കപ്പല്‍ ശാലയ്ക്കു സഹകരണ ശോഭയേകി ഉപഭോക്തൃ സംഘം

- വി.എന്‍. പ്രസന്നന്‍

1972 ല്‍ സ്ഥാപിച്ച കൊച്ചി കപ്പല്‍നിര്‍മാണ ശാലയ്ക്കു
10 വയസ്സായപ്പോള്‍ 25 അംഗങ്ങളുമായി തുടങ്ങിയ
കൊച്ചിന്‍ ഷിപ്‌യാര്‍ഡ് എംപ്ലോയീസ് കണ്‍സ്യൂമര്‍
കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ ഇന്നു കപ്പല്‍ശാലയിലെ
സ്ഥിരംജീവനക്കാരായ ആയിരത്തി എഴുനൂറോളം
പേര്‍ അംഗങ്ങളാണ്. മികച്ച പ്രവര്‍ത്തനം നടത്തുന്ന
ഈ സംഘം പ്രതിവര്‍ഷം 50 കോടി രൂപയ്ക്കുമേല്‍
വിറ്റുവരവുണ്ടാക്കുന്നു. ഒരു കോടിയില്‍പ്പരം
രൂപയാണു ലാഭം.

 

ഇന്ത്യയിലെ മിനിരത്‌ന ഒന്നാം കാറ്റഗറി കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ കൊച്ചി കപ്പല്‍ശാല സുവര്‍ണജൂബിലി നിറവിലാണ്. ലോകത്തെ ഏറ്റവും മികച്ച കപ്പല്‍ നിര്‍മാണശാലകളിലൊന്നായി വളര്‍ന്ന ഇവിടെയാണു രാജ്യത്തു തദ്ദേശീയമായി നിര്‍മിക്കപ്പെട്ട ആദ്യ വിമാനവാഹിനിക്കപ്പലായ ഐ.എന്‍.എസ.് വിക്രാന്ത് പണിതത്. സെപ്റ്റംബര്‍ രണ്ടിനു പ്രധാനമന്ത്രി നരേന്ദ്രമോദി അതു കമ്മീഷന്‍ ചെയ്തതു ജൂബിലിവര്‍ഷത്തിനു രത്‌നശോഭ പകര്‍ന്നു. 1972 ല്‍ സ്ഥാപിച്ച കപ്പല്‍ശാലയ്ക്കു 10 വയസ്സായപ്പോള്‍ പിറന്ന ഒരു സഹകരണ സംഘം ഇവിടെയുണ്ട്. കപ്പല്‍ശാലയുടെ അനുഗ്രഹാശിസ്സുകളോടെ പിറന്ന അതും വളര്‍ച്ചയുടെ പാതയിലാണ്. കൊച്ചിന്‍ ഷിപ്‌യാര്‍ഡ് എംപ്ലോയീസ് കണ്‍സ്യൂമര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഈ സംഘം. കപ്പല്‍ശാലയിലെ സ്ഥിരംജീവനക്കാരായ ആയിരത്തി എഴുനൂറോളം പേര്‍ അംഗങ്ങളായ സംഘം പ്രതിവര്‍ഷം 50 കോടി രൂപയ്ക്കുമേല്‍ വിറ്റുവരവും ഒരു കോടിയില്‍പ്പരം രൂപയുടെ ലാഭവുമുള്ള മികച്ചൊരു സംഘമാണ്. കപ്പല്‍ശാലയില്‍നിന്നു വിരമിക്കുന്നവര്‍ക്ക് അസോസിയേറ്റ് അംഗത്വം നല്‍കുന്നുണ്ട്. സാധനങ്ങള്‍ വാങ്ങുമ്പോള്‍ എ ക്ലാസ് അംഗങ്ങള്‍ക്കു ലഭിക്കുന്ന ഡിസ്‌കൗണ്ട് ഇവര്‍ക്കും ലഭിക്കും. ഇതിനായി അംഗങ്ങള്‍ക്കും അസോസിയേറ്റ് അംഗങ്ങള്‍ക്കും കാര്‍ഡുണ്ട്. എണ്ണൂറില്‍പ്പരം അസോസിയേറ്റ് അംഗങ്ങളുണ്ട്.

