പാചകവാതക ശൃംഖലയ്ക്ക് പുരസ്‌കാരപ്പെരുമ

moonamvazhi

(2020 സെപ്റ്റംബര്‍ ലക്കം)

 

വി.എന്‍. പ്രസന്നന്‍

 

35,000 പാചകവാതക സിലിണ്ടര്‍ ഉപഭോക്താക്കള്‍. എല്‍.പി.ജി. കൊണ്ടുവരാനും വിതരണം ചെയ്യാനും ട്രക്ക് ഉള്‍പ്പെടെയുള്ള സ്വന്തം വാഹനങ്ങള്‍. അര നൂറ്റാണ്ടു പിന്നിട്ട അങ്കമാലി സഹകരണ അഗ്രിക്കള്‍ച്ചറിസ്റ്റ് സംഘം ചരിത്രമെഴുതുകയാണ്. സംസ്ഥാനതലത്തില്‍ പലവക വിഭാഗത്തില്‍ മികച്ച സംഘത്തിനുള്ള രണ്ടാം സ്ഥാനം ഈ സഹകരണ സംഘത്തിനാണ്

നെ ടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത ഒരു പ്രദേശത്ത് വിപുലമായ ഒരു പാചകവാതക വിതരണ ശൃംഖല സ്ഥാപിക്കുക എന്ന അപൂര്‍വ നേട്ടം സ്വന്തമാക്കിയ ഒരു സഹകരണ സംഘമാണ് അങ്കമാലി സഹകരണ അഗ്രിക്കള്‍ച്ചറിസ്റ്റ് സംഘം. സാധാരണ ഗതിയില്‍ സഹകരണ സംഘങ്ങള്‍ കടന്നുചെല്ലാറില്ലാത്ത ഇത്തരമൊരു മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ സംഘത്തെ പുരസ്‌കാരം തേടിയെത്തിയിരിക്കുന്നു. 2019 ല്‍ മികച്ച പ്രവര്‍ത്തനം നടത്തിയ സഹകരണ സംഘങ്ങളുടെ കൂട്ടത്തില്‍ പലവക വിഭാഗത്തില്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനം അങ്കമാലി സഹകരണ അഗ്രിക്കള്‍ച്ചറിസ്റ്റ് സൊസൈറ്റിക്കാണ്. വിപുലമായ പാചകവാതക ഏജന്‍സി നടത്തിപ്പ് അടക്കമുള്ള സംരംഭങ്ങള്‍ സംഘത്തിന്റെ പ്രത്യേകതയാണ്.

1967ല്‍ 44 അംഗങ്ങളുമായി തുടങ്ങിയ സംഘമാണിത്. ആയുര്‍വേദ ഡോക്ടറും അങ്കമാലി നഗരസഭാ വൈസ്പ്രസിഡന്റുമൊക്കെയായിരുന്നിട്ടുള്ള ഡോ. ജെ.വി. തച്ചില്‍ ആയിരുന്നു സ്ഥാപക പ്രസിഡന്റ്. അങ്കമാലി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം.വി.പോളും സ്ഥലത്തെ ഏതാനും വ്യവസായപ്രമുഖരും ഈ സംഘം സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തവരാണ്. അന്നിതിന്റെ പേര് അങ്കമാലി സഹകരണ ഉപഭോക്തൃ സ്‌റ്റോര്‍ എന്നായിരുന്നു. പലവ്യഞ്ജനങ്ങള്‍ വില്‍ക്കുന്ന സ്റ്റോറും കര്‍ഷകര്‍ക്കുള്ള വളം, കീടനാശിനി എന്നിവയുടെ വില്‍പനയുമായിരുന്നു ആദ്യകാല പ്രവര്‍ത്തനങ്ങള്‍. വിപണന രംഗത്തെ ചൂഷണം ചെറുക്കാനായിരുന്നു സംഘത്തിന്റെ പ്രഥമശ്രമം. അതിന്റെ ഭാഗമായാണു വളം, കീടനാശിനി വിപണനം തുടങ്ങിയത്.

