ദേശീയ സഹകരണ നയ രൂപവത്കരണം : ആദ്യ സമ്മേളനം 12 നു ഡല്‍ഹിയില്‍ ചേരുന്നു

Deepthi Vipin lal

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ദേശീയ സഹകരണ നയം രൂപവത്കരിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കേന്ദ്ര സഹകരണ വകുപ്പ് വിളിച്ചുചര്‍ക്കുന്ന രണ്ടു ദിവസത്തെ സമ്മേളനം ഏപ്രില്‍ 12 നു ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ആരംഭിക്കും. കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ സമ്മേളനം ഉദ്ഘാടനം ചെയ്യും. സഹകരണ വകുപ്പ് സഹമന്ത്രി ബി.എല്‍. വര്‍മയും സമ്മേളനത്തില്‍ പങ്കെടുക്കും.

വിവിധ കേന്ദ്ര മന്ത്രിമാരെ പ്രതിനിധാനം ചെയ്ത് സെക്രട്ടറിമാരും ജോയന്റ് സെക്രട്ടറിമാരും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചീഫ് സെക്രട്ടറിമാരും അഡീഷണല്‍ ചീഫ് സെക്രട്ടറിമാരും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരും സഹകരണ സംഘം രജിസ്ട്രാര്‍മാരും സഹകരണ വകുപ്പുദ്യോഗസ്ഥരും പ്രധാനപ്പെട്ട സഹകരണ സ്ഥാപനങ്ങളുടെ ഭാരവാഹികളും സമ്മേളനത്തിനെത്തും. ആറു പ്രധാന വിഷയങ്ങളാണു സമ്മേളനം ചര്‍ച്ച ചെയ്യുക. സഹകരണ സംഘങ്ങളുടെ ഇപ്പോഴത്തെ നിയമപരമായ ചട്ടക്കൂട്, ഭരണ നിര്‍വഹണം, പ്രവര്‍ത്തനത്തിലുണ്ടാകുന്ന തടസ്സങ്ങള്‍, അവ നീക്കാനുള്ള നടപടികള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളില്‍പ്പെടും. ദേശീയ സഹകരണ നയരൂപവത്കരണവുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള 54 നിര്‍ദേശങ്ങളെക്കുറിച്ചും സമ്മേളനം ചര്‍ച്ച ചെയ്യും.

പുതിയ സംഘങ്ങളുടെ രൂപവത്കരണം പ്രോത്സാഹിപ്പിക്കുക, പ്രവര്‍ത്തനം നിലച്ചുപോയ സംഘങ്ങളെ പുനരുജ്ജീവിപ്പിക്കുക, സഹകരണ സ്ഥാപനങ്ങള്‍ക്കിടയില്‍ സഹകരണം പ്രോത്സാഹിപ്പിക്കുക, സംഘങ്ങളുടെ അംഗസംഖ്യ വര്‍ധിപ്പിക്കുക, സുസ്ഥിര വളര്‍ച്ചയ്ക്കായി സംഘങ്ങളെ വികസിപ്പിക്കുക, പ്രാദേശിക അസന്തലിതാവസ്ഥക്കു പരിഹാരം കാണുക തുടങ്ങിയ വിഷയങ്ങളും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.


ദേശീയ സഹകരണ നയരൂപവത്കരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ സമ്മേളനങ്ങള്‍ സഹകരണ മന്ത്രാലയം ആസൂത്രണം ചെയ്യുന്നുണ്ട്. അതില്‍ ആദ്യത്തേതാണു ഡല്‍ഹിയില്‍ നടക്കാന്‍ പോവുന്നത്. എല്ലാ സഹകരണ ഫെഡറേഷനുകളുടെയും കാഴ്ചപ്പാടുകള്‍ അറിയാനായി അടുത്തുതന്നെ ഒരു ശില്‍പ്പശാലയും സഹകരണ മന്ത്രാലയം ആസൂത്രണം ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!