കണ്‍സ്യൂമര്‍ഫെഡിന്റെ റംസാന്‍-വിഷു ചന്തകള്‍ തുറക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്

moonamvazhi
  • കമ്മീഷന്‍ തീരുമാനത്തിനെതിരെ കണ്‍സ്യൂമര്‍ഫെഡിന്റെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും

റംസാന്‍-വിഷു ഉത്സവസീസണ്‍ പ്രമാണിച്ച് കണ്‍സ്യൂമര്‍ ഫെഡ് തുടങ്ങാന്‍ നിശ്ചയിച്ച പ്രത്യേക വിപണന ചന്തകള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നിഷേധിച്ചു. തിരഞ്ഞെടുപ്പിലെ പെരുമാറ്റച്ചട്ടം ലംഘിച്ച് സബ്സിഡിസാധനങ്ങളുള്‍പ്പെടെ നല്‍കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണു റംസാന്‍-വിഷു ചന്തകള്‍ക്കു വിലക്കു വീണത്. ഉത്സവച്ചന്തകള്‍ക്ക് അനുമതി നിഷേധിച്ചതിനെതിരെ റിട്ട് ഹര്‍ജി നല്‍കിയതായി കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബാണ് അറിയിച്ചു. ഇത് ചൊവ്വാഴ്ചതന്നെ ഹൈക്കോടതി പരിഗണിക്കാനാണ് സാധ്യത. .

ഏപ്രില്‍ എട്ടിനാണു ചന്തകള്‍ തുടങ്ങാനിരുന്നത്. ചന്തകള്‍ 19 വരെ തുടരുമായിരുന്നു. സംസ്ഥാനത്ത് ഇത്തരം 300 ചന്തകള്‍ തുറക്കാനായിരുന്നു കണ്‍സ്യൂമര്‍ഫെഡ് നിശ്ചയിച്ചത്. സപ്ലൈകോയിലൂടെ നല്‍കുന്ന 13 സബ്സിഡിസാധനങ്ങളാണു കണ്‍സ്യൂമര്‍ഫെഡിന്റെ വിപണന ചന്തകളിലൂടെയും നല്‍കുക. ഇ ടെന്‍ഡര്‍വഴി 17.5 കോടി രൂപയുടെ സാധനങ്ങളാണു കണ്‍സ്യൂമര്‍ഫെഡ് വില്‍പ്പനശാലകളില്‍ എത്തിച്ചിരിക്കുന്നത്.

10 മുതല്‍ 30 ശതമാനം സബ്‌സിഡി നല്‍കിയാണ് കണ്‍സ്യൂമര്‍ഫെഡിന്റെ വിപണന ചന്തകളില്‍ സാധനങ്ങള്‍ നല്‍കുന്നത്. ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും കണ്‍സ്യൂമര്‍ഫെഡില്‍ അഫിലിയേഷനുള്ള സഹകരണ സംഘങ്ങള്‍ക്കുമാണ് വിപണനചന്തയുടെ നടത്തിപ്പ് ചുമതല. സബ്സിഡിത്തുക അനുവദിക്കുന്നതിനാല്‍ തിരഞ്ഞെടുപ്പുകമ്മീഷന്റെ അനുമതി സര്‍ക്കാര്‍ തേടിയിരുന്നു. ഇതിനുള്ള മറുപടിയിലാണു ചന്തകള്‍ക്ക് അനുമതി നിഷേധിച്ചത്. തിരഞ്ഞെടുപ്പുപ്രക്രിയ തീരുംവരെ ചന്തകള്‍ നീട്ടിവെക്കാനാണു കമ്മീഷന്റെ നിര്‍ദേശം.