സഹകരണത്തിന് വേണ്ടത് കാര്‍ഷികനയം

കിരണ്‍ വാസു

കാര്‍ഷികമേഖലയിലെ തകര്‍ച്ച കര്‍ഷകരെ മാത്രമല്ല സഹകരണസംഘങ്ങളെയും ബാധിക്കുന്നുണ്ട്. കേരളത്തിലെ കാര്‍ഷികമേഖലയെ നവീകരിക്കാനും കര്‍ഷകര്‍ക്കു വരുമാനം ഉറപ്പാക്കാനും സഹകരണസംഘങ്ങള്‍ക്കു കഴിയും. ഈ മാറ്റത്തോടെ സഹകരണമേഖലയിലെ പ്രതിസന്ധിക്കും ഒരുപരിധിവരെ പരിഹാരം കാണാനാവും. അതിനായി സഹകരണമേഖലയില്‍ ഒരു കാര്‍ഷികനയം രൂപപ്പെടുത്തണം. വിത്തുമുതല്‍ വിപണിവരെ എന്ന കാഴ്ചപ്പാടിലേക്കും കര്‍ഷകരുടെ
വരുമാനത്തിലൂടെ തിരിച്ചടവ് ഉറപ്പാക്കുന്ന വായ്പകള്‍ വര്‍ധിപ്പിക്കുക എന്ന
സമീപനത്തിലേക്കും സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനം മാറണം.

 

കാര്‍ഷികമേഖലയും സഹകരണമേഖലയും ഒരേപോലെ പ്രതിസന്ധിയിലായി നില്‍ക്കുന്ന ഘട്ടമാണിത്. ഇതു രണ്ടും പരസ്പരപൂരകങ്ങളുമാണ്. പ്രാഥമിക സഹകരണ ബാങ്കുകളാണു കേരളത്തിലെ സഹകരണമേഖലയുടെ നട്ടെല്ല്. ഈ ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധിയാണു സഹകരണമേഖലയെ ആകെ ഉലയ്ക്കുന്നതും. കാര്‍ഷികവായ്പാ സഹകരണസംഘങ്ങളാണു കേരളത്തില്‍ പ്രാഥമിക സഹകരണ ബാങ്കുകളായി പ്രവര്‍ത്തിക്കുന്നത്. കാര്‍ഷികമേഖലയിലെ തകര്‍ച്ച കര്‍ഷകരെ മാത്രമല്ല ഈ ബാങ്കുകളെയും ബാധിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍, കാര്‍ഷികമേഖലയിലെ ഇടപെടലാണു സഹകരണ ബാങ്കുകളെ പ്രതിസന്ധിയിലാക്കുന്നത് എന്നു പറയാനാവില്ല. പകരം, കാര്‍ഷികമേഖലയെ നവീകരിക്കാനും കര്‍ഷകര്‍ക്കു വരുമാനം ഉറപ്പാക്കാനും സഹകരണസംഘങ്ങള്‍ക്കു കഴിയും. ഈ മാറ്റത്തോടെ സഹകരണമേഖലയിലെ പ്രതിസന്ധിക്കും ഒരുപരിധിവരെ പരിഹാരം കാണാനാവും. അത്തരത്തില്‍ കേരളത്തിലെ സഹകരണമേഖലയില്‍ ഒരു കാര്‍ഷികനയം രൂപപ്പെടുത്തുകയാണു വേണ്ടത്.