തുടക്കം
25 പേരുമായി

1980 ഒക്ടോബര്‍ 16 നു കപ്പല്‍ശാല എംപ്ലോയീസ് യൂണിയന്‍ ഓഫീസില്‍ ചേര്‍ന്ന ജീവനക്കാരുടെ പ്രതിനിധികളായ 30 പേര്‍ പങ്കെടുത്ത യോഗമാണ് ഉപഭോക്തൃ സഹകരണ സംഘം എന്ന ആശയത്തിനു ജന്മം നല്‍കിയത്. യോഗം ഇ.എന്‍. നാരായണന്‍നായര്‍ ചീഫ് പ്രൊമോട്ടറായി അഞ്ചംഗ താത്കാലിക സമിതി രൂപവത്കരിച്ചു. 1981 നവംബര്‍ 17 നു കൊച്ചിന്‍ ഷിപ്‌യാര്‍ഡ് എംപ്ലോയീസ് കണ്‍സ്യൂമര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിനു സഹകരണവകുപ്പ് ഇ 750 നമ്പരായി രജിസ്‌ട്രേഷന്‍ നല്‍കി. 25 അംഗങ്ങളുമായിട്ടായിരുന്നു തുടക്കം. ആര്‍.എസ്. നായരെ പ്രസിഡന്റും ഇ.എന്‍. നാരായണന്‍ നായരെ ഓണററി സെക്രട്ടറിയുമായി തിരഞ്ഞെടുത്തു. കപ്പല്‍ശാലാവളപ്പില്‍ കപ്പല്‍ശാല നല്‍കിയ സ്ഥലത്തും കെട്ടിടത്തിലുമാണു പ്രവര്‍ത്തനം. ഗുണമേന്മയുള്ള ഭക്ഷ്യവസ്തുക്കളും ഗൃഹോപകരണങ്ങളും ന്യായവിലയ്ക്കു കിട്ടാന്‍ ജീവനക്കാരുടെ നിയന്ത്രണത്തിലുള്ള സ്ഥാപനം എന്നതായിരുന്നു ഉദ്ദേശ്യം. 1982 ഫെബ്രുവരി 15 വരെ അംഗങ്ങളായി ചേര്‍ന്ന 801 പേരില്‍നിന്നു നാലു ഡയറക്ടര്‍മാരെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിനുശേഷം കപ്പല്‍ശാലയുടെ മൂന്നു നോമിനികളെക്കൂടി ഉള്‍പ്പെടുത്തി. അങ്ങനെ പി.കെ. നാരായണന്‍ (പ്രസിഡന്റ്), കെ.വി. ഗംഗാധരന്‍ (വൈസ് പ്രസിഡന്റ്), ആര്‍.എസ്. നായര്‍ (ഓണററി സെക്രട്ടറി) എന്നിവര്‍ ഭാരവാഹികളായി 1982 ജൂലായ് ഒന്നിനു തിരഞ്ഞെടുക്കപ്പെട്ട ആദ്യഭരണസമിതി ചുമതലയേറ്റു. സാധനങ്ങള്‍ വാങ്ങാന്‍ കപ്പല്‍ശാല 25,000 രൂപ പലിശരഹിത വായ്പ അനുവദിച്ചു. ഇതു പോരായിരുന്നു. തുടര്‍ന്നു മാനേജ്‌മെന്റില്‍ സമ്മര്‍ദം ചെലുത്തി. അങ്ങനെ 50,000 രൂപ പലിശരഹിത വായ്പയായി അനുവദിച്ചു. ഇതു രണ്ടു വര്‍ഷം കഴിഞ്ഞ് പ്രതിമാസം ആയിരം രൂപ തോതില്‍ തിരിച്ചടച്ചാല്‍ മതിയെന്നും ധാരണായി. അങ്ങനെ ഓഹരിമൂലധനമായി 29,580 രൂപയും കപ്പല്‍ശാല നല്‍കിയ 75,000 രൂപയുമടക്കം 1,04,580 രൂപ പ്രവര്‍ത്തനമൂലധനത്തോടെയായിരുന്നു തുടക്കം.

