ഏകീകൃതസോഫ്‌റ്റുവെയര്‍ മുതല്‍ ജില്ലാബാങ്ക്‌ ലയനംവരെ: സഹകരണമന്ത്രിയെ കാത്ത്‌ പ്രശ്‌നങ്ങളേറെ

Moonamvazhi

സഹകരണമന്ത്രിയായ എം ലിജുവിനെ കാത്തിരിക്കുന്നത്‌ ഏകീകൃതസോഫ്‌റ്റുവെയറും കേരളബാങ്കിലെ മലപ്പുറം ജില്ലാസഹകരണബാങ്കിന്റെ ലയനവുമടക്കം ഏറെ പ്രശ്‌നങ്ങള്‍. പ്രാഥമികകാര്‍ഷികവായ്‌പാസഹകരണസംഘങ്ങളില്‍ (പാക്‌സ്‌) കേന്ദ്രസഹകരണമന്ത്രാലയം രൂപകല്‍പന ചെയ്‌തു സൗജന്യമായി നല്‍കുന്ന പൊതുസോഫ്‌റ്റുവെയര്‍ സ്വീകരിക്കേണ്ടതില്ലെന്നും, കേന്ദ്രസോഫ്‌റ്റുവെയര്‍ സംസ്ഥാനവിഷയമായ സഹകരണത്തിലേക്കു കടന്നു കയറാനുള്ള കേന്ദ്രസര്‍ക്കാരിന്റെ വളഞ്ഞവഴിയിലൂടെയുള്ള ശ്രമമാണെന്നും, സംസ്ഥാനം സ്വന്തമായി ഏകീകൃതസോഫ്‌റ്റുവെയര്‍ നടപ്പാക്കുമെന്നുമായിരുന്നു ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ നിലപാട്‌. എന്നാല്‍ കേരളത്തിനു പുറത്ത്‌ കോണ്‍ഗ്രസ്‌ സര്‍ക്കാരുകളടക്കം മിക്ക സംസ്ഥാനസര്‍ക്കാരുകളും കേന്ദ്രപൊതുസോഫ്‌റ്റുവെയര്‍ സ്വീകരിച്ചിട്ടുണ്ട്‌. കേരളത്തിനുപുറമെ കോണ്‍ഗ്രസ്‌ ഭരണത്തിലുള്ള തെലങ്കാനയാണു കേന്ദ്രപൊതുസോഫ്‌റ്റുവെയര്‍ സ്വീകരിച്ചിട്ടില്ലാത്ത സംസ്ഥാനം. നേരത്തേ കേന്ദ്രസര്‍ക്കാരിനെ എതിര്‍ത്തുകൊണ്ടിരുന്ന പശ്ചിമബംഗാള്‍, തമിഴ്‌നാട്‌ സര്‍ക്കാരുകളടക്കം കേന്ദ്രപൊതുസോഫ്‌റ്റുവെയര്‍ സ്വീകരിച്ചിട്ടുണ്ട്‌. കോണ്‍ഗ്രസ്‌ ഭരിക്കുന്ന കര്‍ണാടക, ഹിമാചല്‍പ്രദേശ്‌ സര്‍ക്കാരുകളും ഭരണസഖ്യത്തില്‍ കോണ്‍ഗ്രസ്സും ഉള്‍പ്പെടുന്ന ജാര്‍ഖണ്ഡും കേന്ദ്രപൊതുസോഫ്‌റ്റുവെയര്‍ സ്വീകരിച്ചിട്ടുണ്ട്‌.

തെലങ്കാന ഒഴികെയുള്ള സംസ്ഥാനങ്ങളിലെപ്പോലെ കേന്ദ്രപൊതുസോഫ്‌റ്റുവെയര്‍ സ്വീകരിക്കാന്‍ തീരുമാനിക്കണോ അതോ ടെണ്ടര്‍ ഘട്ടം വരെയെത്തിയ ഏകീകൃതസോഫ്‌റ്റുവെയര്‍ നടപടികളുമായി മുന്നോട്ടുപോകണോ എന്ന പ്രശ്‌നം പുതിയ സഹകരണമന്ത്രിയുടെ മുന്നിലെത്തും. ഏകീകൃതസോഫ്‌റ്റുവെയര്‍ കാര്യത്തില്‍ ഹൈക്കോടതിയിലെ രണ്ടു ബെഞ്ചുകളില്‍ കേസ്‌ നടപടികളുണ്ട്‌.
