സഹകരണ സംഘവുമായി അലങ്കാരമത്സ്യ കര്‍ഷകര്‍

moonamvazhi

അലങ്കാര മത്സ്യങ്ങളെ വളര്‍ത്തി വില്‍ക്കുന്നവരുടെ ആദ്യത്തെ
സഹകരണ സംഘം പെരുവണ്ണാമൂഴിയില്‍ രൂപം കൊണ്ടു.
തുടക്കത്തില്‍ 22 പേരാണ്ഉണ്ടായിരുന്നത്. ഇപ്പോഴതു 106 പേരായി.
ആയിരം അംഗങ്ങളെ സംഘത്തില്‍ ചേര്‍ക്കാനാണ് ഉദ്ദേശിക്കുന്നത്.
സംഘമിപ്പോള്‍ നേപ്പാളിലേക്കും കൊല്‍ക്കത്തയിലേക്കും അലങ്കാര
മത്സ്യങ്ങളെ കയറ്റിയയക്കുന്നുണ്ട്.

 

അലങ്കാര മത്സ്യക്കര്‍ഷകര്‍ക്കു മാത്രമായി ഒരു സഹകരണ സംഘം. പേരാമ്പ്ര പെരുവണ്ണാമൂഴിയിലെ ഫിഷ് റിയറേഴ്സ് അസോസിയേഷന്‍ നോര്‍ത്ത് കോഴിക്കോട് ( FRANK – ഫ്രാങ്ക് ) എന്ന സഹകരണ കൂട്ടായ്മയാണ് അലങ്കാര മത്സ്യക്കൃഷിയിലും വിപണനത്തിലും വെന്നിക്കൊടി പാറിക്കുന്നത്. അലങ്കാര മത്സ്യക്കൃഷി പ്രോത്സാഹിപ്പിക്കുക, യുവതീയുവാക്കള്‍ക്ക് അധികം മുതല്‍മുടക്കില്ലാതെ മികച്ച ഉപജീവനമാര്‍ഗമായി അലങ്കാര മത്സ്യക്കൃഷിയെ മാറ്റുക, ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്നു കര്‍ഷകരെ രക്ഷിക്കുക, മത്സ്യത്തീറ്റയും അനുബന്ധ സാധനങ്ങളും മിതമായ നിരക്കില്‍ ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണു സഹകരണക്കൂട്ടായ്മ രൂപപ്പെട്ടത്. അലങ്കാര മത്സ്യക്കൃഷിയില്‍ താല്‍പ്പര്യമുളള നൂറോളം യുവതീയുവാക്കള്‍ സംഘത്തിലുണ്ട്. എന്നാല്‍, കരുതിയതിലും ഉയര്‍ന്ന നിലയില്‍ കൂട്ടായ്മ വളര്‍ന്നതോടെ ശോഭനമായ ഒരു ഭാവിയാണ് ഇവര്‍ സ്വപ്നം കാണുന്നത്. 2021 ഫെബ്രുവരിയില്‍ സ്ഥാപിതമായ സൊസൈറ്റി ഇത്തരം കര്‍ഷകരുടെ വലിയൊരു കൂട്ടായ്മയായി മാറുകയാണ്.

ലക്ഷ്യം 1000 പേര്‍

പെരുവണ്ണാമൂഴിയിലെ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശത്തോടെ ആരംഭിച്ച ഫ്രാങ്ക് എന്ന സംഘം ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഗ്രാമീണ മേഖലയില്‍ ചെറുകിട അലങ്കാരക്കര്‍ഷകര്‍ക്ക് ഏറെ സഹായം ചെയ്തുകഴിഞ്ഞു. കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന വിപണനകേന്ദ്രം വഴി ഒരു ലക്ഷം രൂപയുടെ വ്യാപാരം ഇക്കാലയളവിനിടെ നടത്തി. പരമാവധി വില ലഭിക്കുന്നതിനാല്‍ കര്‍ഷകര്‍ക്കുതന്നെയാണ് ഇതിന്റെ നേട്ടം കിട്ടിയത്. കോഴിക്കോട് ജില്ലയില്‍ നിന്നു ആയിരം പേരെ സംഘടിപ്പിച്ച് കൂട്ടായ്മ വിപുലപ്പെടുത്താനുളള പരിശ്രമത്തിലാണിപ്പോഴെന്നു സംഘത്തിനു മാര്‍ഗ നിര്‍ദേശം നല്‍കുന്ന പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോര്‍ഡിനേറ്ററും മേധാവിയുമായ പി. രാധാകൃഷ്ണനും സബ്ജക്ട് മാറ്റര്‍ സ്പെഷലിസ്റ്റ് (ഫിഷറീസ്) ഡോ. ബി. പ്രദീപും പറഞ്ഞു.

