മിനിറ്റ്‌സ്‌ അടക്കമുള്ളകാര്യങ്ങള്‍ അംഗങ്ങളെ അറിയിക്കാന്‍ അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ

Moonamvazhi
  • ബാഹ്യഓഡിറ്റ്‌ ക്രമക്കേട്‌ കുറയ്‌ക്കും
  • എല്ലാ സംഘത്തിലും കംപ്ലയന്‍സ്‌ മോണിറ്ററിങ്‌ സെല്‍ വേണം
  • ഓണ്‍ലൈന്‍ പരാതിപരിഹാരസംവിധാനം വേണം
  • ബാഹ്യസമ്മര്‍ദത്തിനെതിരെ സൂപ്പര്‍വൈസിങ്‌ ബോഡി വേണം
  • പ്രതിസന്ധിപരിഹാര ഫണ്ട്‌ വേണം
  • ശമ്പളം സാമ്പത്തികനില നോക്കി
  • ഇന്‍സെന്റീവ്‌ പാക്കേജ്‌ ആകാം.

എല്ലാ സാമ്പത്തികപ്രവര്‍ത്തനങ്ങളും ഭരണസമിതിയോഗങ്ങളുടെ മിനിറ്റ്‌സും തീരുമാനങ്ങളും പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തി അംഗങ്ങള്‍ക്കു പ്രാപ്യമാവുന്നുവെന്ന്‌ സഹകരണസംഘങ്ങള്‍ ഉറപ്പാക്കണമെന്ന്‌ ഹൈക്കോടതി നിയോഗിച്ച അമിക്കസ്‌ ക്യൂറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ ശുപാര്‍ശ ചെയ്യുന്നു. റിപ്പോര്‍ട്ടില്‍ സംഘങ്ങളുടെ സുരക്ഷാകാര്യങ്ങള്‍ സംബന്ധിച്ച എട്ടാംഅധ്യായത്തിലാണ്‌ ഇതടക്കമുള്ള നിര്‍ദേശങ്ങള്‍ ഉള്ളത്‌. സുരക്ഷിതവും അംഗങ്ങള്‍ക്കുമാത്രമായുള്ളതുമായ പോര്‍ട്ടലിലൂടെ സാമ്പത്തികപ്രവര്‍ത്തനങ്ങളുംമറ്റും അംഗങ്ങള്‍ക്ക്‌ അറിയാന്‍ കഴിയുന്നുവെന്ന്‌ ഉറപ്പുവരുത്തണമെന്നും ഇത്‌ ഉത്തരവാദിത്വബോധം വളരാനും അംഗങ്ങള്‍ക്കു കാര്യങ്ങളെപ്പറ്റി നല്ല ധാരണയുണ്ടാകാനുംസഹായകമായിരിക്കുമെന്നുമാണ്‌ അമിക്കസ്‌ ക്യൂറി അഡ്വ. ഡി. കിഷോര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്‌. സുതാര്യത സംബന്ധിച്ച ഭാഗത്താണ്‌ ഈ ശുപാര്‍ശയുള്ളത്‌. നിക്ഷേപം തിരികെ നല്‍കാന്‍ വൈകുന്നതിനെതിരെയുള്ള ഹര്‍ജിയിലാണ്‌ ഹൈക്കോടതി ഡിവിഷന്‍ബെഞ്ച്‌ അിക്കസ്‌ ക്യൂറിയെ നിയോഗിച്ചത്‌.

മേല്‍നോട്ടം ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച ഭാഗത്ത്‌ സ്വതന്ത്രമായും പതിവായും ഊര്‍ജസ്വലമായും പ്രവര്‍ത്തിക്കുന്ന ബാഹ്യഓഡിറ്റര്‍മാരെക്കൊണ്ട്‌ ഓഡിറ്റ്‌ നടത്തിയാല്‍ സാമ്പത്തികക്രമക്കേടുകള്‍ ഏറ്റവും ആദ്യഘട്ടങ്ങളില്‍തന്നെ കണ്ടെത്താന്‍ സഹായകമാകുമെന്ന്‌ അഭിപ്രായപ്പെടുന്നു. കാലാകാലങ്ങളില്‍ ഇതു ചെയ്യുന്നതു സുതാര്യതയും സാമ്പത്തികാരോഗ്യവും ഉറപ്പുവരുത്തും. നിയമപരവും സാമ്പത്തികവുമായ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന്‌ ഉറപ്പുവരുത്താന്‍ എല്ലാ സംഘത്തിലും കംപ്ലയന്‍സ്‌ മോണിറ്ററിങ്‌ സെല്‍ വേണം.

