അഞ്ചു പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങളില്‍ ധാന്യസംഭരണ കേന്ദ്രങ്ങളുടെ നിര്‍മാണം തുടങ്ങി

moonamvazhi

രാജ്യത്തെ അഞ്ചു പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങളില്‍ ധാന്യസംഭരണകേന്ദ്രങ്ങളുടെ നിര്‍മാണം തുടങ്ങിക്കഴിഞ്ഞതായി കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അറിയിച്ചു. ത്രിപുര, ഹരിയാന, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഇവ പണിയുന്നത്. മറ്റു പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങളിലെ ധാന്യസംഭരണശാലകളെക്കുറിച്ചുള്ള വിശദറിപ്പോര്‍ട്ട് തയാറാക്കിവരികയാണ്- എഴുതിക്കൊടുത്ത മറുപടിയില്‍ മന്ത്രി അറിയിച്ചു. സഹകരണമേഖലയിലെ ഈ പദ്ധതി ധാന്യസംഭരണരംഗത്തു ലോകത്തു നടപ്പാക്കുന്ന ഏറ്റവും വലിയ പദ്ധതിയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രാഥമികസംഘങ്ങളില്‍ നിര്‍മിക്കുന്ന ഈ വികേന്ദ്രീകൃത ധാന്യസംഭരണശാലകള്‍ക്കു 500 മുതല്‍ 2000 വരെ മെട്രിക് ടണ്‍ സംഭരണശേഷിയുണ്ടാകും. ഭക്ഷ്യധാന്യങ്ങള്‍ പാഴായിപ്പോകുന്നതു കുറയ്ക്കാനും മതിയായ സംഭരണശേഷിയുണ്ടാക്കാനും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്താനും ഈ സംഭരണശാലകള്‍ സഹായിക്കും. നല്ല വില കിട്ടുന്ന സമയത്തു തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ ഇതു കര്‍ഷകരെ സഹായിക്കും. മറ്റൊരു ഗുണംകൂടിയുണ്ട്. ന്യായവിലഷോപ്പുകള്‍ നടത്തുന്ന പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങള്‍ക്കു സംഭരണശാലയും കൂടി ഉണ്ടായാല്‍ ന്യായവിലഷോപ്പിലേക്കാവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുന്നതിനുള്ള ചെലവ് ഒഴിവായിക്കിട്ടും – മന്ത്രി പറഞ്ഞു.

സഹകരണമേഖലയിലെ ധാന്യസംഭരണപദ്ധതിക്കു ഇക്കഴിഞ്ഞ മെയ് 31 നു ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് അംഗീകാരം നല്‍കിയത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!