കൃഷി വിജ്ഞാന കേന്ദ്രത്തിനു 40 കി.മീറ്റര്‍ പരിധിയിലുളള 106 അലങ്കാര മത്സ്യക്കര്‍ഷകരാണ് ഈ സഹകരണ കൂട്ടായ്മയിലെ അംഗങ്ങള്‍.
ടി.എ. സുരേഷ് ബാബു പന്തിരിക്കര ( പ്രസിഡന്ററ് ), സുനി സെബാസ്റ്റ്യന്‍ കൂരാച്ചുണ്ട് (വൈസ് പ്രസി ), സരിത് ബാബു നടുവത്തൂര്‍ കീഴരിയൂര്‍ ( സെക്രട്ടറി ),പി.കെ. ജിജുലാല്‍ കാക്കൂര്‍ ( ജോ.സെക്ര ), കെ.എം. വര്‍ഗീസ് മരുതോങ്കര ( ഖജാന്‍ജി) , എം.എം. വിപിന്‍ദാസ് (കട്ടിപ്പാറ), സി. ഇബ്രാഹിം നയീം വടക്കുമ്പാട്, ടി.ആര്‍. ജിനേഷ് പേരാമ്പ്ര, പി.എം. ചന്ദ്രന്‍ പറമ്പത്ത് മീത്തല്‍ പാലേരി , കെ.സി. നിഷീദ് പാതിരിപ്പറ്റ, കെ.കെ. വികാസ് നടുവത്തൂര്‍, ബിന്ദു അജു മുതുകാട്, പി.ബി. അരുണ്‍ കുമാര്‍ തലയാട്, ഒ.പി. രഞ്ജിത്ത് ലാല്‍ ഉളളിയേരി, വി.എന്‍. വിനീഷ് വാകയാട് നടുവണ്ണൂര്‍ എന്നിവരുള്‍പ്പെട്ടതാണ് പതിനഞ്ചംഗ ഭരണസമിതി. ഭരണ സമിതിയംഗങ്ങള്‍ക്കു സൊസൈറ്റിയുടെ വിവിധ ചുമതലകള്‍ വീതിച്ചു നല്‍കിയിട്ടുണ്ട്. മീന്‍ കുഞ്ഞുങ്ങള്‍, തീറ്റ, മറ്റ് അക്വേറിയം വസ്തുക്കള്‍ എന്നിവ വാങ്ങുന്നതിന്റെ ചുമതല പര്‍ച്ചേഴ്സ് ഗ്രൂപ്പിനാണ്. മീന്‍ കുഞ്ഞുങ്ങളെ ഉല്‍പ്പാദിപ്പിക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കുക പ്രൊഡക്ഷന്‍ ഗ്രൂപ്പാണ്. മീന്‍ കുഞ്ഞുങ്ങളെ വില്‍ക്കുന്നതിന്റെ ചുമതല മാര്‍ക്കറ്റിങ് ഗ്രൂപ്പിനാണ്. മീന്‍ കുഞ്ഞുങ്ങളുടെ തരംതിരിവ്, ഗുണനിലവാരം ഉറപ്പു വരുത്തല്‍ എന്നിവ ഗ്രേഡിങ് ക്വാളിറ്റി ഗ്രൂപ്പ് കൈകാര്യം ചെയ്യും. ഇവരെയെല്ലാം ഏകീകരിച്ചു കൊണ്ടുപോവുന്നതു പ്രസിഡന്റും സെക്രട്ടറിയുമാണ്.