തേവരയിലെ പെരുമാനൂര്‍ കവലയില്‍ കപ്പല്‍ശാല മതില്‍ക്കെട്ടിനകത്തു കപ്പല്‍ശാല താത്കാലികക്കെട്ടിടം പണിതു നല്‍കിയിരുന്നു. 1983 മെയ് 30 നു കപ്പല്‍ശാല ചെയര്‍മാന്‍ ഡി. ജയചന്ദ്രന്‍ സംഘം സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങള്‍ക്കും സ്റ്റോറില്‍നിന്നു സാധനങ്ങള്‍ വാങ്ങാം. കടമായി സാധനങ്ങള്‍ കിട്ടാനുള്ള സൗകര്യം 80 കളിലും 90 കളിലും ജീവനക്കാര്‍ പൂര്‍ണമായി പ്രയോജനപ്പെടുത്തിയിരുന്നു. അതുകൊണ്ട് കടം ആരംഭിക്കുന്ന 15-ാംതീയതി മുതല്‍ കുറച്ചുദിവസം സംഘത്തില്‍ വന്‍തിരക്കായിരുന്നു. അംഗങ്ങള്‍ എഴുതിക്കൊടുക്കുന്ന സാധനങ്ങളുടെ പട്ടികയനുസരിച്ചു ബില്ലെഴുതി സാധനങ്ങള്‍ പാക്ക് ചെയ്തു നല്‍കുന്ന രീതിയായിരുന്നു അന്നൊക്കെ. ഭരണസമിതിയംഗങ്ങള്‍ കമ്പോളത്തില്‍ പോയി ഗുണമേന്മ ഉറപ്പാക്കിയശേഷമാണു സാധനങ്ങള്‍ വാങ്ങിയിരുന്നത്. ഭക്ഷ്യവസ്തുക്കള്‍ സംഘത്തില്‍ വൃത്തിയാക്കിയശേഷമാണു വില്‍പന. സംഘാംഗങ്ങള്‍ക്കു പുറമെ തദ്ദേശവാസികളും ധാരാളമായി സാധനങ്ങള്‍ വാങ്ങാനെത്തി. സൗകര്യക്കുറവും ജീവനക്കാരുടെ കുറവും അന്നു ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.

സെല്‍ഫ്
സര്‍വീസ്

1993-94 ല്‍ സംഘത്തില്‍ കമ്പ്യൂട്ടര്‍വത്കരണം തുടങ്ങി. ഫ്രണ്ട് ഓഫീസ് പൂര്‍ണമായും ബാക്ക് ഓഫീസ് ഭാഗികമായും അന്നു കമ്പ്യൂട്ടര്‍വത്കരിച്ചു. ആ വര്‍ഷം ഒരു വനിതയെയും ഒരു പട്ടികജാതി-വര്‍ഗ പ്രതിനിധിയെയും ഉള്‍പ്പെടുത്തി ഭരണസമിതിയുടെ എണ്ണം ഏഴാക്കി. ഇതു 1997 ജൂലായ് ഒന്നിനു പ്രാബല്യത്തില്‍ വന്നു. ലാഭവിഹിതം 10 ശതമാനത്തില്‍നിന്ന് 20 ശതമാനമായി ഉയര്‍ത്തുകയും ചെയ്തു. ഇപ്പോള്‍ 25 ശതമാനമാണു ലാഭവിഹിതം. 90 കളില്‍ സെല്‍ഫ് സര്‍വീസിങ് കടകള്‍ വ്യാപകമായി. ആ സൗകര്യം ഇവിടെയും വേണമെന്ന ആവശ്യം പൊതുയോഗങ്ങളില്‍ ഉയര്‍ന്നു. പരിമിതികളും ജീവനക്കാരുടെ കുറവും തടസ്സമായിരുന്നു. എങ്കിലും, 2002-2007 ല്‍ ഭരണം നിര്‍വഹിച്ച എ.വി. ജയകുമാര്‍ പ്രസിഡന്റായുള്ള ഭരണസമിതി ഇതു നടപ്പാക്കാന്‍ ദൃഢനിശ്ചയം ചെയ്തു. കപ്പല്‍ശാല ചെയര്‍മാന്‍ കമ്മഡോര്‍ എം.കെ. മൂര്‍ത്തി എല്ലാ പിന്തുണയും നല്‍കി. സംഘത്തിനു സമീപമുള്ള യൂണിയന്‍ ഓഫീസ് കപ്പല്‍ശാല ഇതിനായി വിട്ടുനല്‍കി. അങ്ങനെ 2003 ജൂണ്‍ 20 നു കപ്പല്‍ശാല ചെയര്‍മാന്‍ കമ്മഡോര്‍ എം.കെ. മൂര്‍ത്തി സെല്‍ഫ് സര്‍വീസ് ഉദ്ഘാടനം ചെയ്തു. ഇതു നടപ്പാക്കാന്‍ മുന്‍കൈയെടുത്ത ഓണററി സെക്രട്ടറി മാത്യു വര്‍ഗീസിനും മികച്ച ജീവനക്കാരനായി തിരഞ്ഞെടുക്കപ്പെട്ട കെ.എസ്. ഉമ്മറിനും അദ്ദേഹം ഉപഹാരം നല്‍കി.