ഏകീകൃതസോഫ്‌റ്റുവെയര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട റിക്വസ്റ്റ്‌ ഫോര്‍ പ്രൊപ്പോസലി (ആര്‍എഫ്‌പി) നെതിരായ റിട്ടുഹര്‍ജിയില്‍ ഹൈക്കോടതി സ്‌റ്റേ അനുവദിച്ചില്ലെങ്കിലും കരാര്‍ ഒപ്പിടുംമുമ്പു ടെണ്ടറിന്റെ വിശദവിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നു ജസ്റ്റിസ്‌ പി. ഗോപിനാഥിന്റെ നിര്‍ദേശമുണ്ട്‌. കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള കല്ലേറ്റുങ്കര സര്‍വീസ്‌ സഹകരണബാങ്കും മറ്റും നല്‍കിയ റിട്ടുഹര്‍ജിയിലാണിത്‌. സ്വയംഭരണം ഇല്ലാതാക്കലല്ല, ആധുനികീകരണത്തിന്റെ നേട്ടങ്ങള്‍ സഹകരണസംഘങ്ങള്‍ക്കു ലഭ്യമാക്കലാണു ലക്ഷ്യമെന്നും, തടയപ്പെടേണ്ടവിധം നിയമവിരുദ്ധമായി ഇതില്‍ ഒന്നുമില്ലെന്നും, ടെണ്ടര്‍ തുടരാന്‍ അനുവദിക്കണമെന്നുമാണ്‌ സര്‍ക്കാരിനുവേണ്ടി അന്നത്തെ അഡ്വക്കേറ്റ്‌ ജനറല്‍ കെ. ഗോപാലകൃഷ്‌ണക്കുറുപ്പും മറ്റും വാദിച്ചത്‌. സംസ്ഥാനത്തെ ഭരണമാറ്റത്തെത്തുടര്‍ന്ന്‌ ഗോപാലകൃഷ്‌ണക്കുറുപ്പ്‌ രാജിവെക്കുകകയും പുതിയ അഡ്വക്കേറ്റ്‌ ജനറലായി ജാജുബാബുവിനെ നിയമിക്കാന്‍ വി.ഡി. സതീശന്‍സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്‌തിട്ടുണ്ട്‌. പുതിയ അഡ്വക്കേറ്റ്‌ ജനറല്‍ പുതിയ സര്‍ക്കാരിന്റെ നയത്തിന്‌ അനുകൂലമായിട്ടായിരിക്കും വാദമുഖങ്ങള്‍ ഉയര്‍ത്തുക. കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള കല്ലേറ്റുങ്കരസഹകരണബാങ്കിന്റെയും മറ്റും നിലപാടിനെതിരായ സമീപനം കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള യുഡിഎഫ്‌ സര്‍ക്കാര്‍ എടുക്കുമോ എന്നതാണു പ്രശ്‌നം. ആര്‍എഫ്‌പി സ്റ്റേ ചെയ്യുന്നതിനെ സര്‍ക്കാരും അനുകൂലിക്കുകയാണെങ്കില്‍ നേരത്തേ മുന്‍അഡ്വക്കേറ്റ്‌ ജനറല്‍ ഉന്നയിച്ചതിനു വിരുദ്ധമായ വാദങ്ങളാവും പുതിയ അഡ്വക്കേറ്റ്‌ ജനറല്‍ ഉയര്‍ത്തുക എന്നു കരുതേണ്ടിയിരിക്കുന്നു.


2025 നവംബര്‍ മൂന്നിന്‌, പാക്‌സുകള്‍ക്കായി ഏകീകൃതസോഫ്‌റ്റുവെയര്‍ നടപ്പാക്കുന്നതിനായി കണ്‍സോര്‍ഷ്യത്തെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട്‌ സഹകരണരജിസ്‌ട്രാര്‍ ഇറക്കിയ ആര്‍എഫ്‌പി റദ്ദാക്കുകയും സഹകരണനിയമത്തിനു വിരുദ്ധമായി പ്രഖ്യാപിക്കുകയും ചെയ്യണമെന്നാണു കല്ലേറ്റുങ്കരസര്‍വീസ്‌ സഹകരണബാങ്കിന്റെയും മറ്റും ഹര്‍ജി.