പാചകവാതക വിതരണത്തിലേക്ക്

1985 ല്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഇന്‍ഡേന്‍ പാചകവാതക വിതരണച്ചുമതല സംഘം ഏറ്റെടുത്തു. ഇത്തരമൊരു സംരംഭം നടത്തുന്ന കേരളത്തിലെ ആദ്യത്തെ സഹകരണ സംഘമാണിത്. പാചകവാതകം ഉപയോഗിക്കുന്നത് അപകടത്തിനിടയാക്കും എന്ന വിശ്വാസം മൂലം പാചകവാതക കണക്ഷന്‍ എടുക്കാന്‍ ആളുകള്‍ ഭയന്നിരുന്ന കാലമായിരുന്നു അത്. മറ്റു സംസ്ഥാനങ്ങളിലും മറ്റും ജോലിചെയ്ത് പാചകവാതകം ഉപയോഗിച്ച് ശീലമാക്കി പിന്നീട് നാട്ടില്‍ താമസമാക്കിയവരായിരുന്നു ആദ്യ ഉപഭോക്താക്കള്‍. മറ്റു പലരെയും അങ്ങോട്ടുചെന്നു കണ്ട്് പാചകവാതകത്തിന്റെ മെച്ചങ്ങള്‍ പറഞ്ഞുമനസ്സിലാക്കി കണക്ഷന്‍ എടുപ്പിക്കേണ്ടിവന്നിരുന്നു അക്കാലത്ത്.

തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ പ്രദേശത്ത് കൊണ്ടുപോയി പാചകവാതകം വിതരണം ചെയ്ത പാരമ്പര്യവും ഈ സംഹകരണ സംഘത്തിനുണ്ട്. അവിടെ പാചകവാതകം വിതരണം ചെയ്തിരുന്ന ഏജന്‍സിയെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സസ്‌പെന്റ് ചെയ്തപ്പോഴായിരുന്നു അത്. തുടര്‍ന്ന് അവിടത്തെ വിതരണച്ചുമതല ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഈ സഹകരണ സംഘത്തെ ഏല്‍പിച്ചു. ഏഴു വര്‍ഷം അങ്ങനെ കൊടുങ്ങല്ലൂരില്‍ സംഘം ഗ്യാസ് ഏജന്‍സി നടത്തി.

എല്‍.പി.ജി. യുടെ ഗതാഗതത്തിനായി 58 ലക്ഷം രൂപ ചെലവില്‍ നാലു ട്രക്കുകള്‍ സംഘം വാങ്ങിയിട്ടുണ്ട്. എല്‍.പി.ജി. വിതരണത്തിനുള്ള വാഹനങ്ങളുമുണ്ട്. എല്‍.പി.ജി. ഗോഡൗണ്‍ സ്ഥിതിചെയ്യുന്ന 21 സെന്റും സംഘത്തിന്റെ സ്വന്തമാണ്. മുപ്പത്തയ്യായിരത്തോളം ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കളുടെ ശൃംഖല ഇന്നു സംഘത്തിനു സ്വന്തം. കേരളത്തില്‍ വാണിജ്യാവശ്യത്തിനുള്ള ഏറ്റവും കൂടുതല്‍ പാചകവാതക സിലിണ്ടറുകള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളുടെ കൂട്ടത്തില്‍ രണ്ടാംസ്ഥാനം സംഘത്തിനാണെന്നു പ്രസിഡന്റ് മാത്യു തോമസ് പറഞ്ഞു. പാചകവാതകകണക്ഷന്‍ എടുക്കുന്നതിനു സംഘം പലിശയില്ലാത്ത വായ്പ നല്‍കുന്നുണ്ട്. ഇത് സംഘത്തിന്റെ പാചകവാതക ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കാനും സഹായകമാകുന്നു. വട്ടിപ്പലിശക്കാരുടെ ചൂഷണത്തില്‍നിന്ന് ഉപഭോക്താക്കളെ രക്ഷിക്കാനാണ് സംഘം ഈ വായ്പ തുടങ്ങിയത്. പാചകവാതക കണക്ഷന്‍ എടുക്കാന്‍ വേണ്ടിവരുന്ന 7000 രൂപയുടെ സ്ഥാനത്ത് വട്ടിപ്പലിശക്കാര്‍ പണം കടം കൊടുത്ത് 10,000 രൂപ വരെ ഈടാക്കിയിരുന്നു. ആ സ്ഥാനത്താണ് സംഘം പലിശയില്ലാതെ വായ്പ നല്‍കിയത്. തുക 10 ഗഡുക്കളായി അടയ്ക്കാനും അവസരം നല്‍കി.