സെല്‍ഫ് സര്‍വീസ് വഴി അംഗങ്ങള്‍ക്കു സാധനങ്ങള്‍ യഥേഷ്ടം തിരഞ്ഞെടുക്കാനായി. പൊതുജനങ്ങളും ഇതു പ്രയോജനപ്പെടുത്തി. അതോടെ തിരക്ക് വലിയ തോതിലായി. 2005 ഫെബ്രുവരി 23 നു ഇതു സൂപ്പര്‍മാര്‍ക്കറ്റായി. 2005 ജൂലായില്‍ മെഡിക്കല്‍ സ്‌റ്റോറും തുടങ്ങി. കപ്പല്‍ശാല ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ കമ്മഡോര്‍ എം. ജിതേന്ദ്രന്‍ ഇത് ഉദ്ഘാടനം ചെയ്തു. 2006 ഏപ്രില്‍ 12 നു സംഘത്തില്‍ കോള്‍ഡ് സ്‌റ്റോറേജ് തുടങ്ങി. കപ്പല്‍ശാല ധനകാര്യവിഭാഗം ഡയറക്ടര്‍ എന്‍.എം. പരമേഷ് ആണ് ഉദ്ഘാടനം നിര്‍വഹിച്ചത്. സെല്‍ഫ് സര്‍വീസിനും പിന്നീട് സൂപ്പര്‍മാര്‍ക്കറ്റിനും മുന്‍കൈയെടുത്ത ഓണററി സെക്രട്ടറി മാത്യു വര്‍ഗീസിനു 2008 ഫെബ്രുവരി 28 നു ബഹുമതിപത്രം നല്‍കി. 2008 മെയ് 30 നു സംഘം 25 വയസ് പൂര്‍ത്തിയാക്കി. അക്കൊല്ലം മാര്‍ച്ച് 14 നു രജതജൂബിലിയാഘോഷം കപ്പല്‍ശാല ചെയര്‍മാന്‍ എം. ജിതേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ടി.ജി. ബെന്നി ബഹനാന്‍ പ്രസിഡന്റായ ഭരണസമിതിയാണ് രജതജൂബിലിക്കാലത്തു സംഘത്തെ നയിച്ചിരുന്നത്.

പത്തു സെന്റോളം സ്ഥലവും പതിനാലായിരത്തോളം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടവുമാണു കപ്പല്‍ശാല സംഘത്തിനു നല്‍കിയിട്ടുള്ളത്. ആയിരം രൂപ മാത്രമാണു വാടക ഈടാക്കുന്നത്. അറ്റകുറ്റപ്പണിയും കപ്പല്‍ശാലയാണു നിര്‍വഹിക്കുന്നത്. സംഘത്തിന്റെ എല്ലാ പ്രവര്‍ത്തനത്തിനും കപ്പല്‍ശാലയുടെ പിന്തുണയുണ്ട്.

