തൊട്ടതെല്ലാം പൊന്നാക്കിയ ഇന്ത്യന്‍ എഡിസന്‍

- അജിത്

ഗോപാല്‍സ്വാമി ദൊരൈസ്വാമി നായിഡു എന്ന ജി.ഡി.
നായിഡു. കണ്ടുപിടിത്തക്കാരന്‍, എന്‍ജിനിയര്‍, വ്യവസായി
എന്നീ നിലകളില്‍ പ്രശസ്തനായ ജി.ഡി. നായിഡു കണ്ടുപിടിത്തങ്ങളുടെ
പേരില്‍ ഇന്ത്യന്‍ എഡിസന്‍ എന്നറിയപ്പെട്ടു. 81-ാം വയസ്സില്‍
കഥാവശേഷനായ അദ്ദേഹത്തിന്റെ ജീവിതകഥ രണ്ടു ലക്കങ്ങളിലായി
വായിക്കാം.

 

1890 കളില്‍ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിനടുത്തുള്ള കളങ്കല്‍ ഗ്രാമത്തില്‍ അധ്യാപകര്‍ക്കു പേടിസ്വപ്നമായി തലതെറിച്ച ഒരു കുട്ടിയുണ്ടായിരുന്നു. കര്‍ഷകനായ ഗോപാല്‍ സ്വാമിയുടെ അരുമസന്താനമായ ദൊരൈസ്വാമിയായിരുന്നു ആ തലതെറിച്ച പയ്യന്‍. അധ്യാപകരെ എവിടെക്കണ്ടാലും അവന്‍ കല്ലെടുത്തെറിയും, പറ്റിയാല്‍ തലയില്‍ മണ്ണു വാരിയിടും. പിതാവ് അവനെ പല പല സ്‌കൂളുകളില്‍ മാറിമാറി ചേര്‍ത്തുനോക്കി. വേപ്പ് മരത്തില്‍ കെട്ടിയിട്ട് വടി ഒടിയുംവരെ അടിച്ചു. ഒരു രക്ഷയുമില്ല. അങ്ങനെ മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്റെ സ്ലേറ്റും പുസ്തകവും തോട്ടിലെറിഞ്ഞ് സ്‌കൂള്‍പഠനം എന്നെന്നേക്കുമായി അവസാനിപ്പിച്ച് ദൊരൈസ്വാമി വീട്ടിലേയ്ക്കു തിരികെയെത്തി.

പിതാവ് അവനെ വീട്ടില്‍ കയറ്റിയില്ല. ഈ തലതെറിച്ച ബാലനെ നന്നാക്കാന്‍ പറ്റുമോ എന്നു പരീക്ഷിക്കാന്‍ അവസാന കയ്യെന്ന നിലയില്‍ അമ്മാവന്‍ അവനെ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. ആ സ്ഥലം ദൊരൈസ്വാമിക്കങ്ങ് ഇഷ്ടപ്പെട്ടു. ധാരാളം കൃഷിസ്ഥലങ്ങളുള്ള അമ്മാവന്റെ തോട്ടത്തിലെ കാവല്‍ക്കാരനായി കാവല്‍പ്പുരയില്‍ അവന്‍ കൂടി. അവിടെ അവനു സമപ്രായക്കാരായ ധാരാളം കൂട്ടുകാരെ കിട്ടി. സ്്കൂളില്‍ പോവില്ല എന്ന കാര്യത്തിലൊഴികെ മറ്റെല്ലാറ്റിലും വളരെ മര്യാദക്കാരന്‍.

അമ്മാവന്റെ തോട്ടത്തിലെ അല്ലറചില്ലറ പണി കഴിഞ്ഞാല്‍ ഗ്രാമത്തിലെ ഇരുമ്പാശാരിമാരുടെ ആലകളില്‍ പോയിരിക്കും. അവര്‍ ചെയ്യുന്ന പണികളെല്ലാം കണ്ടുപഠിക്കും. ഉലയൂതാന്‍ സഹായിക്കും. അവര്‍ അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ സ്വന്തമായി പണി തുടങ്ങും. സ്‌ക്രൂ ഡ്രൈവര്‍, സ്പാനര്‍, പ്ലയര്‍ പോലുള്ള ടൂളുകള്‍ സ്വന്തമായി ഉണ്ടാക്കിയെടുക്കും. അന്നത്തെ കാലത്ത് ഇവയൊന്നും നാട്ടിന്‍പുറത്തെ കടകളില്‍ ലഭിക്കുമായിരുന്നില്ല. കിട്ടിയാല്‍ത്തന്നെ വാങ്ങാന്‍ കാശുണ്ടാവില്ല.