സ്വയംസന്നദ്ധമായി രൂപവല്‍കരിക്കുകയും സ്വയംഭരണാധികാരത്തോടെ പ്രവര്‍ത്തിക്കുകയും പ്രൊഫഷണല്‍ മാനേജ്‌മെന്റോടെ നടത്തുകയും ചെയ്യാന്‍ ഭരണഘടനയുടെ 43 ബി വകുപ്പു സഹകരണസ്ഥാപനങ്ങള്‍ക്കു നല്‍കുന്ന അവകാശത്തിന്റെ ലംഘനമാണ്‌ ആര്‍എഫ്‌പി എന്നാണു ഹര്‍ജിയിലെ പരാതി. സോഫ്‌റ്റുവെയര്‍ നല്‍കാന്‍ ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ടെങ്കിലും ചില വന്‍സ്ഥാപനങ്ങള്‍ക്കും സര്‍ക്കാരിനു താല്‍പര്യമുളള സ്ഥാപനത്തിനും അനുകൂലമായ വിധത്തിലാണതിലെ വ്യവസ്ഥകള്‍ എന്നാണു മറ്റൊരു പരാതി. ആര്‍എഫ്‌പിയുടെ ഘടനപ്രകാരം ചെലവിന്റെ ഗണ്യമായ ഭാഗവും പാക്‌സുകള്‍ വഹിക്കേണ്ടി വരുമെന്നും, അതേസമയം, നബാര്‍ഡ്‌ വഴി കേന്ദ്രസര്‍ക്കാരിന്റെ സോഫ്‌റ്റുവെയര്‍ സൗജന്യമായി ലഭ്യമാണെന്നും ഹര്‍ജിയില്‍ പറയുന്നു. പാക്‌സുകളുടെ കാര്യങ്ങള്‍ നേരിട്ടു സംസ്ഥാനസര്‍ക്കാരിനു പ്രാപ്യമാകുമെന്ന ആശങ്കയും ഹര്‍ജിയിലുണ്ട്‌.
അതേസമയം മറ്റൊരു ഹര്‍ജിയില്‍ ഏകീകൃതസോഫ്‌റ്റുവെയര്‍ നടപ്പാക്കാനുള്ള ടെണ്ടര്‍ അന്തിമമാക്കുന്നതു ഹൈക്കോടതി താല്‍കാലികമായി തടഞ്ഞിരുന്നു. ദിനേശ്‌ ഐടി സര്‍വീസസിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിനു കരാര്‍ നല്‍കുന്നതിനെതിരെ മലബാര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കോഓപ്പറേറ്റീവിന്റെ (മിറ്റ്‌കോ) നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം നല്‍കിയ ഹര്‍ജിയിലായിരുന്നു ജസ്‌റ്റിസ്‌ സിയാദ്‌ റഹ്മാന്‍ സ്‌റ്റേ അനുവദിച്ചിരുന്നത്‌. ടെണ്ടറിന്റെ ആര്‍എഫ്‌പിയില്‍ (റിക്വസ്റ്റ്‌ ഫോര്‍ പ്രൊപ്പോസല്‍) പ്രാഥമികപ്രോജക്ട്‌ എന്നനിലയില്‍ 280 സംഘങ്ങളെ ഉദ്ദേശിച്ചാണോ സംസ്ഥാനത്തെ 1612 സംഘങ്ങളെയും ഉദ്ദേശിച്ചാണോ എന്ന പ്രശ്‌നമുണ്ട്‌. ദിനേശ്‌ 58.88 കോടിയുടെ ടെണ്ടര്‍ നല്‍കിയത്‌ 280സംഘത്തെ ഉദ്ദേശിച്ചാണ്‌. മിറ്റ്‌കോ 273.42 കോടിയുടെ ടെണ്ടര്‍ നല്‍കിയത്‌ 1612 സംഘത്തെ ഉദ്ദേശിച്ചാണ്‌. വിജ്ഞാപനത്തില്‍ 1612 സംഘങ്ങള്‍ക്കാണു ടെണ്ടര്‍ ക്ഷണിച്ചതെന്നാണു മനസ്സിലാകുന്നതെന്നും, എത്ര സംഘങ്ങള്‍ക്കായിട്ടാണെന്നു വ്യക്തമായി പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തില്‍ വിശദപരിശോധന ആവശ്യമാണെന്നു കണ്ടു സര്‍ക്കാരിനോടുംമറ്റും മറുപടി സത്യവാങ്‌മൂലം നല്‍കാന്‍ നിര്‍ദേശിച്ചാണു സ്‌റ്റേ.
ഏകീകൃതസോഫ്‌റ്റുവെയര്‍ ഇടപാടില്‍ 700 കോടിയുടെ ക്രമക്കേട്‌ ഉണ്ടെന്ന ആരോപണം തിരഞ്ഞെടുപ്പിനുമുമ്പ്‌ ഇപ്പോഴത്തെ ആഭ്യന്തരമന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ രമേശ്‌ ചെന്നിത്തല ഉന്നയിച്ചിരുന്നു.