കാഴ്ചപ്പാട്
മാറണം

‘സഹകരണത്തിലൂടെ സമൃദ്ധി’ എന്നതാണു കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നയം. നാടിന്റെ വികസനത്തിനു സര്‍ക്കാര്‍-സഹകരണ പങ്കാളിത്തം എന്നതാണു സംസ്ഥാനസര്‍ക്കാരിന്റെ നയം. സഹകരണമേഖലയിലൂടെ അടിസ്ഥാന ജനവിഭാഗത്തിന്റെ ഉന്നമനത്തിനു വഴിയൊരുക്കാനാകുമെന്നാണു ഇതു വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍നിന്നുകൊണ്ടുവേണം കാര്‍ഷികമേഖലയിലെ പ്രശ്‌നങ്ങളെ വിലയിരുത്താന്‍. ഒരു പഞ്ചായത്തില്‍ ഒന്നിലേറെ കാര്‍ഷികവായ്പാ സഹകരണസംഘങ്ങളുള്ള കേരളത്തില്‍ എന്തുകൊണ്ട് കാര്‍ഷികമേഖലയില്‍ സാമ്പത്തികപ്രതിസന്ധിയും കര്‍ഷകര്‍ക്കു വരുമാനനഷ്ടവും സംഭവിക്കുന്നുവെന്നതു പരിശോധിക്കപ്പെടേണ്ടതാണ്. വായ്പ നല്‍കിയതുകൊണ്ടുമാത്രം കര്‍ഷകരുടെ വരുമാനം ഉയരില്ല. അതിനാല്‍, സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനം വിത്തുമുതല്‍ വിപണിവരെ എന്ന കാഴ്ചപ്പാടിലേക്കും കര്‍ഷകരുടെ വരുമാനത്തിലൂടെ തിരിച്ചടവ് ഉറപ്പാക്കുന്ന വായ്പകള്‍ വര്‍ധിപ്പിക്കുക എന്ന സമീപനത്തിലേക്കും മാറണം.

വയനാടിനെയും കേരളത്തെയും പിടിച്ചുകുലുക്കുന്നവിധത്തില്‍ ഒരുകാലത്തു കര്‍ഷക ആത്മഹത്യകള്‍ നടന്നിരുന്നു. ഫലപ്രദമായ സര്‍ക്കാര്‍ഇടപെടലാണു ഇതിനു മോചനമുണ്ടാക്കിയത്. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന പ്രവണത ഒറ്റപ്പെട്ട രീതിയിലാണെങ്കിലും ഇപ്പോള്‍ വീണ്ടും കേരളത്തിലുണ്ടാകുന്നുണ്ട്. പ്രത്യേകിച്ച്, നെല്‍ക്കര്‍ഷകര്‍. സംഭരിച്ച നെല്ലിന്റെ പണം കിട്ടാന്‍ കര്‍ഷകര്‍ മാസങ്ങളോളം കാത്തിരിക്കുക, വിളവെടുത്ത നെല്ല് സംഭരിക്കാതെ നശിക്കുക, പാകമായ നെല്ല് കൊയ്‌തെടുക്കാതെ ഉപേക്ഷിക്കേണ്ടിവരിക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ നമ്മുടെ കണ്‍മുമ്പില്‍ നടക്കുന്നു. നെല്‍ക്കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കാനാണു സഹകരണമേഖലയില്‍ നെല്ല്‌സംഭരണം-സംസ്‌കരണം-വിപണനം എന്നിവയ്ക്കായി സര്‍ക്കാര്‍ രണ്ടു സഹകരണസംഘങ്ങള്‍ രൂപവത്കരിച്ചത്. ഇതിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതേയുള്ളൂ. അതുകൊണ്ടുമാത്രം പരിഹരിക്കപ്പെടാവുന്നതല്ല കാര്‍ഷികമേഖലയിലെ പ്രശ്‌നങ്ങള്‍. ഇക്കാര്യത്തില്‍ കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍ക്ക് ഏറെ ചെയ്യാനാകും. കേന്ദ്രപദ്ധതികളുടെ അടിസ്ഥാനം ഈ കാഴ്ചപ്പാടാണ്. പ്രാദേശികാടിസ്ഥാനത്തിലും കേന്ദ്രീകൃതമായും സമഗ്ര കാര്‍ഷികപദ്ധതി ഈ സംഘങ്ങള്‍ ആസൂത്രണം ചെയ്യേണ്ടത് അനിവാര്യമാണ്. ഇതിനു കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ ഏറെ പ്രയോജനപ്പെടുത്താനാകും.

