പ്ലാറ്റിനം ജൂബിലി പിന്നിട്ട് മലയിടംതുരുത്ത് ബാങ്ക് മുന്നോട്ട്

വി.എന്‍. പ്രസന്നന്‍

87 രൂപ നാലണയും 29 അംഗങ്ങളുമായാണ് എറണാകുളം ജില്ലയിലെ മലയിടംതുരുത്ത്
സഹകരണ ബാങ്ക് 1948 ല്‍ പ്രവര്‍ത്തനം തുടങ്ങിയത്. ബാങ്ക് ആദ്യം തുടങ്ങിയത് ഒരു സ്‌കൂളാണ്. പിന്നീട് രണ്ടു റേഷന്‍കടകള്‍ ആരംഭിച്ചു. ആദ്യം നല്‍കിയ വായ്പ 100 രൂപ. ആദ്യമെടുത്ത കടം 2000 രൂപ. മാതൃകാസംഘമായി കേരളസര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള ഈ ക്ലാസ് വണ്‍ ഗ്രേഡ് ബാങ്കിലിപ്പോള്‍ പന്ത്രണ്ടായിരത്തിലധികം അംഗങ്ങളുണ്ട്. നിക്ഷേപം 94.75 കോടി രൂപ.

75 വര്‍ഷത്തെ ധന്യസേവനം പൂര്‍ത്തിയാക്കിയ സഹകരണസ്ഥാപനമാണ് എറണാകുളം ജില്ലയിലെ 2794-ാം നമ്പര്‍ മലയിടംതുരുത്ത് സര്‍വീസ് സഹകരണബാങ്ക്. സ്വന്തം സൗരോര്‍ജപ്ലാന്റും മാല്‍കോ ഫുഡ്‌സ് എന്ന മൂല്യവര്‍ധിതോല്‍പ്പന്ന ബ്രാന്റുമുള്ള ബാങ്ക് പ്ലാറ്റിനം ജൂബിലി കൊണ്ടാടിയതിന്റെ നിറവിലാണ്. 1948 മാര്‍ച്ച് ഒമ്പതിനാണു (1123 കുംഭം 23) സംഘം രജിസ്റ്റര്‍ ചെയ്തത്. ജൂലായ് 17നു (മിഥുനം1) പ്രവര്‍ത്തനം തുടങ്ങി. ഇടുങ്ങിയ കൊച്ചു വാടകമുറിയില്‍, പ്രാരംഭച്ചെലവുകള്‍ക്കായി 13 രൂപയും അവശ്യറെക്കോര്‍ഡുകള്‍ക്കായി ഏഴു രൂപ നാലണയും ഇടപാടുകള്‍ക്കുംമറ്റുമായി നാലു രൂപയും ഉള്‍പ്പെടെ 87 രൂപ നാലണയോടെയാണു തുടക്കം. 29 അംഗങ്ങള്‍. സി.സി. വര്‍ഗീസ്, ജോണ്‍ കുരുവിള, പൈലി പുരവത്ത്, ചാക്കോ കുര്യാക്കോ, പാവു വര്‍ക്കി, കൃഷ്ണന്‍ നായര്‍, എ.ജി. ശങ്കരന്‍ നായര്‍ എന്നിവരാണ് ആദ്യകമ്മറ്റിയിലെ അംഗങ്ങള്‍. സി.സി. വര്‍ഗീസ് പ്രസിഡന്റും എ.ജി. ശങ്കരന്‍നായര്‍ സെക്രട്ടറിയുമായി. സി.സി. വര്‍ഗീസ് അക്കാലത്ത് 200 രൂപ പ്രവര്‍ത്തനത്തിനു മുടക്കിയിട്ടുണ്ട്. അന്നതു വലിയ തുകയാണ്. ദീര്‍ഘകാലം വര്‍ഗീസ് പ്രസിഡന്റായിരുന്നു.

