സഹകരണമേഖലയില്‍ ജനാധിപത്യം പുനസ്ഥാപിക്കും:ഗവര്‍ണര്‍

Moonamvazhi
  • നിക്ഷേപഗ്യാരന്റിയിലെ പ്രതിലോമവ്യവസ്ഥകള്‍ ഒഴിവാക്കും
  •  നിക്ഷേപം സമയത്തു തിരിച്ചുകൊടുക്കാന്‍ സ്‌കീം
  • വനിതാകര്‍ഷകകണ്‍സോര്‍ഷ്യം വരും

സഹകരണമേഖലയുടെ ജനാധിപത്യസ്വഭാവവും വിശ്വാസ്യതയും വീണ്ടെടുക്കുമെന്നും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ നിയമസഭയില്‍ നയപ്രഖ്യാപനപ്രസംഗത്തില്‍ പറഞ്ഞു. നിലവിലുള്ള അപാകങ്ങള്‍ സമഗ്രമായി പരിശോധിക്കും. നിക്ഷേപകരുടെയും വായ്‌പക്കാരുടെയും സഹകാരികളുടെയും ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്ന സംവിധാനങ്ങള്‍ സഹകരണനിയമത്തില്‍ ഉള്‍പ്പെടുത്തും. സഹകരണവിജിലന്‍സ്‌ വിഭാഗം ശക്തിപ്പെടുത്തും. സഹകരണസംഘങ്ങള്‍ അഴിമതിരഹിതവും സുതാര്യവുമാണെന്ന്‌ ഉറപ്പാക്കും. സഹകരണസംഘങ്ങളിലെ എല്ലാ നിക്ഷേപകര്‍ക്കും മതിയായ നിക്ഷേപഗ്യാരന്റികള്‍ ലഭ്യമാക്കും. ഇക്കാര്യത്തില്‍ പ്രതിലോമകരമായ വ്യവസ്ഥകള്‍ ഒഴിവാക്കും. നിക്ഷേപം യഥാസമയം സംഘങ്ങള്‍ക്കു തിരിച്ചുകൊടുക്കാന്‍ സംഘങ്ങളെ പ്രാപ്‌തമാക്കുന്ന ഒരു സ്‌കീം നടപ്പാക്കും. ഇതിനായി നിക്ഷേപഗ്യാരന്റി സ്‌കീമില്‍ മാറ്റം വരുത്തും. നിക്ഷേപസംരക്ഷണം ശക്തിപ്പെടുത്തും. സഹകരണസ്ഥാപനങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വീണ്ടെടുക്കും.

ദുരുപയോഗവും ക്രമക്കേടും ബാധിച്ച സഹകരണസംഘങ്ങളിലെ നിക്ഷേപം തിരിച്ചുകൊടുക്കാന്‍ അടിയന്തരനടപടിയെടുക്കും. കുറ്റവാളികള്‍ക്കെതിരെ കര്‍ശനനടപടിയെടുക്കും. വായ്‌പാവിതരണത്തിലടക്കം ബുദ്ധിമുട്ടുകള്‍ നേരിടുന്ന സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനത്തില്‍ സാമ്പത്തികഅച്ചടക്കം ഉറപ്പാക്കാന്‍ ഫലപ്രദമായ മേല്‍നോട്ട സംവിധാനം ഏര്‍പ്പെടുത്തും. പുനരധിവാസപദ്ധതികള്‍ നടപ്പാക്കാനും മടങ്ങിവരുന്ന പ്രവാസികള്‍ക്കു സാമ്പത്തികസുരക്ഷിതത്വം നല്‍കാനും പ്രവാസിസഹകരണസംഘങ്ങളെ ശക്തിപ്പെടുത്തും. വായ്‌പയെടുത്തവര്‍ ഗുരുതരമായ അസുഖം മൂലം കഷ്ടപ്പെടുന്നതോ മരിച്ചതോ ആയ കേസുകളില്‍ വായ്‌പാബാധ്യത തീര്‍ക്കാന്‍ റിസ്‌ക്‌ഫണ്ട്‌ സ്‌കീം വികസിപ്പിക്കും. സഹകരണസ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
സഹകരണമേഖല ഏറെ ശക്തമായ കാര്‍ഷികരംഗത്തെക്കുറിച്ചും ചില പ്രത്യേകകാര്യങ്ങള്‍ ഗവര്‍ണര്‍ പറഞ്ഞു. വനിതാകര്‍ഷകരുടെ കണ്‍സോര്‍ഷ്യമുണ്ടാക്കുമെന്നതാണ്‌ അതിലൊന്ന്‌. ഇക്കൊല്ലംതന്നെ വനിതാകര്‍ഷകകണ്‍സോര്‍ഷ്യം വരും. ചെറുതും വലുതുമായ വനിതാകൂട്ടായ്‌മകളെ കാര്‍ഷികരംഗത്ത്‌ ഏകോപിപ്പിക്കും. നെല്ല്‌, കിഴങ്ങുവിളകള്‍, കൂണ്‍ തുടങ്ങിയ കൃഷികളും തേനീച്ചവളര്‍ത്തലും വഴി സ്‌ത്രീകളെ ശാക്തീകരിക്കാന്‍ പ്രത്യേകസ്‌കീമുകള്‍ നടപ്പാക്കും. സമഗ്രമായ മണ്ണുപരിശോധനാനയം കൊണ്ടുവരും.