കര്‍ഷകരുടെ
പ്രശ്‌നം

ഉല്‍പ്പാദനം കൂടുമ്പോള്‍ വില കുറയുകയും വരുമാനം ഇടിഞ്ഞു സാമ്പത്തികപ്രതിസന്ധിയിലേക്കു നീങ്ങുകയും ചെയ്യുന്ന പ്രതിഭാസമാണു കര്‍ഷകര്‍ നേരിടുന്നത്. വിലയിലെ ഏറ്റക്കുറച്ചിലുകള്‍, ഉയര്‍ന്ന കടബാധ്യത, കാലാവസ്ഥാവ്യതിയാനത്തിന്റെ ആഘാതം, നീണ്ടുനില്‍ക്കുന്ന വരള്‍ച്ച, അമിതമായ ജോലിഭാരം, സര്‍ക്കാര്‍നിയന്ത്രണം, സാമൂഹികമായ ഒറ്റപ്പെടല്‍ എന്നിവയെല്ലാം കാര്‍ഷികമേഖലയെ ബാധിച്ചിട്ടുണ്ട്. 2018നും 2020നുമിടയില്‍ ഇന്ത്യയില്‍ 17,000 കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് 2022 ഫെബ്രുവരിയില്‍ ലോക്‌സഭയില്‍ നല്‍കിയ കണക്ക് വ്യക്തമാക്കുന്നത്. ദുരിതത്തിലായ കര്‍ഷകര്‍ ആത്മഹത്യയിലേക്കു കടക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതു സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് 2017 ല്‍ സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. തമിഴ്‌നാട്ടിലെ കര്‍ഷകആത്മഹത്യകളെക്കുറിച്ചുള്ള ഒരു പൊതുതാല്‍പ്പര്യ ഹരജി പരിഗണിക്കുമ്പോഴായിരുന്നു ഇത്.

സഹകരണസംഘങ്ങളിലൂടെ കാര്‍ഷികമുന്നേറ്റം സാധ്യമാക്കാനാകുമെന്നു കേരളസര്‍ക്കാര്‍ തെളിയിച്ചതാണ്. ഉപഭോക്തൃ സംസ്ഥാനമായ കേരളം കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് അനുഭവിച്ച പ്രശ്‌നം നാം തിരിച്ചറിഞ്ഞതാണ്. ഈ ഘട്ടത്തിലാണു ഭക്ഷ്യവസ്തുക്കളില്‍ സ്വയംപര്യാപ്തരാവുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കണമെന്ന ആഹ്വാനം സംസ്ഥാനസര്‍ക്കാര്‍ നടത്തിയത്. സുഭിക്ഷകേരളം എന്നൊരു പദ്ധതിയും പ്രഖ്യാപിച്ചു. ഇതു സഹകരണസംഘങ്ങള്‍ ഏറ്റെടുത്തതാണ്. തരിശുഭൂമിയില്‍ സംഘങ്ങള്‍ നേരിട്ട് കൃഷിയിറക്കി. ഇതിന്റെ ഫലമായി കാര്‍ഷികോല്‍പ്പാദനത്തില്‍ കേരളം ഏറെ നേട്ടമുണ്ടാക്കി. ഭക്ഷ്യധാന്യത്തില്‍ മാത്രമല്ല പാല്‍, മുട്ട, മത്സ്യം, മാംസം, സുഗന്ധവ്യഞ്ജനങ്ങള്‍, പാനീയവിളകള്‍ എന്നിവയിലും നമ്മള്‍ മികച്ച നേട്ടമുണ്ടാക്കി. വ്യവസായിക അസംസ്‌കൃതവസ്തുക്കളും കയറ്റുമതിപ്രാധാന്യമുള്ള വിഭവങ്ങളും സുലഭമായുണ്ടായി. അട്ടപ്പാടിയില്‍ മില്ലറ്റ് ഗ്രാമം എന്ന പദ്ധതിതന്നെ നടപ്പാക്കി. എന്നാല്‍, ഇതിനനുസരിച്ച് കര്‍ഷകര്‍ക്കു വരുമാനവര്‍ധനവുണ്ടായിട്ടില്ല എന്ന വസ്തുത തിരിച്ചറിയുമ്പോഴാണു പ്രശ്‌നങ്ങളെ ഈ രീതിയില്‍ മാത്രം നേരിട്ടാല്‍ മതിയാവില്ലെന്നു ബോധ്യപ്പെടുന്നത്. 18 ഇനം പഴം, പച്ചക്കറികള്‍ക്കു കേരളത്തില്‍ താങ്ങുവില നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍, ഈ താങ്ങുവില ഉറപ്പാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. സംഭരണത്തിന്റെയും സംസ്‌കരണത്തിന്റെയും അഭാവം, മൂല്യവര്‍ധിത സംരംഭങ്ങളില്ലാത്തതിന്റെ പ്രശ്‌നം എന്നിവയെല്ലാം ഇതിനു കാരണമാണ്. ഈ പ്രശ്‌നത്തെയാണു സഹകരണമേഖല അഭിസംബോധന ചെയ്യേണ്ടത്. സഹകരണസംഘങ്ങള്‍ അടിസ്ഥാനമാക്കി സമഗ്ര കാര്‍ഷികവികസനപദ്ധതി നടപ്പാക്കുകയാണ് ഇതിനു വേണ്ടത്.

