വിലത്തകര്‍ച്ച തടയാന്‍ നാഫെഡ് ഗുജറാത്തിലും സവാളസംഭരണം തുടങ്ങി

moonamvazhi

മൊത്തവ്യാപാര വിപണിയിലെ വിലയിടിവു തടയാന്‍ മഹാരാഷ്ട്രക്കു പുറമേ ഗുജറാത്തില്‍ നിന്നും ദേശീയ കാര്‍ഷിക സഹകരണ വിപണന ഫെഡറേഷന്‍ ( നാഫെഡ് ) സവാള സംഭരിക്കാന്‍ തീരുമാനിച്ചു. വിപണിയില്‍ ഉല്‍പ്പന്നം കുന്നുകൂടിയതിനെത്തുടര്‍ന്നുണ്ടായ വിലത്തകര്‍ച്ച മറികടക്കാന്‍ നാഫെഡ് മഹാരാഷ്ട്രയില്‍നിന്നു ഇതുവരെ 4000 മെട്രിക് ടണ്‍ സവാള കര്‍ഷകരില്‍നിന്നു നേരിട്ടു സംഭരിച്ചിട്ടുണ്ട്. ആയിരത്തിലധികം കര്‍ഷകരില്‍നിന്നാണു ഇത്രയും സവാള ശേഖരിച്ചത്. ക്വിന്റലിനു 900 രൂപ എന്ന തോതിലാണിപ്പോള്‍ കര്‍ഷകരില്‍നിന്നു സവാള സംഭരിക്കുന്നത്. ദേശീയ ഉപഭോക്തൃ സഹകരണ ഫെഡറേഷനോടും ( എന്‍.സി.സി.എഫ് ) സവാളസംഭരണം തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഗുജറാത്തിലെ ഭവ്‌നഗര്‍ ( മഹ്വാ ), ഗോണ്ടാല്‍, പോര്‍ബന്തര്‍ എന്നീ കേന്ദ്രങ്ങളില്‍നിന്നു വ്യാഴാഴ്ച നാഫെഡ് സവാളസംഭരണം തുടങ്ങിക്കഴിഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണു മഹാരാഷ്ട്രയിലും ഗുജറാത്തിലും സവാളസംഭരണം തുടങ്ങാന്‍ നാഫെഡ് രംഗത്തിറങ്ങിയത്. സവാളയും ഉരുളക്കിഴങ്ങും വില്‍ക്കാന്‍ ബുദ്ധിമുട്ടുന്ന കര്‍ഷകരെ സഹായിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ 330 കോടി രൂപയുടെ സഹായപദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഉല്‍പ്പന്നങ്ങള്‍ സംസ്ഥാനത്തിനു പുറത്തുകൊണ്ടുപോയി വില്‍ക്കാനോ വിദേശത്തേക്കു കയറ്റുമതി ചെയ്യാനോ താല്‍പ്പര്യമുള്ള കര്‍ഷകര്‍ക്കു അവ കൊണ്ടുപോകുന്നതിനും സര്‍ക്കാര്‍ സഹായം നല്‍കും.

മൊത്തവ്യാപാരവിപണിയിലെ വിലയിടിവിനെത്തുടര്‍ന്നു മഹാരാഷ്ട്രയിലെ നാസിക്ക്, അഹമ്മദ്‌നഗര്‍ ജില്ലകളില്‍ നിന്നാണു നാഫെഡ് സവാള ശേഖരിക്കുന്നത്. നേരത്തേ നാലു സംഭരണകേന്ദ്രങ്ങളാണുണ്ടായിരുന്നതെന്നും ഇപ്പോഴതു 38 ആയി വര്‍ധിച്ചിട്ടുണ്ടെന്നും നാഫെഡ് മാനേജിങ് ഡയരക്ടര്‍ രാജ്ബീര്‍സിങ് പന്‍വാര്‍ അറിയിച്ചു. മൊത്തവില്‍പ്പനവില സ്ഥിരപ്പെടുന്നതുവരെ നാഫെഡ് സവാളസംഭരണം തുടരും. സവാളവില കിലോവിനു ഒരു രൂപയായി കുറഞ്ഞ സാഹചര്യത്തിലാണു ഫെബ്രുവരി 24 നു നാഫെഡ് നേരിട്ടു സംഭരണം തുടങ്ങിയത്.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ സവാള ഉല്‍പ്പാദനം കൂടുതലാണ്. മഹാരാഷ്ട്രയാണ് ഉല്‍പ്പാദനത്തില്‍ എന്നും മുന്നില്‍. 43 ശതമാനം. രണ്ടാം സ്ഥാനത്തു മധ്യപ്രദേശാണ് ( 16 ശതമാനം ). ഒമ്പതു ശതമാനമുള്ള കര്‍ണാടകയും ഗുജറാത്തുമാണു തൊട്ടുപിന്നില്‍. കരുതല്‍ശേഖരത്തിനായി കഴിഞ്ഞ കൊല്ലം നാഫെഡ് രണ്ടര ലക്ഷം മെട്രിക് ടണ്‍ സവാള സംഭരിച്ചിരുന്നു. ഇക്കൊല്ലവും ഇത്രയും സവാള കരുതല്‍ശേഖരമായി വെക്കും.

Leave a Reply

Your email address will not be published.