കണ്‍സ്യൂമര്‍ഫെഡിന്റെ വിപണന മേള തുടങ്ങാന്‍ നേരത്തെ അപേക്ഷിച്ചിട്ടും കമ്മീഷന്‍ തീരുമാനം വൈകിപ്പിച്ചു
കണ്‍സ്യൂമര്‍ഫെഡ് എല്ലാവര്‍ഷവും ഈസ്റ്റര്‍, വിഷു, റംസാന്‍ വേളയില്‍ നടത്തുന്ന വിപണ മേളയ്ക്ക് അനുമതി നിഷേധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് സഹകരണമന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. കമ്മീഷന്‍ നടപടി രാഷ്ട്രീയ പ്രേരിതമല്ലേയെന്ന് സംശയിച്ചാല്‍ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
2016 ലെ നിയമസഭാതിരഞ്ഞെടുപ്പുകാലത്തും 2019 ലെ ലോക്സഭാതിരഞ്ഞെടുപ്പുകാലത്തും കണ്‍സ്യൂമര്‍ഫെഡ് ഇത്തരം ചന്തകള്‍ നടത്തിയിരുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. ഇത്തവണ മൂന്നാഴ്ച മുമ്പുതന്നെ കമ്മീഷന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, തീരുമാനമെടുക്കാതെ വൈകിപ്പിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വന്നതിനാല്‍ വിപണന മേളയ്ക്ക് അനുമതി നിഷേധിക്കുന്നുവെന്ന് കാണിച്ചുള്ള അറിയിപ്പ് തിങ്കളാഴ്ചയാണു കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
300 മേളകളാണ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. പൊതുവിപണിയിലെ ഇടപെടല്‍ ശക്തമാക്കുന്നതിന്റെ ഭാഗമാണ് ഇത്തരം മേളകള്‍ സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കമ്മീഷന്റെ നടപടിക്കെതിരെ കണ്‍സ്യൂമര്‍ഫെഡ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതിയുടെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാകും.