ക്ഷീര സംഘങ്ങള്‍ക്ക് എ.ടി.എമ്മുകള്‍ സ്ഥാപിക്കാം; ഗുജറാത്തില്‍ രണ്ടു ജില്ലകളില്‍ പദ്ധതി തുടങ്ങി
- ഗ്രാമങ്ങളില്‍ സാമ്പത്തികസേവനം വിപുലമാക്കുകയാണുപദ്ധതിയുടെ ലക്ഷ്യം
ക്ഷീരസഹകരണസംഘങ്ങളെയും മത്സ്യത്തൊഴിലാളി സഹകരണസംഘങ്ങളെയും ബാങ്കിങ് കറസ്‌പോണ്ടന്റുമാരാക്കാന്‍ ദേശീയപദ്ധതി വരുന്നു.ഇത്തരം സംഘങ്ങളെ ബാങ്കിങ് മിത്രകള്‍ അഥവാ ബാങ്കിങ് ഏജന്റുമാരായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയാണു ചെയ്യുക. ഇവയ്ക്കു ജില്ലാ സഹകരണബാങ്കുകളുടെയും സംസ്ഥാന സഹകരണബാങ്കുകളുടെയും കറസ്‌പോണ്ടന്റുമാരായി പ്രവര്‍ത്തിക്കാനുള്ള സംവിധാനമാണ് ഒരുക്കുക.
ഇവയ്ക്കു ഗ്രാമങ്ങളില്‍ ചെറിയ എ.ടി.എമ്മുകള്‍ സ്ഥാപിക്കാന്‍ കഴിയും. കുറഞ്ഞ പലിശക്കു വായ്പ ലഭ്യമാക്കലും പദ്ധതിയുടെ ഭാഗമാണ്. ഗ്രാമങ്ങളില്‍ സാമ്പത്തികസേവനങ്ങള്‍ വിപുലമാക്കുകയാണു ലക്ഷ്യം. ദേശീയതലത്തിലുള്ള പദ്ധതി പരീക്ഷണാര്‍ഥം ഗുജറാത്തിലെ രണ്ടു ജില്ലകളില്‍ നടപ്പാക്കിവരികയാണെന്നു കേന്ദ്രസഹകരണമന്ത്രാലയം സെക്രട്ടറി ആഷിഷ്‌കുമാര്‍ വ്യക്തമാക്കി.
ഗുജറാത്തില്‍ ഇപ്പോള്‍ നടപ്പാക്കിയ ജില്ലകളില്‍ ക്ഷീര-മത്സ്യ സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ക്കും അവരുടെ വീടിനടുത്തു ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഈ പദ്ധതിയിലൂടെ കഴിഞ്ഞുവെന്നാണ് സഹകരണ മന്ത്രാലയം വിശദീകരിക്കുന്നത്. ചെറിയ വായ്പയെടുക്കലും മറ്റു സാമ്പത്തികഇടപാടുകളും വീട്ടുപടിക്കല്‍ത്തന്നെ ചെയ്യാന്‍ കഴിയുന്നു. വൈകാതെ ഇതു ദേശീയതലത്തില്‍ വ്യാപിപ്പിക്കാനാണ് ഉദ്ദേശ്യം.