moonamvazhi

– വി.എന്‍. പ്രസന്നന്‍

എറണാകുളം ജില്ലാ പോലീസ്‌വായ്പാ സംഘത്തില്‍
തുടക്കത്തില്‍ 598 അംഗങ്ങള്‍. 60,000 രൂപ ഓഹരി മൂലധനം.
ഇപ്പോള്‍ 6820 അംഗങ്ങള്‍. ഓഹരി മൂലധനം 2.85 കോടി രൂപ.
കേരള സഹകരണ വകുപ്പിന്റേതടക്കം നേടിയത് ഒട്ടേറെ
അവാര്‍ഡുകള്‍.

എംപ്ലോയീസ് സഹകരണ സംഘം വിഭാഗത്തില്‍ സംസ്ഥാനത്തു രണ്ടാം സ്ഥാനത്തിനുള്ള കേരള സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണു 30 വര്‍ഷം കൊണ്ടു 380 കോടി രൂപയുടെ നിക്ഷേപത്തിലേക്കുയര്‍ന്ന എറണാകുളം ജില്ലാ പോലീസ് വായ്പാ സഹകരണ സംഘം. എറണാകുളം ജില്ലാ സഹകരണ ബാങ്കിന്റെ മികച്ച എംപ്ലോയീസ് സഹകരണ സംഘത്തിനുള്ള പുരസ്‌കാരം നാലു തവണയും ഫാക്ട് എംപ്ലോയീസ് സഹകരണ സംഘത്തിന്റെ മികച്ച സഹകരണ സംഘത്തിനുള്ള ഇന്ദുചൂഡന്‍ പുരസ്‌കാരം രണ്ടു തവണയും ബി.പി.സി.എലിന്റെ മികച്ച ഗ്യാസ് ഏജന്‍സിക്കുള്ള പുരസ്‌കാരം ഒരു തവണയും നേടിയ ചരിത്രമുള്ള ഈ സംഘം കരസ്ഥമാക്കുന്ന ഏറ്റവും പുതിയ അംഗീകാരമാണിത്. സഹകരണ രംഗത്ത് ആധുനിക സാങ്കേതിക വിദ്യയെ ഏറെ പ്രയോജനപ്പെടുത്തുന്ന സംഘം സഹകരണ സംഘങ്ങള്‍ക്കു ന്യൂജനറേഷന്‍ ബാങ്കുകളുടെയത്ര പുതുതലമുറയെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ലെന്ന വെല്ലുവിളി നേരിടാന്‍ സാങ്കേതികവിദ്യയുടെ കൂടുതല്‍ ഉയരങ്ങളിലേക്കുള്ള പാതയിലാണ്.

കേരളത്തില്‍ പോലീസുകാര്‍ക്കു സംഘടിക്കാനും സംഘടനയുണ്ടാക്കാനും മറ്റു മേഖലകളിലെക്കാള്‍ കൂടുതല്‍ പ്രതിബന്ധങ്ങളുണ്ടായിട്ടുണ്ട്. പോലീസ് സേനയുടെ അച്ചടക്കത്തെ ബാധിക്കും എന്ന ആശങ്കയായിരുന്നു കാരണം. ഇതേ പ്രതിബന്ധങ്ങള്‍ പോലീസുകാരുടെ സഹകരണ സംഘം രൂപവത്കരണത്തിനും നേരിടേണ്ടിവന്നു. 1979 ല്‍, കേരള പോലീസ് അസോസിയേഷന്റെ ആദ്യ സംസ്ഥാന സമ്മേളനത്തിലെ ഒരു ആവശ്യമായിരുന്നു പോലീസുകാര്‍ക്കു സ്വന്തം സഹകരണ സംഘം വേണം എന്നത്. വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പോലീസുകാര്‍ക്കു വായ്പ നല്‍കാന്‍ അന്നു ദേശസാത്കൃത ബാങ്കുകള്‍ പോലും മടിച്ചിരുന്നു. പോലീസുകാരുടെ ശമ്പള സര്‍ട്ടിഫിക്കറ്റ് ജാമ്യമായി സ്വീകരിക്കാന്‍ വിമുഖതയുള്ള കാലം. ഇതിനു പരിഹാരമായാണ് എറണാകുളം ജില്ലാ പോലീസ് വായ്പാ സംഘം രൂപവത്കരിച്ചത്.