1962 ല്‍ മത്തായി മത്തായി മങ്ങാട്ട് പ്രസിഡന്റായി. 1963 ല്‍ അദ്ദേഹം ഒഴിഞ്ഞു. തുടര്‍ന്നു പി.പി. ഏലിയാസ് പീടിയേക്കല്‍ പ്രസിഡന്റായി. 1964 ഡിസംബര്‍വരെ അദ്ദേഹം തുടര്‍ന്നു. പിന്നെ വര്‍ക്കി വര്‍ഗീസ് പ്രസിഡന്റിന്റെ ചുമതല നിര്‍വഹിച്ചു. 1966 ല്‍ വര്‍ക്കി കോരത് കല്ലാപ്പാറ പ്രസിഡന്റായി. അതിനുശേഷം എ.എസ്. രാഘവന്‍നായര്‍ കണ്ണാട്ട്, എ.കെ. ദിവാകരന്‍നായര്‍ എടയത്ത്, എം.എം. വര്‍ഗീസ് മുടുവഞ്ചേരി, കെ.കെ. ഏലിയാസ് കാനാമ്പുറം എന്നിവര്‍ പ്രസിഡന്റുമാരായിട്ടുണ്ട്. ഇടയ്ക്ക് ഒരു വര്‍ഷം പ്രസിഡന്റായിരുന്ന പി.പി. ഏലിയാസ് പിന്നീട് ചീഫ് അക്കൗണ്ടന്റായി ഇവിടെത്തന്നെ ദീര്‍ഘകാലം ജീവനക്കാരനായ ചരിത്രവും ബാങ്കിനുണ്ട്. 2018 ല്‍ ടി.ടി. വിജയന്‍ പ്രസിഡന്റായി. ഇപ്പോള്‍ കെ.എം. ഏലിയാസാണു പ്രസിഡന്റ്. ആദ്യം അമ്പുനാട്, മലയിടംതുരുത്ത്, മാക്കിനിക്കര പ്രദേശങ്ങളായിരുന്നു പരിധി. 1950 ആദ്യം വിലങ്ങും കാരുകുളവും കൂടി ചേര്‍ത്തു. 1955 ഏപ്രില്‍ 10 നു കിഴക്കമ്പലം പഞ്ചായത്ത് പൂര്‍ണമായി സംഘത്തിന്റെ പ്രവര്‍ത്തനപരിധിയായി. എന്നാല്‍, 1958 ല്‍ അമ്പുനാട്, മലയിടംതുരുത്ത്, മാക്കിനിക്കര, കാരുകുളം, വിലങ്ങ്, ഊരക്കാട്, താമരച്ചാല്‍ എന്നിവയൊഴിച്ചുള്ള പ്രദേശങ്ങള്‍ കിഴക്കമ്പലം സഹകരണസംഘം രൂപവത്കരിക്കാനായി ഇതിന്റെ പ്രവര്‍ത്തനപരിധിയില്‍നിന്ന് ഒഴിവാക്കി.

1948 ആഗസ്റ്റില്‍ പത്താംനമ്പര്‍ അംഗം പൈലി ഉലഹന്നാനു കൊടുത്ത 100 രൂപയാണു ബാങ്കിന്റെ ആദ്യവായ്പ. അഞ്ചു രൂപ വീതം 20 ഗഡുവായി തിരിച്ചടക്കണമെന്നായിരുന്നു വ്യവസ്ഥ. 1951 മെയ് 27 നു സംഘം താലൂക്ക് ബാങ്കില്‍നിന്നു 2000 രൂപ വായ്പയെടുത്തു. ഇതാണു സംഘം വാങ്ങിയ ആദ്യവായ്പ. 1951 മാര്‍ച്ച് നാലിനു ചിട്ടി തുടങ്ങി. എ, ബി, സി നമ്പരുകളിലായി മൂന്നു ചിട്ടിയാണു തുടങ്ങിയത്. പിറ്റേവര്‍ഷം ഈറ്റ ഇറക്കി കാര്‍ഷികോപകരണങ്ങള്‍ ഉണ്ടാക്കുന്ന കുടില്‍വ്യവസായം തുടങ്ങി. 1954 ല്‍ അഞ്ചു സെന്റ് സ്ഥലം വാങ്ങി കെട്ടിടം പണിതു. 1956 ഏപ്രില്‍ 26 നു സംഘം ഒരു സ്‌കൂള്‍ തുടങ്ങാന്‍ തീരുമാനിച്ചു. അതാണു മലയിടംതുരുത്ത് സര്‍ക്കാര്‍ എല്‍.പി. സ്‌കൂള്‍. പൊതുയോഗം സ്‌കൂള്‍ തുടങ്ങാന്‍ തീരുമാനിക്കുകയും ജോണ്‍കുരുവിളയുടെ ചെമ്പകശ്ശേരി പുരയിടത്തില്‍നിന്നു 350 രൂപയ്ക്കു 35 സെന്റ് സ്ഥലം വാങ്ങുകയും ചെയ്തു. ബാങ്ക് ഭരണസമിതിയംഗങ്ങളും മറ്റുമായിരുന്ന സി.സി. വര്‍ഗീസ് 100 രൂപയും ചാക്കോ ചെമ്മല, കുര്യാക്കോ ചെമ്മല, കുര്യന്‍ വര്‍ക്കി, വര്‍ക്കി കുര്യാക്കോ, എ.ജി. ശങ്കരന്‍നായര്‍ എന്നിവര്‍ 50 രൂപ വീതവും നല്‍കിയാണു തുക സമാഹരിച്ചത്. തുടര്‍ന്ന് അവിടെ സര്‍ക്കാര്‍സ്‌കൂള്‍ ആരംഭിച്ചു. 1956-57 കാലത്ത് മലയിടംതുരുത്തിലും ഊരക്കാട്ടും രണ്ടു റേഷന്‍കടകള്‍ സംഘം നടത്തിയിരുന്നു. പിന്നീട് ഇവ സ്വകാര്യവ്യക്തികള്‍ക്കു വിട്ടുകൊടുത്തു.

