സ്വര്‍ണം വാങ്ങിക്കൂട്ടി റിസര്‍വ് ബാങ്ക്
- ഇന്ത്യയുടെമൊത്തം സ്വര്‍ണശേഖരം 800 ടണ്‍ കടന്നു
- സ്വര്‍ണശേഖരത്തില്‍ ഇന്ത്യ ഒമ്പതാം സ്ഥാനത്ത്, ഒന്നാമത് അമേരിക്ക
- വിദേശനാണ്യശേഖരം റെക്കോഡ് ഉയരത്തില്‍
റിസര്‍വ് ബാങ്ക് മുമ്പെങ്ങുമില്ലാത്തവിധം കൂടുതല്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതായി റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ജനുവരിയില്‍മാത്രം 8.7 ടണ്‍ സ്വര്‍ണമാണു റിസര്‍വ് ബാങ്ക് വാങ്ങിക്കൂട്ടിയത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സ്വര്‍ണംവാങ്ങലാണിത്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കനുസരിച്ച് 2024 ജനുവരിയില്‍ റിസര്‍വ് ബാങ്കിന്റെ കൈവശമുള്ളത് 812.3 ടണ്‍ സ്വര്‍ണമാണ്. 2023 ഡിസംബറില്‍ ഇതു 800.78 ടണ്ണായിരുന്നു. രാജ്യത്തിന്റെ വിദേശനാണ്യം വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായാണു സ്വര്‍ണശേഖരം വര്‍ധിപ്പിക്കുന്നതെന്നു സാമ്പത്തികവിദഗ്ധര്‍ പറയുന്നു. ഡോളറിന്റെ ചാഞ്ചാട്ടത്തിലും സ്വര്‍ണവിലയുടെ കുതിപ്പിലും രാജ്യത്തിന്റെ വിദേശനാണ്യശേഖരത്തിന്റെ ശക്തി കൂട്ടാന്‍ ഇതുപകരിക്കും.
ഇന്ത്യയുടെ വിദേശനാണ്യശേഖരത്തില്‍ 300 കോടി ഡോളറിന്റെ വര്‍ധനവുണ്ടായപ്പോള്‍ അതിന്റെ 80 ശതമാനത്തിലധികവും വന്നതു സ്വര്‍ണശേഖരം കാരണമാണ്. ഇക്കഴിഞ്ഞ ഏപ്രില്‍ അഞ്ചുവരെ രാജ്യത്തിന്റെ വിദേശനാണ്യശേഖരം 648.5 ബില്യണ്‍ ഡോളറോടെ റെക്കോഡ് ഉയരത്തിലാണ്. ഈ ജനുവരി-ഫെബ്രുവരി മാസങ്ങളിലായി റിസര്‍വ് ബാങ്ക് വിപണിയില്‍നിന്നു വാങ്ങിയതു 0.43 ദശലക്ഷം ട്രോയ് ഔണ്‍സ് സ്വര്‍ണമാണ്. അതായത്, ഏതാണ്ട് 13.3 ടണ്‍ സ്വര്‍ണം. 2017 ഡിസംബറില്‍ റിസര്‍വ് ബാങ്കിന്റെ സ്വര്‍ണശേഖരം 17.94 ദശലക്ഷം ട്രോയ് ഔണ്‍സായിരുന്നു. 2024 ഫെബ്രുവരിയില്‍ ഇതു 26.26 ദശലക്ഷം ട്രോയ് ഔണ്‍സായി വര്‍ധിച്ചിട്ടുണ്ട്.
റിസര്‍വ് ബാങ്ക് സ്വര്‍ണശേഖരണം നടത്തുന്നുണ്ടെന്നും ഇക്കാര്യം അപ്പപ്പോള്‍ രാജ്യത്തെ അറിയിക്കുന്നുണ്ടെന്നും ഏപ്രില്‍ അഞ്ചിനു പണനയസമിതിയോഗതീരുമാനത്തിനുശേഷം ഗവര്‍ണര്‍ ശക്തികാന്തദാസ് പറഞ്ഞിരുന്നു. സ്വര്‍ണശേഖരം വര്‍ധിപ്പിക്കുമ്പോഴൊക്കെ അതിന്റെ എല്ലാ വശങ്ങളും വിലയിരുത്തിയശേഷമാവും തീരുമാനമെടുക്കുക എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
2018 ലാണ് റിസര്‍വ് ബാങ്ക് സ്വര്‍ണം വാങ്ങിക്കൂട്ടാന്‍ തുടങ്ങിയത്. അതിനുമുമ്പു ആഗോള സാമ്പത്തികമാന്ദ്യകാലത്ത്, 2009 ല്‍, 200 ടണ്‍ സ്വര്‍ണം വാങ്ങിയിരുന്നു. റിസര്‍വ് ബാങ്കിന്റെ മാര്‍ഗം മറ്റു രാജ്യങ്ങളും പിന്തുടരുന്നുണ്ട്. തുര്‍ക്കി, ചൈന, കസാഖിസ്താന്‍ എന്നിവ ജനുവരിയില്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങിയിട്ടുണ്ട്. തുര്‍ക്കി 11.8 ടണ്ണും ചൈന 10 ടണ്ണും കസാഖിസ്താന്‍ 6.2 ടണ്ണും സ്വര്‍ണമാണു വാങ്ങിയത്. വിദേശകറന്‍സികളില്‍നിന്നുള്ള ഭീഷണി തടയാന്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിലധികമായി ലോകമെങ്ങുമുള്ള കേന്ദ്രബാങ്കുകള്‍ തങ്ങളുടെ വിദേശനാണ്യശേഖരത്തിലേക്കു സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ്.