അപേക്ഷ നേരിട്ടു നല്‍കി

1988 മാര്‍ച്ച് 29 നു എറണാകുളം ഏ.ആര്‍ ക്യാമ്പിലെ മെസ്സ് ഹാളില്‍ കൊച്ചി സിറ്റി, എറണാകുളം റൂറല്‍ ജില്ലകളില്‍നിന്നായി 77 പോലീസുകാര്‍ യോഗം ചേര്‍ന്നാണു സംഘം രൂപവത്കരിക്കാന്‍ തീരുമാനിച്ചത്. അസോസിയേഷന്‍ സ്ഥാപക ജനറല്‍ സെക്രട്ടറിയും പോലീസ് സംഘടനാചരിത്രകാരനുമായ അന്തരിച്ച കെ.ജെ. ജോര്‍ജ് ഫ്രാന്‍സിസിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. എന്‍.ബി. ലെനിന്‍ ചീഫ് പ്രൊമോട്ടറായി പ്രൊമോട്ടിംഗ് കമ്മറ്റിയെ തിരഞ്ഞെടുത്തു. സംഘം രൂപവത്കരിക്കാന്‍ അപേക്ഷ സമര്‍പ്പിച്ചു. പക്ഷേ, അതു സേനയുടെ തലപ്പത്തുനിന്നു സഹകരണ വകുപ്പിനു കൈമാറിയില്ല. രണ്ടു വര്‍ഷം കാത്തിട്ടും ഫലമില്ലാതെ 1990 ജൂണ്‍ 15 നു വീണ്ടും ജോര്‍ജ് ഫ്രാന്‍സിസിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് എന്‍.ബി. ലെനിന്‍ ചീഫ് പ്രൊമോട്ടറായി മറ്റൊരു പ്രൊമോട്ടിങ് കമ്മറ്റിയെ തിരഞ്ഞെടുത്തു. ഇത്തവണ അപേക്ഷ നേരിട്ട് എറണാകുളം ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ക്കു സമര്‍പ്പിച്ചു. എന്‍.ബി. ലെനിനും കമ്മറ്റിയംഗം പി.സി. കുഞ്ഞുകുഞ്ഞും സംസ്ഥാന സഹകരണ സംഘം രജിസ്ട്രാറെക്കണ്ട് നിവേദനം നല്‍കി അച്ചടക്കലംഘന ഭീതി അടിസ്ഥാനരഹിതമാണെന്നു ബോധ്യപ്പെടുത്തി. പോലീസ് ഭവന സഹകരണ സംഘം നിലവിലുള്ള കാര്യവും ചൂണ്ടിക്കാട്ടി. അങ്ങനെ 1990 നവംബര്‍ 24നു സംഘം രൂപവത്കരിക്കാന്‍ അനുവാദം ലഭിച്ചു. പ്രാഥമിക നിക്ഷേപമായി 25,000 രൂപ സംഘടിപ്പിക്കാന്‍ ഓരോ പോലീസ് ഉദ്യോഗസ്ഥരില്‍നിന്നും 100 രൂപ വീതം സമാഹരിക്കാന്‍ നടത്തിയ ശ്രമം വലിയ വിജയമായി. 598 പേരില്‍ നിന്നായി 59,900 രൂപ സമാഹരിക്കാനായി. 1991 മാര്‍ച്ച് 12 നു സംഘം രജിസ്റ്റര്‍ ചെയ്തു.