വോട്ടിലൂടെ
നിയമനം

ജീവനക്കാരനെ വോട്ടിട്ടു തീരുമാനിച്ച ചരിത്രവും മലയിടംതുരുത്ത് ബാങ്കിനുണ്ട്. 1960 ആഗസ്റ്റ് 14നായിരുന്നു ഇത്. ക്ലര്‍ക്ക് തസ്തികയിലേക്കാണു വോട്ടെടുപ്പു നടന്നത്. മൂന്നു പേരായിരുന്നു അപേക്ഷകര്‍. ആരെ വയ്ക്കണമെന്നു പൊതുസമ്മതത്തോടെ തീരുമാനിക്കാനായില്ല. തുടര്‍ന്നു പൊതുയോഗത്തില്‍ വോട്ടിനിട്ടു. എ.എസ്. രാഘവന്‍നായര്‍ക്കു പത്തു വോട്ടും ഡി.കെ. യാക്കോബിനു 63 വോട്ടും. കൃഷ്ണന്‍നായര്‍ക്ക് ആരും വോട്ടു ചെയ്തില്ല. രണ്ടു പേര്‍ നിഷ്പക്ഷത പാലിച്ചു. ഒരാള്‍ ഇറങ്ങിപ്പോയി. ഭൂരിപക്ഷം കിട്ടിയ സി.കെ. യാക്കോബിനു നിയമനം നല്‍കി. മറ്റക്കാട്ടുമനയില്‍നിന്ന് ഒരേക്കര്‍ വിലയ്ക്കുവാങ്ങി കൂടുതല്‍ സൗകര്യമുള്ള കെട്ടിടം പണിതു. ശ്രീമൂലം നെയ്ത്തുശാലയില്‍ 500 രൂപയുടെ ഓഹരിയെടുത്തു തുണിക്കടയും തുടങ്ങി. എല്ലുപൊടി വളമാക്കി വിറ്റു. അതു ഫാക്ടിന്റെ ഏജന്‍സിയായുള്ള വളംവില്‍പ്പനശാലയായി വളര്‍ന്നു. കാര്‍ഷികോല്‍പ്പന്നവ്യാപാരവും നടത്തി. അതതുകാലത്തെ ആവശ്യമനുസരിച്ചു കെട്ടിടത്തില്‍ മാറ്റങ്ങള്‍ വരുത്തി. മോട്ടോര്‍ പമ്പുസെറ്റുകള്‍ അക്കാലത്തു വായ്പയായി നല്‍കി. ട്രാക്ടറും ചെറിയ വാടകയ്ക്കു കൊടുത്തിരുന്നു

വായ്പ തിരിച്ചുപിടിക്കാന്‍ എറണാകുളം ജില്ലയില്‍ ആദ്യം കളക്ഷന്‍ ഏജന്റുമാരെ വച്ചത് ഈ ബാങ്കാണ്. 1984 കാലത്തൊക്കെ ബാങ്കിനു സാമ്പത്തികബുദ്ധിമുട്ടായിരുന്നു. നഷ്ടവുമായിരുന്നു. കര്‍ഷകര്‍ക്കു ചെറുവായ്പ നല്‍കാനുംമറ്റുമേ കഴിഞ്ഞിരുന്നുള്ളൂ. 1987 ല്‍ പുതിയൊരു ഭരണസമിതി വന്നു. കൂട്ടത്തോടെ നിക്ഷേപം പിന്‍വലിക്കുന്ന പ്രവണത അന്നു നേരിടേണ്ടിവന്നു. എങ്കിലും, ആളുകളെ പ്രേരിപ്പിച്ചു ചെറുനിക്ഷേപങ്ങള്‍ ആകര്‍ഷിച്ചു. അങ്ങനെ നിക്ഷേപം വര്‍ധിച്ചു. ഇപ്പോള്‍ ക്ലാസ് വണ്‍ ബാങ്കാണ്. വര്‍ഷങ്ങളായി 20 ശതമാനം ലാഭവീതം നല്‍കുന്നു. വളരെനേരത്തേതന്നെ ബാങ്ക് കമ്പ്യൂട്ടര്‍വത്കരിച്ചു. കളക്ഷന്‍ ഏജന്റുമാരെ വച്ചു വായ്പാ-നിക്ഷേപസമാഹരണം നടത്തി. എല്ലാ ആഴ്ചയും ഭരണസമിതി ചേരും. അതുകൊണ്ടു വായ്പാഅപേക്ഷകളില്‍ വേഗം തീരുമാനമുണ്ടാകും. 2008 ഒക്ടോബര്‍ 26 നു വിലങ്ങ് ശാഖ തുടങ്ങി. 2023 മെയ് 26 നു പൂക്കാട്ടുപടി ശാഖയും. മലയിടംതുരുത്തു ഗ്രാമപ്പഞ്ചായത്തിന്റെ ഒമ്പതു വാര്‍ഡുകളാണിപ്പോള്‍ പ്രവര്‍ത്തനപരിധി.