കഴിഞ്ഞ ഒരു വര്‍ഷമായി സ്വര്‍ണവില മുകളിലേക്കാണ്. കഴിഞ്ഞാഴ്ച ഇതു 10 ഗ്രാമിനു 65,000 രൂപവരെയെത്തി. വിപണിയിലെ അനിശ്ചിതത്വവും പണപ്പെരുപ്പവും മിക്ക റിസര്‍വ് കറന്‍സികളും മാറ്റത്തിനു വിധേയമാവുന്നതും കാരണം സ്വര്‍ണശേഖരത്തിലൂടെ വൈവിധ്യവത്കരണത്തിനു ശ്രമിക്കുന്നതു ശരിയായ തന്ത്രമാണെന്നു സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. തീരുവയൊന്നുമില്ലാതെ സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ ബുധനാഴ്ച കേന്ദ്രസര്‍ക്കാര്‍ റിസര്‍വ് ബാങ്കിനു അനുമതി നല്‍കിക്കഴിഞ്ഞു. സാധാരണ, സ്വര്‍ണം ഇറക്കുമതിക്കു അഞ്ചു ശതമാനം കാര്‍ഷിക അടിസ്ഥാനസൗകര്യ വികസന സെസ്സടക്കം 15 ശതമാനം തീരുവ ചുമത്താറുണ്ട്. സ്വര്‍ണശേഖരത്തില്‍ ഒരു ഭാഗം മാത്രമേ റിസര്‍വ് ബാങ്ക് രാജ്യത്തു സൂക്ഷിക്കുന്നുള്ളു. ആകെയുള്ള 800.78 ടണ്‍ സ്വര്‍ണത്തില്‍ 388.06 ടണ്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും ബാങ്ക് ഓഫ് ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ്‌സിലും സൂക്ഷിച്ചിരിക്കുകയാണെന്നു വിദേശനാണ്യശേഖരം സംബന്ധിച്ച ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
അനിശ്ചിതത്വത്തിന്റെയും സാമ്പത്തിക-രാഷ്ട്രീയപ്രതിസന്ധി
വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കനുസരിച്ച് 2023 അവസാനത്തില്‍ സ്വര്‍ണശേഖരത്തില്‍ ഇന്ത്യ ഒമ്പതാം സ്ഥാനത്താണ്. ആഗോള സ്വര്‍ണവിപണിയില്‍ മേധാവിത്വം പുലര്‍ത്തുന്ന അമേരിക്കയാണു സ്വര്‍ണശേഖരത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്തു നില്‍ക്കുന്നത്. 8,133.46 ടണ്‍ സ്വര്‍ണമാണ് ഈ രാജ്യത്തിന്റെ കൈവശമുള്ളത്. സ്വര്‍ണവിപണിയില്‍ നിര്‍ണായകസ്വാധീനമുള്ള ജര്‍മനിയാണു 3,352.65 ടണ്ണോടെ രണ്ടാം സ്ഥാനത്തുള്ളത്. മൂന്നാംസ്ഥാനത്തുള്ള ഇറ്റലിക്കു 2,451.84 ടണ്‍ സ്വര്‍ണമുണ്ട്. ഫ്രാന്‍സ് ( 2,436.88 ടണ്‍ ), റഷ്യ ( 2,332.74 ടണ്‍ ), ചൈന ( 2,191.53 ടണ്‍ ), സ്വിറ്റ്‌സര്‍ലന്റ് ( 1,040 ടണ്‍ ), ജപ്പാന്‍ ( 845.97 ടണ്‍ ), ഇന്ത്യ ( 800.78 ടണ്‍ ), നെതര്‍ലന്റ്‌സ് ( 612.45 ടണ്‍ ) എന്നിങ്ങനെയാണു ആദ്യത്തെ പത്തു സ്ഥാനങ്ങളിലുള്ള മറ്റു രാജ്യങ്ങളിലെ സ്വര്‍ണശേഖരത്തിന്റെ കണക്ക്. ഇതിനടുത്ത പത്തു സ്ഥാനങ്ങളില്‍ ഇനി പറയുന്ന രാജ്യങ്ങളാണ്: തുര്‍ക്കി ( 540.19 ടണ്‍ ), തായ്‌വാന്‍ ( 423.63 ടണ്‍ ), പോര്‍ച്ചുഗല്‍ ( 382.63 ടണ്‍ ), ഉസ്ബക്കിസ്താന്‍ ( 371.37 ടണ്‍ ), പോളണ്ട് ( 358.69 ടണ്‍ ), സൗദി അറേബ്യ ( 323.07 ടണ്‍ ), യു.കെ ( 310.29 ടണ്‍ ), കസാഖിസ്താന്‍ ( 294.24 ടണ്‍ ), ലെബനോണ്‍ ( 286.83 ടണ്‍ ), സ്‌പെയിന്‍ ( 281.58 ടണ്‍ ).