1991 ഏപ്രില്‍ 24ന് എറണാകുളം ഏ.ആര്‍. ക്യാമ്പില്‍ പ്രൊമോട്ടിംഗ്കമ്മറ്റിയംഗം എ.കെ. മുഹമ്മദാലിയുടെ അധ്യക്ഷതയില്‍ ആദ്യപൊതുയോഗം ചേര്‍ന്നു 598 പേരുടെ അംഗത്വം അംഗീകരിച്ചു. 30 നു പ്രൊമോട്ടിംഗ് കമ്മറ്റി വീണ്ടും കൂടി പ്രസിഡന്റായി എന്‍.ബി. ലെനിനെയും വൈസ് പ്രസിഡന്റായി പി.സി. കുഞ്ഞുകുഞ്ഞിനെയും താത്കാലിക സെക്രട്ടറിയായി എം.എം. മോഹനനെയും തിരഞ്ഞെടുത്തു. എറണാകുളത്തു സെന്‍ട്രല്‍ പോലീസ് ക്വാര്‍ട്ടേഴ്‌സിലെ കൊച്ചിന്‍ പോലീസ് ലൈബ്രറിയുടെ ഒരു മുറിയില്‍ സംഘം പ്രവര്‍ത്തനമാരംഭിച്ചു. പിന്നീട് ക്വാര്‍ട്ടേഴ്‌സ് കോംപ്ലക്‌സിലെ ഒരു ക്വാര്‍ട്ടേഴ്‌സിലേക്കു പ്രവര്‍ത്തനം മാറ്റി. ഭരണസമിതി തിരഞ്ഞെടുപ്പില്‍ എന്‍.ബി. ലെനിന്റെ പാനലിനു ഭൂരിപക്ഷം. കിട്ടി. അദ്ദേഹം പ്രസിഡന്റായി. തുടര്‍ന്നു സംഘം ജില്ലാ സഹകരണ ബാങ്ക് അംഗത്വം നേടി. നിക്ഷേപം സ്വീകരിക്കാന്‍ സൗകര്യമില്ലാതിരുന്നതിനാല്‍ ജില്ലാ ബാങ്കില്‍നിന്നുള്ള വായ്പയായിരുന്നു അംഗങ്ങള്‍ക്കു വായ്പ നല്‍കാന്‍ ആധാരം. 10,000 രൂപയുടെ സാധാരണ വായ്പയും 500 രൂപയുടെ അടിയന്തര വായ്പയുമാണ് അനുവദിച്ചിരുന്നത്. സംസ്ഥാന പോലീസ് മേധാവിയായി വിരമിച്ച ലോക്‌നാഥ് ബെഹ്‌റ അന്നു സിറ്റി പോലീസ് കമ്മീഷണറായിരുന്നു. 1991 നവംബര്‍ രണ്ടിന് അദ്ദേഹം വായ്പാ വിതരണം ഉദ്ഘാടനം ചെയ്തു.

ആലുവ ശാഖ

എറണാകുളം റൂറല്‍ ജില്ലയിലെ അംഗങ്ങള്‍ക്ക് എറണാകുളം നഗരത്തില്‍ എത്തിവേണമായിരുന്നു ഇടപാടുകള്‍ നടത്താന്‍. അതു പരിഹരിക്കാന്‍ 1995 മെയ് 17ന് ആലുവ പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ കളക്ഷന്‍ സെന്റര്‍ തുടങ്ങി. പിന്നീടിത് ശാഖാ ഓഫീസായി. സിറിയന്‍ ചര്‍ച്ച് റോഡിലെ വാടകക്കെട്ടിടത്തിലേക്കു ഓഫീസ് മാറ്റുകയും ചെയ്തു. 2010 ഫെബ്രുവരി 20ന് 47,42,650 രൂപയ്ക്ക് ആലുവ സ്വകാര്യബസ് സ്റ്റാന്റിനടുത്ത് 8.623 സെന്റ് സ്ഥലം വാങ്ങി. ഇവിടെ മൂന്നുനില ശാഖാകെട്ടിടത്തിനു 2016 ഡിസംബര്‍ 14 നു ലോക്‌നാഥ് ബെഹ്‌റ തറക്കല്ലിട്ടു. കെട്ടിടനിര്‍മാണച്ചുമതല ഏല്‍പിച്ചത് ഒരു സഹകരണ സംഘത്തെയാണ്; തൃശ്ശൂര്‍ ജില്ലാ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തെ. അവര്‍ 2018 ജനുവരി 26 നു നിര്‍മാണം ആരംഭിച്ച് 2019 ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കി. താഴത്തെ നിലയില്‍ പോലീസ് നീതി ലാബ്, സ്‌റ്റോര്‍ മുറികള്‍, ടോയ്‌ലറ്റുകള്‍, പാര്‍ക്കിങ് ഏരിയ എന്നിവയും പൂര്‍ണമായി ശീതീകരിച്ച ഒന്നാംനിലയില്‍ ആധുനിക ബാങ്കിങ് ഹാള്‍, സട്രോംഗ്‌റൂം, സേഫ് ഡെപ്പോസിറ്റ് ലോക്കര്‍, സമ്മേളനഹാള്‍, ഡൈനിംഗ്ഹാള്‍ എന്നിവയും രണ്ടാം നിലയില്‍ പൂര്‍ണമായി ശീതീകരിച്ചതും പ്രോജക്ടര്‍ സംവിധാനത്തോടുകൂടിയതുമായ ഓഡിറ്റോറിയവുമാണുള്ളത്. ലിഫ്റ്റ്, ജനറേറ്റര്‍, ഇന്‍സിനിറേറ്റര്‍ തുടങ്ങിയവയുമുണ്ട്. ഇവിടെ ‘നമ്മുടെ പോലീസ് നീതി ലാബ് ‘ 2020 ഡിസംബര്‍ 30 ന് ഇപ്പോഴത്തെ വ്യവസായമന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. എല്ലാ ആധുനികോപകരണങ്ങളും വിദഗ്ധരായ ടെക്‌നീഷ്യന്‍മാരുമുള്ള ഇവിടെ പരിശോധനകള്‍ക്കു കുറഞ്ഞ നിരക്കാണ് ഈടാക്കുന്നതെന്നു സംഘം അറിയിച്ചു.