ഭരണസമിതികളില്‍ സ്‌ത്രീകളുടെയും പട്ടികജാതി-വര്‍ഗക്കാരുടെയും പ്രാതിനിധ്യം ഉറപ്പാക്കണം. ഭരണസമിതിയംഗങ്ങള്‍ക്കു സാമ്പത്തിക-മാനേജ്‌മെന്റ്‌-ഭരണപരിശീലനങ്ങള്‍ നിരന്തരം ആവശ്യമാണ്‌.രേഖകളിലെ സുതാര്യതയ്‌ക്കും മികച്ചരീതിയില്‍ ഡാറ്റ കൈകാര്യം ചെയ്യാനും നല്ല തീരുമാനങ്ങളെടുക്കാനും ഡജിറ്റല്‍ സംവിധാനങ്ങള്‍ സ്വീകരിക്കണം. കേരളത്തില്‍ പ്രാഥമികകാര്‍ഷികവായ്‌പാസഹകരണസംഘങ്ങളുടെ (പാക്‌സ്‌) കമ്പ്യൂട്ടര്‍വല്‍കരണം സഹകരണരംഗത്തു സുതാര്യതയും പ്രവര്‍ത്തനങ്ങളില്‍ ഉത്തരവാദിത്വവും കൊണ്ടുവരുന്നതില്‍ ശരിക്കും പോസിറ്റീവായ പ്രകടനമാണു സൂചിപ്പിക്കുന്നത്‌.

അംഗങ്ങളുടെ പരാതികള്‍ ഫയല്‍ ചെയ്യാനും അതിലെ പുരോഗതി ട്രാക്ക്‌ ചെയ്യാനും യഥാസമയം പരിഹരിക്കാനും ഓണ്‍ലൈന്‍ പരാതിപരിഹാരസംവിധാനം ആവശ്യമാണ്‌.രജിസ്‌ട്രാറുടെ റോള്‍ സഹകരണസംഘങ്ങളെ പിന്തുണയ്‌ക്കുകയും അവയ്‌ക്കു മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്യുന്നതിലേക്കു പരിമിതപ്പെടുത്തണമെന്നു നിയമപരവും ഘടനാപരവുമായ പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച ഭാഗത്തു പറയുന്നു. രജിസ്‌ട്രാര്‍ വഹിക്കുന്ന പങ്ക്‌ സംഘങ്ങളുടെമേല്‍ അമിതനിയന്ത്രണം ചെലുത്തുന്ന വിധത്തിലാകരുത്‌. അപ്പോള്‍ സംഘങ്ങള്‍ക്കു കൂടുതല്‍ അധികാരം ലഭിക്കും; അതേസമയം നിയന്ത്രണപരമായ ഒരു മേല്‍നോട്ടം നിലനിര്‍ത്താന്‍ കഴിയുകയും ചെയ്യും.

