കേരളബാങ്ക് ക്ലര്‍ക്ക്, കാഷ്യര്‍ തസ്തികയിലേക്ക് പി.എസ്.സി. വിജ്ഞാപനം ഇറക്കുന്നതിന് ഹൈക്കോടതി സ്‌റ്റേ

moonamvazhi

കേരളബാങ്ക് നിയമനം സംബന്ധിച്ചുള്ള തര്‍ക്കം വീണ്ടും കോടതി കയറി. ക്ലര്‍ക്ക്, കാഷ്യര്‍ തസ്തികയിലേക്ക് എപ്രില്‍ ആദ്യം വിജ്ഞാപനം ഇറക്കാന്‍ പി.എസ്.സി. തീരുമാനിച്ചിരുന്നു. എന്നാല്‍, വിജ്ഞാപനം ഇറക്കുന്നത് മൂന്നുമാസത്തേക്ക് ഹൈക്കോടതി സ്‌റ്റേ ചെയ്തു. നേരത്തെ ജില്ലാസഹകരണ ബാങ്കുകളിലെ റാങ്ക് പട്ടികയിലുള്ളവരുടെ നിയമനം സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. അതില്‍ നിന്ന് നിയമനം നല്‍കണമെന്ന് ഹൈക്കോടതി വിധിയും നിലവിലുണ്ട്. ഇത് പരിഗണിക്കാതെയാണ് കേരളബാങ്കിലേക്ക് നേരിട്ടുള്ള നിയമനത്തിന് വിജ്ഞാപനം ഇറക്കാന്‍ പി.എസ്.സി. തീരുമാനിച്ചത്. ഇതിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ ഹരജിയിലാണ് ഇപ്പോള്‍ ഹൈക്കോടതി സ്‌റ്റേ ഉത്തരവിട്ടത്.

എല്ലാ ജില്ലാസഹകരണ ബാങ്കിലും റാങ്ക് പട്ടിക നിലനില്‍ക്കുമ്പോഴാണ് ജില്ലാസഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് കേരളബാങ്ക് രൂപീകരിക്കുന്നത്. അന്നുമുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ കോടതിയെ സമീപിക്കുന്നുണ്ട്. കേരളബാങ്ക് രൂപീകരണത്തിന്റെ ഭാഗമായി പി.എസ്.സി. റാങ്ക് പട്ടികയില്‍നിന്ന് നിയമനങ്ങള്‍ നടത്തിയില്ലെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പരാതിയായി ഉന്നയിച്ചത്. മാത്രവുമല്ല, പി.എസ്.സി. വഴി നിയമിക്കേണ്ട തസ്തികകളില്‍ സ്ഥാനക്കയറ്റം നല്‍കി. ഇതുമൂലം അര്‍ഹമായ ഒഴിവുകള്‍പോലും ലഭിച്ചില്ലെന്നാണ് പരാതി. ഇക്കാര്യം കോടതി പരിഗണിക്കുകയും പല ജില്ലാബാങ്കുകളിലും നിലവിലുണ്ടായിരുന്ന ഒഴിവ് കണക്കാക്കി ഇവര്‍ക്ക് നിയമനം നല്‍കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

കേരളബാങ്കില്‍ പുതിയ നിയമനചട്ടമാണ് നിലവിലുള്ളത്. തസ്തികകളും അവയ്ക്കുള്ള യോഗ്യതകളുമെല്ലാം മാറി. അതിനാല്‍, നേരത്തെയുണ്ടായിരുന്ന റാങ്ക് പട്ടികയിലുള്ളവര്‍ക്ക് നിയമനം നല്‍കാനായില്ല. ഇത്തരം കേസുകളുള്ളതിനാല്‍ പി.എസ്.സി. വഴിയുള്ള നിയമനവും വൈകി. നിലവില്‍ കേരളബാങ്ക് ആയിരത്തിലേറെ ഒഴിവുകളുണ്ട്. ബാങ്ക് നിലവില്‍വന്ന് നാലുവര്‍ഷമായിട്ടും ഒരുനിയമനം പോലും നടത്തിയിട്ടില്ല. അതിനാല്‍, ഏറ്റവും കൂടുതല്‍ ഒഴിവുള്ള ക്ലര്‍ക്ക്, കാഷ്യര്‍ തസ്തികയിലേക്ക് പിഎസ്.സി. വിജ്ഞാപനം ഇറക്കാനാണ് മാര്‍ച്ച് 18ന് ചേര്‍ന്ന പി.എസ്.സി. യോഗം തീരുമാനിച്ചത്.

പഴയ റാങ്കുപട്ടികയിലുള്ളവരിലേറെയും കേരളബാങ്കിലെ ഇപ്പോഴത്തെ ഒഴിവിലേക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി കഴിഞ്ഞവരാണ്. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും അര്‍ഹമായ ജോലി ലഭിച്ചില്ലെന്ന പരാതിയാണ് അവര്‍ ഉന്നയിക്കുന്നത്. അതിനാല്‍, തങ്ങളുടെ നിയമനകാര്യത്തില്‍ തീരുമാനമാകാതെ പി.എസ്.സി. വിജ്ഞാപനം ഇറക്കുന്നത് ചോദ്യം ചെയ്താണ് രണ്ട് ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹരജിക്കാരായ രണ്ടുപേരും പ്രായപരിധി കഴിഞ്ഞവരാണ്. ഈ ഹരജി പരിഗണിച്ചാണ് ഹൈക്കോടതി പി.എസ്.സി. വിജ്ഞാപനമിറക്കുന്നത് മൂന്നുമാസത്തേക്ക് സ്റ്റേ ചെയ്തത്. കേസ് ജൂണ്‍ 25ന് വീണ്ടും പരിഗണിക്കും. ഇതോടെ, കേരളബാങ്കിലെ നിയമനം താല്‍ക്കാലികമായെങ്കിലും വീണ്ടും മുടങ്ങിയിരിക്കുകയാണ്. നൂറുകണക്കിന് ഉദ്യോഗാര്‍ത്ഥികളാണ് കേരളാബാങ്ക് നിയമനത്തിനായി കാത്തിരിക്കുന്നത്.