കേരളബാങ്കില്‍ മലപ്പുറം ജില്ലാസഹകരണബാങ്കിനെ ലയിപ്പിച്ച നടപടി ചോദ്യം ചെയ്യപ്പെട്ടതിന്റെ പ്രശ്‌നങ്ങളും പുതിയ സഹകരണമന്ത്രിക്ക്‌ അഭിമുഖീകരിക്കേണ്ടിവരും. മലപ്പുറം ജില്ലാസഹകരണബാങ്ക്‌ ഭരണസമിതി മുസ്ലിംലീഗിനു മുന്‍തൂക്കമുള്ളതായിരുന്നു. യുഡിഎഫ്‌ അധികാരത്തില്‍ വന്നപ്പോള്‍ സഹകരണവകുപ്പു ലഭിച്ചിരിക്കുന്നതു കോണ്‍ഗ്രസ്സിനാണ്‌. ഘടകകക്ഷിയായ മുസ്ലിംലീഗിന്റെ താല്‍പര്യത്തിനു വിരുദ്ധമായി നില്‍ക്കാന്‍ കോണ്‍ഗ്രസ്സിനു സ്വാഭാവികമായും പരിമിതിയുണ്ടാകും. അതേസമയം കേരളത്തില്‍ ഒരു ജില്ലയില്‍ മാത്രം ജി്‌ല്ലാസഹകരണബാങ്ക്‌ തുടരുകയും മറ്റു 13 ജില്ലകളിലും പ്രാഥമികവായ്‌പാസഹകരണസംഘങ്ങളും സംസ്ഥാനസഹകരണബാങ്കും എന്ന ദ്വിതല സംവിധാനം നിലനില്‍ക്കുന്നതും അപാകമാകും.
മലപ്പുറം ജില്ലാസഹകരണബാങ്കിനെ കേരളബാങ്കില്‍ ലയിപ്പിച്ച പ്രശ്‌നത്തില്‍ റിസര്‍വ്‌ബാങ്കിന്റെ അപ്പീല്‍ സുപ്രീംകോടതി മുമ്പാകെയുണ്ട്‌.സ്റ്റാറ്റസ്‌കോയില്‍ ചെറിയ ഭേദഗതി വരുത്തി അന്തിമതീര്‍പ്പുവരെ മലപ്പുറം ജില്ലാസഹകരണബാങ്കിന്റെ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ താല്‍കാലികജീവനക്കാരെ വെക്കാന്‍ കോടതി അനുവദിച്ചിട്ടുണ്ട്‌.
ലയനം കേരളഹൈക്കോടതി ശരിവെച്ചിരുന്നു. സഹകരണമേഖലയെ ശക്തമാക്കുന്ന നയതീരുമാനമെന്നു വിലയിരുത്തിയാണു ഹൈക്കോടതി ലയനം അംഗീകരിച്ചിരുന്നത്‌. എന്നാല്‍, മലപ്പുറം ജില്ലാസഹകരണബാങ്കിനെ കേരളബാങ്കില്‍ ലയിപ്പിക്കാന്‍ റിസര്‍വ്‌ ബാങ്കിന്റെ മുന്‍കൂര്‍ അനുമതിയില്ലായിരുന്നുവെന്നു റിസര്‍വ്‌ ബാങ്ക്‌ അപ്പീലില്‍ ബോധിപ്പിച്ചു. മറ്റു 13 ജില്ലാസഹകരണബാങ്കുകളുടെ കാര്യത്തില്‍ തത്വത്തില്‍ അനുമതിയുണ്ടായിരുന്നു.
