വിശ്വാസ്യതയ്‌ക്കൊപ്പം സഹകാരികള്‍; മൂന്നാംവഴി ഓണ്‍ലൈന്‍ വായനക്കാരായി 2.49 ലക്ഷം പേര്‍ 

moonamvazhi

സഹകരണ മേഖലയുടെ ശബ്ദമാകാന്‍ രൂപംകൊണ്ട മാധ്യമ സ്ഥാപനമാണ് മൂന്നാംവഴി. 2017 നംവബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തിലാണ് മലയാളത്തിലെ ആദ്യത്തെ സഹകരണ വാര്‍ത്താമാസികയായി മൂന്നാംവഴി പുറത്തിറങ്ങിയത്. സഹകരണ പ്രസ്ഥാനത്തിന് അടിത്തറയുള്ള മലയാളമണ്ണില്‍ അതിനെതിരെയുള്ള പ്രചരണം ശക്തമായപ്പോഴാണ് ശരിപറയാനും സഹകാരികള്‍ക്ക് ശരിയായ വഴികാട്ടാനും ഒരുമാധ്യമം വേണമെന്ന തീരുമാനം ഉണ്ടാകുന്നത്. അങ്ങനെയാണ് പ്രമുഖ സഹകാരിയും എം.വി.ആര്‍. ക്യാന്‍സര്‍ സെന്റര്‍ ചെയര്‍മാനുമായ സി.എന്‍.വിജയകൃഷ്ണന്റെ നേതൃത്വത്തില്‍ മൂന്നാംവഴി എന്ന സഹകരണ മാസിക പിറവിയെടുത്തത്.

സഹകരണ മേഖലയെക്കുറിച്ചുള്ള ആഴത്തിലുള്ളതും വിപുലവുമായ വിവരങ്ങള്‍ സഹകരണ മേഖലയിലുള്ളവര്‍ക്കും ഈ പ്രസ്ഥാനത്തെ ആശ്രയിക്കുന്നവര്‍ക്കും എത്തിക്കാന്‍ ഇതുവരെ മൂന്നാംവഴി മാസികയ്ക്ക് കഴിഞ്ഞിട്ടുണ്ട്. രാഷ്ട്രീയപക്ഷമില്ലാതെ വസ്തുതാപരമായ അറിവുകള്‍ മാത്രമാണ് മൂന്നാംവഴിയിലൂടെ നല്‍കിയത്. പക്ഷേ, നോട്ടുനിരോധത്തിന് പിന്നാലെ ഈ പ്രസ്ഥാനത്തിന് നേരെ തുടരുന്ന അപവാദങ്ങള്‍ക്ക് കൈയും കണക്കുമുണ്ടായിരുന്നില്ല. അങ്ങനെയാണ് ശരിയായ കാര്യങ്ങള്‍ അപ്പപ്പോള്‍ ജനങ്ങളിലെത്തിക്കണമെന്ന ചിന്തയിലേക്ക് മാറുന്നത്. അങ്ങനെ, 2018 മെയ് അഞ്ചിന് മൂന്നാംവഴി ഓണ്‍ലൈന്‍ തുടങ്ങി. തൊഴിലാളികളുടെ ജീവിതം ഒരു പ്രത്യേയശാസ്ത്രമാക്കി മാറ്റിയ കാറല്‍മാക്‌സിന്റെ ജന്മദിനമാണ് മെയ് അഞ്ച്. ഒന്നിച്ചുമുന്നേറാനുള്ള സഹകരണ പ്രസ്ഥാനത്തിന്റെ സന്ദേശവും അതിനോട് ചേര്‍ന്നുനില്‍ക്കുന്നതാണ്. അതിനാലാണ്, മാക്‌സിന്റെ ജന്മദിനത്തില്‍ ഞങ്ങള്‍ ഓണ്‍ലൈന്‍ പതിപ്പിന്റെ പിറവി നിശ്ചയിച്ചത്.