സുഗന്ധവ്യഞ്‌ജനവികസനസംരംഭങ്ങളും ശക്തമാക്കും. കയറ്റുമതിഅധിഷ്‌ഠിതമായ സുഗന്ധവ്യഞ്‌ജനങ്ങളുടെ ഉല്‍പാദനത്തിന്‌ അവ കൂടുതല്‍ ഉല്‍പാദിപ്പിക്കുന്ന പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു പ്രത്യേകപദ്ധതികള്‍ നടപ്പാക്കും. സര്‍ക്കാര്‍-സ്വകാര്യപങ്കാളിത്തത്തോടെ സുഗന്ധവ്യഞ്‌ജനപാര്‍ക്കുകളും സുഗന്ധവ്യഞ്‌ജനസംഭരണകേന്ദ്രങ്ങളും പ്രോല്‍സാഹിപ്പിക്കും. ഭൗമസൂചികാപദവി ലഭിച്ച ഉല്‍പന്നങ്ങളെ പ്രോല്‍സാഹിപ്പിക്കാന്‍ അവയുടെ ഉല്‍പാദനത്തിനും വിപണനത്തിനും പ്രത്യേകപരിപാടികള്‍ നടപ്പാക്കും. കാര്‍ഷികമേഖല ആധുനികമാക്കാനും ഡിജിറ്റലാക്കാനും പ്രത്യേകം ശ്രദ്ധിക്കും. അഗ്രിസ്റ്റാക്ക്‌ പ്രോജക്ട്‌ ഊര്‍ജിതമാക്കും. ഡിജിറ്റൈസ്‌ ചെയ്‌ത ഗ്രാമങ്ങളില്‍ ഡിജിറ്റല്‍ വിള സര്‍വേകള്‍ പൂര്‍ത്തിയാക്കും. ഡിജിറ്റല്‍ വിപണന പ്ലാറ്റ്‌ഫോമും സ്ഥാപിക്കും.

സഹകരണമേഖല ശക്തമായ മറ്റൊരു രംഗമായ മല്‍സ്യബന്ധനമേഖലയില്‍ ജനകീയമല്‍സ്യകൃഷി പ്രോല്‍സാഹിപ്പിക്കും. വെള്ളക്കാലന്‍ കൊഞ്ചുല്‍പാദനം വര്‍ധിപ്പിക്കും. മല്‍സ്യബന്ധനത്തിനിടെ കടലില്‍വച്ചു മരണപ്പെടുന്ന മല്‍സ്യത്തൊഴിലാളികള്‍ക്കായി പുതിയ ഇന്‍ഷുറന്‍സ്‌ പരിരക്ഷ ഏര്‍പ്പെടുത്തും. ഗുരുതരരോഗം ബാധിക്കുന്ന മവല്‍സ്യത്തൊഴിലാളികളുടെ തുടര്‍ചികില്‍സയ്‌ക്കു സംവിധാനം ഏര്‍പ്പെടുത്തും. ചെമ്മീന്‍കിള്ളുന്ന തൊഴിലാളികള്‍ക്കു ക്ഷേമപദ്ധതികള്‍ നടപ്പാക്കും. മല്‍സ്യത്തൊഴിലാളികളുടെ ഗ്രൂപ്പ്‌ ഇന്‍ഷുറന്‍സ്‌, ക്ഷേമപപെന്‍ഷന്‍ കാര്യങ്ങള്‍ ഉറപ്പാക്കും. ഒരു നീലസമ്പദ്‌ വ്യവസ്ഥാസെല്‍ സ്ഥാപിക്കും. കേരള-യൂറോപ്യന്‍യൂണിയന്‍ സംയുക്ത പ്രവര്‍ത്തകഗ്രൂപ്പ്‌ ഉണ്ടാക്കും.തീരദേശപാരിസ്ഥിതിക വികസനകമ്മറ്റികളിലൂടെ പെസ്‌ക ടൂറിസം പ്രോല്‍സാഹിപ്പിക്കും. തീരപ്രദേശങ്ങളുടെ സംരക്ഷണത്തിനും തീരദേശസമൂഹങ്ങളുടെ പുനരധിവാസത്തിനും കാലാവസ്ഥാപ്രതിരോധശേഷിയുള്ള വികസനത്തിനും മുന്‍ഗണന നല്‍കും. ഉള്‍നാടന്‍ മല്‍സ്യബന്ധനം പ്രോല്‍സാഹിപ്പിക്കും. മല്‍സ്യക്കൃഷിയും പ്രോല്‍സാഹിപ്പിക്കുമെന്നു ഗവര്‍ണര്‍ അറിയിച്ചു.

Moonamvazhi

Authorize Writer

Moonamvazhi has 1149 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!