യൂണിയന്‍ബാങ്കില്‍ 1865 പേര്‍ക്ക്‌ അപ്രന്റീസ്‌ പരിശീലനാവസരം

Moonamvazhi
യൂണിയന്‍ ബാങ്ക്‌ ഓഫ്‌ ഇന്ത്യ 1865 പേര്‍ക്ക്‌ അപ്രന്റീസ്‌ പരിശീലനം നല്‍കും.ഇതിന്‌ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്‌. മെയ്‌ 19നകം അപേക്ഷിക്കണം. ഒന്നിലേറെ അപേക്ഷ അയക്കരുത്‌. അയച്ചാല്‍ ഒടുവിലയച്ചതുമാത്രമേ പരിഗണിക്കൂ. ഒരുവര്‍ഷത്തേക്കാണു പരിശീലനം. ഗ്രാമങ്ങളിലും അര്‍ധനഗരങ്ങളിലും മാസം 15000 രൂപയും നഗരങ്ങളില്‍ 18000 രൂപയും മെട്രോകളില്‍ 20000 രൂപയും സ്റ്റൈപ്പെന്റ്‌ കിട്ടും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്കു വിലയിരുത്തലിനുശേഷം സര്‍ടിഫിക്കറ്റ്‌ ലഭിക്കും. കേരളത്തില്‍ 39 അപ്രന്റീസുമാരെയാണ്‌ എടുക്കുന്നത്‌. ഓണ്‍ലൈന്‍ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്‌. ബിരുദധാരികള്‍ക്ക്‌ അപേക്ഷിക്കാം. 2026 ഏപ്രില്‍ ഒന്നികം ഫലം വന്നിരിക്കണം.
2022 ഏപ്രില്‍ ഒന്നിനുമുമ്പു ബിരുദം നേടിയവര്‍ അപേക്ഷിക്കരുത്‌. യൂണിയന്‍ ബാങ്കിലോ മറ്റേതെങ്കിലും സ്ഥാപനത്തിലോ നിലവില്‍ അപ്രന്റീസ്‌ പരിശീലനം നേടുന്നവരും മുമ്പ്‌ നേടിയവരും അപേക്ഷിക്കരുത്‌. ഒരുകൊല്ലത്തിലേറെ പ്രവൃത്തിപരിചയമുള്ളവരും അപേക്ഷിക്കരുത്‌. ഒരു പ്രത്യേകസംസ്ഥാനത്തേക്ക്‌ അപേക്ഷിക്കുന്നവര്‍ അവിടത്തെ ഒരു പ്രാദേശികഭാഷയെങ്കിലും അറിഞ്ഞിരിക്കണം. പരിശീലനത്തിനായി നിയോഗിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന അഞ്ചുജില്ലകള്‍ അപേക്ഷയില്‍ വ്യക്തമാക്കാം. എന്നാല്‍ ഇവിടങ്ങളില്‍തന്നെ കിട്ടിക്കൊള്ളണമെന്നില്ല. പ്രായപരിധി 20-28 വയസ്സ്‌. 2026 ഏപ്രില്‍ ഒന്ന്‌ അടിസ്ഥാനമാക്കിയാണു പ്രായം കണക്കാക്കുന്നത്‌. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക്‌ അഞ്ചും മറ്റുപിന്നാക്കസമുദായക്കാര്‍ക്കു മൂന്നും, പൊതുവിഭാഗത്തിലും ഇഡബ്ലിയുഎസ്‌ വിഭാഗത്തിലുംപെട്ട ഭിന്നശേഷിക്കാര്‍ക്കു പത്തും, ഒബിസിയില്‍പെട്ട ഭിന്നശേഷിക്കാര്‍ക്കു പതിമൂന്നും, പട്ടികജാതി-പട്ടികവര്‍ഗത്തില്‍പെട്ട ഭിന്നശേഷിക്കാര്‍ക്കു പതിനഞ്ചും വര്‍ഷം ഉയര്‍ന്നപ്രായപരിധിയില്‍ ഇളവു കിട്ടും. പുനര്‍വിവാഹം ചെയ്‌തിട്ടില്ലാത്ത വിധവകള്‍ക്കും വിവാഹമോചിതകള്‍ക്കും ഭര്‍ത്താവില്‍നിന്നു നിയമപരമായി വേര്‍പിരിഞ്ഞവര്‍ക്കും പൊതുവിഭാഗക്കാരാണെങ്കില്‍ മുപ്പത്തഞ്ചുവയസ്സുവരെ അപേക്ഷിക്കാം.
ഇങ്ങനെയുള്ള ഇഡബ്ലിയുഎസ്‌ വിഭാഗക്കാര്‍ക്കും മുപ്പത്തഞ്ചുവയസ്സുവരെ അപേക്ഷിക്കാം. ഇങ്ങനെയുള്ള മറ്റുപിന്നാക്കസമുദായക്കാര്‍ക്കു മുപ്പത്തെട്ടുവയസ്സുവരെയും പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കു നാല്‍പതു വയസ്സുവരെയും അപേക്ഷിക്കാം. ബാങ്കിന്റെ വെബ്‌സൈറ്റിലൂടെയും ബിഎഫ്‌എസ്‌ഐ സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യയുടെ വെബ്‌സൈറ്റിലൂടെയും അപേക്ഷിക്കാം. www.unionbankofindia.bank.in/recruitment.aspx എന്നതാണ്‌ അപേക്ഷിക്കാനുള്ള ലിങ്ക്‌ കിട്ടുന്ന ബാങ്കിന്റെ വെബ്‌സൈറ്റ്‌. https://beep.bfsissc.com/candidate_register/mkt എന്നതാണ്‌ അപേക്ഷിക്കാനുള്ള ലിങ്ക്‌ കിട്ടുന്ന ബിഎഫ്‌ഐഎസ്‌എസ്‌സിയുടെ വെബ്‌സൈറ്റ്‌. അപേക്ഷയുടെ ഹാര്‍ഡ്‌കോപ്പികള്‍ അയക്കരുത്‌. എല്ലാ അപേക്ഷകരും https://beep.bfsissc.com/candidate_login ക്ലിക്ക്‌ ചെയ്‌താണ്‌ വിവരങ്ങള്‍ നല്‍കേണ്ടതും രേഖകള്‍ അപ്‌ ലോഡ്‌ ചെയ്യേണ്ടതും പരീക്ഷാഫീസ്‌ അടക്കേണ്ടതും. പൊതുവിഭാഗത്തിലും ഒബിസിയിലും പെട്ട പുരുഷന്‍മാര്‍ 600രൂപ ഫീസും 200 രൂപ അറിയിപ്പുകൂലിയമടക്കം 800രൂപയും നല്‍കണം.