2022 ജനുവരി മുതല്‍ സി. സുഭാഷ് പ്രസിഡന്റായുള്ള ഭരണസമിതിയാണു സംഘത്തെ നയിക്കുന്നത്. കപ്പല്‍ശാലയില്‍ സീനിയര്‍ വെല്‍ഡര്‍-കം-ഫിറ്ററായ സുഭാഷ് സി.പി.എം. ഷിപ്‌യാര്‍ഡ് ലോക്കല്‍ക്കമ്മറ്റിയംഗവും കൊച്ചിന്‍ ഷിപ്‌യാര്‍ഡ് എംപ്ലോയീസ് ഫെഡറേഷന്‍ (സി.ഐ.ടി.യു) നിര്‍വാഹകസമിതിയംഗവുമാണ്. രഞ്ജു പി.കെ (വൈസ് പ്രസിഡന്റ്), ഷിബില്‍.ടി, വിനയന്‍.കെ.പി, ദിനേശ്.പി, അജിത്.എ, ശ്രീകല.ഇ.എം, ആശ.കെ.ആര്‍, പ്രിയ.എ.ആര്‍ എന്നിവരാണു മറ്റു ഭരണസമിതിയംഗങ്ങള്‍. കപ്പല്‍ശാല മാനേജ്‌മെന്റിന്റെ രണ്ടു നോമിനികളില്‍ കപ്പല്‍ശാല ക്ഷേമവകുപ്പില്‍നിന്നുള്ള നോമിനിയുടെ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. ധനകാര്യവിഭാഗത്തില്‍നിന്നുള്ള നോമിനി രാംദാസ്.എസ്. ആണ്. പി.ആര്‍. മണിയാണു സെക്രട്ടറി. 13 സ്ഥിരം ജീവനക്കാരും അറുപത്തഞ്ചോളം താത്കാലികജീവനക്കാരുമാണു സംഘത്തിലുള്ളത്. താത്കാലിക ജീവനക്കാര്‍ക്ക് ഇ.എസ്.ഐ. ചികിത്സാപദ്ധതിയുണ്ട്. സംഘത്തിലെ എല്ലാ ജീവനക്കാര്‍ക്കും ബാധകമായ ഒരു അപകട ഇന്‍ഷുറന്‍സ് പദ്ധതിയുമുണ്ട്. രണ്ടു ലക്ഷം രൂപ വരെയാണിത്. സ്ഥിരം ജീവനക്കാര്‍ക്ക് അവരുടെ മെഡിക്കല്‍ അലവന്‍സിനൊപ്പം സംഘത്തിന്റെ വിഹിതം കൂടി ചേര്‍ത്ത് അഞ്ചുലക്ഷം രൂപ വരെയുള്ള മെഡിക്ലെയിം ഇന്‍ഷുറന്‍സുമുണ്ട്. സംഘത്തിലെ എല്ലാ തൊഴിലാളികളെയും സര്‍ക്കാരിന്റെ തൊഴിലാളിക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളാക്കി വിഹിതം അടച്ചുപോരുന്നു.

പ്രവര്‍ത്തനങ്ങളും
സേവനങ്ങളും

ഗോഡൗണ്‍, ടെക്‌സ്റ്റയില്‍സ് വിഭാഗം, പച്ചക്കറി-പഴവര്‍ഗ വിഭാഗം, കോള്‍ഡ് സ്‌റ്റോറേജ്, സ്‌റ്റേഷനറി, സൂപ്പര്‍മാര്‍ക്കറ്റ്, മെഡിക്കല്‍സ്റ്റോര്‍ തുടങ്ങിയവ ഇവിടെയുണ്ട്. ചെറിയ ഒരു ലാഭം മാത്രമാണു മെഡിക്കല്‍ സ്‌റ്റോറിലൂടെ മരുന്നുകള്‍ വില്‍ക്കുമ്പോള്‍ സംഘം എടുക്കുന്നത്. 2020-21 ല്‍ 2,72,58,301 രൂപയുടെ വിറ്റുവരവാണു മെഡിക്കല്‍ സ്റ്റോറില്‍ ഉണ്ടായത്. എറണാകുളം ജില്ലാ ജനറല്‍ ആശുപത്രിയുടെ കാന്‍സര്‍ വാര്‍ഡിലേക്കു കൊച്ചി കപ്പല്‍ശാലയുടെ സി.എസ്.ആര്‍. ഫണ്ടു വഴി നല്‍കുന്ന മരുന്നുകളുടെ വിതരണം സംഘത്തിന്റെ മെഡിക്കല്‍ സ്റ്റോറില്‍നിന്നാണ്.

