ബാങ്ക് വായ്പയ്ക്ക് ഈടാക്കുന്ന എല്ലാ ഫീസുകളും വെളിപ്പെടുത്തിയുള്ള കണക്ക് ഉപഭോക്താവിന് നല്‍കണമെന്ന് ഉത്തരവ്

moonamvazhi

ബാങ്ക് വായ്പയുടെ എല്ലാവിവരങ്ങളും ഇടപാടുകാരനെ അറിയിച്ച് അനുമതി വാങ്ങണമെന്ന് ഉത്തരവിറിക്കി റിസര്‍വ് ബാങ്ക്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വായ്പകള്‍ക്കായി ഈടാക്കുന്ന വിവിധ ഫീസുകളും ചാര്‍ജുകളും ഉള്‍പ്പെടെയുള്ള ചെലവുകള്‍ ഉപഭോക്താക്കാളെ കൃത്യമായി അറിയിക്കണമെന്ന് റിസര്‍വ് ബാങ്കിന്റെ ഉത്തരവില്‍ പറയുന്നു. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിന് കീഴില്‍ വരുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ ഒന്നുമുതല്‍ ഇത് ബാധകമാകും.

വായ്പയുടെ അതിന് ഈടാക്കുന്ന പലിശയും മാത്രമാണ് പലപ്പോഴും ഇടപാടുകാരെ അറിയിക്കാറുള്ളത്. വിവിധതരം ഫീസുകള്‍, ലീഗല്‍ ചാര്‍ജ് അടക്കമുള്ളവ ഇതൊന്നും കൃത്യമായി അറിയാറില്ല. എന്നാല്‍, ഇതടക്കം ചേര്‍ത്താണ് വായ്പയുടെ തിരിച്ചടവ് കണക്കാക്കാറുള്ളത്. ഇത് പാടില്ലെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിക്കുന്നത്. ധനകാര്യ സ്ഥാപനങ്ങള്‍ വായ്പ പാസാക്കുന്നതിന് മുമ്പ് വായ്പയുടെ ചെലവുകള്‍ കൃത്യമായി കാണിക്കുന്ന ‘കീ ഫാക്ട് സ്റ്റേറ്റ്‌മെന്റ്’ (കെ.എഫ്.എസ്.) വായ്പ എടുക്കുന്നവര്‍ക്ക് കൈമാറണം.

വായ്പ നല്‍കുന്നന്നതിന് ഇടപാടുകാരുമായി കരാര്‍ ഒപ്പുവെക്കും മുമ്പുതന്നെ കീ ഫാക്ട് സ്റ്റേറ്റ്‌മെന്റ് അവരെ ബോധ്യപ്പെടുത്തിയിരിക്കണം. പലിശയും വിവിധ ഫീസുകളും ഇന്‍ഷുറന്‍സ്, ലീഗല്‍ ചാര്‍ജുകള്‍ ഉള്‍പ്പടെ, എത്ര രൂപ തിരിച്ചടവ് വരുമെന്ന് കൃത്യമായി മനസിലാക്കാന്‍ കടമെടുക്കുന്നവരെ സഹായിക്കുന്നതാണ് ഈ രേഖ. വായ്പ എടുക്കുന്നവര്‍ ഇത് അംഗീകരിച്ചാല്‍ മാത്രമേ പാസാക്കി നല്‍കാവൂ. വായ്പയുടെ എല്ലാ ചെലവുകളുടെയും വിവരങ്ങള്‍ കെ.എഫ്.എസ്സില്‍ ഉള്‍പ്പെടും. സാധാരണക്കാര്‍ക്ക് മനസിലാകുന്ന ഭാഷയിലാകണം ഇത് തയ്യാറാക്കേണ്ടത്.

വായ്പാകാലയളവില്‍ കെ.എഫ്.എസ്സില്‍ ഉള്‍പ്പെടാത്ത ഫീസോ ചാര്‍ജോ ഈടാക്കണമെങ്കില്‍ ഉപഭോക്താവിന്റെ അനുമതി വാങ്ങണം. പിന്നീട് ബാങ്കുകള്‍ക്ക് ഏകപക്ഷീയമായി ഇതില്‍ മാറ്റം വരുത്താനാകില്ല. അത് ഗുരുതരമായ പിഴവായി റിസര്‍വ് ബാങ്ക് കണക്കാക്കും. വായ്പകളുടെ ചെലവില്‍ സുതാര്യത വരുത്താനുള്ള നടപടിയാണിതെന്നാണ് ആര്‍.ബി.ഐ. വിശദീകരിക്കുന്നത്. മാത്രവുമല്ല, വിവിധതരം സാമ്പത്തിക സേവന കമ്പനികള്‍ ഇടപാടുകാര്‍ക്ക് നല്‍കുന്ന വിവരങ്ങള്‍ക്ക് ഏകീകൃത സ്വഭാവം ഉണ്ടാക്കുകയും റിസര്‍വ് ബാങ്കിന്റെ ലക്ഷ്യമാണ്.