വിപണനത്തിനു സഹായം

അംഗങ്ങളുടെ വീട്ടിലെ ടാങ്കുകളിലെ അലങ്കാര മത്സ്യങ്ങളെ വിപണിയിലെത്തിക്കാന്‍ സഹായം ചെയ്തു കൊടുക്കുകയാണു സൊസൈറ്റിയുടെ പ്രാഥമിക ചുമതല. എല്ലാ ചൊവ്വാഴ്ചയും പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തോടു ചേര്‍ന്നുളള അലങ്കാര മത്സ്യ വിപണനകേന്ദ്രത്തില്‍ ചന്തയുണ്ടാവും. കര്‍ഷകര്‍ മത്സ്യക്കുഞ്ഞുങ്ങളുമായി ഇവിടെയെത്തി മത്സ്യം കൈമാറും. കര്‍ഷകര്‍ നിശ്ചയിക്കുന്ന വിലതന്നെ അവര്‍ക്കു നല്‍കും. ഇങ്ങനെ ശേഖരിക്കുന്ന അലങ്കാര മത്സ്യങ്ങളെക്കുറിച്ചുളള വിവരണങ്ങള്‍ അലങ്കാരമത്സ്യം വില്‍ക്കുന്ന അക്വേറിയം ഷോപ്പുകാരെ വാട്സ് ആപ്പ് സന്ദേശത്തിലുടെ അറിയിക്കും. അവര്‍ നല്‍കുന്ന ഓര്‍ഡറുകള്‍ക്കനുസരിച്ച് ഷോപ്പുകളില്‍ മീന്‍കുഞ്ഞുങ്ങളെ എത്തിച്ചുകൊടുക്കും. പെരുവണ്ണാമൂഴിയിലെ അലങ്കാര മത്സ്യ വിപണന കേന്ദ്രത്തില്‍ നേരിട്ട് എത്തിയും മത്സ്യക്കുഞ്ഞുങ്ങളെ കൊണ്ടുപോകാം. ഇപ്പോള്‍ സംസ്ഥാനത്തുടനീളം അക്വേറിയം ഷോപ്പുകളിലേക്ക് അലങ്കാര മത്സ്യങ്ങളെ കയറ്റി അയക്കുന്നുണ്ട്. കൂടാതെ, കൊല്‍ക്കൊത്ത വഴി നേപ്പാളിലേക്കും വന്‍തോതില്‍ അലങ്കാര മത്സ്യങ്ങളെ കയറ്റിയയക്കുന്നുണ്ട്. അലങ്കാര മത്സ്യം വളര്‍ത്താനാഗ്രഹിക്കുന്ന വ്യക്തികള്‍ക്കും കേന്ദ്രത്തിലെത്തി കുഞ്ഞുങ്ങളെ വാങ്ങാം. സൊസൈറ്റിയുടെ വലിയൊരു ഔട്ട്ലെറ്റ് കൊയിലാണ്ടിയില്‍ ദേശീയ പാതയോരത്തു തുറക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ക്കായി അഞ്ചു ലക്ഷം രൂപ നബാര്‍ഡ് സഹായധനമായി അനുവദിച്ചിട്ടുണ്ട്. 1,60,000 രൂപയാണു ഔട്ട്ലെറ്റിനായി നീക്കി വെച്ചത്. പെരുവണ്ണാമൂഴിയില്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ കാര്‍പ്പ് ഹാച്ചറി, അക്വേറിയം സസ്യങ്ങളുടെ പ്ലാന്റ് എന്നിവ സ്ഥാപിക്കാനും നബാര്‍ഡിന്റെ സഹായധനം ഉപയോഗപ്പെടുത്തും.

മത്സ്യക്കുഞ്ഞുങ്ങളുടെ വില്‍പ്പനയിലൂടെ ലഭിക്കുന്ന തുകയുടെ 80 ശതമാനവും കര്‍ഷകര്‍ക്കുതന്നെ ലഭിക്കും. 10 ശതമാനം വീതം ലാഭം സൊസൈറ്റിയും കൃഷി വിജ്ഞാന കേന്ദ്രവും എടുക്കും. മത്സ്യത്തീറ്റ സൊസൈറ്റി മൊത്തം വിലയ്ക്കു വാങ്ങി ലാഭമൊന്നുമെടുക്കാതെതന്നെ അംഗങ്ങള്‍ക്കു നല്‍കും. ഇതിലൂടെ വലിയ സാമ്പത്തികലാഭമാണു കര്‍ഷകര്‍ക്കു ലഭിക്കുന്നത്. ചെറുകിട വ്യാപാരികളില്‍ നിന്നും സ്വകാര്യ മത്സ്യ വില്‍പ്പന സ്റ്റാളുകളില്‍ നിന്നും ഉയര്‍ന്ന വിലയ്ക്കു തീറ്റ വാങ്ങേണ്ട അവസ്ഥ ഇതുകൊണ്ട് അവര്‍ക്കുണ്ടാവുന്നില്ല.

