സംഘാംഗങ്ങള്‍ക്കും ഇടപാടുകാര്‍ക്കും ബോധവത്കരണ ക്ലാസുമായി കണ്ണൂര്‍ ഐ.സി.എം.
കണ്ണൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് ( ഐ.സി.എം) സഹകരണസംഘങ്ങളെ അംഗകേന്ദ്രീകൃത സ്ഥാപനങ്ങളാക്കി മാറ്റിയെടുക്കുന്നതിനു സൗജന്യമായി ബോധവത്കരണപരിപാടി നടത്തുന്നു. സംഘങ്ങളിലെ അംഗങ്ങള്‍ക്കും ഇടപാടുകാര്‍ക്കുമാണ് ഈ ബോധവത്കരണപരിപാടി നടത്തുന്നത്.
കേരള സഹകരണനിയമപ്രകാരം നിക്ഷേപങ്ങള്‍ക്കു നല്‍കുന്ന പരിരക്ഷ, സംഘങ്ങളുടെ സുതാര്യത ഉറപ്പാക്കുന്ന സഹകരണവകുപ്പിന്റെ മേല്‍നോട്ടം, പങ്കാളിത്ത വിഭവസമാഹരണവും വിനിയോഗവും, പ്രാദേശികവികസനവും സംഘങ്ങളുടെ സാധ്യതകളും, അംഗങ്ങള്‍ സഹകരണസ്ഥാപനങ്ങളിലെ ബിസിനസ്സില്‍ പങ്ക് ചേരുന്നതിനുള്ള പ്രചോദനം എന്നീ വിഷയങ്ങളാണു ബോധവത്കരണപരിപാടിയില്‍ ഉള്‍പ്പെടുക. സംഘങ്ങളുടെ വാര്‍ഷിക ജനറല്‍ബോഡി യോഗം, കസ്റ്റമര്‍ മീറ്റ്, ശാഖകളുടെ ഉദ്ഘാടനം എന്നിവ നടക്കുമ്പോഴോ അംഗങ്ങളുടെയും ഉപഭോക്താക്കളുടെയും പങ്കാളിത്തമുള്ള മറ്റേതെങ്കിലും പരിപാടി നടത്തുമ്പോഴോ ബോധവത്കരണക്ലാസുകള്‍ സംഘടിപ്പിക്കാവുന്നതാണ്. പരിപാടി നടത്താനുള്ള ഹാള്‍, മൈക്ക് എന്നിവ സംഘങ്ങള്‍ ഒരുക്കണം. പഠിതാക്കള്‍ക്കുള്ള പേനയും പുസ്തകവും കണ്ണൂര്‍ ഐ.സി.എം. നല്‍കും. ക്ലാസ് നയിക്കേണ്ട അധ്യാപകരെ ഐ.സി.എം. നിയോഗിക്കുമെന്നു ഡയറക്ടര്‍ ഡോ. എ.കെ. സക്കീര്‍ ഹുസൈന്‍ അറിയിച്ചു. താല്‍പ്പര്യമുള്ള സഹകരണസംഘങ്ങള്‍ക്കും ബാങ്കുകള്‍ക്കും ഫാക്കല്‍ട്ടിഅംഗം സി.വി. വിനോദ്കുമാറുമായി ബന്ധപ്പെടാം. ഫോണ്‍: 9446029110.