പാചകവാതക ഏജന്‍സി

അന്നൊക്കെ പാചകവാതക കണക്ഷനു വര്‍ഷങ്ങള്‍ കാത്തിരിക്കണമായിരുന്നു. അപ്പോള്‍ സ്വന്തം ഗ്യാസ് ഏജന്‍സി തുടങ്ങാന്‍ ആലോചനയായി. അങ്ങനെ ആലുവ – പെരുമ്പാവൂര്‍ സ്വകാര്യ ബസ്‌റൂട്ടില്‍ സഹായപ്പടിക്കടുത്തു 19.5 സെന്റ് വാങ്ങി ഗോഡൗണ്‍ പണിത് ഭാരത് പെട്രോളിയത്തിന്റെ സ്‌പെഷ്യല്‍ ഏജന്‍സി തുടങ്ങി. അതിന്റെ ഉദ്ഘാടനം 1999 ഡിസംബര്‍ 14ന് അന്നത്തെ ഡി.ജി.പി. ബി.എസ്. ശാസ്ത്രി നിര്‍വഹിച്ചു. ഗോഡൗണിനോടു ചേര്‍ന്നു പണിത കെട്ടിടത്തില്‍ ഗ്യാസ് ഏജന്‍സി ഷോറൂം 2019 ആഗസ്ത് 23 നു അന്നത്തെ എറണാകുളം ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് ഉദ്ഘാടനം ചെയ്തു. മാസത്തില്‍ ഒരു തവണ എറണാകുളം ജില്ലയിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും വണ്ടിയില്‍ കൊണ്ടുപോയി പാചകവാതകം വിതരണം ചെയ്യും. ഏജന്‍സി സ്ഥിതിചെയ്യുന്ന സഹായപ്പടിയുടെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തെ പൊതുജനങ്ങള്‍ക്കും സംഘം പാചകവാതകം വിതരണം ചെയ്യുന്നുണ്ട്. രണ്ടു ഡെലിവറി ജീവനക്കാരും ഒരു ഡ്രൈവറും ഒരു ഓഫീസ് സ്റ്റാഫുമാണ് ഏജന്‍സിക്കുള്ളത്. ഇവര്‍ താത്കാലിക ജീവനക്കാരാണ്.

പി.ജി. വേണുഗോപാല്‍ പ്രസിഡന്റും കെ.കെ. മുഹമ്മദ് വൈസ് പ്രസിഡന്റുമായിരിക്കെ സംഘത്തിനു സ്വന്തം ആസ്ഥാനം പണിയാന്‍ ശ്രമമാരംഭിച്ചു. കലൂര്‍ ഷേണായി റോഡില്‍ 1999 ല്‍ 10.656 സെന്റ് സ്ഥലം വാങ്ങി മൂന്നുനിലക്കെട്ടിടം പണിതു. 2002 ജനുവരി 28ന് അന്നത്തെ സഹകരണമന്ത്രി എം.വി. രാഘവന്‍ ഉദ്ഘാടനം ചെയ്തു. പിന്നീട് നാലാം നിലയില്‍ ഒരു ഓഡിറ്റോറിയം കൂടി നിര്‍മിച്ചു. 2012 ഫെബ്രുവരി ഒമ്പതിന് അന്നത്തെ എറണാകുളം റേഞ്ച് ഡി.ഐ.ജി. കെ.പത്മകുമാര്‍ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു. ആസ്ഥാനമന്ദിരത്തിന്റെ താഴത്തെ നിലയില്‍ 2020 ജൂലായ് 14നു സംഘത്തിന്റെ രണ്ടാമത്തെ ‘നമ്മുടെ പോലീസ് നീതി ലാബ്’ തുടങ്ങി.