അലങ്കാര മത്സ്യം നേപ്പാളിലേക്കും

കൊറോണക്കാലത്ത് അലങ്കാര മത്സ്യ വില്‍പ്പനക്കു പ്രതിസന്ധി നേരിട്ടപ്പോള്‍ സംഘം വലിയ സഹായമാണു ചെയ്തത്. കോവിഡ് കാലത്ത് അലങ്കാര മത്സ്യങ്ങളെ വില്‍ക്കുന്ന കടകള്‍ തുറക്കാതായപ്പോള്‍ മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങാനും തീറ്റകള്‍ എത്തിച്ചു നല്‍കാനും സൊസൈറ്റി സഹായിച്ചു. കൊല്‍ക്കത്തയിലേക്കും നേപ്പാളിലേക്കും അലങ്കാരമത്സ്യം കയറ്റി അയക്കാന്‍ തുടങ്ങിയതോടെ വിപണന രംഗത്തു കൂടുതല്‍ പ്രതീക്ഷയിലാണു കര്‍ഷകര്‍. മത്സ്യക്കര്‍ഷകരെ സഹായിക്കാന്‍ വിപണനത്തിനു മാര്‍ക്കറ്റിങ് ടീമും ഉല്‍പ്പാദനത്തിനു മാര്‍ഗ നിര്‍ദേശവും സഹായങ്ങളും നല്‍കാന്‍ പ്രൊഡക്ഷന്‍ ടീമും സംഘത്തിനു കീഴിലുളളതു കര്‍ഷകര്‍ക്കു വലിയ സഹായമാണ്.

മത്സ്യം വളര്‍ത്താന്‍ താല്‍പ്പര്യവും പരിശ്രമിക്കാന്‍ മനസ്സുമുണ്ടെങ്കില്‍ അലങ്കാര മത്സ്യക്കൃഷി നല്ലൊരു വരുമാനമാര്‍ഗമാണെന്നാണ് ഇവരുടെ അനുഭവം. ആവശ്യത്തിനനുസരിച്ച് അലങ്കാര മത്സ്യങ്ങള്‍ നല്‍കാനാകുന്നില്ലെന്ന പ്രശ്നമേ ഇവര്‍ക്കിപ്പോഴുള്ളൂ. അലങ്കാര മത്സ്യക്കൃഷിയില്‍ വ്യാപൃതരായ കര്‍ഷകരെ സംഘടിപ്പിച്ചു സഹകരണ സംഘം രൂപവല്‍ക്കരിക്കാമെന്ന ആശയം കൃഷി വിജ്ഞാന കേന്ദ്രത്തിലെ സബ്ജക്ട് മാറ്റര്‍ സ്പെഷലിസ്റ്റ് (ഫിഷറീസ്) ഡോ. ബി. പ്രദീപ് മുന്നോട്ടുവെച്ചപ്പോള്‍ പരീശിലനം നേടാനെത്തിയ കര്‍ഷകര്‍ അതേറ്റെടുക്കാന്‍ മുന്നോട്ട് വരികയായിരുന്നു. പ്രോഗ്രാം കോഡിനേറ്റര്‍ ഡോ. പി. രാധാകൃഷ്ണനും എല്ലാ പിന്തുണയുമായി ഒപ്പം നിന്നു. 22 പേരെ ഉള്‍പ്പെടുത്തിയായിരുന്നു തുടക്കം. പിന്നീട് 106 പേരായി. ജില്ലയിലെ ആയിരം കര്‍ഷകരെ അംഗങ്ങളാക്കി ഈ സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനം ഉടന്‍ വിപുലീകരിക്കുമെന്നു ഡോ.പി. രാധാകൃഷ്ണന്‍ പറഞ്ഞു.