പതിവ് ഓണ്‍ലൈന്‍ വാര്‍ത്തകളുടെ രീതിയില്‍ കെട്ടുകഥകളോ, ഗോസിപ്പുകളോ, ഊഹങ്ങളോ ഒന്നും വായനക്കാരിലേക്ക് നല്‍കരുതെന്ന നയമാണ് മൂന്നാംവഴി സ്വീകരിച്ചത്. മൂന്നാംവഴിയില്‍ വായിക്കുന്ന വാര്‍ത്തകള്‍ ആധികാരികവും വിശ്വസിക്കുന്നതുമാകണം എന്നതായിരുന്നു നിലപാട്. സഹകാരികള്‍ക്കും സഹകരണ ജീവനക്കാര്‍ക്കും ആശ്രയിക്കാവുന്ന മാധ്യമമായി മാറണമെന്നായിരുന്നു ലക്ഷ്യം. സഹകരണപ്രസ്ഥാനം ഇന്ന് ഒരുകള്ളിക്കുള്ളില്‍ മാത്രം നിര്‍ത്താവുന്ന ഒന്നല്ല. ബാങ്കിങ്, ഐ.ടി., ധനകാര്യം എന്നിങ്ങനെ പലരംഗവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. അതിനാല്‍, അത്തരം വാര്‍ത്തകളെല്ലാം മൂന്നാംവഴി ഓണ്‍ലൈന്‍ ജനങ്ങളിലേക്ക് എത്തിച്ചു.

ആദ്യമെത്താനുള്ള പതിവ് മാധ്യമശൈലിയില്‍ കിട്ടിയതെല്ലാം നല്‍കുന്ന രീതി ഞങ്ങള്‍ സ്വീകരിച്ചില്ല. ശരിയായത് മാത്രം നല്‍കുക എന്നതായിരുന്ന സമീപനം. ഇന്ന് ഞങ്ങള്‍ അതില്‍ സന്തോഷിക്കുന്നു. 2024 മാര്‍ച്ച് മാസത്തില്‍മാത്രം മൂന്നാംവഴി ഓണ്‍ലൈന്‍ വായനക്കാരായി എത്തിയത് 2,49,321 പേരാണ്. ഗൂഗിള്‍ അനലറ്റിക്‌സ് അടിസ്ഥാനത്തിലുള്ള കണക്കാണിത്. സഹകരണ പ്രസ്ഥാനത്തിനൊപ്പം ചേര്‍ന്ന് നടക്കാനുള്ള ഞങ്ങളുടെ പരിശ്രമത്തെ പിന്തുണച്ച വായനക്കാര്‍ക്ക് നന്ദി.. ഇത് ഞങ്ങളെ കൂടുതല്‍ ഉത്തരവാദിത്ത ബോധമുള്ളവരാക്കുന്നുണ്ട്.

ലാഭം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഒരു മാധ്യമസ്ഥാപനമല്ല മൂന്നാംവഴി. സഹകരണ പ്രസ്ഥാനത്തിന് ഒരു വഴിവിളക്കായി മാറുകയെന്നതാണ് ഞങ്ങളുടെ ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും ലക്ഷ്യം. ഈ പ്രസ്ഥാനത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ് സഹകാരികള്‍ക്ക് നല്‍കാനുള്ള ദൗത്യമാണ് ഇനിയുള്ളത്. അതിന് മൂന്നാംവഴി മാസിക എല്ലാസഹകാരികളുടെ കൈയ്യിലുമെത്തിക്കാനുള്ള പരിശ്രമത്തിലാണ് ഞങ്ങള്‍. സഹകരണ സംഘവുമായി ചേര്‍ന്ന് സൗജന്യമായി സഹകാരികള്‍ക്ക് കോപ്പി ലഭ്യമാക്കാനുള്ള ഞങ്ങളുടെ തീരുമാനം ഈ ഘട്ടത്തില്‍ സന്തോഷത്തോടെ അറിയിക്കട്ടെ. ഇതിനായി സംഘം പ്രതിനിധികള്‍ക്ക് 7909262601 എന്ന നമ്പറില്‍ വിളിക്കാം.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!