കെ.കെ. ഏലിയാസ് പ്രസിഡന്റായിരിക്കെ 81 സെന്റ് സ്ഥലത്ത് നബാര്‍ഡിന്റെ സഹായത്തോടെ നല്ല സൗകര്യമുള്ള കെട്ടിടം പണിതു. ഇതിനു ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്റെ (എന്‍.സി.ഡി.സി) യുടെ സ്‌കീമില്‍ 1.25 കോടി രൂപ വായ്പയെടുത്തു. ഇതു തിരിച്ചടച്ചുകഴിഞ്ഞു. 2013 ല്‍ പി.വി. ശ്രീനിജന്‍ എം.എല്‍.എ.യാണു കെട്ടിടത്തിനു കല്ലിട്ടത്. 2015 ഫെബ്രുവരി 15 ന് അന്നത്തെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. കെട്ടിടം പൂര്‍ണമായി ശീതീകരിച്ചതാണ്്. വിശാലമായ ഓഡിറ്റോറിയമുണ്ട്. വിവാഹങ്ങളും മറ്റു പൊതുചടങ്ങുകളും നടത്താന്‍ സൗകര്യമുള്ള രണ്ടു ഹാളും. ഇ.എം.എസ്. സ്മാരക ഹാളാണു വലുത്. ചെറുതു സി.സി. വര്‍ഗീസ് സ്മാരക ഹാളും. 8500 ചതുരശ്ര അടി വിസ്താരമുള്ള സ്ഥലത്തു കണ്‍സ്യൂമര്‍ഫെഡിന്റെ ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നു. വളം-കാലിത്തീറ്റ വില്‍പ്പനശാല, സൂപ്പര്‍മാര്‍ക്കറ്റ്, കോ-ഓപ് മാര്‍ട്ട്, മാല്‍കോ ഫുഡ്‌സ്്, നീതി മെഡിക്കല്‍ സ്റ്റോര്‍, പൂക്കാട്ടുപടിയില്‍ പുതിയ ശാഖ, ഖാദി-കൈത്തറി സ്റ്റോര്‍, എ.ടി.എം. സൗകര്യം എന്നിവയും ഏര്‍പ്പെടുത്തി. ഭക്ഷ്യോല്‍പ്പന്നങ്ങള്‍ കേടാകാതെ സൂക്ഷിക്കാനുള്ള ഗോഡൗണുമുണ്ട്. ഒരു പോസ്റ്റ് ഓഫീസും ഇവിടെ പ്രവര്‍ത്തിക്കുന്നു. പോസ്റ്റ് ഓഫീസിനു വാടക വാങ്ങുന്നില്ല. ലോക്കര്‍ സൗകര്യമുണ്ട്. നിക്ഷേപങ്ങള്‍ക്കു സര്‍ക്കാര്‍ ഗ്യാരണ്ടിയും.

25 കിലോവാട്ട് വൈദ്യതി ഉല്‍പ്പാദിപ്പിക്കുന്ന സൗരോര്‍ജപ്ലാന്റ് സ്ഥാപിച്ചു. സഹകരണമേഖലയില്‍ ഇതു സ്ഥാപിച്ച ആദ്യസ്ഥാപനങ്ങളിലൊന്നാണിത്. കെ.എസ്.ഇ.ബി.യുമായി സഹകരിച്ച് ഓണ്‍ഗ്രിഡായി വൈദ്യുതി വിതരണം ചെയ്യുന്നു. കടകംപള്ളി സുരേന്ദ്രന്‍ സഹകരണമന്ത്രിയായിരിക്കെ അദ്ദേഹമാണു പ്ലാന്റ് ഉദ്ഘാടനം ചെയ്തത്. 2017 ല്‍ ബാങ്കിനെ മാതൃകാസംഘമായി അംഗീകരിച്ചു സര്‍ക്കാര്‍ നല്‍കിയ പ്ലാന്‍ഫണ്ട് ഉപയോഗിച്ചു മാല്‍കോ ഫുഡ്‌സ് എന്ന ബ്രാന്റില്‍ മൂല്യവര്‍ധിതഭക്ഷ്യോല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കി.