സെര്‍വോ, മൈക്കോ ഉല്‍പ്പന്നങ്ങളുടെ ഷോപ്പും സംഘം നടത്തുന്നുണ്ട്. മോട്ടോര്‍ വാഹന രംഗത്ത് ആവശ്യമായിവരുന്ന വിവിധതരം എഞ്ചിന്‍ ഓയിലുകള്‍, ഗ്രീസ്, ഫില്‍റ്ററുകള്‍, ഫര്‍ണസ് ഓയില്‍ തുടങ്ങിയവയുടെ വിപണനമാണ് ഇവിടെ നടക്കുന്നത്. അങ്ങനെ പാചകവാതകം, സ്റ്റൗ, സുരക്ഷാട്യൂബ്, ഏപ്രണ്‍, ലൈറ്റര്‍, സെര്‍വോ ഓയില്‍, മൈക്കോ ഫില്‍റ്റര്‍ തുടങ്ങിയ നീണ്ട ഉല്‍പ്പന്ന നിരയുമായാണ് ഈ സംഘം വിപണന രംഗത്തു പ്രവര്‍ത്തിക്കുന്നത്. ആസ്ഥാനമന്ദിരത്തോടു ചേര്‍ന്നുള്ള വില്‍പനശാലയ്ക്കു പുറമെ അങ്കമാലി മാര്‍ക്കറ്റിലും വിപണനശാലയുണ്ട്. ഔഷധി ആയുര്‍വേദോല്‍പ്പന്നങ്ങളുടെ ഡീലര്‍ഷിപ്പും സംഘത്തിനുണ്ട്. അക്യുപങ്ചര്‍ ചികിത്സയ്ക്കുള്ള സൗകര്യവും സംഘം ഒരുക്കിയിട്ടുണ്ട്.

ഐ.ഒ.സി. യുടെ ആദരം

2018 ഫെബ്രുവരി 13 ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം രാഷ്ട്രപതിഭവനില്‍ രാഷ്ട്രപതിയോടൊപ്പവും പ്രധാനമന്ത്രിയുടെ വസതിയില്‍ പ്രധാനമന്ത്രിയോടൊപ്പവും നടത്തിയ എണ്ണക്കമ്പനി പ്രതിനിധികളുടെയും മറ്റും യോഗത്തില്‍ ഐ.ഒ.സി. ഈ സംഘത്തിന്റെ സെക്രട്ടറിയെ പങ്കെടുക്കാന്‍ നിയോഗിച്ചു. സംഘത്തിന്റെ സംരംഭങ്ങള്‍ക്കു ലഭിച്ച അംഗീകാരമാണിത്. ഐ.ഒ.സി.ക്ക് 837 പാചകവാതക ഏജന്‍സികള്‍ ഉള്ളതില്‍നിന്ന് ഈ സംഘത്തിന്റെ പ്രതിനിധിയെത്തന്നെ പങ്കെടുക്കാന്‍ തിരഞ്ഞെടുത്തുവെന്നതാണു പ്രത്യേകത.