സഹകരണ
കാഴ്ചപ്പാട്

കാര്‍ഷികവായ്പാ സംഘങ്ങളെന്ന അടിസ്ഥാനസ്വഭാവം വിട്ട് വന്‍കിട ബാങ്കുകളോടു മത്സരിക്കാനുള്ള പ്രാഥമിക സഹകരണ ബാങ്കുകളുടെ ത്വര അവസാനിപ്പിക്കുകയാണ് ആദ്യം വേണ്ടത്. ഒരു പഞ്ചായത്തിന്റെ അടിസ്ഥാന വികസനകേന്ദ്രമായി കാര്‍ഷികവായ്പാ സഹകരണസംഘത്തെ മാറ്റാനാണു കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന് 23 പദ്ധതികള്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. സഹകരണസംഘത്തിനു കീഴില്‍ കര്‍ഷക ഉല്‍പ്പാദക സംഘങ്ങള്‍ ( എഫ്.പി.ഒ ), സ്വാശ്രയ കൂട്ടായ്മകള്‍, ക്ലസ്റ്റര്‍ അടിസ്ഥാനത്തിലുള്ള സംരംഭങ്ങള്‍, സേവനകേന്ദ്രം, വിപണനകേന്ദ്രം, മൂല്യവര്‍ധിത ഉല്‍പ്പാദനം എന്നിവയെല്ലാം ഒരുക്കാനുള്ളതാണു പദ്ധതി. കേരളത്തിലെ പ്രാഥമിക സഹകരണസംഘങ്ങള്‍ അവയുടെ പ്രവര്‍ത്തനപരിധിയില്‍ ഏറ്റെടുക്കാവുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചു മനസ്സിലാക്കി പദ്ധതി ആസൂത്രണം ചെയ്യുകയാണു വേണ്ടത്. സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രധാന പ്രതിസന്ധി തിരിച്ചടവില്ലാതെ വായ്പകള്‍ കുടിശ്ശികയാകുന്നുവെന്നതാണ്. വരുമാനം ഉണ്ടാകാത്ത കാര്യങ്ങള്‍ക്കാണു സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ വായ്പ നല്‍കുന്നത്. ഇതാണു കുടിശ്ശിക കൂടാന്‍ കാരണം. സംഘങ്ങള്‍ ഇതിനു ബദല്‍ കാഴ്ചപ്പാട് നടപ്പാക്കാതെ നിലവിലെ പ്രതിസന്ധിക്കു പരിഹാരം കാണാനാവില്ല.

കാര്‍ഷികാവശ്യങ്ങളില്‍ സംഘങ്ങള്‍ തുടക്കം മുതല്‍ത്തന്നെ ഇടപെട്ട് സഹായം നല്‍കുകയാണു വേണ്ടത്. കൃഷിയില്‍നിന്നുള്ള വിളവ് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കാനുള്ള സംരംഭങ്ങള്‍ സംഘത്തിനുകീഴില്‍ത്തന്നെ തുടങ്ങാനാവണം. അല്ലെങ്കില്‍, ഇത്തരം സംരംഭങ്ങളുള്ള മറ്റു സംഘങ്ങളുമായി ധാരണയുണ്ടാക്കണം. കര്‍ഷകരില്‍നിന്നു നേരിട്ട് വിളകള്‍ സംഭരിച്ച് സംഘത്തിന് ഉല്‍പ്പാദന കേന്ദ്രത്തില്‍ എത്തിക്കാനാവണം. കാര്‍ഷികോല്‍പ്പന്നങ്ങളുടെ ട്രാന്‍സ്‌പോര്‍ട്ടിങ് സംവിധാനം ഒരുക്കുന്നതിനു സഹകരണസംഘങ്ങള്‍ക്ക് 80 ശതമാനം സബ്‌സിഡി ലഭിക്കുന്ന പദ്ധതികള്‍ നിലവിലുണ്ട്. വിള സംഭരിക്കുന്ന ഘട്ടത്തില്‍ത്തന്നെ കര്‍ഷകനു പണം കൊടുക്കാനാവും. ഈ തുകയില്‍നിന്നു കാര്‍ഷികവായ്പയുടെ തിരിച്ചടവ് സംഘത്തിനു ലഭിക്കും. മൂല്യവര്‍ധിത ഉല്‍പ്പാദന യൂണിറ്റിലേക്കാവശ്യമായ കാര്‍ഷികോല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ ആ സംരംഭങ്ങള്‍ക്കും നന്നായി പ്രവര്‍ത്തിക്കാനാകും. ആ സംരംഭത്തിന്റെ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിനും സംഘത്തിന് ഏതെങ്കിലും മാര്‍ക്കറ്റിങ് സംഘവുമായി ധാരണയുണ്ടാക്കാം. ഇതിലൂടെ സംരംഭക കൂട്ടായ്മകള്‍ക്കും വരുമാനവും വായ്പ തിരിച്ചടവും ലഭിക്കും. കോ-ഓപ് മാര്‍ട്ട്, കോ-ഓപ് കേരള, സഹകരണ ഇ-കൊമേഴ്‌സ്, മറ്റു കമ്പനികളുമായുള്ള സഹകരണം എന്നിവയെല്ലാം കാര്‍ഷികസംഘങ്ങളുടെ ഈ പദ്ധതിയെ സഹായിക്കുന്നവിധം മാറ്റിയെടുക്കാവുന്നതാണ്.