മോട്ടോര്‍
സൈക്കിള്‍

തോട്ടത്തിലെ മരത്തിന്റെ ഗേറ്റ് തുറക്കുമ്പോള്‍ ആ ശക്തികൊണ്ട് ഒരു ബക്കറ്റ് വെള്ളം തേകിയൊഴിക്കുന്ന ഒരു സൂത്രം ദൊരൈസ്വാമി ഉണ്ടാക്കി വച്ചു. കുട്ടികളെല്ലാം ഈ സംഭവം കാണാന്‍ ദിവസവും വരാന്‍ തുടങ്ങിയതോടെ വെള്ളം തേകല്‍ ഫ്രീയായി നടന്നുതുടങ്ങി. അങ്ങനെ നാട്ടില്‍ ചുറ്റിനടക്കുന്നതിനിടെ ഒരു സായിപ്പ് കുടു, കുടു ശബ്ദത്തോടെ, ചവിട്ടാതെ ഓടുന്ന ഒരു സൈക്കിളുമായി നാട്ടുപാതയിലൂടെ വരുന്നതു ദൊരൈസ്വാമിയുടെ ശ്രദ്ധയാകര്‍ഷിച്ചു. ദൊരൈസ്വാമിയെ കണ്ട സായിപ്പ് വണ്ടി നിറുത്തി. അല്‍പ്പം മണ്ണെണ്ണ കിട്ടുമോ എന്നായി സായിപ്പ്. വണ്ടിയുടെ പെട്രോള്‍ തീരാറായി. മണ്ണെണ്ണ കിട്ടിയാല്‍ പെട്രോള്‍പമ്പ് വരെ ഓടിക്കാമെന്നായി സായിപ്പ്.

ദൊരൈസ്വാമി മണ്ണെണ്ണ സംഘടിപ്പിച്ചുകൊടുത്തു. സായിപ്പ് പോയി. അതോടെ, ആ ബാലന്റെ ഉറക്കം നഷ്ടപ്പെട്ടു. എങ്ങനെയാണു ചവിട്ടാതെ ഈ സൈക്കിള്‍ ഓടുന്നത് ? വിളക്ക് കത്തിക്കാനുള്ള മണ്ണെണ്ണ ഒഴിച്ചാല്‍ ഇതെങ്ങനെ ഓടും? – അതായി അവന്റെ ചിന്ത. പിറ്റേന്നു രാവിലെ ആരോടും പറയാതെ ദൊരൈസ്വാമി അമ്മാവന്റെ തോട്ടത്തില്‍നിന്നിറങ്ങി. സായിപ്പ് പോയ വഴിയേ ചോദിച്ചുചോദിച്ച് അങ്ങനെ പോയി. ആകെ നടന്നുവലഞ്ഞ് വൈകുന്നേരത്തോടെ സായിപ്പിനെ കണ്ടെത്തി..

25 കിലോമീറ്ററോളം നടന്നു ദൊരൈസ്വാമി എത്തിയതു കോയമ്പത്തൂര്‍ നഗരത്തിലായിരുന്നു. അവിടെ താലൂക്ക് ഓഫീസിലെ തഹസീല്‍ദാര്‍ പോലുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു ആ സായിപ്പ്. അദ്ദേഹം ഓഫീസില്‍ നിന്ന് ഇറങ്ങുന്നതുവരെ കാത്തിരുന്ന ദൊരൈസ്വാമി ചോദിച്ചു: സര്‍, ഈ വണ്ടിക്ക് എന്തു വില വരും?. ചിരിച്ചുകൊണ്ട് സായിപ്പ് പറഞ്ഞു: 300 രൂപ തന്നാല്‍ ഈ വണ്ടി നിനക്കു തരാം.

