അഭിഭാഷകരുടെ ഹൗസിംഗ് സംഘം ഇനിമുതല്‍ വായ്പാ സഹകരണ സംഘം
കൊല്ലം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന അഭിഭാഷകരുടെ ഹൗസിംഗ് സംഘം ഇനി മുതല്‍ വായ്പാ സഹകരണ സംഘമായി പ്രവര്‍ത്തിക്കും. എട്ട് കോടതി കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുവായിരത്തി എണ്ണൂറോളം അഭിഭാഷകര്‍ക്ക് പ്രയോജനം ലഭിക്കുന്ന തരത്തില്‍ നിലവിലെ സംഘത്തിന്റെ ബൈലോ ഭേദഗതി ചെയ്ത് ക്രെഡിറ്റ് സൊസൈറ്റിയാക്കി. കഴിഞ്ഞ ദിവസം ചേര്‍ന്ന കൊല്ലം ഹൗസിംഗ് സംഘത്തിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ അഡ്വ. പാരിപ്പള്ളി രവീന്ദ്രന്‍ നിര്‍ദ്ദേശിച്ച ഭേദഗതികള്‍ അംഗീകരിച്ചു
പുതിയ ഭേദഗതി പ്രകാരം പത്ത് വര്‍ഷത്തിന് മുകളില്‍ പ്രാക്ടീസുള്ള അഭിഭാഷകര്‍ക്ക് എ. ക്ലാസ് അംഗത്വവും പത്ത് വര്‍ഷത്തില്‍ താഴെ പ്രാക്ടീസുള്ള അഭിഭാഷകര്‍ക്ക് ബി. ക്ലാസ് അംഗത്വവും ലഭിക്കും. 85 ലക്ഷം ഓഹരി മൂലധനം പ്രതീക്ഷിക്കുന്ന അഡ്വക്കേറ്റ്സ് ക്രെഡിറ്റ് സൊസൈറ്റിയുടെ അപ്പെക്സ് ബാങ്കായി കേരള ബാങ്കിനെ ബൈലോ ഭേദഗതിയിലൂടെ അംഗീകരിച്ചു.
കേരള ബാങ്കുമായി സഹകരിച്ച് വായ്പാ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പൊതുയോഗം അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ അധികാരപ്പെടുത്തിയതായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ അഡ്വ. പാരിപ്പള്ളി രവീന്ദ്രന്‍ അറിയിച്ചു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം അഡ്വ. ജി. വിജയകുമാര്‍ സ്വാഗതവും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം അഡ്വ. സോജ തുളസീധരന്‍ നന്ദിയും പറഞ്ഞു.
അംഗങ്ങള്‍ക്ക് വായ്പ നല്‍കുക, നിക്ഷേപം സ്വീകരിക്കുക, ചിട്ടി പ്രവര്‍ത്തനങ്ങള്‍, ഹയര്‍ പര്‍ച്ചേസ് വ്യവസ്ഥയില്‍ ഗാര്‍ഹിക ഉപകരണങ്ങള്‍ – വാഹനങ്ങള്‍ വാങ്ങാന്‍ വായ്പ, അഭിഭാഷകര്‍ക്ക് ആധുനിക സൗകര്യങ്ങളോടെയുള്ള ലൈബ്രറി, ഇ-ഫയലിംഗ് നടത്തുന്നതിനുള്ള സജ്ജീകരണങ്ങള്‍, കമ്പ്യൂട്ടര്‍, ലാപ്ടോപ്പ് -ടാബ് എന്നിവയ്ക്ക് ലോണ്‍, അഭിഭാഷകരുടെ ചേംബറുകള്‍ തുടങ്ങാന്‍ സൗകര്യം ഒരുക്കുക എന്നിവയാണ് സംഘത്തിന്റെ പദ്ധതികള്‍.