പ്രളയ, കോവിഡ്കാല
സഹായം

2018 ലെ പ്രളയകാലത്ത് 13,23,461 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നല്‍കി; കോവിഡ്കാലത്ത് 18,76,129 രൂപയും. രണ്ടു ഘട്ടത്തിലും ജീവനക്കാര്‍ ഒരു ദിവസത്തെ വേതനവും കൊടുത്തു. കെയര്‍ഹോം പദ്ധതിയില്‍ വീടുകള്‍ നിര്‍മിച്ചു. കോവിഡ്കാലത്തു സമൂഹഅടുക്കള സ്ഥാപിച്ച് മൂന്നു മാസത്തോളം മൂന്നു നേരവും ഭക്ഷണം വിതരണം ചെയ്തു. മലയിടംതുരുത്ത് ഹെല്‍ത്ത് സെന്ററിനു യന്ത്രസാമഗ്രികള്‍ വാങ്ങിക്കൊടുത്തു. തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷനെയും ഇത്തരത്തില്‍ സഹായിച്ചു. കോവിഡ്കാലത്തു എട്ടര ലക്ഷം രൂപ പലിശരഹിതവായ്പ നല്‍കി. 86 പേര്‍ക്കു ഫോണ്‍ നല്‍കി. അക്കാലത്തു രണ്ട് ആംബുലന്‍സുകള്‍ വാടകയ്‌ക്കെടുത്തു സര്‍വീസ് നടത്തുകയും ചെയ്തു.

പ്ലാറ്റിനംജൂബിലിയാഘോഷത്തിന്റെ ഭാഗമായി 2023 ഏപ്രിലില്‍ സംഘാടകസമിതി രൂപവത്കരിച്ചു. ആഘോഷത്തുടക്കം പൂക്കാട്ടുപടിയില്‍ ശാഖ തുടങ്ങിക്കൊണ്ടായിരുന്നു. 2023 മെയ് 25 ന് അന്നത്തെ ബാങ്ക് പ്രസിഡന്റ് ടി.ടി. വിജയന്റെ അധ്യക്ഷതയില്‍ സഹകരണമന്ത്രി വി.എന്‍. വാസവന്‍ ശാഖ ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനത്തില്‍ പ്ലാറ്റിനം ജൂബിലിയുടെ ഉദ്ഘാടനം പി.വി. ശ്രീനിജന്‍ എം.എല്‍.എ. നിര്‍വഹിച്ചു. ആഗസ്റ്റ് 20 നു കാര്‍ഷികസെമിനാര്‍ നടത്തി. വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി ഇത് ഉദ്ഘാടനം ചെയ്തു. കര്‍ഷകരെ ആദരിച്ചു. തക്കാളി ഏറ്റെടുത്തു വിറ്റ് പാലക്കാട് ജില്ലയിലെ തക്കാളിക്കര്‍ഷകരെ സഹായിച്ചു. ഇതിന്റെ കുന്നത്തുനാട് താലൂക്കിലെ ഉത്തരവാദിത്വം ഈ ബാങ്കിനായിരുന്നു. സംസ്ഥാനസര്‍ക്കാരിന്റെ സാമൂഹികസുരക്ഷാപെന്‍ഷന്‍ കണ്‍സോര്‍ഷ്യത്തില്‍ ബാങ്ക് 10 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഗുരുതരരോഗമുള്ളവര്‍ക്കു ചികിത്സക്കായി സഹകരണവകുപ്പിന്റെ അംഗസമാശ്വാസഫണ്ടില്‍നിന്നു 11 ലക്ഷം രൂപ അനുവദിച്ചുകിട്ടി. ആറു മാസം നീണ്ട പ്ലാറ്റിനംജൂബിലിയാഘോഷങ്ങളുടെ സമാപനം 2023 ഒക്ടോബര്‍ എട്ടിനു പ്ലാറ്റിനം ജൂബിലി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. മുന്‍ഭരണസമിതിയംഗങ്ങളെയും ജീവനക്കാരെയും ആദരിച്ചു. കേരള ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍ സ്മരണിക പ്രകാശനം ചെയ്തു. അഡ്വ. എം.എം. മോനായി മുഖ്യപ്രഭാഷണം നടത്തി. ബാങ്കുവളപ്പില്‍ നവംബര്‍ ഏഴിന് എ.ടി.എം. / സി.ഡി.എം. പി.വി. ശ്രീനിജന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പന്ത്രണ്ടായിരത്തില്‍പ്പരം അംഗങ്ങളുണ്ട്. ക്ലാസ് വണ്‍ ബാങ്കാണിത്. 2022-23 ല്‍ 94,75,48,127 രൂപ നിക്ഷേപവും 78,70,01,689 രൂപ വായ്പയുമുണ്ട്. 86 ലക്ഷം രൂപയാണു ലാഭം. ബാങ്ക് നിരവധിപ്രവര്‍ത്തനങ്ങളും സ്ഥാപനങ്ങളും നടത്തുന്നുണ്ട്.