പിന്നെ ദൊരൈസ്വാമി വീട്ടിലേക്കു തിരിച്ചുപോയില്ല. ടൗണിലെ ഒരു ഹോട്ടലില്‍ സപ്ലയറായി ജോലിക്കു കയറി. മാസം മൂന്നു രൂപയായിരുന്നു ശമ്പളം. ഭക്ഷണം, താമസം ഫ്രീ. ഈ ശമ്പളത്തില്‍ ജോലി ചെയ്താല്‍ തന്റെ സ്വപ്നം അടുത്ത കാലത്തൊന്നും യാഥാര്‍ഥ്യമാവാന്‍ പോവുന്നില്ല എന്ന് ആ കുട്ടിക്കു മനസിലായി.

1917 ലൊന്നും കോയമ്പത്തൂര്‍ ഇന്നത്തെപ്പോലെ വലിയ വ്യവസായനഗരമായി മാറിയിട്ടില്ല. പഞ്ഞിയില്‍ നിന്നു പരുത്തിനൂല്‍ ഉണ്ടാക്കുന്ന ഏതാനും ചെറുകിട കമ്പനികളാണ് അന്നത്തെ പ്രധാന വ്യവസായശാലകള്‍. ദൊരൈസ്വാമി ഹോട്ടലില്‍ വരുന്ന പരുത്തിക്കച്ചവടക്കാരെ പരിചയപ്പെട്ട് ഇടവേളകളില്‍ അവരുടെ സഹായിയായി കൂടി. അങ്ങനെ മൂന്നു വര്‍ഷം കൊണ്ട് 300 രൂപ സമ്പാദിച്ച് സായിപ്പിന്റെ വീട്ടിലേക്കു ചെന്നു. ഭാഗ്യവശാല്‍ സായിപ്പ് ജോലി നിറുത്തി ഇംഗ്ലണ്ടിലേക്കു പോകാന്‍ തീരുമാനിച്ച സമയമായിരുന്നു അത്. 300 രൂപയ്ക്ക് അങ്ങനെ ദൊരൈസ്വാമി ആ മോട്ടോര്‍സൈക്കിള്‍ സ്വന്തമാക്കി.

മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം സ്വന്തം ഗ്രാമത്തിലേക്കു ദൊരൈസ്വാമി സ്വന്തം മോട്ടോര്‍സൈക്കിള്‍ ഓടിച്ച് പോയി. വലിയ പണക്കാര്‍ക്കുപോലും ഒരു മോട്ടോര്‍സൈക്കിള്‍ സ്വപ്നമായിരുന്ന അക്കാലത്തു ദൊരൈസ്വാമി തന്റെ ഗ്രാമത്തിലെ ശ്രദ്ധാകേന്ദ്രമായി മാറി. വീട്ടിലെത്തിയ ആ യുവാവ് ആ മോട്ടോര്‍ സൈക്കിള്‍ അഴിച്ച് പീസ് പീസാക്കി. അന്നത്തെ മോട്ടോര്‍സൈക്കിളുകള്‍ക്കു ഡിസൈനില്‍ പല പോരായ്മകളുമുണ്ടായിരുന്നു. വലിയ ശബ്ദമുണ്ടാക്കും എന്നതായിരുന്നു പ്രധാന പോരായ്മ. ഇതുകേട്ട് കന്നുകാലികള്‍ കയറ് പൊട്ടിച്ചോടും. നായകള്‍ പുറകേ കൂടും. പോരാത്തതിനു നീണ്ട സവാരി പറ്റില്ല. എഞ്ചിന്‍ വളരെയധികം ചൂടാകും.