തുടക്കം മുതല്‍ ലാഭം ബിസിനസില്‍ത്തന്നെ നിക്ഷേപിച്ചാണ് സൂപ്പര്‍മാര്‍ക്കറ്റ് ഇന്നത്തെ വളര്‍ച്ച കൈവരിച്ചത്. സംഘത്തിന്റെ സൂപ്പര്‍മാര്‍ക്കറ്റിലും മറ്റും കിട്ടാത്ത സാധനങ്ങള്‍ അംഗങ്ങള്‍ക്കു പുറമെനിന്നു വാങ്ങാന്‍ വിവിധ സ്ഥാപനങ്ങളുമായി സംഘം ധാരണയിലെത്തിയിട്ടുണ്ട്. അവിടങ്ങളില്‍നിന്നു വാങ്ങാന്‍ ഒരു ലക്ഷം രൂപ വരെ വായ്പ നല്‍കുന്നുണ്ട്. 8.75 ശതമാനമാണു പലിശ. മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ഫര്‍ണിച്ചറുകള്‍ എന്നിവ വാങ്ങാനും വായ്പാസൗകര്യമുണ്ട്. അധ്യയനവര്‍ഷാരംഭത്തില്‍ 15,000 രൂപയുടെ വിദ്യാഭ്യാസവായ്പ നല്‍കും. ഇതിനു പലിശയില്ല.

നിത്യോപയോഗസാധനങ്ങള്‍ക്കു പുറമെ, അംഗങ്ങള്‍ക്കു തവണവ്യവസ്ഥയില്‍ സൈക്കിള്‍, തയ്യല്‍മെഷീന്‍, മൊബൈല്‍ ഹാന്റ് സെറ്റുകള്‍, കിടക്കകള്‍, ഫര്‍ണിച്ചര്‍ തുടങ്ങിയവയും നല്‍കി. സംഘത്തില്‍ നിന്ന് ആയിരം രൂപയ്ക്കു മുകളില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങിയാല്‍ അംഗങ്ങള്‍ക്കു വില പലിശയില്ലാതെ മൂന്നു തവണകളായി അടയ്ക്കാം. കപ്പല്‍ശാലാ ജീവനക്കാര്‍ക്കു യൂണിഫോം തുണികള്‍, സോപ്പ്, ടൗവ്വല്‍, മഴക്കോട്ട്, കുട, ചെരുപ്പുകള്‍, സ്റ്റേഷനറി സാധനങ്ങള്‍ തുടങ്ങിയവ സംഘത്തില്‍നിന്നാണു വില്‍ക്കുന്നത്. കപ്പല്‍ശാല കാന്റീന്‍, മറൈന്‍ എഞ്ചിനിയറിംഗ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഹോസ്റ്റല്‍, ഓഫീസേഴ്‌സ് മെസ്, ഗസ്റ്റ്ഹൗസ് എന്നിവിടങ്ങളിലേക്കു സാധനങ്ങള്‍ വിതരണം ചെയ്യുന്നതും സംഘം തന്നെ.

സാമൂഹികനീതി വകുപ്പിന്റെ കീഴില്‍വരുന്ന ഭിന്നശേഷി വനിതാമന്ദിരം, മഹിളാമന്ദിരം, വയോജനമന്ദിരം, മറ്റു വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കസ്റ്റംസ്, പാസ്‌പോര്‍ട്ട്, സമുദ്രോല്‍പ്പന്നക്കയറ്റുമതി വികസന അതോറിട്ടി, ഡ്രഡ്ജിങ് കോര്‍പറേഷന്‍, നാളികേരവികസന ബോര്‍ഡ്, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍, പെട്രോനെറ്റ് എല്‍.എന്‍.ജി, സിഫ്‌നെറ്റ് ഓഫീസുകള്‍ എന്നിവിടങ്ങളിലേക്കുള്ള പ്രൊവിഷന്‍ സാധനങ്ങള്‍, തുണിത്തരങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍ എന്നിവ വിതരണം ചെയ്യാനുള്ള ഓര്‍ഡറുകളും സംഘത്തിനുണ്ട്. കോള്‍ഡ് സ്‌റ്റോറേജില്‍ സൂക്ഷിച്ച് മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യയുടെ വിവിധ ഉല്‍പ്പന്നങ്ങളും മറ്റു സ്ഥാപനങ്ങളുടെ ഫ്രോസന്‍ ഫിഷ്, സോസേജ്, കുട്ടനാടന്‍ താറാവ്, ആന്റിബയോട്ടിക് ഫ്രീ ഫ്രഷ് ചിക്കന്‍ തുടങ്ങിയവയും സംഘം ലഭ്യമാക്കുന്നുണ്ട്. സംഘാംഗങ്ങള്‍ക്കു വിവിധ സാധനങ്ങളും പച്ചക്കറികളും മരുന്നും വാങ്ങുമ്പോള്‍ ബില്ലില്‍ത്തന്നെ ഡിസ്‌കൗണ്ട് അനുവദിക്കുകയാണു ചെയ്യുക. 2019-20 ല്‍ 84,54,094 രൂപയാണു ഡിസ്‌കൗണ്ട് നല്‍കിയത്. 2020-21 ല്‍ ഇത് 90,53,767 രൂപയായി. സാധനങ്ങള്‍ വാങ്ങാന്‍ കാര്‍ഡ് സൈ്വപ്പിങ് സംവിധാനം ഉള്ളതിനു പുറമെ കപ്പല്‍ശാല ഉദ്യോഗസ്ഥര്‍ക്കു സോഡെക്‌സോ കാര്‍ഡ് ഉപയോഗിക്കാനുള്ള സൗകര്യവുമുണ്ട്.