താങ്ങുവിലയും
സമാശ്വാസനിധിയും

ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദകരില്‍നിന്നു നേരിട്ടല്ല ലഭിക്കുന്നത്. മറിച്ച്, വ്യാപാരികളില്‍നിന്നാണ്. ഉല്‍പ്പാദകര്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന വിലയും ഉപഭോക്താക്കള്‍ക്ക് ഇവ ലഭിക്കുന്ന വിലയും തമ്മില്‍ വലിയ അന്തരമുണ്ട്. കര്‍ഷകര്‍ക്കു രാസവളം, കീടനാശിനികള്‍, ട്രാക്ടറുകളടക്കമുള്ള കാര്‍ഷികോപകരണങ്ങള്‍ തുടങ്ങിയ ഇന്‍പുട്ട് നല്‍കുന്ന അഗ്രി ബിസിനസ് കമ്പനികളും കര്‍ഷകരില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന കോര്‍പ്പറേറ്റ് കമ്പനികളും വന്‍തോതില്‍ ലാഭം കൊയ്യുമ്പോള്‍ ഉല്‍പ്പാദകരായ കര്‍ഷകര്‍ കടബാധ്യതയിലും ദാരിദ്ര്യത്തിലുമാണ്. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളിലൂടെയുള്ള ലാഭത്തിന്റെ ഒരു പങ്ക് കര്‍ഷകനുകൂടി അവകാശപ്പെട്ടതാണെന്ന ബോധ്യത്തിലാവണം സഹകരണ കാര്‍ഷികനയം രൂപപ്പെടുത്തേണ്ടത്. അതിനു കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കു താങ്ങുവില ഉറപ്പാക്കുക എന്നതാണു പ്രധാനം.