സൗജന്യ ചികിത്സ

2015ല്‍ സംഘം രജതജൂബിലി ആഘോഷിച്ചു. ഏപ്രില്‍ 27ന് എറണാകുളം ഇ.എം.എസ്. സ്മാരക ടൗണ്‍ഹാളില്‍ മുന്‍മന്ത്രി എസ്. ശര്‍മ ആഘോഷം ഉദ്ഘാടനം ചെയ്തു. ജൂബിലിവര്‍ഷം ഒരു സൗജന്യ ചികിത്സാപദ്ധതി സംഘം ആരംഭിച്ചു. സംഘാംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും 20,000 രൂപ മുതല്‍ രണ്ടു ലക്ഷം രൂപ വരെയുള്ള ചികിത്സാച്ചെലവാണു പദ്ധതിയിലൂടെ നല്‍കുന്നത്. അപകടം, ഹൃദയം, വൃക്ക, ന്യൂറോ സംബന്ധമായ അസുഖങ്ങള്‍, അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ തുടങ്ങിയവയുടെ ചികിത്സയ്ക്കായി ഒരു ലക്ഷം രൂപയില്‍ കൂടുതലായി വരുന്ന ചികിത്സച്ചെലവു മുന്‍കൂറായി സംഘം ആശുപത്രിയില്‍ നല്‍കി ചികിത്സ ഉറപ്പാക്കുന്നുണ്ട്. 2015 നവംബര്‍ ഒന്നിനു നിലവില്‍ വന്ന പദ്ധതിയില്‍ 2021 ജൂലായ് 31 വരെ 8,31,39,815 രൂപ ചികിത്സാസഹായമായി നല്‍കിയിട്ടുണ്ട്.

സൗജന്യ ചികിത്സാപദ്ധതിക്കു പുറമേ സൗജന്യ അപകട ഇന്‍ഷുറന്‍സ് പദ്ധതിയും സംഘം നടപ്പാക്കി. അംഗങ്ങളില്‍നിന്ന് തുകയൊന്നും ഈടാക്കാതെയാണിത്. അംഗത്തിന് അപകടമരണം സംഭവിച്ചാല്‍ കുടുംബത്തിനു 10 ലക്ഷം രൂപ ലഭിക്കും. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയേണ്ടിവരുന്ന ഓരോ ആഴ്ചയും 5000 രൂപ വീതം ലഭിക്കും. ചികിത്സാദൈര്‍ഘ്യമനുസരിച്ച് പരമാവധി അഞ്ചു ലക്ഷം രൂപ വരെ ലഭിക്കും. അപകടത്തില്‍ ഏതെങ്കിലും അവയവത്തിനു പൂര്‍ണ അംഗഭംഗം വന്നാല്‍ അഞ്ചു ലക്ഷം രൂപ സഹായം ലഭിക്കും. 2018 മുതല്‍ ഉപാധികളോടെ സി ക്ലാസ് അംഗങ്ങളെയും ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ക്കുന്നുണ്ട്. സംഘാംഗം മരിച്ചാല്‍ അദ്ദേഹം തിരിച്ചടക്കാനുള്ള വായ്പയില്‍നിന്നു 25 ലക്ഷം രൂപ വരെ എഴുതിത്തള്ളുന്നുണ്ട്.

2016 ആഗസ്ത് ആറിനു ജൂബിലിയാഘോഷം സമാപിച്ചു. സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. 2020 നവംബര്‍ ഒന്നിനു സംഘം തൃപ്പൂണിത്തുറ കിഴക്കേകോട്ടയില്‍ ‘നമ്മുടെ പോലീസ് നീതി മെഡിക്കല്‍സ്’ ആരംഭിച്ചു. എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയിലെ അംഗങ്ങള്‍ മൂവാറ്റുപുഴയില്‍ ഒരു ശാഖ വേണമെന്ന് ആവശ്യപ്പെട്ടു. ഇതു നിറവേറ്റാനായി 2019 ഡിസംബര്‍ 26 നു മൂവാറ്റുപുഴ അരമനപ്പടി ജംഗ്ഷനില്‍ 4,25,57,775 രൂപയ്ക്കു 29.72 സെന്റ് വാങ്ങി. അവിടത്തെ കെട്ടിടത്തിലാണു മൂവാറ്റുപുഴ ശാഖാ ഓഫീസ്. 2020 ഫെബ്രുവരി എട്ടിന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് അത് ഉദ്ഘാടനം ചെയ്തു.

മൊബൈല്‍ ആപ്

‘നമ്മുടെ പോലീസ് സംഘം’എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ സംഘം നടപ്പാക്കിയിട്ടുണ്ട്. ഇത് ഓരോ അംഗത്തിനും സ്വന്തം മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. ഇതിലൂടെ സംഘത്തിലുള്ള അവരവരുടെ എല്ലാ ഇടപാടുമറിയാം. അംഗത്തിന്റെ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിലുള്ള തുക ഇതിലൂടെ മറ്റൊരംഗത്തിന്റെ എസ്.ബി. അക്കൗണ്ടിലേക്കു മാറ്റിനല്‍കാം. തുക അവരവരുടെതന്നെ വായ്പ തിരിച്ചടവിലേക്കോ ചിട്ടികളിലേക്കോ മാറ്റുകയുമാവാം. വൈദ്യുതി നിരക്ക്, വെള്ളക്കരം എന്നിവ അടയ്ക്കാനും ഫോണ്‍ റീച്ചാര്‍ജു ചെയ്യാനും ഇതില്‍ കഴിയും.

