615 കോടിയുടെ അറ്റലാഭവുമായി മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്ക് മുന്നില്‍

moonamvazhi

മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്ക് 2023-24 സാമ്പത്തികവര്‍ഷം റെക്കോഡ് അറ്റലാഭവുമായി മുന്നിലെത്തി. ബാങ്കിന്റെ മൊത്തം ബിസിനസ് 57,265 കോടി രൂപയാണ്. അറ്റലാഭം 615 കോടി രൂപയും. ബാങ്കിന്റെ എല്ലാ ബാധ്യതകളും തീര്‍ത്തു ബാക്കിവരുന്ന തുക ( നെറ്റ്‌വര്‍ത്ത് ) 2024 മാര്‍ച്ച് 31 നു 4500 കോടി രൂപയാണ്. രാജ്യത്തെ എല്ലാ സഹകരണബാങ്കുകളേക്കാളും ഉയര്‍ന്ന നെറ്റ്‌വര്‍ത്താണിത്.

വായ്പയിലും അഡ്വാന്‍സിലും മുന്‍വര്‍ഷത്തേക്കാള്‍ വര്‍ധനവുണ്ടായിട്ടുണ്ട്. മുന്‍വര്‍ഷത്തേക്കാള്‍ 7,232 കോടി രൂപ വര്‍ധിച്ച് വായ്പ 33,682 കോടി രൂപയിലെത്തി. നിക്ഷേപമാവട്ടെ 4,969 കോടി രൂപ വര്‍ധിച്ച് 23,583 കോടി രൂപയായിട്ടുണ്ട്. 2024 മാര്‍ച്ച് 31 നു സ്വന്തം ഫണ്ട് 657 കോടി രൂപ വര്‍ധിച്ച് 7,218 കോടി രൂപയായി. ബാങ്ക് നവി മുംബൈയിലെ വാഷിയില്‍ ഏറ്റവും ആധുനികരീതിയിലുള്ള സ്വന്തം സൈബര്‍ സെക്യൂരിറ്റി ഓപ്പറേഷന്‍ സെന്റര്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത്തരത്തില്‍ രാജ്യത്തെ ആദ്യത്തെ സൈബര്‍ സുരക്ഷാസംവിധാനമാണിത്. സിന്ധുദുര്‍ഗ് ജില്ലാ കേന്ദ്ര സഹകരണ ബാങ്കാണ് ആദ്യമായി ഈ സൈബര്‍ സുരക്ഷാസംവിധാനത്തില്‍ ചേര്‍ന്നത്. മറ്റു ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകളും ഇതുമായി അഫിലിയേറ്റ് ചെയ്യപ്പെടും.