പരുത്തി
കച്ചവടം

ഒരാഴ്ചകൊണ്ട് ദൊരൈസ്വാമി തന്റെ മോട്ടോര്‍സൈക്കിളിന്റെ പോരായ്മകള്‍ പരിഹരിച്ചു. സയലന്‍സറില്‍ മാറ്റം വരുത്തി ശബ്ദം കുറച്ചു. പ്രത്യേകം ഓയില്‍ടാങ്ക് നിര്‍മിച്ച് എഞ്ചിന്‍ സ്മൂത്താക്കി. അതോടെ, ശബ്ദശല്യവും എഞ്ചിന്‍ ചൂടാകലും ഒഴിവായി. ഇതു കേട്ടറിഞ്ഞ് മോട്ടോര്‍ സൈക്കിളുകളുള്ളവര്‍ വിദൂരങ്ങളില്‍നിന്നുപോലും ദൊരൈസ്വാമിയെ തേടിയെത്താന്‍ തുടങ്ങി. ഇതോടെ, അവനു ഒരു വരുമാനമാര്‍ഗ്ഗമായി. കൂടാതെ, സ്വന്തം വണ്ടിയില്‍ ഉള്‍നാടുകളില്‍ പോയി പരുത്തി ശേഖരിച്ച് കോയമ്പത്തൂരില്‍ എത്തിച്ച് വില്‍ക്കാനും തുടങ്ങി. അല്‍പ്പനാളുകള്‍ക്കുള്ളില്‍ ദൊരൈസ്വാമിയുടെ പരുത്തിക്കച്ചവടം നന്നായി മെച്ചപ്പെട്ടു. അവന്‍ നന്നായി സമ്പാദിക്കാന്‍ തുടങ്ങി.

കാശുള്ളവരെ ഊറ്റാന്‍ ചിലര്‍ക്കു പ്രത്യേക മിടുക്കാണല്ലോ? പരുത്തിനൂല്‍ കോയമ്പത്തൂരില്‍നിന്നു വാങ്ങി ബോംബെയില്‍ എത്തിച്ചുവിറ്റാല്‍ ഇരട്ടി ലാഭം ലഭിക്കുമെന്ന് അടുത്തുകൂടിയ തല്‍പ്പരകക്ഷികള്‍ ദൊരൈസ്വാമിയെ ഉപദേശിച്ചു. ഐഡിയ കൊള്ളാമെന്നു ദൊരൈസ്വാമിക്കും തോന്നി. അതുവരെ സമ്പാദിച്ച ഏതാണ്ട് ഒരു ലക്ഷം രൂപ മുടക്കി വന്‍തോതില്‍ പരുത്തിനൂല്‍ സംഭരിച്ച് ട്രെയിനില്‍ കയറ്റി ബോംബെയ്ക്കു വിട്ടു.
കണക്കോ ഇംഗ്ലീഷോ ഹിന്ദിയോ വശമില്ലാത്ത ദൊരൈസ്വാമിയെ ബോംബെയിലെ ഇടനിലക്കാര്‍ ഭംഗിയായി പറ്റിച്ചു. നൂലെല്ലാം വിറ്റുപോയി. പക്ഷേ, അഞ്ചു പൈസ കിട്ടിയില്ല. പരാതി കൊടുക്കാന്‍ ഭാഷപോലും നിശ്ചയമില്ലാതിരുന്ന ദൊരൈസ്വാമി എങ്ങനെയൊക്കെയോ കോയമ്പത്തൂരില്‍ തിരിച്ചെത്തി.

1918 ലാണ് ഈ സംഭവങ്ങള്‍ നടക്കുന്നത്. മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീയായ പോലെ ഒന്നുമില്ലായ്മയില്‍നിന്നു നല്ല വരുമാനം ലഭിച്ചിരുന്ന ബിസിനസ് ചെയ്തിരുന്ന ദൊരൈസ്വാമി വെറും ദരിദ്രനായി മാറി. പഴയ പണിയായ ഹോട്ടല്‍ സപ്ലയറുടെ തൊഴില്‍ വീണ്ടും ചെയ്യാന്‍ അദ്ദേഹത്തിനു ഒരു മടിയുമുണ്ടായില്ല. ഷവര്‍ലേ ട്രക്കുകള്‍ അമേരിക്കയില്‍നിന്നു ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്ന റോബര്‍ട്ട് സ്റ്റെയിന്‍സ് എന്ന സായിപ്പിന്റെ വാഹനഷോറൂം ദൊരൈസ്വാമി ജോലി ചെയ്തിരുന്ന ഹോട്ടലിനു സമീപമായിരുന്നു. സായിപ്പിനു ഫില്‍റ്റര്‍ കോഫിയുമായി പതിവായി ആ ഷോറൂമിലേക്കു ചെല്ലുന്ന നിഷ്‌കളങ്കനായ ദൊരൈസ്വാമിയെ സായിപ്പിന്റെ ഭാര്യയ്ക്കു വല്ലാതെയങ്ങ് ഇഷ്ടമായി. അതോടെ ഹോട്ടലിലെ പണി വിട്ട് റോബര്‍ട്ട് സ്റ്റെയിന്‍സിന്റെ വീട്ടില്‍ തോട്ടക്കാരനായും കടയില്‍ പോകാനുള്ള സഹായിയായും ദൊരൈസ്വാമി കൂടി.