എല്ലാ അധ്യയന വര്‍ഷാരംഭത്തിലും രണ്ടു മാസം കലൂര്‍ ആസ്ഥാന മന്ദിരത്തിലും ആലുവ, മൂവാറ്റുപുഴ ശാഖാ മന്ദിരങ്ങളിലും സ്‌കൂള്‍ മാര്‍ക്കറ്റ് നടത്താറുണ്ട്. എല്ലാ അംഗങ്ങള്‍ക്കും അധ്യയന വര്‍ഷാരംഭം 20,000 രൂപ വരെ പലിശരഹിത വായ്പ നല്‍കുന്നു. ഉന്നത വിദ്യാഭ്യാസത്തിന് ഒന്നര ലക്ഷം രൂപ വരെ പലിശരഹിത വായ്പയുണ്ട്. കഴിഞ്ഞ വര്‍ഷം എസ്.എസ്.എല്‍.സിക്കും ഹയര്‍ സെക്കന്‍ഡറിക്കുമായി 170ല്‍പ്പരം വിദ്യാര്‍ഥികള്‍ക്കു ക്യാഷ് അവാര്‍ഡ് നല്‍കി. സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ആലുവ ഗവണ്‍മെന്റ് എച്ച്.എ.സി. എല്‍.പി. സ്‌കൂള്‍ ഏറ്റെടുത്ത് സ്മാര്‍ട്ട് ക്ലാസ് റൂം ഒരുക്കുകയും കമ്പ്യൂട്ടറുകള്‍, ഓഡിറ്റോറിയം, മൈക്ക്‌സെറ്റ് എന്നിവ സജ്ജമാക്കുകയും ജൈവവൈവിധ്യ പാര്‍ക്ക് നിര്‍മിച്ചു നല്‍കുകയും ചെയ്തു.

പ്രളയപുനരധിവാസത്തിന്റെ ഭാഗമായി കേരള സര്‍ക്കാരിന്റെ കെയര്‍ഹോം പദ്ധതിയില്‍ സംഘം രണ്ടു വീടുകള്‍ നിര്‍മിച്ചു ഗൃഹോപകരണങ്ങള്‍ സഹിതം നല്‍കി. പ്രളയത്തെത്തുടര്‍ന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു 10 ലക്ഷം രൂപ സംഘം നല്‍കി. കോവിഡിന്റെ ഒന്നാം തരംഗം ആഞ്ഞടിച്ചപ്പോള്‍ 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു കൊടുത്തു. രണ്ടാം തരംഗകാലത്തു വാക്‌സിന്‍ ചലഞ്ചിലേക്കു 10 ലക്ഷം രൂപയും സംഭാവന ചെയ്തു.

25,000 രൂപ വരെ പലിശരഹിത എല്‍.ടി.സി വായ്പ, വന്ധ്യതാ നിവാരണ ചികിത്സയ്ക്ക് ഒരു ലക്ഷം രൂപ വരെ പലിശരഹിത വായ്പ, അഞ്ചു ശതമാനം പലിശയ്ക്കു കമ്പ്യൂട്ടര്‍ / ലാപ്‌ടോപ് വായ്പ, അഞ്ചു ശതമാനം പലിശയ്ക്ക് ഒരു ലക്ഷം രൂപവരെ സൗരോര്‍ജ വായ്പ, ഏഴു ശതമാനം പലിശയ്ക്ക് ഇലക്ട്രിക് വാഹന വായ്പ, ഒമ്പതു ശതമാനം പലിശയുള്ള വായ്പകളായ അടിയന്തര വായ്പ (ഒരു ലക്ഷം വരെ), വാഹനവായ്പ (10 ലക്ഷം വരെ), സ്വര്‍ണപ്പണയ വായ്പ (അഞ്ചു ലക്ഷം വരെ), സ്വര്‍ണംവാങ്ങല്‍ വായ്പ (അഞ്ചു ലക്ഷം വരെ), ഹയര്‍ പര്‍ച്ചേസ് വായ്പ (അഞ്ചു ലക്ഷം വരെ), സാധാരണ വായ്പ (25 ലക്ഷം വരെ) തുടങ്ങിയ വായ്പകളുണ്ട്. കോവിഡ് കാലത്ത് വായ്പാഅപേക്ഷകള്‍ നേരിട്ടല്ലാതെ ഓണ്‍ലൈനായി സ്വീകരിക്കുന്ന സംവിധാനവും ഏര്‍പ്പെടുത്തി. വായ്പ അംഗത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തുകൊടുക്കും. 90 ശതമാനം ഇടപാടുകളും ആര്‍.ടി.ജി.എസ്, എന്‍.ഇ.എഫ്.ടി. സംവിധാനം വഴിയാണ്.