കാര്‍ഷിക
പ്രവര്‍ത്തനങ്ങള്‍

വിലങ്ങ് അക്വഡക്ടില്‍ തരിശിട്ടിരുന്ന പാടത്തു കൃഷി ചെയ്തു. കൃഷിക്കാരുടെ 13 ക്ലസ്റ്ററുണ്ടാക്കി. അവര്‍ക്ക് എല്ലാ വര്‍ഷവും കാര്‍ഷികപഠനക്ലാസ് നല്‍കുന്നുണ്ട്. വിത്തും തൈകളും സൗജന്യമായി നല്‍കുന്നു. പകുതിവിലയ്ക്കു ജൈവവളവും കൊടുക്കും. പലിശരഹിതവായ്പയും നല്‍കുന്നുണ്ട്. തരിശുനിലങ്ങളില്‍ കൃഷി ചെയ്യാന്‍ സ്വാശ്രയസംഘങ്ങള്‍ രൂപവത്കരിച്ചിട്ടുണ്ട്. ഇവര്‍ക്കു പലിശരഹിത വായ്പ നല്‍കി. ഇതുവഴി നെല്‍ക്കൃഷിയും പച്ചക്കറിക്കൃഷിയും വ്യാപിപ്പിക്കാനായി. സ്വാശ്രയസംഘാംഗങ്ങള്‍ക്കായി സൗജന്യമായി തൈ-വിത്ത് വിതരണം നടത്തുന്നുണ്ട്. 130 ല്‍പരം സ്വാശ്രയസംഘങ്ങളുണ്ട്. ഇവര്‍ക്കു ട്രാക്ടര്‍, ടില്ലര്‍ തുടങ്ങിയവ സൗജന്യനിരക്കില്‍ നല്‍കുന്നു. ഇവരില്‍നിന്നൊക്കെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ നേരിട്ടുവാങ്ങി കോ-ഓപ് മാര്‍ട്ട്‌വഴി വില്‍ക്കുകയാണു ചെയ്യുന്നത്.

പശു വളര്‍ത്താന്‍ താല്‍പ്പര്യമുള്ള അംഗങ്ങള്‍ക്ക് 50,000 രൂപ പലിശരഹിത വായ്പ നല്‍കും. ആഴ്ചപ്പിരിവിലൂടെയാണ് ഇതു തിരിച്ചുപിടിക്കുന്നത്. കര്‍ഷകരുടെ പച്ചക്കറിക്കട എന്ന നിലയിലാണു കോ-ഓപ് മാര്‍ട്ട് തുടങ്ങിയത്. കര്‍ഷകരില്‍നിന്നു നേരിട്ടു പച്ചക്കറി വാങ്ങിയും പുറമേനിന്നു വരുത്തിയുമാണു വില്‍പ്പന. ആഘോഷവേളകളില്‍ കോ-ഓപ് മാര്‍ട്ട് പ്രത്യേകചന്തകളും നടത്താറുണ്ട്. ബുധനാഴ്ചകളില്‍ കാര്‍ഷികവിപണിയുണ്ട്. കര്‍ഷകര്‍ക്കായി വളം, കാലിത്തീറ്റവിപണനകേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്. ഗുണമേന്‍മയുള്ള രാസവളങ്ങളും ജൈവകീടനാശിനികളും കാലിത്തീറ്റകളും വില കുറച്ചാണു വില്‍ക്കുന്നത്.

