സ്വയം കത്തിയാലും തീപ്പിടുത്തമായി കണക്കാക്കാം; സഹകരണ സംഘത്തിന് നഷ്ടപരിഹാരം നല്‍കാന്‍ വിധി

moonamvazhi
  •  51.77 ലക്ഷം രൂപ നഷ്ടപരിഹാരം
    നല്‍കാന്‍ വിധി
  • ഇന്‍ഷുറന്‍സ് കമ്പനി ഒമ്പതു ശതമാനം
    പലിശയും കേസ് നടത്തിപ്പിനുള്ള ചെലവായി
    അര ലക്ഷം രൂപയും നല്‍കണം

ഒരു കര്‍ഷക സഹകരണസംഘത്തിന്റെ പഞ്ചസാരനിര്‍മാണയൂനിറ്റില്‍ സംഭവിച്ച ‘ സ്വയമേവയുള്ള ജ്വലനം ‘ തീപ്പിടിത്തമായി കണക്കാക്കാനാവില്ലെന്നും അതിനാല്‍ സംഘത്തിനു നഷ്ടപരിഹാരത്തിനു അര്‍ഹതയില്ലെന്നും തര്‍ക്കിച്ചു ക്ലെയിം നിഷേധിച്ച ഇന്‍ഷുറന്‍സ് കമ്പനിയുടെ വാദമുഖങ്ങളെ ഉപഭോക്തൃതര്‍ക്ക പരിഹാരക്കമ്മീഷന്‍ പൊളിച്ചടുക്കി. സംഘത്തിനു 51.77 ലക്ഷംരൂപ നഷ്ടപരിഹാരവും അതിനു ഒമ്പതു ശതമാനം പലിശയും നല്‍കണമെന്നു ഉപഭോക്തൃ കമ്മീഷന്‍ വിധിച്ചു. പോരാത്തതിന്, കേസ് നടത്തിപ്പിനു ചെലവായ അമ്പതിനായിരം രൂപയും സംഘത്തിനു നല്‍കണമെന്നു കമ്മീഷന്‍ വിധിച്ചു. ഗുജറാത്തിലെ ബറൂച്ച് ഉപഭോക്തൃ തര്‍ക്കപരിഹാരക്കമ്മീഷനാണ് ഈ ഉത്തരവിട്ടതെന്നു ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ബറൂച്ച് ജില്ലയിലെ പാണ്ഡവായ് ഗ്രാമത്തിലെ ശ്രീ ഖേദൂത് സഹകാരി ഖണ്ഡ് ഉദ്യോഗ് മണ്ഡലി ലിമിറ്റഡ് എന്ന കര്‍ഷക സഹകരണസംഘം ലക്ഷക്കണക്കിനു രൂപയുടെ ഇന്‍ഷുറന്‍സ് ക്ലെയിം നിരസിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ഉപഭോക്തൃഫോറത്തില്‍ പരാതി നല്‍കിയത്. പുറത്തല്ല തീ പിടിച്ചതെന്നും അതു സ്വയമേയുണ്ടായ ജ്വലന ( Spontaneous combustion ) മാണെന്നും വാദിച്ചാണ് ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം നിരസിച്ചത്.

2017 നവംബര്‍ ഒന്നു മുതല്‍ 2018 ഒക്ടോബര്‍ 31 വരെയുള്ള കാലത്തേക്കു തങ്ങളുടെ സഹകരണസംഘം അഞ്ചു കോടി രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷക്കുള്ള പോളിസിയാണ് എടുത്തതെന്നു സംഘം മാനേജിങ് ഡയറക്ടര്‍ ഉപഭോക്തൃ തര്‍ക്കപരിഹാരക്കമ്മീഷനില്‍ ബോധിപ്പിച്ചു. അഗ്‌നിബാധയും മറ്റ് അപകടങ്ങളും മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍നിന്നുള്ള സംരക്ഷണത്തിനുവേണ്ടിയുള്ള സ്റ്റാന്‍ഡേര്‍ഡ് ഫയര്‍ ആന്റ് സ്‌പെഷല്‍ പെരില്‍സ് പോളിസി എന്ന പേരിലുള്ള പോളിസിയാണ് എടുത്തത്. 2018 മെയ് 27നു സംഘത്തിന്റെ പഞ്ചസാരഫാക്ടറിയിലെ മൊളാസസ് ( ശര്‍ക്കരപ്പാവ് ) ടാങ്കില്‍ തീപ്പിടിത്തമുണ്ടായി. 51.77 ലക്ഷം രൂപയുടെ 2179 ടണ്‍ മൊളാസസ് നശിച്ചു. തുടര്‍ന്ന് ഇന്‍ഷുറന്‍സ് തുകയാവശ്യപ്പെട്ട് സംഘം ക്ലെയിം നല്‍കി. 2021 ജൂണിലും നവംബറിലും ക്ലെയിം നിരസിച്ചുകൊണ്ട് ഇന്‍ഷുറന്‍സ് കമ്പനി കത്തുകളയച്ചു. ഇതേത്തുടര്‍ന്നാണു സംഘം ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.