50 ലക്ഷത്തിന്റെ
ക്ഷേമ ഫണ്ട്

വിരമിക്കുന്ന സംഘാംഗങ്ങള്‍ക്ക് ഉപഹാരവും കോംപ്ലിമെന്റും നല്‍കിവരുന്നു. ലാഭത്തില്‍നിന്നു പൊതുനന്മാഫണ്ടായി തുക നീക്കിവയ്ക്കും. അംഗങ്ങള്‍ക്കായി 50 ലക്ഷം രൂപയ്ക്കു മേല്‍ വരുന്ന ഒരു ക്ഷേമ ഫണ്ടുണ്ട്. ഇതില്‍നിന്നു വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. പാവങ്ങള്‍ക്കു ചികിത്സാസഹായം നല്‍കലും കിറ്റ് വിതരണവും സന്നദ്ധസംഘടനകള്‍ക്കു സഹായം നല്‍കലും പോലുള്ള ക്ഷേമപ്രവര്‍ത്തനങ്ങളിലായി വര്‍ഷം ശരാശരി അഞ്ചുലക്ഷത്തോളം രൂപ സംഘം ചെലവഴിക്കുന്നുണ്ട്. സംഘാംഗങ്ങളായിരിക്കെ മരിക്കുന്നവരുടെ മരണാനന്തരച്ചെലവുകള്‍ക്കായി 10,000 രൂപ നല്‍കിവരുന്നുണ്ട്. 2020-21 ല്‍ മണീട് സര്‍ക്കാര്‍ ഐ.ടി.ഐ.ക്കു വാട്ടര്‍ പ്യൂരിഫയറും പുതിയകാവ് ആയുര്‍വേദാശുപത്രിയുടെ കോവിഡ് കെയര്‍ സെന്ററിലേക്കു സാധനങ്ങളും നല്‍കി. സംഘത്തിലെ ദിവസവേതനക്കരാര്‍ ജീവനക്കാര്‍ക്കു ചികിത്സാസഹായമായി 1,09,985 രൂപ നല്‍കി. 2020-21 ല്‍ 6,40,408 രൂപയാണ് ഇത്തരം ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത്. 2019-20 ലാവകട്ടെ 2,67,143 രൂപ പൊതുനന്മാഫണ്ടില്‍നിന്നു ചെലവഴിച്ചു. സംഘം വിദ്യാഭ്യാസ പുരസ്‌കാരങ്ങളും കലാകായികമികവിനുള്ള പുരസ്‌കാരങ്ങളും നല്‍കിവരുന്നുണ്ട്. 2019-20 അധ്യയനവര്‍ഷം 28 വിദ്യാര്‍ഥികള്‍ക്ക് ഇവ ലഭിച്ചു.