2017-18, 2018-19 വര്‍ഷങ്ങളില്‍ കേരളത്തിലെ ഗ്യാസ് ഏജന്‍സികളുടെ പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ ഐ.ഒ.സി.യുടെ ഔട്ട് സ്റ്റാന്റിംഗ് അച്ചീവര്‍ അവാര്‍ഡ് സംഘത്തിനു ലഭിച്ചു. 2016-17 ല്‍ കൊമേഴ്‌സ്യല്‍ സെയില്‍സ് എക്‌സലന്‍സ് അവാര്‍ഡു കിട്ടി. ഐ.ഒ.സി.യുടെ തന്നെ മികച്ച ഷോറൂം അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പാചകവാതക കണക്ഷന്‍ നല്‍കിയതിനും ഏറ്റവും കൂടുതല്‍ സ്റ്റൗ, സുരക്ഷാട്യൂബ്, ലൈറ്റര്‍ എന്നിവ വിപണനം നടത്തിയതിനും കേരളത്തില്‍നിന്നുള്ള ഏറ്റവും മികച്ച ഏജന്‍സിയായി സംഘത്തെ ഐ.ഒ.സി. തിരഞ്ഞെടുക്കുകയുണ്ടായിട്ടുണ്ട്്. 2018-19 ല്‍ എറണാകുളം ജില്ലയിലെ മികച്ച സൊസൈറ്റിക്കുള്ള സംസ്ഥാന സഹകരണവകുപ്പിന്റെ അവാര്‍ഡും സംഘത്തെ തേടിയെത്തി.

2016-17 ലാണ് സംഘത്തിനു സ്വന്തം കാര്യാലയം ഉണ്ടായത്. 1,04,98,310 രൂപയ്ക്ക് 23 സെന്റ് വാങ്ങി 8800 ചതുരശ്ര അടിയുള്ള കെട്ടിടമാണ് ഒന്നരക്കോടി രൂപ ചെലവില്‍ പണികഴിപ്പിച്ചത്. അങ്കമാലിയില്‍ ഹൈവേയ്ക്കടുത്ത് ബാങ്ക് ജംഗ്ഷനിലാണിത്. കണ്‍സ്യൂമര്‍ ടവര്‍ എന്നാണു മന്ദിരത്തിന്റെ പേര്. അതുവരെ അങ്കമാലിയില്‍ എം.സി.റോഡില്‍ ടൗണ്‍ ജംഗ്ഷനില്‍ വാടകക്കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തനം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തത്. 2017 ല്‍ സംഘം 50 വര്‍ഷം പിന്നിട്ടതിനെത്തുടര്‍ന്ന സുവര്‍ണജൂബിലി കൊണ്ടാടുകയുണ്ടായി. സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഒരു വര്‍ഷത്തെ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തത്.

53 വര്‍ഷം പിന്നിട്ട സംഘത്തില്‍ ഇപ്പോള്‍ 7105 അംഗങ്ങളുണ്ട്. കോണ്‍ഗ്രസ് നേതാവ് മാത്യു തോമസിന്റെ നേതൃത്വത്തിലുള്ള സമിതിയാണു സംഘം ഭരിക്കുന്നത്. 1989 മുതല്‍, ഇടയ്ക്ക് ഒന്നര വര്‍ഷത്തെ ഇടവേളയൊഴിച്ചാല്‍, ഇത്രകാലവും മാത്യുതോമസ് തന്നെയാണ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്നത്. കോണ്‍ഗ്രസ്സിന്റെ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറിയും ഐക്യജനാധിപത്യ മുന്നണി അങ്കമാലി നിയോജകമണ്ഡലം കണ്‍വീനറുമാണ്. അങ്കമാലി നഗരസഭയുടെ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍, നഗരസഭാ വൈസ് ചെയര്‍മാന്‍, ആക്ടിംഗ് ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ജയന്‍ കെ.ഡി, കെ.എ. ജോണ്‍സണ്‍, ദേവച്ചന്‍ കോട്ടയ്ക്കല്‍, ബിജു പൂപ്പത്ത്, ബേബി. വി. മുണ്ടാടന്‍, ഷാജു. എന്‍.വി, ഷിബി പാപ്പച്ചന്‍, ഗീത സുധാകരന്‍, മേരി വര്‍ഗീസ്, ഷീല പൗലോസ്, വി.എ. സുഭാഷ്, ആന്റു മാവേലി എന്നിവരാണു 13 അംഗ ഭരണ സമിതിയിലെ മറ്റംഗങ്ങള്‍. സിന്‍സി ഡെന്നിയാണു സെക്രട്ടറി. സെക്രട്ടറിയടക്കം 11 ജീവനക്കാരുണ്ട്.