സൊസൈറ്റി ലക്ഷ്യങ്ങള്‍

ഗുണമേന്മയുള്ള അലങ്കാര മത്സ്യങ്ങളും അക്വേറിയം സസ്യങ്ങളും ഉല്‍പ്പാദിപ്പിക്കുകയാണു സൊസൈറ്റിയുടെ പ്രധാന ലക്ഷ്യം. അലങ്കാര മത്സ്യ ക്കര്‍ഷകരും അക്വേറിയം സസ്യക്കര്‍ഷകരും നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനും പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുകയാണു രണ്ടാമത്തെ ലക്ഷ്യം. അലങ്കാര മത്സ്യങ്ങളുടെ ശാസ്തീയവും ആരോഗ്യപരവുമായ പ്രജനനം, സംരക്ഷണം എന്നിവ പ്രോത്സാഹിപ്പിക്കുക, സാങ്കേതിക സഹായം നല്‍കുക, ആധുനിക കൃഷിരീതികള്‍ പരിചയപ്പെടുത്തുക, വിപണനത്തിനു സഹായിക്കുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയവയാണു സംഘത്തിന്റെ മറ്റു ലക്ഷ്യങ്ങള്‍. സംഘത്തില്‍ അംഗങ്ങളായ അലങ്കാര മത്സ്യക്കര്‍ഷകരുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുക, ഇന്ത്യയിലും വിദേശത്തുമുളള അലങ്കാര മത്സ്യങ്ങളെയും അക്വേറിയം സസ്യങ്ങളെയുംകുറിച്ചു പഠിക്കുകയും അവ കര്‍ഷകര്‍ക്കു പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്യുക, ഈ വിഷയത്തില്‍ സെമിനാറുകള്‍, ശില്‍പ്പശാലകള്‍, പ്രദര്‍ശനങ്ങള്‍, ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവ സംഘടിപ്പിക്കുക എന്നിവയും സൊസൈറ്റി ലക്ഷ്യമിടുന്നു. ദേശീയ – അന്തര്‍ദേശീയ വിപണന സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനും അനുബന്ധ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനും സംഘം ഉദ്ദേശിക്കുന്നു.

തമിഴ്നാട്ടില്‍ നിന്നാണു കേരളത്തിലേക്ക് അലങ്കാര മത്സ്യക്കുഞ്ഞുങ്ങളെ കൂടുതലും എത്തിക്കുന്നതെന്നു ഫ്രാങ്ക് പ്രസിഡന്റ് ടി.എ. സുരേഷ് ബാബു പറഞ്ഞു. ഗുണമേന്മയുള്ള കുഞ്ഞുങ്ങളെ ഇവിടെത്തന്നെ ബ്രീഡ് ചെയ്തു ഉല്‍പ്പാദിപ്പിക്കാനുളള ശ്രമമാണു നടക്കുന്നത്. നമ്മുടെ കാലാവസ്ഥയിലും വെളളത്തിലും ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന മല്‍ത്സ്യക്കുഞ്ഞുങ്ങള്‍ മാത്രമാണ് അതിജീവിക്കുക. അലങ്കാര മത്സ്യം വളര്‍ത്തലിലെ തുടക്കക്കാര്‍ക്ക് ആവശ്യമായ സഹായം ചെയ്യാനും സൊസൈറ്റി ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അലങ്കാര മത്സ്യക്കര്‍ഷകരുടെ സംഘം തുടങ്ങിയതുവഴി കര്‍ഷകര്‍ക്ക് ഏറെ പ്രയോജനം ലഭിച്ചിട്ടുണ്ടെന്നു പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രം സബ്ജക്ട് മാറ്റര്‍ സ്പെഷലിസ്റ്റ് ( ഫിഷറീസ് ) ഡോ. ബി. പ്രദീപ് പറഞ്ഞു. സംഘത്തില്‍ ചേര്‍ന്ന ഭൂരിഭാഗം പേരും കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പരിശീലനം നേടിയവരാണ്. കുറഞ്ഞ വിലയ്ക്കു മത്സ്യക്കുഞ്ഞുങ്ങളെ ലഭ്യമാക്കാനും വിപണന സൗകര്യമൊരുക്കാനും സംഘത്തിനു കഴിയുന്നുണ്ട്. ഹാച്ചറി ഉള്‍പ്പടെ വന്നുകഴിഞ്ഞാല്‍ കൂടുതല്‍ പ്രയോജനകരമാകും. മത്സ്യക്കുഞ്ഞുങ്ങള്‍ക്ക് ആകര്‍ഷകമായ നിറ വ്യത്യാസം വരുത്താന്‍ കഴിയുന്ന തരത്തിലുളള പരീക്ഷണങ്ങളും ഇതോടൊപ്പം നടക്കുന്നുണ്ട്. ഔട്ട്‌ലെറ്റില്‍ കിട്ടുന്ന മത്സ്യ ഇനങ്ങള്‍ വിഡോ ടെട്ര ഗ്ലീന്‍, വിഡോ ടെട്ര പര്‍പ്പിള്‍, സ്വോര്‍ഡ് ടെയില്‍, ഏയ്ഞ്ചല്‍, സെവറം, ജുവല്‍ ഫിഷ്, കാര്‍പ്പ്, ഓസ്‌കാര്‍, ഫൈറ്റര്‍, പോളാര്‍ ബ്ലൂ, കോണ്‍വിക്റ്റ്, ഗപ്പി, ഷാര്‍ക്ക്, ഗോള്‍ഡ് ഫിഷ് എന്നിവയാണ് – ഡോ. പ്രദീപ് പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!