സൗജന്യ ആര്‍.ടി.ജി.എസ്/എന്‍.ഇ.എഫ.്ടി സൗകര്യം, സേഫ് ഡെപ്പോസിറ്റ് ലോക്കര്‍, കുറഞ്ഞ നിരക്കില്‍ ഓഡിറ്റോറിയം, 50,000 രൂപ മുതല്‍ 10 ലക്ഷം രൂപ വരെയുള്ള എം.ഡി.എസ.് ചിട്ടികള്‍, സ്ഥിരനിക്ഷേപത്തിനു സമാനമായ പലിശനിരക്കില്‍ റെക്കറിംഗ് നിക്ഷേപം തുടങ്ങിയവയാണു മറ്റുസേവനങ്ങള്‍.

സംഘം രൂപവത്കരിച്ച 1991 മുതല്‍ 1997 വരെ എന്‍.ബി. ലെനിനായിരുന്നു പ്രസിഡന്റ്. 1997 മുതല്‍ 2002 വരെ പി.ജി. വേണുഗോപാലും 2002 മുതല്‍ 2007 വരെ എം.എം. മോഹനനും 2007 മുതല്‍ 2012 വരെ വി.ആര്‍. വിജയകുമാറും 2012 മുതല്‍ 2017 വരെ സി.ആര്‍. ബിജുവുമായിരുന്നു പ്രസിഡന്റുമാര്‍. 1992 വരെ എം.എം. മോഹനന്‍ ഓണററി സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് എം.കെ. രേണുകാ ചക്രവര്‍ത്തി സെക്രട്ടറിയായി. 2021 ജൂണില്‍ അവര്‍ വിരമിച്ചു.

2017 മുതല്‍ ഇ.കെ. അനില്‍കുമാറാണു പ്രസിഡന്റ്. എറണാകുളത്തു കേരള റെയില്‍വേ പോലീസ് സ്‌റ്റേഷനില്‍ സബ് ഇന്‍സ്‌പെക്ടറാണ് അദ്ദേഹം. വൈസ് പ്രസിഡന്റ് ബെന്നി കുര്യാക്കോസ് മൂവാറ്റുപുഴയില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടറാണ്. സി.ആര്‍. ബിജു, ജെ. ഷാജിമോന്‍, പി.ജി. അനില്‍കുമാര്‍, എന്‍.സി. രാജീവ്, റെജിമോള്‍ എസ്, പ്രമീളാ രാജന്‍, പ്രിയ. പി. കൃഷ്ണന്‍, എം.എം. ഉബൈസ്, എ.കെ. പ്രവീണ്‍കുമാര്‍, എം.എം. അജിത്കുമാര്‍, പി.ഡി. ബൈജു എന്നിവരാണു ഭരണസമിതിയിലെ മറ്റംഗങ്ങള്‍.

ആരംഭകാലം മുതല്‍ ഇന്നുവരെ സിറ്റിംഗ് ഫീസോ ഓണറേറിയമോ കൈപ്പറ്റാതെയാണു പ്രസിഡന്റുമാരും മറ്റു ഭരണസമിതിയംഗങ്ങളും സേവനം അനുഷ്ഠിച്ചിട്ടുള്ളത്. എ.എന്‍. കൗസല്യയാണു സെക്രട്ടറി. 21 ജീവനക്കാരുണ്ട്

