ചുട്ടുപൊള്ളുന്നു; സംസ്ഥാനത്ത് പാല്‍ ഉല്‍പാദനത്തില്‍ ഗണ്യമായ കുറവ്

moonamvazhi

ചൂട് കടുത്തതോടെ സംസ്ഥാനത്ത് പാല്‍ ഉല്‍പാദനത്തില്‍ ഗണ്യമായ കുറവ്. വയനാട് വരള്‍ച്ച ബാധിത ജില്ലയായി പ്രഖ്യാപിക്കണമെന്ന റിപ്പോര്‍ട്ട് കൃഷിവകുപ്പ് കൈമാറി. പല കര്‍ഷകരും വെള്ളം കൊടുക്കാനില്ലാത്തതിനാല്‍ കാലികളെ കൂട്ടത്തോടെ വിറ്റ് ഒഴിവാക്കുകയാണ്. ഉള്ള പശുക്കള്‍ക്ക് പാലുല്‍പാദനം കുറഞ്ഞു. ഫെബ്രുവരിയിലെ കണക്ക് പ്രകാരം മില്‍മയുടെ പ്രതിദിന പാല്‍ സംഭരണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11.35 ശതമാനം കുറഞ്ഞു. 2023 ഫെബ്രുവരിയില്‍ സംസ്ഥാനത്ത് മില്‍മയുടെ പ്രതിദിന സംഭരണം ശരാശരി 13.48 ലക്ഷം ലിറ്ററായിരുന്നു. 2024 ഫെബ്രുവരിയില്‍ ഇത് 11.95 ലക്ഷം ലിറ്ററായി കുറഞ്ഞു. 1.52 ലക്ഷം ലിറ്ററിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്.

വയനാട് ശിശുമലക്കുന്നില്‍ 32 കുടുംബങ്ങളാണുള്ളത്. ഇതില്‍ മിക്കവരും പശുവിനെ വളര്‍ത്തിയാണ് ഉപജീവനം കണ്ടെത്തിയിരുന്നത്. നവംബര്‍ അവസാനത്തോടെ തന്നെ പ്രദേശത്ത് വെള്ളം കിട്ടുന്നത് കുറഞ്ഞിരുന്നു. ഫെബ്രുവരി, മാര്‍ച്ച് മാസമാസപ്പോഴേക്കും മിക്ക വീടുകളിലെയും കിണറുകള്‍ വറ്റി. കുന്നിന്‍ മുകളിലായതിനാല്‍ കുഴല്‍കിണറുകളാണ് അധികമുള്ളത്. കിണറുകള്‍ വറ്റിയതോടെ ദൂരസ്ഥലങ്ങളില്‍ നിന്ന് വാഹനങ്ങളിലാണ് വീട്ടാവശ്യത്തിന് വെള്ളം എത്തിക്കുന്നത്. ഇതിനൊപ്പം കന്നുകാലികള്‍ക്ക് കൂടി പണം കൊടുത്ത് വെള്ളം വാങ്ങിക്കാനുള്ള സാമ്പത്തിക സ്ഥിതി ഇവര്‍ക്കില്ല. 2000 ലിറ്റര്‍ വെള്ളത്തിന് 700 രൂപയാണ് നല്‍കേണ്ടത്. ഒന്നിടവിട്ട ദിവസങ്ങളിലായാണ് വീട്ടാവശ്യത്തിനുള്ള വെള്ളം വാങ്ങുന്നത്. 33 പശുക്കളാണ് ഇവിടെ മാത്രം വിറ്റത്. ശേഷിക്കുന്നവയും വില്‍പനയുടെ ഒരുക്കത്തിലാണ്. ഒരുപശുവിനെ 120 ലിറ്റര്‍ വെള്ളമെങ്കിലും വേണ്ടിവരുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.

ചണ്ണോത്തുകൊല്ലി ക്ഷീര സംഘത്തില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളന്നിരുന്നത് ശിശുമലക്കുന്നില്‍നിന്നാണ്. ഒരുദിവസം 600 ലിറ്റര്‍ പാല്‍ അളന്നിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 50 ലിറ്ററായി കുറഞ്ഞു. പാല്‍ ഉല്‍പാദനത്തിലെ കുറവ് പരിഹരിക്കാന്‍ ക്ഷീരവികസന വകുപ്പും മില്‍മയും പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. മില്‍മ കാലത്തീറ്റ, പുല്ല്, ചോളത്തണ്ട് എന്നിവ സബ്സിഡി നിരക്കില്‍ നല്‍കുന്നുണ്ട്. എങ്കിലും വേനല്‍കാലത്തെ പാല്‍ ഉല്‍പാദനം കൂട്ടാനായിട്ടില്ല.


വേനല്‍കാലത്ത് പാല്‍ ഉല്‍പാദനം കുറയുന്നതിനാല്‍ ക്ഷീരകര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കാന്‍ രണ്ടുവര്‍ഷമായി മില്‍മ കാലാവസ്ഥ വ്യതിയാന ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കുന്നുണ്ട്. ഓരോ ജില്ലയിലെയും ശരാശരി അന്തരീക്ഷ താപനില താലൂക്ക് അടിസ്ഥാനത്തില്‍ നിര്‍ണയിച്ചിട്ടുണ്ട്. ഇതില്‍ കൂടുതല്‍ ചൂട് രേഖപ്പെടുത്തിയാല്‍ നാല് സ്ലാബുകളിലായി നഷ്ടപരിഹാരം ലഭിക്കും. ഒരാഴ്ച പാല്‍ കുറഞ്ഞാല്‍ കര്‍ഷകര്‍ക്ക് 400 രൂപ ലഭിക്കും. പരമാവധി 30 ദിവസവും അതിന് മുകളിലും ചൂട് നിന്നാല്‍ കര്‍ഷകന് ഒരുപശുവിന് 2000 രൂപ ഇന്‍ഷുറന്‍സ് ലഊിക്കും. 110 രൂപയാണ് പ്രീമിയം. സബ്സിഡി കഴിച്ച് ഒരു പശുവിന് 50 രൂപയാണ് കര്‍ഷകന്‍ നല്‍കേണ്ടത്. പരമാവധി 10 പശുവിനാണ് സബ്സിഡി ലഭിക്കുക. മാര്‍ച്ച്, ഏപ്രില്‍ മാസങ്ഹളിലാണ് ഇന്‍ഷുറന്‍സ് നടപ്പാക്കുന്നത്.

പാലിന്റെ കുറവ്

  • വയനാട്- 0.48 ശതമാനം
  • കോഴിക്കോട് -16 ശതമാനം
  • കണ്ണൂര്‍-21 ശതമാനം
  • കാസര്‍ക്കോട്-16 ശതമാനം
  • മലപ്പുറം-1.16 ശതമാനം
  • തിരുവനന്തപുരം-14 ശതമാനം
  • കൊല്ലം-23 ശതമാനം
  • ആലപ്പുഴ-21.57 ശതമാനം
  • പത്തനംതിട്ട- 27.97 ശതമാനം