പതിനെട്ടുശതമാനം ജിഎസ്‌ടിയുമുണ്ട്‌. ഇതടക്കം 944 രൂപയാണ്‌ അടക്കേണ്ടത്‌. ഈ വിഭാഗങ്ങളില്‍പെട്ട സ്‌ത്രീകള്‍ക്ക്‌ 400 രൂപ ഫീസും 200 രൂപ അറിയിപ്പുകൂലിയും പതിനെട്ടുശതമാനം ജിഎസ്‌ടിയും അടക്കം 708 രൂപയാണ്‌ അടക്കേണ്ടത്‌. പട്ടികജാതി-പട്ടികവര്‍ഗത്തില്‍പെട്ടവരും ഭിന്നശേഷിക്കാരും ട്രാന്‍സ്‌ജന്ററുകളും 200 രൂപ അറിയിപ്പുകൂലിയും പതിനെട്ടുശതമാനം ജിഎസ്‌ടിയും അടക്കം 236 രൂപ അടച്ചാല്‍ മതി. നാറ്റ്‌സ്‌ പോര്‍ടലില്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടില്ലാത്തവര്‍ രജിസ്‌റ്റര്‍ ചെയ്‌തശേഷം വേണം അപേക്ഷിക്കാന്‍. https://nats.education.gov.in/student_type.php യില്‍ ഇതു ചെയ്യാവുന്നതാണ്‌. അപ്പോള്‍ കിട്ടുന്ന നാറ്റ്‌സ്‌ എന്‍റോള്‍മെന്റ്‌ കോഡ്‌ അപേക്ഷ പൂരിപ്പിക്കാന്‍ ആവശ്യമാണ്‌. നാപ്‌സ്‌ പോര്‍ടലില്‍ https:www.apprenticeshipindia.gov.in ലും രജിസ്‌റ്റര്‍ ചെയ്യേണ്ടതുണ്ട്‌. നാറ്റ്‌സ്‌ പോര്‍ടലില്‍നിന്നു കിട്ടുന്ന അപ്രന്റീസ്‌ രജിസ്‌ട്രേഷന്‍ കോഡും എന്‍റോള്‍മെന്റ്‌ ഐഡിയും സൂക്ഷിച്ചുവെക്കണം. ഭാവിയില്‍ ആവശ്യം വരും. കൂടുതല്വിവരങ്ങള്‍ www.unionbankofindia.co.in ലും https://bfaiaac.com ലും ലഭിക്കും.

Moonamvazhi

Authorize Writer

Moonamvazhi has 1098 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!