ഫാക്ടറിയിലെ അസംസ്‌കൃതവസ്തുക്കളും ഉല്‍പ്പന്നങ്ങളും ഇന്‍ഷുറന്‍സ് പോളിസിയുടെ പരിധിയില്‍പ്പെടുമെന്നു സംഘത്തിന്റെ അഭിഭാഷകന്‍ ഉപഭോക്തൃകമ്മീഷന്‍ മുമ്പാകെ ബോധിപ്പിച്ചു. തീപ്പിടിത്തത്തില്‍ 54.49 ലക്ഷം രൂപയുടെ മൊളാസസാണു നശിച്ചതെന്നും അഞ്ചു ശതമാനം കിഴിവിനുശേഷം 51.77 ലക്ഷം രൂപ സംഘത്തിനു കൊടുക്കേണ്ടതാണെന്നും ഇന്‍ഷുറന്‍സ് കമ്പനി നിയോഗിച്ച സര്‍വേയര്‍ റിപ്പോര്‍ട്ട് ചെയ്തതായി സംഘം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ടാങ്കിനു സമീപം പാതി കരിഞ്ഞ ബീഡിക്കുറ്റിയും പുല്ലും സര്‍വേയര്‍ കണ്ടെത്തിയതായി അഭിഭാഷകന്‍ അറിയിച്ചു. സ്വയമേവയുള്ള ജ്വലനം എന്നു പറഞ്ഞ് സംഘത്തിന് അര്‍ഹതപ്പെട്ട ക്ലെയിം നിരസിക്കുന്നതു അന്യായമായ വ്യാപാരരീതിയാണെന്നു അദ്ദേഹം വാദിച്ചു.

അതേസമയം, സ്വയമേവയുള്ള ജ്വലനം പോളിസിയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ഇതിനായി പ്രത്യേകം പ്രീമിയം അടച്ചിട്ടില്ലെന്നും ഇന്‍ഷുറന്‍സ് കമ്പനിയുടെ അഭിഭാഷകന്‍ മറുവാദം ഉന്നയിച്ചു. അന്തരീക്ഷത്തിലെ ചൂടു കാരണമാണു തീപ്പിടിത്തമുണ്ടായത്. അതിനാല്‍ ഇതു വ്യക്തമായും സ്വയമേയുണ്ടായതാണ്. ബാഹ്യവസ്തുക്കള്‍ കാരണമാണു തീപ്പിടിത്തമുണ്ടായതെന്നു തെളിയിക്കാന്‍ സംഘത്തിനു കഴിഞ്ഞിട്ടില്ല അദ്ദേഹം വാദിച്ചു.

ടാങ്കില്‍ തീപ്പിടിത്തമുണ്ടായി എന്നതു ഫോറന്‍സിക് വിദഗ്ധന്റെ റിപ്പോര്‍ട്ടില്‍നിന്നു വ്യക്തമാണെന്നു ഉപഭോക്തൃഫോറം നിരീക്ഷിച്ചു. ദേശീയ ഉപഭോക്തൃ കമ്മീഷന്റെ വിധികള്‍ പരിഗണിച്ചാല്‍ സ്വയമേവയുള്ള ജ്വലനവും സ്റ്റാന്‍ഡേര്‍ഡ് ഫയര്‍ ആന്റ് സ്‌പെഷല്‍ പെരില്‍സ് പോളിസിയില്‍പ്പെടും. ഈ കേസില്‍ സ്വയമേയുണ്ടായ ജ്വലനമാണു തീപ്പിടിത്തത്തിനു കാരണം. അതാവട്ടെ, അഗ്‌നിബാധയ്ക്കു തുല്യംതന്നെയാണ്. സഹകരണസംഘത്തിന്റെ ക്ലെയിം നിരസിക്കാന്‍ തെറ്റായ കാരണമാണു ഇന്‍ഷുറന്‍സ് കമ്പനി ചൂണ്ടിക്കാണിച്ചത്. ഇത് അധാര്‍മികമായ വ്യപാരരീതിയാണ് ഫോറം അഭിപ്രായപ്പെട്ടു. സംഘത്തിനു 51.77 ലക്ഷം രൂപ നഷ്ടപരിഹാരവും അതിന് ഒമ്പതു ശതമാനം പലിശയും കേസ്‌നടത്തിപ്പിനുള്ള ചെലവായി അര ലക്ഷം രൂപയും ഇന്‍ഷുറന്‍സ് കമ്പനി നല്‍കണമെന്നു ഫോറം വിധിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക : MVR Scheme