കേരളസഹകരണനിയമത്തിലെ 74എച്ച്‌ വകുപ്പുപ്രകാരമാണു മലപ്പുറം ജില്ലാസഹകരണബാങ്കിനെ ലയിപ്പിച്ചത്‌. മുന്‍കൂര്‍അനുമതിയില്ലാത്തതിനാല്‍ മലപ്പുറംജില്ലാബാങ്ക്‌ `യോഗ്യമായ സഹകരണസംഘ’ത്തിന്റെ നിര്‍വചനത്തില്‍ വരില്ലെന്നും അതുകൊണ്ടു നിക്ഷേപങ്ങള്‍ക്കു നിക്ഷേപഇന്‍ഷുറന്‍സ്‌-വായ്‌പാഗ്യാരന്റി കോര്‍പറേഷന്റെ ഇന്‍ഷുറന്‍സ്‌ പരിരക്ഷ കിട്ടില്ലെന്നുമാണു റിസര്‍വ്‌ ബാങ്കിന്റെ വാദം. സര്‍ക്കാരിനു സഹകരണസംഘങ്ങളുടെമേല്‍ അധികാരമുണ്ടെങ്കിലും ബാങ്കിങ്‌ ലൈസന്‍സ്‌ ഉള്ള സഹകരണബാങ്കുകളുടെ ബാങ്കിങ്‌ കാര്യങ്ങളില്‍ റിസര്‍വ്‌ ബാങ്കിനാണ്‌ അധികാരം. പൊതുയോഗത്തിലെ കേവലഭൂരിപക്ഷത്തിന്റെയോ രജിസ്‌ട്രാറുടെ ഉത്തരവിന്റെയോ അടിസ്ഥാനത്തില്‍ ലയനമാവാമെന്ന കേരളസഹകരണനിയമഭേദഗതി റിസര്‍വ്‌ ബാങ്കിന്റെ കേന്ദ്രറെഗുലേറ്റര്‍ പദവിയെ മറികടക്കുന്നതാണ്‌ എന്നാണു റിസര്‍വ്‌ ബാങ്കിന്റെ മറ്റൊരു വാദം.
മലപ്പുറം ജില്ലാസഹകരണബാങ്ക്‌ ഇപ്പോള്‍ എങ്ങനെയാണു പ്രവര്‍ത്തിക്കുന്നതെന്ന കോടതിയുടെ ചോദ്യത്തിന്‌ കേരളബാങ്കാണു പ്രവര്‍ത്തനം നിയന്ത്രിക്കുന്നതെന്നു കേരളബാങ്കും ഇപ്പോഴും കണക്കുകള്‍ വെവ്വേറെയാണെന്നും ലയനം നിയമപരമായി പൂര്‍ത്തിയായിട്ടില്ലെന്നും മറുഭാഗവും പറഞ്ഞിരുന്നു.
സഹകരണബാങ്കുസംവിധാനത്തിന്‌ പ്രാഥമികസഹകരണബാങ്കുകളും അവയ്‌ക്കു മുകളില്‍ ജില്ലാസഹകരണബാങ്കും ഏറ്റവും മുകളില്‍ സംസ്ഥാനസഹകരണബാങ്കും എന്ന ത്രിതലഘടനയാണു കേന്ദ്രത്തിന്റെ നയം. ഇതു കേരളത്തില്‍ തിരികെ കൊണ്ടുവരികയും ജില്ലാസഹകരണബാങ്കുകള്‍ പുനസ്ഥാപിക്കണമെന്നു വാദിക്കുകയും ചെയ്യുന്നവരുണ്ട്‌.
മിസലേനിയസ്‌ സഹകരണസംഘങ്ങള്‍ തങ്ങള്‍ക്കു സ്വന്തം അപ്പെക്‌സ്‌ സ്ഥാപനം വേണമെന്നു വര്‍ഷങ്ങളായി ആവശ്യപ്പെട്ടുവരികയാണ്‌. തങ്ങളെ ഒന്നുകില്‍ കേരളബാങ്കില്‍ പ്രാഥമികവായ്‌പാസഹകരണബാങ്കുകളെപ്പോലെതന്നെ പൂര്‍ണഅംഗത്വമുള്ളവയാക്കി മാറ്റുകയോ കേരളബാങ്കില്‍നിന്നു മുക്തമായി സ്വന്തം അപ്പെക്‌സ്‌ സ്ഥാപനം പടുത്തുയര്‍ത്താന്‍ അനുവദിക്കുകയോ ചെയ്യണമെന്ന ആവശ്യവും പുതിയ സഹകരണമന്ത്രിക്കു മുമ്പാകെയെത്തും. മിസലേനിയസ്‌ സംഘങ്ങളിലെ ജീവനക്കാര്‍ക്കു കേരളബാങ്കുനിയമനങ്ങളില്‍ സംവരണം അനുവദിക്കണമെന്ന ആവശ്യത്തിലും സഹകരണമന്ത്രിക്കു തീരുമാനമെടുക്കേണ്ടിവരും. ജില്ലാസഹകരണബാങ്കുകള്‍ നിലവിലുണ്ടായിരുന്നകാലത്ത്‌ അവിടങ്ങളിലെ നിയമനങ്ങളില്‍ ഈ സംഘങ്ങളിലെ ജീവനക്കാര്‍ക്കു സംവരണമുണ്ടായിരുന്നു.

Moonamvazhi

Authorize Writer

Moonamvazhi has 1141 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!