കോവിഡ് കാലത്ത് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അവശ്യസേവന വിഭാഗമായതിനാല്‍ സംഘത്തിന്റെ സ്‌റ്റോറുകള്‍ അടച്ചിടാതെ പ്രവര്‍ത്തിച്ചു. എങ്കിലും, അക്കാലത്തു വ്യാപാരം കുറഞ്ഞു. 2019-20 ല്‍ 51.72 കോടി രൂപയുടെ വിറ്റുവരവുണ്ടായിരുന്നത് 2020-21 ല്‍ 39.35 കോടി രൂപയായി. കോവിഡിനു മുമ്പുവരെ കപ്പല്‍ശാലയില്‍ സംഘം ആറു ടീ ബൂത്തുകള്‍ നടത്തിയിരുന്നു. ഇവ പുനരാരംഭിക്കാന്‍ ശ്രമിച്ചുവരികയാണ്. കോവിഡ് കാലത്തു ഭക്ഷ്യധാന്യക്കിറ്റുകള്‍ വിതരണം ചെയ്യാന്‍ കൊച്ചി കപ്പല്‍ശാല, കൊച്ചിന്‍ കോര്‍പറേഷന്‍, മരട് നഗരസഭ, ഗ്രാമപ്പഞ്ചായത്തുകള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയില്‍നിന്നും ജനപ്രതിനിധികളില്‍നിന്നും സംഘത്തിന് ഓര്‍ഡര്‍ ലഭിച്ചു. അവ ഒട്ടും ലാഭമെടുക്കാതെയും എന്നാല്‍ നഷ്ടം വരാതെയും സംഘം വിതരണം ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു 2020 ല്‍ സംഘത്തിന്റെ അഞ്ചു ലക്ഷം രൂപയും ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളവും നല്‍കി. 2021 ല്‍ വാക്‌സിന്‍ ചലഞ്ചിലേക്ക് അഞ്ചു ലക്ഷം രൂപയും ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളവും കൊടുത്തു. കൊച്ചി കോര്‍പറേഷന്റെ കോവിഡ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി സഹകരിച്ച്, ക്വാറന്റീനില്‍ കഴിഞ്ഞവര്‍ക്കും അതിഥിത്തൊഴിലാളികള്‍ക്കും ഭക്ഷണപ്പൊതികള്‍ നല്‍കാന്‍ ഒരു ലക്ഷം രൂപയുടെ പലചരക്കു സാധനങ്ങള്‍ നല്‍കി.

2019-20 ല്‍ ഓണം വിപണനമേളയും ഫര്‍ണിച്ചര്‍മേളയും നടത്തി. 2020-21 ലും മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും ഡിസ്‌കൗണ്ടോടെ ഓണം വിപണി നടത്തി. സര്‍ക്കാരിന്റെ സബ്‌സിഡി ഉല്‍പ്പന്നങ്ങളും ഓണച്ചന്തയിലൂടെ പൊതുജനങ്ങള്‍ക്കും അംഗങ്ങള്‍ക്കും ലഭിച്ചു. വ്യാപാരം വിപുലമാക്കാനും പ്രവര്‍ത്തനം സുഗമമാക്കാനും അത്യാധുനികസൗകര്യത്തോടുകൂടിയ കമ്പ്യൂട്ടര്‍സംവിധാനം ഏര്‍പ്പെടുത്തി സര്‍വറിന്റെ കാര്യക്ഷമത വര്‍ധിപ്പിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വ്യാപാരം പരീക്ഷിക്കുകയും 2021 ഫെബ്രുവരി മുതല്‍ നടപ്പാക്കുകയും ചെയ്തു. അംഗങ്ങളുടെ വായ്പ, കടമായുള്ള വാങ്ങല്‍ തുടങ്ങിയവയുടെ വിവരങ്ങള്‍ എസ്.എം.എസ്. വഴി അറിയിക്കുന്നുണ്ട്. വാട്‌സാപ് വഴി ഓര്‍ഡര്‍ സ്വീകരിച്ച് ഉല്‍പ്പന്നങ്ങള്‍ എടുത്തുനല്‍കും.

പലതവണ എറണാകുളം ജില്ലാ സഹകരണ ബാങ്കിന്റെ പുരസ്‌കാരം സംഘത്തിനു ലഭിച്ചു. 2021 ല്‍ എറണാകുളം ജില്ലയിലെ എറ്റവും നല്ല ഉപഭോക്തൃ സഹകരണ സംഘത്തിനുള്ള സഹകരണ വകുപ്പിന്റെ ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡ് കിട്ടി. ഒരു മെഡിക്കല്‍ ലാബ് തുടങ്ങാനും പുറമെയുള്ള സ്ഥലങ്ങളില്‍ സംഘത്തിന്റെ വില്‍പന ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കാനും പരിപാടിയുണ്ടെന്നു പ്രസിഡന്റ് സി. സുഭാഷും സെക്രട്ടറി പി.ആര്‍. മണിയും പറഞ്ഞു.

 

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!