കോസ്‌മോസ് സഹകരണബാങ്കിനു 384 കോടി അറ്റലാഭം

moonamvazhi

പുണെ ആസ്ഥാനമായുള്ള കോസ്‌മോസ് സഹകരണബാങ്കിന്റെ അറ്റലാഭത്തില്‍ റെക്കോഡ് വര്‍ധന. 2024 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷം 384 കോടിരൂപയാണ് അറ്റലാഭമെന്നു ചെയര്‍മാന്‍ മിലിന്ദ് കാലെ പത്രസമ്മേളനത്തില്‍ അറിയിച്ചു. നികുതിപൂര്‍വലാഭം 461കോടിയാണ്. ബാങ്കിന്റെ ബിസിനസ് 35408 കോടിയിലെത്തി; കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 4662കോടി (15.16 ശതമാനം) കൂടുതല്‍. നിക്ഷേപം 2587 കോടിരൂപ വര്‍ധിച്ച് 20,216 കോടിയായി. വായ്പകള്‍ 2075 കോടി വര്‍ധിച്ച് 15,192 കോടിയിലെത്തി. മൊത്തം നിഷ്‌ക്രിയസ്വത്ത് 3.22ശതമാനമാണ്. അറ്റനിഷ്‌ക്രിയസ്വത്ത് 1.54 ശതമാനവും. മൂലധനപര്യാപ്തതാനിരക്ക് 15.43ശതമാനമാണ്.

മുംബൈ കേന്ദ്രമാക്കിയുള്ള മറാത്ത സഹകാരിബാങ്കും സാഹേബ്‌റാവുദേശ്മുഖ് ബാങ്കും 18 ചെറുബാങ്കുകളും കോസ്‌മോസ് ബാങ്കില്‍ ലയിച്ചിരുന്നു. ആദ്യത്തെതിന് ഏഴും രണ്ടാമത്തെതിനു പതിനൊന്നും ശാഖയുണ്ടായിരുന്നു. ലയനങ്ങള്‍മൂലം ആയിരക്കണക്കിനാളുകളുടെ നിക്ഷേപം സുരക്ഷിതമായി. ലയനത്തോടെ കോസ്‌മോസിനു മുംബൈയില്‍മാത്രം 50 ശാഖയായി. ഏഴു സംസ്ഥാനങ്ങളിലായി 170 ശാഖയിലേക്കു വളരുകയുംചെയ്തു. പുണെയില്‍മാത്രം അടുത്തിടെ മൂന്നു പുതിയ ശാഖ തുടങ്ങി. പുണെയില്‍ ധനോരിയിയിലും മുംബൈയിലെ വര്‍ളി, സിയോണ്‍, ഗിര്‍ഗാം, വിക്രോളി, കുര്‍ള എന്നിവിടങ്ങളിലും പുതിയ ശാഖ തുടങ്ങും. 1906ല്‍ സ്ഥാപിതമായ കോസ്‌മോസ് ബാങ്ക് ഇന്ത്യയിലെ ഏറ്റവും പഴയ അര്‍ബന്‍ സഹകരണബാങ്കുകളിലൊന്നാണ്.

വൈസ്‌ചെയര്‍മാന്‍ സി.എ. യശ്വന്ത് കസര്‍, മാനേജിങ് ഡയറക്ടര്‍ അപേക്ഷിതാ തിപ്‌സേ, മുന്‍വൈസ്‌ചെയര്‍മാന്‍ പ്രവീണ്‍കുമാര്‍ ഗാന്ധി തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.