നീതി മെഡിക്കല്‍ സ്‌റ്റോറില്‍ മരുന്നുകള്‍ക്കു വിലക്കുറവുണ്ട്. 25 വര്‍ഷമായി ബാങ്കില്‍ അംഗമായി തുടരുന്ന 70 വയസ്സു കഴിഞ്ഞവരില്‍നിന്നു മരുന്നുകള്‍ക്കു പകുതി വിലയേ വാങ്ങൂ. മറ്റുള്ളവര്‍ക്കും അഞ്ചു മുതല്‍ 40 വരെ ശതമാനം വില കുറച്ചുകൊടുക്കും. നേത്രസംബന്ധമായ രോഗപരിശോധനകള്‍ക്കും തുടര്‍ചികിത്സകള്‍ക്കും ബാങ്കിന്റെ സഹായത്തോടെ ഇടപ്പള്ളിയിലെ കൊച്ചിന്‍ ഐ ഫൗണ്ടേഷന്‍ ആശുപത്രി എല്ലാ മാസവും ചികിത്സാക്യാമ്പ് നടത്തുന്നുണ്ട്. ബാങ്ക് ഒരു സഹകരണസൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയിട്ടുണ്ട്. ബാങ്ക്പരിധിക്കു പുറത്തുള്ളവര്‍പോലും ഇവിടെവന്നു സാധനങ്ങള്‍ വാങ്ങുന്നു. സഹകരണമേഖലയില്‍ ആദ്യം സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയത് മലയിടംതുരുത്തു ബാങ്കിലാണ്. ഇതിനെ മാതൃകയാക്കിയാണു മറ്റു സഹകരണബാങ്കുകളും സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയത്. അരിയടക്കമുള്ള നിത്യോപയോഗസാധനങ്ങള്‍ വിപണിയിലേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഇവിടെ ലഭിക്കും. ഞായറാഴ്ചയടക്കം എല്ലാ ദിവസവും സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തിക്കും. അരിവില കുറച്ചു നല്‍കാന്‍മാത്രം കഴിഞ്ഞവര്‍ഷം 2,80,000 രൂപ ബാങ്ക് സബ്‌സിഡി നല്‍കി.

മാല്‍കോ
ഫുഡ്‌സ്

2017 ല്‍ ബാങ്കിനെ ഒരു മാതൃകാസംഘമായി കേരളസര്‍ക്കാര്‍ അംഗീകരിച്ചു. സര്‍ക്കാരിന്റെ 25 ലക്ഷം രൂപയുടെ പ്ലാന്‍ഫണ്ട്‌കൊണ്ടു നിര്‍ധനസ്ത്രീകള്‍ക്കു വരുമാനം ലഭ്യമാക്കാന്‍ മൂല്യവര്‍ധിതോല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന പദ്ധതി തുടങ്ങി. അതാണു മാല്‍കോ ഫുഡ്‌സ് എന്ന ബ്രാന്റ്. ഈ ബ്രാന്റില്‍ മൂല്യവര്‍ധിതഭക്ഷ്യോല്‍പ്പന്നങ്ങള്‍ ബാങ്ക് വിപണിയിലിറക്കിയിട്ടുണ്ട്. ഏത്തക്കായയും കപ്പയും മറ്റും ശേഖരിച്ച് ചിപ്‌സ് യൂണിറ്റ്‌വഴി 20 മൂല്യവര്‍ധിതോല്‍പ്പന്നങ്ങളാക്കി ബാങ്കിന്റെ സൂപ്പര്‍മാര്‍ക്കറ്റ്‌വഴിയും മറ്റു സംവിധാനങ്ങള്‍വഴിയും ജില്ലയിലെമ്പാടും വില്‍ക്കുന്നു. മായം ചേര്‍ക്കാത്തതും ഒറ്റത്തവണമാത്രം ഉപയോഗിക്കുന്നതുമായ വെളിച്ചെണ്ണയിലും ഓയിലിലുമാണ് ഇവ ഉണ്ടാക്കുന്നത്. സഹകരണപ്രദര്‍ശനമേളകളിലെല്ലാം ഈ ഉല്‍പ്പന്നങ്ങള്‍ക്കായി ബാങ്ക് സ്റ്റാളുകള്‍ ഒരുക്കാറുണ്ട്. സഹകരണവകുപ്പിന്റെ സഹായത്തോടെ ഇവ കയറ്റുമതി ചെയ്യാനും ശ്രമിക്കുന്നു. ഓണക്കാലത്തു സൗജന്യഓണക്കിറ്റിലേക്കുള്ള ശര്‍ക്കരവരട്ടിക്കായി ഈ ബാങ്കിന് ഓര്‍ഡര്‍ ലഭിക്കാറുണ്ട്.

എന്‍.ഇ.എഫ്.ടി, ആര്‍.ടി.ജി.എസ്. തുടങ്ങിയ ആധുനികസൗകര്യങ്ങള്‍ ബാങ്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു സര്‍വീസ്ചാര്‍ജും ഈടാക്കാതെയാണ് ഈ സേവനങ്ങള്‍ നല്‍കുന്നത്. പ്ലാറ്റിനംജൂബിലിയുടെ ഭാഗമായി മലയിടംതുരുത്തില്‍ എ.ടി.എം. കൗണ്ടര്‍ ആരംഭിച്ചിട്ടുണ്ട്. ഖാദി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ വര്‍ധിച്ച സാഹചര്യത്തിലാണു ബാങ്ക് ഖാദി സൗഭാഗ്യഷോറൂം തുടങ്ങിയിട്ടുള്ളത്. ഈ മേഖലയില്‍ ഖാദിയുടെ വില്‍പ്പനശാലകളൊന്നുമില്ല. ഈ സാഹചര്യവും ഖാദിഷോറൂം തുടങ്ങാന്‍ പ്രേരകമായി. പൂക്കാട്ടുപടി ശാഖയോടു ചേര്‍ന്നാണിത്.