ഡോ. എം.എസ്. സ്വാമിനാഥന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കു താങ്ങുവില നിര്‍ണയിക്കുന്നതിനു വ്യക്തമായ ഒരു ഫോര്‍മുല സമര്‍പ്പിച്ചിരുന്നു. ഇതനുസരിച്ച് ഉല്‍പ്പാദനച്ചെലവ് കണക്കാക്കുന്നതു മൂന്നു ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്. തൊഴിലാളികള്‍ക്കു നല്‍കുന്ന കൂലി, വിത്ത്, വളം, കീടനാശിനി എന്നിവയുടെ ചെലവ്, ജലസേചനം, വൈദ്യുതി എന്നിവയ്ക്കുള്ള ചെലവുകള്‍, ഉപകരണങ്ങളുടെ വാടക എന്നിവയാണ് ആദ്യത്തെ ഘടകം. കൃഷിയുമായി നേരിട്ട് ബന്ധമുള്ള കുടുംബാംഗങ്ങളുടെ കൂലിയാണു രണ്ടാമത്തേത്. ഈ രണ്ടു ഘടകങ്ങള്‍ക്കു പുറമെ കൃഷിഭൂമിയുടെ വാടക, മുതല്‍മുടക്കിന്റെ പലിശ എന്നിവയും ചേര്‍ത്ത് ഒന്നരമടങ്ങ് താങ്ങുവിലയായി നിശ്ചയിക്കണമെന്നാണു സ്വാമിനാഥന്‍കമ്മറ്റി ശിപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍, ഇതില്‍നിന്നു വ്യത്യസ്തമായി ആദ്യത്തെ രണ്ടു ഘടകങ്ങള്‍ മാത്രം പരിഗണിച്ച കേന്ദ്രം അതിന്റെ ഒന്നരമടങ്ങ് മാത്രമാണു താങ്ങുവിലയായി പ്രഖ്യാപിച്ചത്. സ്വാമിനാഥന്‍ പറഞ്ഞ രീതിയില്‍ വില ലഭിച്ചാലേ കര്‍ഷകര്‍ക്കു പിടിച്ചുനില്‍ക്കാനാകൂ. കേരളത്തിന്റെ കാര്‍ഷിക വികസനനയത്തില്‍ നിര്‍ദേശിച്ച രീതിയില്‍ വില നിര്‍ണയഅതോറിറ്റിയുടെ സഹായത്തോടെ സര്‍ക്കാര്‍ വിളകാലത്തിന്റെ ആരംഭത്തില്‍ത്തന്നെ കുറഞ്ഞ താങ്ങുവില പ്രഖ്യാപിക്കേണ്ടതുണ്ട്. അത്തരമൊരു രീതി സഹകരണമേഖലയില്‍ സര്‍ക്കാര്‍സഹായത്തോടെ നടപ്പാക്കാനായാല്‍ കാര്‍ഷിക-സഹകരണമേഖലയില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാനാകും.

അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ കര്‍ഷകര്‍ക്കു താങ്ങാവുക എന്നതും സഹകരണസംഘങ്ങള്‍ ഏറ്റെടുക്കേണ്ട നയമാണ്. ഇതിനു കാര്‍ഷികവായ്പാ സഹകരണ സംഘങ്ങള്‍ക്കു കീഴില്‍ ഒരു അപകട സമാശ്വാസനിധി രൂപവത്കരിക്കാവുന്നതാണ്. സംഘങ്ങളുടെ ലാഭത്തില്‍നിന്നുള്ള വിഹിതവും കാര്‍ഷികവിളയ്ക്ക് എടുക്കുന്ന വായ്പയുടെ അടിസ്ഥാനത്തില്‍ കര്‍ഷകവിഹിതവും ഇതിനായി ഉള്‍പ്പെടുത്താം. സംസ്ഥാനത്തെ കാര്‍ഷികവായ്പാ സഹകരണസംഘങ്ങളില്‍ അഗ്രിക്കള്‍ച്ചര്‍ ക്രെഡിറ്റ് സ്‌റ്റെബിലൈസേഷന്‍ ഫണ്ട് നീക്കിവെക്കാറുണ്ട്. 1000 കോടിയിലധികം രൂപയാണ് ഈ ഇനത്തിലുള്ളത്. ഈ ഫണ്ടില്‍നിന്ന് അപകട സമാശ്വാസനിധി ഓരോ സംഘത്തിനും നീക്കിവെക്കാമെന്ന വ്യവസ്ഥ വന്നാല്‍ അതൊരു നേട്ടമാകും. പ്രാദേശികാടിസ്ഥാനത്തില്‍ കര്‍ഷകരും സാധാരണക്കാരുമായ ജനങ്ങളെ ചേര്‍ത്തുപിടിച്ചു മുന്നേറുന്ന ഇത്തരമൊരു സഹകരണ കാര്‍ഷികനയം നടപ്പാക്കാനായാല്‍ അതു കാര്‍ഷിക-സഹകരണമേഖലയിലെ പ്രതിസന്ധിക്കു പരിഹാരമുണ്ടാക്കുമെന്നു മാത്രമല്ല, സഹകരണമേഖലയിലുള്ള ജനങ്ങളുടെ വിശ്വാസവും പിന്തുണയും വാനോളം ഉയര്‍ത്തുകയും ചെയ്യും.

(മൂന്നാംവഴി സഹകരണ മാസിക ജനുവരി ലക്കം 2024)

Leave a Reply

Your email address will not be published.