മാഡം സ്റ്റെയിന്‍സിനോടു സംസാരിച്ച് ഇംഗ്ലീഷ് പഠിച്ചെടുക്കുക എന്ന ഗൂഢലക്ഷ്യമാണ് അവരുടെ വീട്ടില്‍ ജോലിക്കു നില്‍ക്കാന്‍ ദൈാരൈക്കു പ്രചോദനമായത്. ഇടനേരങ്ങളില്‍ വാഹന ഷോറൂമിലും വര്‍ക്ക്‌ഷോപ്പിലും പോയിരുന്നു ഡ്രൈവിങ്ങും വണ്ടി റിപ്പയറിങ്ങുമെല്ലാം പഠിച്ചെടുത്തു.
സമ്പാദിക്കുന്ന ഓരോ ചില്ലിക്കാശും ദൊരൈ മാഡം സ്റ്റെയിന്‍സിനെ ഏല്‍പ്പിച്ചുപോന്നു. രണ്ടു വര്‍ഷം കൊണ്ട് ആ തുക നാലായിരം രൂപയായി.

 

ആദ്യത്തെ ബസ്
വാങ്ങുന്നു

ഒരു ബസ് വാങ്ങാന്‍ എത്ര രൂപ വേണ്ടിവരും ? ഒരു ദിവസം ദൊരൈസ്വാമി റോബര്‍ട്ട് സ്റ്റെയിന്‍സിനോടു ചോദിച്ചു. 8000 രൂപയുണ്ടെങ്കില്‍ ഒരു ബസ് പുറത്തിറക്കാം – അദ്ദേഹം മറുപടി നല്‍കി. എന്താ നിനക്കു ബസ് വേണോ? കയ്യില്‍ എത്രയുണ്ട് – അദ്ദേഹം ചോദിച്ചു. ഇതു കേട്ടുനിന്ന സ്റ്റെയിന്‍സിന്റെ ഭാര്യ ദൊരൈ തന്നെ സൂക്ഷിക്കാനേല്‍പ്പിച്ച തുക 4000 രൂപയോളമുണ്ടെന്നു അറിയിച്ചു. സ്റ്റെയിന്‍സ് അത്ഭുതപ്പെട്ടു. ‘ ശരി. നിനക്കു ഞാന്‍ ആ തുകയ്ക്ക് ഇപ്പോള്‍ ബസ് തരാം. ബാക്കി തുക പിന്നാലെ അടച്ചുതീര്‍ത്താല്‍ മതി. ‘ ബോഡി കെട്ടിയ പുത്തന്‍ ഷവര്‍ലേ ബസ് റോബര്‍ട്ട് സ്റ്റെയിന്‍സ് ഒരു മാസത്തിനുള്ളില്‍ ദൊരൈസ്വാമിക്കു കൈമാറി. 1920 ലായിരുന്നു ഈ വഴിത്തിരിവ്. അന്നു ദൊരൈക്കു 27 വയസ്.

ഡങട ( യുണൈറ്റഡ് മോട്ടോര്‍ സര്‍വീസസ് ) എന്നു പേരിട്ട ഈ ബസ് കയ്യിലെത്തിയതില്‍പ്പിന്നീട് നിരന്തരമായ അധ്വാനത്തിന്റെ ദിനങ്ങളായിരുന്നു. രാവും പകലുമില്ലാതെ ദൊരൈയുടെ ബസ് ഓടിത്തുടങ്ങി. പഴനി -പൊള്ളാച്ചി റൂട്ടിലായിരുന്നു ആദ്യ സര്‍വ്വീസ്. മറ്റു ബസ്സുകള്‍ ഓട്ടം നിറുത്തുന്ന രാത്രികളില്‍ കച്ചവടക്കാരുടെ സൗകര്യത്തിനായി നൈറ്റ് സര്‍വ്വീസ്ബസ് ഇന്ത്യയില്‍ ആദ്യമായി ദൊരൈസ്വാമി തുടങ്ങി.