302.8 കോടി രൂപ നിക്ഷേപം

സഹകരണ മേഖലയിലെ ഏറ്റവും ഉയര്‍ന്ന ഗ്രേഡ് ആയ ‘ക്ലാസ് 1 സൂപ്പര്‍ ഗ്രേഡ്’ സംഘത്തിനു ലഭിച്ചിട്ടുണ്ട്. 598 അംഗങ്ങളും 60,000 രൂപ ഓഹരിമൂലധനവുമായി തുടങ്ങിയ സംഘത്തില്‍ ഇപ്പോള്‍ 6820 അംഗങ്ങളും 2,85,60,000 രൂപയുടെ ഓഹരി മൂലധനവും 302,80,23,326 രൂപയുടെ നിക്ഷേപവും 289,32,07,254 രൂപയുടെ വായ്പയുമുണ്ട്. ഓഹരിയുടമകള്‍ക്കു 25 ശതമാനം ലാഭവിഹിതം നല്‍കിവരുന്നു. എറണാകുളം ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരും പോലീസ് വകുപ്പു ജീവനക്കാരുമാണ് ‘എ ക്ലാസ്’ അംഗങ്ങള്‍. വിരമിച്ച പോലീസ് ഉദ്യോഗസ്ഥരാണു ‘സി ക്ലാസ’് അംഗങ്ങളില്‍ പ്രധാനം. ഇവര്‍ക്കു പുറമെ ആര്‍ക്കു വേണമെങ്കിലും ‘സി ക്ലാസ’് അംഗത്വമെടുക്കാം. ‘സി ക്ലാസ’് അംഗങ്ങള്‍ക്കു വോട്ടവകാശമില്ല. കഴിഞ്ഞ സാമ്പത്തികവര്‍ഷം 2,44,11,502 കോടി രൂപയാണു സംഘത്തിന്റെ ലാഭം. അതിനുമുമ്പത്തെ വര്‍ഷം രണ്ടു കോടിയോളം രൂപയായിരുന്നു. കോവിഡിനെത്തുടര്‍ന്ന് ആറു മാസത്തോളം ചിട്ടികള്‍ ആരംഭിക്കാനാവതെ വന്നതും മൊറട്ടോറിയം മൂലം വായ്പകള്‍ തിരിച്ചടക്കാന്‍ വൈമുഖ്യമുണ്ടായതും മൂലം ഈ സാമ്പത്തിക വര്‍ഷം ലാഭം കുറഞ്ഞേക്കും.

വൈറ്റ് ലേബല്‍ കാര്‍ഡ്

സംഘത്തില്‍ നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശയും പൂര്‍ണ സുരക്ഷിതത്വവുമുണ്ടെന്നു പ്രസിഡന്റ് ഇ.കെ. അനില്‍കുമാര്‍ പറഞ്ഞു. തുടക്കം മുതല്‍ ഇതുവരെയുള്ള ഭരണസമിതികളുടെ നിസ്വാര്‍ഥവും സത്യസന്ധവുമായ പ്രവര്‍ത്തനമാണു സംഘത്തെ മികച്ചതാക്കിയത്. എല്ലാ അംഗങ്ങള്‍ക്കും സംഘത്തിന്റെ ‘വൈറ്റ് ലേബല്‍ കോ-ബ്രാന്റഡ’് എ.ടി.എം. കാര്‍ഡ് നല്‍കുക എന്നതാണു ഭാവി പരിപാടി. ആസ്ഥാന മന്ദിരത്തിനു മുന്നില്‍ സ്വന്തം എ.ടി.എം. സ്ഥാപിക്കുകയും ചെയ്യും. അംഗങ്ങളുടെ സംഘത്തിലെ എസ്.ബി. അക്കൗണ്ടിലെ തുക സംഘത്തിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഈ എ.ടി.എം. കാര്‍ഡില്‍ ലോഡു ചെയ്യാം. ആ കാര്‍ഡ് ദേശസാത്കൃത ബാങ്കുകളുടെയും മറ്റും എ.ടി.എം. കാര്‍ഡ് പോലെത്തന്നെ വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാനും സാധനങ്ങള്‍ വാങ്ങാനുമൊക്കെ എവിടെയും ഉപയോഗിക്കാം. ‘ഇവയര്‍’ (EWIRE) എന്ന കമ്പനിയാണ് ഈ സേവനം നല്‍കുന്നത്. പുതുതലമുറയെ സഹകരണ സംഘത്തിലേക്ക് ആകര്‍ഷിക്കുകയാണു ലക്ഷ്യം. തങ്ങള്‍ നില്‍ക്കുന്നിടത്തു പണമെത്തുക എന്നതാണു പുതുതലമുറയ്ക്കു പ്രധാനം. സംഘത്തില്‍ വന്നു പണമെടുക്കാതെതന്നെ പണത്തിന്റെ ആവശ്യം നിറവേറ്റാന്‍ ഈ സംവിധാനത്തിനു കഴിയും. കാര്‍ഡിനാവശ്യമായ അനുമതികള്‍ ലഭിച്ചു. സെപ്റ്റംബറോടെ എ.ടി.എം. കാര്‍ഡിന്റെയും എ.ടി.എം. മെഷീന്റെയും ഉദ്ഘാടനം ഒരുമിച്ചുനടത്താനാണു ശ്രമമെന്ന് അനില്‍കുമാര്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!