സംഘം ഭരണത്തില്‍ രാഷ്ട്രീയഇടപെടല്‍ കര്‍ശനമായി നിയന്ത്രിക്കണം. നിഷ്‌പക്ഷമായി പ്രവര്‍ത്തിക്കാനും ബാഹ്യസമ്മര്‍ദങ്ങളെ അകറ്റിനിര്‍ത്താനും സ്വതന്ത്രമായ സൂപ്പര്‍വൈസിങ്‌ ബോഡി വേണം.നിക്ഷേപകര്‍ക്കുള്ള ഇന്‍ഷുറന്‍സ്‌ സ്‌കീമുകള്‍ വിപുലമാക്കണം. സഹകരണനിക്ഷേപഗ്യാരന്റി സ്‌കീംപോലെ നിക്ഷേപനഷ്ടത്തില്‍നിന്നു സംരക്ഷണം നല്‍കുന്ന സ്‌കീമുകള്‍ വര്‍ധിപ്പിക്കണം. പ്രതിസന്ധിപരിഹാരനിധി രൂപവല്‍കരിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്‌. സാമ്പത്തികപ്രശ്‌നങ്ങളുള്ള സംഘങ്ങളെ സഹായിക്കാനായി കരുതല്‍നിധി സ്വരൂപിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരിക്കണം ഇത്‌. – ഇവയാണു സാമ്പത്തികപരിഷ്‌കാരങ്ങളായി റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നത്‌. സംഘം പാപ്പരായാല്‍പോലും നിക്ഷേപകരുടെ പണം തിരികെക്കിട്ടാന്‍ ഇത്തരം നിധികള്‍ ഉപകരിക്കും.അംഗങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ അംഗവിദ്യാഭ്യാസപരിപാടികള്‍ നടപ്പാക്കണം. സംഘങ്ങളുടെ പ്രവര്‍ത്തനം, അംഗങ്ങളുടെ അവകാശങ്ങള്‍, ഉത്തരവാദിത്വങ്ങള്‍ എന്നിവയെപ്പറ്റി ഇവയിലൂടെ ബോധവല്‍ക്കരിക്കണം. പൊതുയോഗത്തിലൂടെയും ന്യൂസ്‌ ലെറ്ററുകളിലൂടെയും റിപ്പോര്‍ട്ടുകളിലൂടെയും അംഗങ്ങളുടെ പങ്കാളിത്തം പ്രോല്‍സാഹിപ്പിക്കണം. തീരുമാനങ്ങള്‍ അംഗങ്ങളുടെ താല്‍പര്യങ്ങള്‍ പ്രതിഫലിക്കുന്നവയാണെന്ന്‌ ഉറപ്പാക്കണം.

പ്രതിസന്ധിപരിഹാരസംവിധാനങ്ങളെ സംബന്ധിച്ച ശുപാര്‍ശകളില്‍ അടിയന്തരനിധികളും യഥാസമയഇടപെടലുകളുമാണു നിര്‍ദേശിക്കുന്നത്‌. സഹകരണസംഘങ്ങളില്‍ സാമ്പത്തികപ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ സഹായിക്കാന്‍ കണ്ടിജന്‍സി അഥവാ എമര്‍ജന്‍സി ഫണ്ടുകള്‍ സ്ഥാപിക്കണം. സംഘത്തിന്റെ പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടുതന്നെ സാമ്പത്തികഇടിവ്‌, മാനേജ്‌മെന്റ്‌പ്രതിസന്ധി എന്നിവയില്‍നിന്നു മോചനം നേടാന്‍ ഈ ഫണ്ടുകള്‍ ഉപയോഗിക്കാം. സാമ്പത്തികപ്രശ്‌നം കണ്ടാലുടന്‍ നിയന്ത്രണാധികാരികള്‍ ഇടപെടണം. യഥാസമയം ഇടപെട്ടാല്‍ പ്രതിസന്ധി രൂക്ഷമാകാതെ നോക്കാം.ഒരു ഹൈക്കോടതിവിധി ഉദ്ധരിച്ചുകൊണ്ടാണു രാഷ്ട്രീയഇടപെടല്‍ തീരെ കുറയ്‌ക്കണമെന്നു റിപ്പോര്‍ട്ട്‌ ശുപാര്‍ശ ചെയ്യുന്നത്‌.സംഘത്തിന്റെ സാമ്പത്തികനിലയുടെ അടിസ്ഥാനത്തിലാണു ജീവനക്കാര്‍ക്കു ശമ്പളം നല്‍കേണ്ടത്‌. സഹകരണസംഘം ചട്ടങ്ങളില്‍ ക്ലാസിഫിക്കേഷന്‍കാര്യങ്ങള്‍ ഉണ്ടെങ്കിലും, അത്തരം സംഘങ്ങളിലെ ജീവനക്കാര്‍ക്കു നല്‍കുന്ന ശമ്പളം സംഘത്തിന്റെ സാമ്പത്തികാവസ്ഥയുടെ അടിസ്ഥാനത്തിലുള്ളതായിരിക്കണം. പകരം ഇന്‍സെന്റീവ്‌ പാക്കേജുകള്‍ നല്‍കാവുന്നതാണ്‌.2018 ജൂണ്‍ 22ലെ 34/18നമ്പര്‍ സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്ന പ്രകാരം സംഘങ്ങളിലെ എല്ലാ താല്‍ക്കാലികജീവനക്കാരുടെയും സേവനം നിര്‍ത്തലാക്കണം. സ്ഥിരംഒഴിവുകളിലേക്കുമാത്രമായിരിക്കണം നിയമനം. സംഘത്തിന്റെ സാമ്പത്തികാവസ്ഥയനുസരിച്ചുള്ള ശമ്പളപാക്കേജില്‍ ജോലി ചെയ്യാന്‍ തയ്യാറാണെന്ന സമ്മതപത്രം എഴുതിവാങ്ങുകയും വേണമെന്നും റിപ്പോര്‍ട്ടിന്റെ എട്ടാം അധ്യാത്തില്‍ പറയുന്നു.