ക്രെഡിറ്റ് സൊസൈറ്റിയായി

1996-97 മുതല്‍ സംഘം ലാഭത്തിലാണ്. അംഗങ്ങള്‍ക്ക് 25 ശതമാനം ലാഭവീതം നല്‍കാന്‍ വര്‍ഷങ്ങളായി ഈ സംഘത്തിനു കഴിയുന്നു. വൈവിധ്യവത്കരണത്തിന്റെ ഭാഗമായി ഏതാനും വര്‍ഷം മുമ്പ് സംഘം കണ്‍സ്യൂമര്‍ സൊസൈറ്റിയില്‍നിന്നു ക്രെഡിറ്റ് സൊസൈറ്റിയായി മാറി. ഈ മാറ്റത്തെത്തുടര്‍ന്നു വിവിധയിനം പ്രതിമാസ നിക്ഷേപ പദ്ധതികളും ആകര്‍ഷകമായ പലിശനിരക്കില്‍ നിക്ഷേപം സ്വീകരിക്കുന്ന പദ്ധതികളും വന്നു. പ്രതിമാസം 55 ലക്ഷം രൂപയുടെ നിക്ഷേപ പദ്ധതികളാണു നടത്തിവരുന്നത്.

2018 ലെയും 19 ലെയും പ്രളയകാലത്ത് അംഗങ്ങള്‍ക്ക് 25 ലക്ഷത്തോളം രൂപ പലിശരഹിത വായ്പ നല്‍കി. കെയര്‍ഹോം പദ്ധതിയില്‍ രണ്ടു വീടുകള്‍ സംഘം നിര്‍മിച്ചുനല്‍കി. 2018 ലെ പ്രളയകാലത്ത് ഈ മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായിവന്ന ഏഴുന്നൂറോളം പാചകവാതക സിലിണ്ടറുകള്‍ നല്‍കിയത് സംഘമാണ്. അടിയന്തര സാഹചര്യത്തില്‍ അധികൃതര്‍ ആവശ്യപ്പെട്ടപ്പോഴൊക്കെ പാചകവാതക സിലിണ്ടറുകള്‍ പണമൊന്നും ഈടാക്കാതെതന്നെ ക്യാമ്പുകളില്‍ എത്തിച്ചുനല്‍കുകയാണുണ്ടായത്. അക്കാലത്ത് ഞായറാഴ്ചകളില്‍ പോലും സിലിണ്ടര്‍ വിതരണം ചെയ്തു. പിന്നീട് ഇവയുടെ പണം അനുവദിച്ചുകിട്ടി. പ്രളയത്തില്‍ കേടുവന്ന സ്റ്റൗവുകളെല്ലാം സൗജന്യമായാണു സംഘം നന്നാക്കിക്കൊടുത്തത്.

കോവിഡ് മഹാമാരി കണക്കിലെടുത്തും ഇപ്പോള്‍ അംഗങ്ങള്‍ക്കു പലിശരഹിത വായ്പ നല്‍കുന്നുണ്ട്. കാല്‍ ലക്ഷത്തോളം മുഖാവരണങ്ങള്‍ സൗജന്യമായി വിതരണം ചെയ്തു. വളരെ ക്ലേശങ്ങള്‍ സഹിച്ചും കോവിഡ് കാലത്ത് ജനങ്ങള്‍ക്കു പാചകവാതക സിലിണ്ടറുകള്‍ എത്തിക്കാന്‍ സംഘത്തിന്റെ ജീവനക്കാര്‍ യത്‌നിക്കുന്നു. അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും പെന്‍ഷന്‍ നിധി പദ്ധതിയുമുണ്ട്.

2018-19 ല്‍ ആകെ ഓഹരി മൂലധനം 73.4 ലക്ഷമായിരുന്നത് ഈ വര്‍ഷം 96.6 ലക്ഷമായി. 24.26 ശതമാനം വര്‍ധന. ആകെ നിക്ഷേപം കഴിഞ്ഞ വര്‍ഷം 31 കോടി 12 ലക്ഷത്തില്‍പ്പരമായിരുന്നത് ഈ വര്‍ഷം 44 കോടി 41 ലക്ഷത്തില്‍പ്പരമായി. ഇക്കാര്യത്തില്‍ 39.9 ശതമാനം വര്‍ധനയാണുണ്ടായത്. ആകെ പ്രവര്‍ത്തന മൂലധനം കഴിഞ്ഞ വര്‍ഷം 34 കോടി 25 ലക്ഷത്തില്‍പ്പരമായിരുന്നു. ഇക്കൊല്ലം അത് 42 കോടി 91 ലക്ഷത്തില്‍പ്പരമായി. 43.52 ശതമാനം വര്‍ധന. ആകെ വായ്പ കഴിഞ്ഞ വര്‍ഷത്തെ 22 കോടി 49 ലക്ഷത്തില്‍പ്പരം രൂപയില്‍നിന്ന് 12.58 ശതമാനം ഉയര്‍ന്ന് 22 കോടി 74 ലക്ഷത്തില്‍പ്പരം രൂപയായിട്ടുണ്ട്. 2018-19 ല്‍ 34.17 ലക്ഷം രൂപയാണു ലാഭം.

സ്വാശ്രയ വിപണി അടുത്ത ലക്ഷ്യം

സഹകരണ സ്വാശ്രയ വിപണി സ്ഥാപിക്കലാണു സംഘത്തിന്റെ ഭാവിപരിപാടികളില്‍ മുഖ്യമെന്ന് പ്രസിഡന്റ് മാത്യു തോമസ് പറഞ്ഞു. നെടുമ്പാശ്ശേരി വിമാനത്താവളത്തിനടുത്ത് ഇതിനായി ഒരു കെട്ടിടം ഒരു സഹകാരി വാടകയില്ലാതെ സംഘത്തിനു നല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അവിടെ കുറഞ്ഞ വിലയ്ക്കു പഴങ്ങളും പച്ചക്കറികളും വില്‍ക്കുന്ന ഷോപ്പ് തുടങ്ങും. സംഘം ലാഭമൊന്നുമെടുക്കാതെ, ലാഭവുമില്ല, നഷ്ടവുമില്ല എന്ന അടിസ്ഥാനത്തില്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ ഇവിടെ സംഭരിക്കും. സ്വാശ്രയസംഘങ്ങള്‍ ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ വാടകയും സര്‍വീസ്‌നിരക്കും ഈടാക്കാതെ ഇവിടെ കൊണ്ടുവന്നു വില്‍ക്കാന്‍ അനുവദിക്കും. ഇത്തരം സംഘങ്ങള്‍ക്കു കുറഞ്ഞ പലിശയ്ക്കു ധനസഹായം നല്‍കും. സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയനുസരിച്ചുള്ള കാര്‍ഷിക പ്രവര്‍ത്തനങ്ങളും പ്രാവര്‍ത്തികമാക്കുമെന്നു മാത്യു തോമസ് പറഞ്ഞു.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!