സഹകരണ പെന്‍ഷന്‍ പരിഷ്‌കരണ സമിതിയുടെ കാലാവധി നീട്ടി സര്‍ക്കാര്‍

moonamvazhi

സഹകരണ പെന്‍ഷന്‍ പരിഷ്‌കരണ സമിതിയുടെ കാലാവധി നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. സഹകരണ പെന്‍ഷന്‍ പദ്ധതി കാലോചിതമായി പരിഷ്‌കരിക്കുന്നതിനും പുനക്രമീകരിക്കുന്നതിനുമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിച്ചിരുന്നു. റിട്ട. ജില്ലാ ജഡ്ജി അധ്യക്ഷനായുള്ളതാണ് സമിതി. 2023 ജൂണ്‍ 27നാണ് ഈ സമിതിക്ക് രൂപം നല്‍കിയത്. ആറുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദ്ദേശം.

എന്നാല്‍, റിപ്പോര്‍ട്ട് നല്‍കുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനാല്‍ 2023 ജനുവരിയില്‍ മൂന്നുമാസത്തേക്ക് കൂടി സമിതിയുടെ കാലാവധി സര്‍ക്കാര്‍ നീട്ടി നല്‍കി. മാര്‍ച്ച് 26ന് ഈ സമയപരിധിയും തീര്‍ന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ സമിതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള സാങ്കേതിക പ്രശ്‌നം ചൂണ്ടിക്കാട്ടി ബോര്‍ഡ് സെക്രട്ടറി സര്‍ക്കാരിന് കത്ത് നല്‍കി. മാര്‍ച്ച് 21നായിരുന്നു കത്ത് നല്‍കിയത്. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം അവസാനിക്കുന്നതിവരെ സമിതിയുടെ കാലാവധി നീട്ടിനല്‍കി സര്‍ക്കാര്‍ ഉത്തരവിറിക്കിയത്.