കേരളബാങ്കില്‍ നിന്ന് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ.സി.സഹദേവന്‍ അടക്കം 12 പേര്‍ വിരമിച്ചു

Moonamvazhi

കേരളബാങ്കിന്റെ പ്രഥമ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ.സി. സഹദേവന്‍ അടക്കം 12 പേര്‍ സര്‍വീസില്‍നിന്ന് വിരമിച്ചു. 37 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് സഹദേവന്‍ സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നത്. രണ്ടുവര്‍ഷം പ്രാഥമിക സര്‍വ്വീസ് സഹകരണ ബാങ്കിലും 25 വര്‍ഷം കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിലും പ്രവര്‍ത്തിച്ച അദ്ദേഹം തിരുവനന്തപുരം ജില്ലാസഹകരണ ബാങ്കിന്റെ ജനറല്‍ മാനേജരായിട്ടാണ് തലസ്ഥാനത്ത് വരുന്നത്. കണ്ണൂര്‍ മലപ്പട്ടം സ്വദേശിയാണ്.

2015 ല്‍ കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ ചീഫ് ജനറല്‍ മാനേജരായി നിയമിതനായി. കേരളബാങ്ക് രൂപീകരണത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനത്തില്‍ തുടക്കം മുതല്‍ പങ്കാളിയായിരുന്നു. കേരള ബാങ്ക് രൂപീകരണത്തിനു ശേഷം നിലവില്‍ വന്ന എക്‌സികുട്ടീവ് ഡയറക്ടര്‍ തസ്തികയിലേക്ക് നിയമിക്കപ്പെടുകയും ചെയ്തു. കേരള ബാങ്കിന്റെ തീം സോങ് എഴുതിയത് അദ്ദേഹമാണ്.

കേരള ബാങ്ക് ഇനിയും ബഹുദൂരം പോകേണ്ടതുണ്ടെന്നും ബാങ്കിനെ ലോകം ഉറ്റുനോക്കുന്ന രീതിയില്‍ ജീവനക്കാര്‍ ഉയര്‍ത്തിക്കൊണ്ടു വരണമെന്നും യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു. ശൈശവദശയില്‍ ആണെങ്കിലും കേരള ബാങ്ക് സംസ്ഥാനതലത്തിലും ദേശീയതലത്തിലും ഏഷ്യ ഭൂഖണ്ഡത്തിലും മുന്‍നിരയില്‍ എത്തിക്കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. വിരമിക്കുന്ന ജീവനക്കാര്‍ക്കുള്ള ഉപഹാരം മന്ത്രി ജി.ആര്‍.അനില്‍ നല്‍കി. ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കല്‍ അധ്യക്ഷത വഹിച്ചു.

ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. കണ്ണന്‍, ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് ചെയര്‍മാന്‍ വി.രവീന്ദ്രന്‍, ഭരണസമിതി അംഗങ്ങള്‍ ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് അംഗങ്ങള്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജോര്‍ട്ടി എം. ചാക്കോ, കേരള ബാങ്ക് എംപ്ലോയിസ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കെ. ടി. അനില്‍കുമാര്‍, കേരള ബാങ്ക് എംപ്ലോയിസ് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എസ്. സജികുമാര്‍, ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍മാര്‍, ജനറല്‍ മാനേജര്‍മാര്‍, മറ്റു ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു

Moonamvazhi

Authorize Writer

Moonamvazhi has 68 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published.