15 അധ്യായങ്ങളാണു റിപ്പോര്‍ട്ടിലുള്ളത്‌. സാമ്പത്തികക്രമക്കേടുകളെയും കെടുകാര്യസ്ഥതകളെയും കുറിച്ച്‌ ഒരധ്യായമുണ്ട്‌. സാമ്പത്തികക്രമക്കേടുകളുടെ കാരണങ്ങള്‍, സര്‍ക്കാരും നിയമപരമായ പ്രതികരണങ്ങളും, ജുഡീഷ്യല്‍ പ്രവണത, സഹകരണസംഘങ്ങളുടെ റെഗുലേഷനും മേല്‍നോട്ടവും, സുരക്ഷാനടപടികാര്യങ്ങള്‍, സഹകരണസംഘങ്ങളിലെ വിജയകരമായ പരിഷ്‌കാരങ്ങളുടെ ഉദാഹരണങ്ങള്‍, പ്രതിമാസനിക്ഷേപപദ്ധതിയുടെ പേരിലുള്ള നികുതിവെട്ടിപ്പ്‌, സബ്‌ജക്ട്‌ മാറ്റര്‍, സഹകരണനിയമത്തിലെയും ചട്ടങ്ങളിലെയും പ്രധാനവ്യവസ്ഥകള്‍, സഹകരണസംഘങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള സര്‍ക്കാരിന്റെ പ്രാപ്‌തി, സംഘത്തിന്റെ ലിക്വിഡേഷന്‍മേലുള്ള ഫണ്ടുകളുടെ റിക്കവറി, നിഗമനങ്ങളും ശുപാര്‍ശകളുമടങ്ങിയ സമാപനം എന്നിവയാണു മറ്റധ്യായങ്ങള്‍.കരുവന്നൂരടക്കം ആരോപണവിധേയമായ ഏഴുസംഘങ്ങളുടെ കേസ്‌ സ്റ്റഡി, ഇഡി അന്വേഷണത്തിലുള്ള സംഘങ്ങളുടെ പട്ടിക തുടങ്ങിയവ റിപ്പോര്‍ട്ടിന്റെ ഭാഗമാണ്‌. മിക്കസംഘങ്ങളും രാഷ്ട്രീയകക്ഷികള്‍ക്കു മേധാവിത്വമുള്ളതും അതുകൊണ്ട്‌ അഴിമതിക്കും സ്വജനപക്ഷപാതത്തിനും വിധേയപ്പെടാന്‍ സാധ്യതയുള്ളതുമാണെന്നും സാമ്പത്തികക്രമക്കേടുകളുടെ കാരണങ്ങള്‍ സംബന്ധിച്ച മൂന്നാംഅധ്യായത്തില്‍ പറയുന്നു. നിക്ഷേപഗ്യാരന്റി സ്‌കീമിന്റെയും സഹകരണപുനരുജ്ജീവനനിധിയുടെയും പരിമിതികള്‍ നാലാം അധ്യായത്തില്‍ ചൂണ്ടിക്കാട്ടുന്നു. സഹകരണബാങ്കുകള്‍ ധാരാളമുള്ളതിന്റെയും റിസര്‍വ്‌ ബാങ്കും സംസ്ഥാനസര്‍ക്കാരും നബാര്‍ഡും ഉള്‍പ്പെടെ നിരവധി നിയന്ത്രണ-മേല്‍നോട്ട ഏജന്‍സികള്‍ ഉള്ളതിന്റെയും വെല്ലുവിളികള്‍ ആറാംഅധ്യായത്തില്‍ പരാമര്‍ശിക്കുന്നുണ്ട്‌. ഒമ്പതാംഅധ്യായത്തില്‍ കേരളത്തിലെ പാക്‌സുകളുടെ ഡിജിറ്റലൈസേഷനെ പോസിറ്റീവ്‌ ഫലങ്ങളുളവാക്കിയ വിജയകരമായ പരിഷ്‌കാരങ്ങളുടെ ഉദാഹരണങ്ങളില്‍ ഒന്നായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. പ്രവര്‍ത്തനകാര്യക്ഷമതയും സുതാര്യതയും മെച്ചപ്പെടുത്താനും ക്രമക്കേടുകള്‍ കുറയ്‌ക്കാനും ഈ ഡിജിറ്റലൈസേഷന്‍ ഗണ്യമായി സഹായിച്ചുവെന്നു റിപ്പോര്‍ട്ടിലുണ്ട്‌. അതു നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുത്തുവെന്നും മറ്റു മേഖലകള്‍ക്കു മാതൃകയായി മാറിയെന്നുമാണു റിപ്പോര്‍ട്ടിലുള്ള നിഗമനം. അപാകങ്ങളുണ്ടായ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ തിരിച്ചുകൊടുത്തു പ്രശ്‌നം പരിഹരിക്കാവുന്ന നിലയിലല്ല കേരളസര്‍ക്കാരിന്റെ സാമ്പത്തിനിലയെന്നും ആ സംഘങ്ങള്‍ക്കു കിട്ടാനുള്ള പണം ഈടാക്കിയും ആസ്‌തികള്‍ വിറ്റും നിക്ഷേപകര്‍ക്കു കൊടുക്കേണ്ട പണം കണ്ടെത്തണമെന്നുമാണ്‌ 13-ാം അധ്യായത്തിലുള്ളത്‌.സാമ്പത്തികക്രമക്കേടുകളും രാഷ്ട്രീയവല്‍കരണവും കെടുകാര്യസ്ഥതയും പതനത്തിനു കാരണമായെന്നു 14-ാം അധ്യായത്തില്‍ നിഗമനം കൈക്കൊള്ളുന്നു. അടച്ചുപൂട്ടേണ്ട സംഘങ്ങളെയും പുനരുജ്ജീവിപ്പിച്ചെടുക്കാവുന്നവയെയും വേര്‍തിരിക്കണം. പുനരുജ്ജീവിക്കാമെന്നു പ്രതീക്ഷയുള്ള സംഘങ്ങള്‍ നിക്ഷേപകര്‍ക്ക്‌ എന്നു പണം മടക്കിക്കൊടുക്കാനാവുമെന്നു ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം നല്‍കണം. തിരികെക്കൊടുക്കാനുള്ള സമയപരിധി എട്ടുമാസത്തില്‍ കവിയരുത്‌;കൂടിവന്നാല്‍ ഒരുകൊല്ലം. അതിനകം തിരിച്ചുകൊടുത്തില്ലെങ്കില്‍ സംഘം അടച്ചുപൂട്ടാന്‍ ഹൈക്കോടതി നടപടിയെടുക്കണമെന്ന നിര്‍ദേശം റിപ്പോര്‍ട്ട്‌ മുന്നോട്ടുവയ്‌ക്കുന്നു. ഇവയടക്കം നിരവധി ശുപാര്‍ശകള്‍ സമാപനാധ്യായത്തിലുണ്ട്‌.

Moonamvazhi

Authorize Writer

Moonamvazhi has 267 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News