കര്‍ഷകനെ രക്ഷിക്കാന്‍ പാല്‍വില കൂട്ടിയിട്ടും പ്രതീക്ഷയറ്റ് ക്ഷീര കര്‍ഷകര്‍

moonamvazhi

പാല്‍ വില വര്‍ദ്ധിപ്പിച്ചിട്ടും പ്രതിസന്ധിയില്‍ നിന്ന് കരകയറാനാവാത്ത അവസ്ഥയിലാണ് ക്ഷീര കര്‍ഷകര്‍. മൂന്ന് വര്‍ഷത്തിന് ശേഷമുള്ള വിലവര്‍ദ്ധനവിന്റെ പ്രയോജനം ലഭിക്കാത്ത തരത്തില്‍ കാലിത്തീറ്റ വില അടിക്കടി ഉയരുന്നതും പാലിന് അടിസ്ഥാന വില പോലും കിട്ടാത്ത തരത്തിലുള്ള ക്ഷീര സംഘങ്ങളുടെ വില നിര്‍ണയ ചാര്‍ട്ടുമാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നത്. ഒരു ലിറ്റര്‍ പാലിന് ഉത്പാദന ചെലവില്‍ 8.57 രൂപയാണ് കര്‍ഷകന് ഉണ്ടാകുന്ന നഷ്ടമെന്ന് മില്‍മയുടെ വിദഗ്ദ്ധ സമിതി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പാല്‍ വില വര്‍ദ്ധന.

ശരാശരി 11 ലിറ്റര്‍ പാല്‍ കിട്ടുന്ന കര്‍ഷകരെ അടിസ്ഥാനമാക്കിയാണ് സമിതി പഠനം നടത്തിയത്. സമഗ്ര പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ മതിയായ സമയം സമിതിക്ക് കിട്ടിയിട്ടില്ലെന്ന് ആക്ഷേപമുണ്ട്. നവംബര്‍ 13 നാണ് റിപ്പോര്‍ട്ട് നല്‍കിയത്. നവംബര്‍ ഒന്നിനുണ്ടായ കാലിത്തീറ്റ വില വര്‍ദ്ധനവ് അന്തിമ റിപ്പോര്‍ട്ടിന് പരിഗണിച്ചില്ലെന്നും പരാതിയുണ്ട്. സ്വകാര്യ കമ്പിനികളുടെ 50 കിലോ കാലിത്തീറ്റയുടെ വില നാല് മാസത്തിനിടയില്‍ 1455 രൂപയില്‍ നിന്നും 1530 ആയി. പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്‌സിന്റെ കാലിത്തീറ്റയുടെ വില 140 രൂപ വര്‍ദ്ധിച്ച് 1440 ആയി. കന്നുകുട്ടി പരിപാലന പദ്ധതിയിലൂടെ പഞ്ചായത്തുകള്‍ കിടാരികള്‍ക്കുള്ള കാലിത്തീറ്റയ്ക്ക് ക്ഷീര സംഘങ്ങള്‍ വഴി സബ്‌സിഡി നല്‍കുന്നുണ്ട്.

പൊതുമേഖലാ സ്ഥാപനങ്ങള്‍ 60 കിലോയുടെ കിടാരി തീറ്റയ്ക്ക് 240 വര്‍ദ്ധിപ്പിച്ചതോടെ ക്ഷീര സംഘങ്ങളും പ്രതിസന്ധിയിലാണ്. കാലിത്തീറ്റയ്ക്ക് പുറമേ പരുത്തി പിണ്ണാക്കിന് 120 രൂപയും (വില 2000), തവിടിന് 50 രൂപയും (1300) വര്‍ദ്ധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന വിലവര്‍ദ്ധനവ് കര്‍ഷകന് ലഭിക്കാത്ത തരത്തിലുള്ള ക്ഷീര സംഘങ്ങളുടെ വിലനിര്‍ണയ ചാര്‍ട്ട് പരിഷ്‌കരിക്കണമെന്ന ആവശ്യവും ശക്തമാണ്.

പാലിലെ കൊഴുപ്പും (ഫാറ്റ്) പോഷകങ്ങളും (എസ്.എന്‍.എഫ്.) യന്ത്ര സഹായത്തോടെ കണ്ടെത്തിയാണ് പാല്‍ വില നിര്‍ണയിക്കുന്നത്. 9.7 ഫാറ്റും 10.4 എസ്.എന്‍.എഫും ഉള്ള പാലിന് മാത്രമേ ഇപ്പോഴത്തെ ഉയര്‍ന്ന വിലയായ 58.60 രൂപ കിട്ടു. അടിസ്ഥാന വിലയായ 37.21 രൂപ കിട്ടണമെങ്കില്‍ 4.8 7.2 എന്ന നിരക്കില്‍ കൊഴുപ്പും പോഷകവും വേണം.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!