50,000 രൂപ വരെ വ്യക്തിഗതവായ്പ നല്‍കും. വസ്തുജാമ്യത്തില്‍ 25 ലക്ഷം രൂപ വരെ വായ്പ കൊടുക്കുന്നു. കുറഞ്ഞ പലിശയ്ക്കു കാര്‍ഷിക-സ്വര്‍ണവായ്പകളും നല്‍കുന്നു. ഗൃഹോപകരണങ്ങള്‍ വാങ്ങാനും വായ്പ നല്‍കും. വാഹനവായ്പയുമുണ്ട്. മൂന്നു ലക്ഷം രൂപ വരെ കിസാന്‍ ക്രെഡിറ്റ് വായ്പ കിട്ടും. സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാപെന്‍ഷന്‍ കളക്ഷന്‍ ഏജന്റുമാര്‍വഴി വീടുകളില്‍ കൊണ്ടുപോയി കൊടുക്കുന്നുണ്ട്. സഹകരണവകുപ്പിന്റെ സഹായത്തോടെ അംഗസമാശ്വാസനിധി ഉപയോഗപ്പെടുത്തി ചികിത്സാസഹായം നല്‍കുന്നുണ്ട്. രോഗരൂക്ഷത അനുസരിച്ചു വലിയ തുകകള്‍ വരെ ചികിത്സാസഹായം നല്‍കാന്‍ കഴിയുന്നു. ബാങ്കിന് ഒരു ഡെത്ത് റിലീഫ് ഫണ്ടുണ്ട്. ഏതെങ്കിലും അംഗം മരിച്ചാല്‍ ഇതിലുള്‍പ്പെട്ട അംഗമാണെങ്കില്‍ 3000 രൂപ വീട്ടില്‍ എത്തിച്ചുകൊടുക്കും. രണ്ട് ആംബുലന്‍സുകളും ബാങ്കിനുണ്ട്. വിദ്യാര്‍ഥികള്‍ക്കു കാഷ് അവാര്‍ഡുകളും നല്‍കാറുണ്ട്.

ഏലിയാസ് കെ.എം. പ്രസിഡന്റായുള്ള ഭരണസമിതിയാണു ബാങ്കിനെ നയിക്കുന്നത്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച ഇദ്ദേഹം സി.പി.എം. പ്രവര്‍ത്തകനാണ്. ബെന്നി മാത്യുവാണു വൈസ് പ്രസിഡന്റ്. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസറായി വിരമിച്ച ഇദ്ദേഹവും സി.പി.എം. പ്രവര്‍ത്തകന്‍തന്നെ. സിജി ജോണി, എം.വി. എല്‍ദോ, എന്‍.പി. ഐസക്, ഡേവിസ് ചാക്കോ, മക്കാര്‍ ബാവ, വര്‍ഗീസ് വി.ഒ, ശശീന്ദ്രന്‍ നായര്‍, എം.എം. സുകു, ടി.ടി. സതീശന്‍, ആന്‍സി ടിന്‍ജോ, ജാനറ്റ് ഫ്രാന്‍സിസ് എന്നിവരാണു മറ്റു ഭരണസമിതിയംഗങ്ങള്‍. 2023 നവംബര്‍ 16നാണ് സമിതി അധികാരമേറ്റത്. ടി.എ. തങ്കപ്പനാണു സെക്രട്ടറി.

ബാങ്കിനു സായാഹ്നശാഖയും അതിരാവിലെയുള്ള ശാഖയും തുടങ്ങാന്‍ ആലോചനയുണ്ട്. ബാങ്കിന്റെ പ്രവര്‍ത്തനപരിധിയില്‍ എല്ലായിടത്തും എ.ടി.എം. തുടങ്ങുന്നതും പരിഗണനയിലാണ്. കൈത്തറി ഉല്‍പ്പന്നങ്ങളുടെ വിപണനസൗകര്യം ഏര്‍പ്പെടുത്താനും ശ്രമിക്കും. പാലിയേറ്റീവ് കെയര്‍ സെന്ററാണു പരിഗണിക്കുന്ന മറ്റൊരു കാര്യം. നബാര്‍ഡ് സഹായത്തോടെ കാര്‍ഷികനഴ്‌സറിയും ജൈവവളയൂണിറ്റും തുടങ്ങാനുള്ളതാണു വേറൊരു പദ്ധതി.

                                                                                    (മൂന്നാംവഴി സഹകരണ മാസിക മാര്‍ച്ച് ലക്കം)

കൂടുതല്‍ വിവരങ്ങള്‍ക്കായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക : MVR Scheme

 

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!