ബസ് ഒരു യന്ത്രമാണ.് അതിനു വിശ്രമം ആവശ്യമില്ല. മനുഷ്യര്‍ക്കാണു വിശ്രമം വേണ്ടത് എന്നതായിരുന്നു ദൊരൈയുടെ പോളിസി. ദൊരൈ വിശ്രമിക്കുമ്പോള്‍ വേറെ ഡ്രൈവര്‍മാരെവച്ച് ബസ് ഓടിക്കൊണ്ടിരുന്നു. റിപ്പയറിങ് സ്വയം ചെയ്യുന്നതിനാല്‍ ആ ചെലവുമില്ല. ആദ്യബസ്സിന്റെ കടം ഒരു വര്‍ഷം കൊണ്ട് വീട്ടി. അഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ ബസ്സുകളുടെ എണ്ണം അമ്പതായി. 1944 ല്‍ ബസ് വ്യവസായത്തില്‍ നിന്നു അദ്ദേഹം പിന്‍വാങ്ങുമ്പോള്‍ ബസ്സുകളുടെ എണ്ണം 280 ആയിരുന്നു. അന്ന് ഇന്ത്യയില്‍ ഏറ്റവുമധികം ബസ്സുകളുള്ള മുതലാളി. തന്റെ ബസ്സുകളെല്ലാം ജീവനക്കാര്‍ക്കു കൈമാറുകയാണ് ആ മനുഷ്യസ്‌നേഹി ചെയ്തത്. ബസ്‌വ്യവസായം നിറുത്തുമ്പോള്‍ അദ്ദേഹത്തിന്റെ ബസ് സര്‍വ്വീസിലും വര്‍ക്ക് ഷോപ്പുകളിലുമായി 2800 ജീവനക്കാരുണ്ടായിരുന്നു.

പകരംബസ്സുകള്‍
വരുന്നു

 

ഓട്ടത്തിനിടയില്‍ കേടാകുന്ന ബസ്സുകള്‍ മൂലം യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കു പരിഹാരമായി പകരമോടിക്കാനായി സ്‌പെയര്‍ ബസ്സുകള്‍ ഇന്ത്യയിലാദ്യമായി ഏര്‍പ്പെടുത്തിയതു ദൊരൈസ്വാമിയാണ്. ബസ്സുകളുടെ എണ്ണം കൂടിയതോടെ അവ റിപ്പയര്‍ ചെയ്യുന്നതിനും ബോഡി വെക്കുന്നതിനുമെല്ലാമായി വലിയ വര്‍ക്ക്‌ഷോപ്പുകള്‍ ആരംഭിച്ചു. അതോടെ, അദ്ദേഹത്തിന്റെ ജീവിതത്തില്‍ കണ്ടുപിടിത്തങ്ങളുടെ യുഗം ആരംഭിച്ചു.

അമേരിക്കന്‍ എഞ്ചിനുകള്‍ ഇന്ത്യയിലെ ഉഷ്ണാവസ്ഥക്ക് അനുയോജ്യമായിരുന്നില്ല. ഓരോ 10-15 കിലോമീറ്റര്‍ ഓടുമ്പോഴും റേഡിയേറ്ററിലെ വെള്ളം തിളച്ചുതീരും. അതു നിറയ്ക്കാന്‍ വണ്ടി നിറുത്തേണ്ടിവരും. ഈ പ്രശ്‌നം പരിഹരിക്കാനായി ദൊരൈസ്വാമി തന്റെ ബസ്സുകളുടെ റേഡിയേറ്റര്‍ റീ ഡിസൈന്‍ ചെയ്തു. അതാണു ഇപ്പോള്‍ വണ്ടികളില്‍ കാണുന്നതരം റേഡിയേറ്റര്‍. ഇതുമൂലം എത്ര ഓടിയാലും എഞ്ചിന്‍ കൂളായിത്തന്നെ നില്‍ക്കും. ഇതോടെ, ആ റേഡിയേറ്ററിനു വളരെ ഡിമാന്റായി. റേഡിയേറ്റര്‍ നിര്‍മിക്കാനായി യൂണിവേഴ്‌സല്‍ റേഡിയേറ്റര്‍ ഫാക്ടറി എന്ന കമ്പനി കോയമ്പത്തൂരില്‍ തുടങ്ങി. തന്റെ കണ്ടുപിടിത്തമായ പുതിയ റേഡിയേറ്ററിനു പേറ്റന്റ് ഒന്നും ദൊരൈ എടുത്തില്ല. കേട്ടറിഞ്ഞ വാഹന നിര്‍മാതാക്കളെല്ലാം ലോകവ്യാപകമായി ഈ റേഡിയേറ്ററിനെ അനുകരിച്ച് അവ നിര്‍മിച്ചുതുടങ്ങി.

