിയില്‍ 121 കോടിയായിരുന്നു ഇടപാടുകള്‍. ശ്രീലങ്ക, നേപ്പാള്‍, മൗറീഷ്യല്‍, യു.എ.ഇ., സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം യു.പി.ഐ. ഇടപാടുകളുണ്ടെങ്കിലും അവയൊന്നും ഇന്ത്യയിലെ നിരക്കിനത്രയും ഉയര്‍ന്നിട്ടില്ല.

കേരളത്തില്‍ എല്ലാ ഗ്രാമത്തിലും യു.പി.ഐ. ഇടപാടുകള്‍ ജനപ്രീയമായി കഴിഞ്ഞു. മറുനാടന്‍ തൊഴിലാളികളും യു.പി.ഐ.യാണ് കൂടുതലായും ഉപയോഗിക്കുന്നത്. കേരളത്തില്‍ ജോലിക്കെത്തുന്നവരാണ് ബാങ്കുകളുടെ സി.ഡി.എം. വഴി പണം നിക്ഷേപിക്കുന്നവരായി ഏറെയുള്ളത്. അതിനാല്‍, റിസര്‍വ് ബാങ്കിന്റെ തീരുമാനം ഇവര്‍ക്ക് കൂടുതല്‍ സഹായകരമാകും. യു.പി.ഐ. അക്കൗണ്ടുവഴി പണം നിക്ഷേപേക്കാനുള്ള സൗകര്യം നല്‍കുന്നത് ബാങ്കുകള്‍ക്ക് കറന്‍സി കൈകാര്യം ചെയ്യുന്നത് ലഘൂകരിക്കാനാകും.

എങ്ങനെ സി.ഡി.എമ്മില്‍ പണം നിക്ഷേപിക്കാം

  • ബാങ്കുകളുടെ സി.ഡി.എമ്മില്‍ യു.പി.ഐ. വഴി പണം നിക്ഷേപിക്കുന്നതിന് പ്രത്യേകം സംവിധാനം മെഷീനില്‍ തന്നെ ഒരുക്കിയിട്ടുണ്ട്.
  • ക്യാഷ് ഡെപ്പോസിറ്റ് മെഷീന്റെ യു.പി.ഐ. വിഭാഗത്തിലേക്ക് പോയി ക്ലിക്ക് ചെയ്യുക. ഈ ഘട്ടത്തില്‍ ഒരു ക്യൂ.ആര്‍.കോഡ് തെളിഞ്ഞുവരും.
  • ഈ ക്യു.ആര്‍ കോഡ് മൊബൈലില്‍ യു.പി.ഐ. ആപ്പിന്റെ സ്‌കാനര്‍ വഴി സ്‌കാന്‍ ചെയ്യുക. ഇതില്‍ ലഭ്യമാകുന്ന വിവരങ്ങള്‍ അനുസരിച്ച് പെയ്‌മെന്റ് നടത്താം.
  • മൊബൈല്‍ വഴി പണം അടച്ചുകഴിഞ്ഞാല്‍ ഉടന്‍ യന്ത്രം അത് പരിശോധിക്കും. ഇതിനുശേഷം നിക്ഷേപം നടത്തിയതിനുള്ള സ്ഥിരീകരണം നല്‍കും. ഇതോടെ നടപടികള്‍ പൂര്‍ത്തിയാകും.

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക : MVR Scheme