സഹകാരി റൈസുമായി കുറ്റ്യാടി ബാങ്ക്

moonamvazhi
  • കിലോക്ക് 60 രൂപ
  • നേരിട്ട് അരി ജനങ്ങളിലേക്കെത്തിച്ചു
  • അടുത്തതവണ കൂടുതല്‍ സ്ഥലങ്ങളില്‍ കൃഷി നടത്തും

സഹകാരി റൈസ് വിപണിയിലിറക്കി കോഴിക്കോട് കുറ്റ്യാടി സര്‍വീസ് സഹകരണ ബാങ്ക്. കുറ്റ്യാടി പഞ്ചായത്തിലെ ഊരകത്ത് തരിശായി കിടന്നിരുന്ന എട്ടേക്കര്‍ പാട്ടത്തിനെടുത്താണ് ബാങ്കിന്റെ കീഴില്‍ നെല്‍കൃഷി ചെയ്തത്. കഴിഞ്ഞ നാലു വര്‍ഷമായി ബാങ്കിന്റെ നേതൃത്വത്തില്‍ നെല്‍കൃഷി ചെയ്യുന്നുണ്ട്. എന്നാല്‍ മുന്‍ വര്‍ഷങ്ങളില്‍ ഉല്‍പ്പാദിപ്പിച്ച നെല്ല് സപ്ലൈകോയ്ക്ക് സംരണ വിലക്ക് നല്‍കിയപ്പോള്‍ ഈ വര്‍ഷം ബാങ്ക് നേരിട്ട് കുത്തരിയാക്കി ആവശ്യക്കാര്‍ക്ക് നല്‍കുകയായിരുന്നു. ഒരു കിലോ കുത്തരിക്ക് 60 രൂപയാണ്.

പരമ്പരാഗത രീതിയില്‍ പുഴുങ്ങി ഉണക്കി തവിട് കളയാതെ സംസ്‌കരിച്ച് സഹകാരി റൈസ് എന്ന പേരില്‍ വിപണിയിലെത്തിച്ച കുത്തരിക്ക് നല്ല പ്രതികരണമാണ് ജനങ്ങളില്‍ നിന്നും ലഭിക്കുന്നത്. ഈ വര്‍ഷം എട്ട് കിന്റല്‍ അരിയാണ് ലഭിച്ചത്. സഹകാരി റൈസിന്റെ ആദ്യ വില്പന ബാങ്ക് ഹെഡ് ഓഫീസില്‍ വച്ച് വടകര അസിസ്റ്റന്റ് രജിസ്ട്രാര്‍ ഷിജു.പി നിര്‍വഹിച്ചു.

കൂടുതല്‍ സ്ഥലങ്ങളിലേക്ക് കൃഷി വ്യാപിപ്പിച്ച് ഗുണമേന്മയേറിയ അരി വിപണിയില്‍ എത്തിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത് – ബാങ്ക് പ്രസിഡന്റ് രവീന്ദ്രന്‍ കെ.പി.

നിലമൊരുക്കല്‍ മുതല്‍ കൊയ്ത്തും മെതിയും പുല്ല് സംസ്‌കരണം വരെ എല്ലാം പൂര്‍ണ്ണമായും യന്ത്ര സഹായത്തോടെയാണ് ചെയ്തുവരുന്നത്. പലപ്പോഴും സമയത്തിന് തൊഴിലാളികളെ ലഭിക്കാത്തതിനാലും നെല്‍കൃഷി ലാഭകരമായി നടത്താന്‍ കഴിയാത്തതിനാലും ഈ മേഖലയില്‍ നിന്നും പുറകോട്ട് പോയ നെല്‍ക്കര്‍ഷകര്‍ക്ക് യന്ത്ര സഹായെേത്താടെയുള്ള ഈ കൃഷിരീതി പുത്തനുണര്‍വ്വവ് പകര്‍ന്നു.