ലേബര്‍ കോണ്‍ട്രാക്ട് സംഘങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

moonamvazhi

ഊരാളുങ്കല്‍ സംഘത്തിനും മറ്റു ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘങ്ങള്‍ക്കും സര്‍ക്കാര്‍ പത്തു ശതമാനം പ്രൈസ് പ്രിഫറന്‍സും മറ്റാനുകൂല്യങ്ങളും നല്‍കുന്നതിനെതിരെ സമര്‍പ്പിച്ച അഞ്ചു ഹര്‍ജികളും കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. ചോദ്യം ചെയ്യപ്പെട്ട ഉത്തരവുകളെല്ലാം ഭരണഘടനയുടെ നിര്‍ദേശകതത്വങ്ങള്‍ക്ക് അനുസൃതവും നിയമാനുസൃതവുമാണെന്നു കോടതി വിധിച്ചു. നാടിന്റെ പുരോഗതിക്കു സഹകരണമേഖല പ്രധാനമാണെന്നും അവയെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി.

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘത്തിനു പരിധിയില്ലാതെ കരാറുകള്‍ നല്‍കാനുള്ള ഉത്തരവും കോടതി ശരിവെച്ചു. വിവിധ സ്വകാര്യകരാറുകാരും ബില്‍ഡേഴ്‌സ് അസോസിയേഷനും അഞ്ചു ഹര്‍ജികളിലായി ആറ് സര്‍ക്കാരുത്തരവുകളെയാണു ചോദ്യം ചെയ്തിരുന്നത്.

സര്‍ക്കാരിന്റെ നിര്‍മാണക്കരാറുകള്‍ നല്‍കുന്നതില്‍ തൊഴിലാളി സഹകരണസംഘം എന്ന നിലയില്‍ ഊരാളുങ്കല്‍ സംഘത്തിനു പത്തു ശതമാനം പ്രൈസ് പ്രിഫറന്‍സിനു അര്‍ഹതയുണ്ടെന്നും കണ്ണൂര്‍ കോടതിസമുച്ചയത്തിന്റെ നിര്‍മാണക്കരാര്‍ പത്തു ശതമാനം പ്രൈസ് പ്രിഫറന്‍സില്‍ സംഘത്തിനു നല്‍കണമെന്നുമുള്ള കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ മറ്റൊരു വിധി കഴിഞ്ഞ മാസം സുപ്രീം കോടതി ശരിവെച്ചിരുന്നു.

ലേബര്‍ഫെഡ്
സ്വാഗതം ചെയ്തു

ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘങ്ങള്‍ക്കു പത്തു ശതമാനം പ്രൈസ് പ്രിഫറന്‍സ് നല്‍കുന്നതുള്‍പ്പെടെയുള്ള സര്‍ക്കാരാനുകൂല്യങ്ങള്‍ ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയെ കേരള സ്റ്റേറ്റ് ലേബര്‍ കോ-ഓപ്പറേറ്റീവ് ഫെഡറേഷന്‍ ലിമിറ്റഡ് ( ലേബര്‍ഫെഡ് ) ചെയര്‍മാന്‍ എ.സി. മാത്യു സ്വാഗതം ചെയ്തു. ഇത്തരം സര്‍ക്കാരാനുകൂല്യങ്ങള്‍ ഭരണഘടനാപരവും നാടിന്റെ വികസനത്തിനു അനുപേക്ഷണീയവുമാണെന്നു അഭിപ്രായപ്പെട്ടുകൊണ്ടാണു അഞ്ചു ഹര്‍ജികളും തള്ളിയത്. ഇനിയെങ്കിലും ലേബര്‍ സഹകരണസംഘങ്ങള്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളും വിവാദങ്ങളും ഉയര്‍ത്തുന്നതില്‍നിന്നു ബന്ധപ്പെട്ടവര്‍ പിന്മാറണം- മാത്യു അഭ്യര്‍ഥിച്ചു.