വാഹനങ്ങളുടെ എഞ്ചിന്‍ പണിയാനാവശ്യമായ പ്രിസിഷന്‍ ലേത്ത് മെഷീനുകള്‍ അന്നു വളരെ അപൂര്‍വ്വമായിരുന്നു. ഉള്ളവയില്‍ വലിയ ജോലിത്തിരക്കും. ഇതുമൂലം എഞ്ചിന്‍ പണിയാന്‍ കയറ്റുന്ന വാഹനങ്ങള്‍ രണ്ടുമൂന്നു മാസം ഓട്ടം നിറുത്തേണ്ടി വരും. ഒന്നോ രണ്ടോ ബസ്സുകള്‍ മാത്രമുള്ള ബഹുഭൂരിഭാഗം ചെറുകിട ഓപ്പറേറ്റര്‍മാരെയും ബസ്സില്ലാതാകുമ്പോള്‍ ആ റൂട്ടിലെ യാത്രക്കാരെയും ഇതു വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു.
ഈ പ്രതിസന്ധി നേരിട്ട ദൊരൈസ്വാമി തന്റെ വര്‍ക്ക്‌ഷോപ്പിലേക്കായി സ്വന്തമായി ഒരു ലേത്ത് മെഷീന്‍ നിര്‍മിച്ചു. അങ്ങനെ ഇന്ത്യന്‍ നിര്‍മിതമായ ആദ്യത്തെ ലേത്ത് മെഷീനും ദൊരൈസ്വാമിയുടെ കയ്യിലൂടെ പിറവികൊണ്ടു. ഇതിനും ആവശ്യക്കാര്‍ ഏറെയായിരുന്നു. അതുവരെ, വിദേശരാജ്യങ്ങളില്‍ പണിയെടുപ്പിച്ച് പരിപ്പെടുത്തു കണ്ടം ചെയ്യാറായ ലേത്ത് മെഷീനുകള്‍ തേച്ചുമിനുക്കി ഇന്ത്യയിലെത്തിച്ചതാണു നമ്മള്‍ ഉപയോഗിച്ചിരുന്നത്.

പിന്നീട് ദൊരൈസ്വാമിയുടെ കണ്ണു പതിഞ്ഞതു വാഹനങ്ങള്‍ തള്ളിവിടുന്ന കറുത്ത പുകയിലേക്കാണ്. ഡീസല്‍വണ്ടികളുടെ ഇഞ്ചക്റ്ററിന്റെ പോരായ്മ നിമിത്തമാണ് ഇന്ധനം പൂര്‍ണമായി കത്താതെ പുക വമിക്കുന്നത് എന്നു ദൊരൈസ്വാമിക്കു മനസ്സിലായി. അദ്ദേഹം ഡീസല്‍ ഇഞ്ചക്റ്റര്‍ തന്റെ ഡിസൈനില്‍ മാറ്റിനിര്‍മിച്ചു. പരീക്ഷണം വിജയമായി. ഇതോടെ വാഹനങ്ങളുടെ മൈലേജ് മെച്ചപ്പെട്ടു. മലിനീകരണത്തോതും കുറഞ്ഞു. ഈ ഉല്‍പ്പന്നത്തിനും ആവശ്യക്കാര്‍ വളരെയധികമായിരുന്നു. ഇതു നിര്‍മിക്കാനായി കോയമ്പത്തൂര്‍ ഡീസല്‍ പ്രൊഡക്റ്റ്‌സ് എന്ന പുതിയ കമ്പനി തുടങ്ങി. പേറ്റെന്റ് എടുക്കാതിരുന്നതിനാല്‍ ലോകവ്യാപകമായി ഇതും അനുകരിക്കപ്പെട്ടു. ( തുടരും )

 

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!