ഇനി പെയ്‌മെന്റ് ബാങ്കുകളുടെ കാലം

moonamvazhi

പണം കൈമാറ്റത്തിന്റെ ഡിജിറ്റല്‍ രൂപങ്ങള്‍ പ്രതിദിനം മാറിക്കൊണ്ടിരിക്കുകയാണ്. വാലറ്റുകളും ഫിന്‍ടെക് ആപ്പുകളും സജീവമായിക്കഴിഞ്ഞു. ഇതിനൊക്കെയനുസരിച്ച് ബാങ്കിങ് നയത്തില്‍ റിസര്‍വ് ബാങ്കും മാറ്റം വരുത്തുകയാണ്. പെയ്‌മെന്റ് ബാങ്കുകള്‍ക്ക് ‘ഷെഡ്യൂള്‍ഡ്’ പദവി നല്‍കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു.

പേ ടിഎം. പെയ്‌മെന്റ്‌സ് ബാങ്കിനു റിസര്‍വ് ബാങ്ക് ‘ഷെഡ്യൂള്‍ഡ്’ പദവി നല്‍കി. സര്‍ക്കാര്‍ പദ്ധതികളില്‍ പങ്കാളിയാവുക, റിസര്‍വ് ബാങ്കുമായി റിപ്പോ-റിവേഴ്‌സ് റിപ്പോ ഇടപാടുകള്‍ നടത്തുക തുടങ്ങിയ അവസരങ്ങള്‍ ഇതിലൂടെ ഷെഡ്യൂള്‍ഡ് പദവി ലഭിക്കുന്ന പെയ്‌മെന്റ് ബാങ്കുകള്‍ക്കുണ്ടാകും. റിസര്‍വ് ബാങ്ക് ആക്ടനുസരിച്ചുള്ള ഷെഡ്യൂള്‍ഡ് പദവി ലഭിക്കുന്നതോടെ ഓഡിറ്റ്, മൂലധന പര്യാപ്തത, കരുതല്‍ ധനം തുടങ്ങിയ കാര്യങ്ങളില്‍ ബാങ്കിനുമേല്‍ കൂടുതല്‍ നിരീക്ഷണമുണ്ടാകും. ബാങ്കിന്റെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതില്‍ റിസര്‍വ് ബാങ്കിനും ഉത്തരവാദിത്തമുണ്ടാകും. തപാല്‍ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ്‌സ് ബാങ്ക്, ഫിനോ പെയ്‌മെന്റ്‌സ് ബാങ്ക് എന്നീ പെയ്‌മെന്റ്‌സ് ബാങ്കുകള്‍ക്കും ഷെഡ്യൂള്‍ഡ് പദവിയുണ്ട്.

കൂടുതല്‍ ജനങ്ങളിലേക്കു സേവനങ്ങള്‍ എത്തിക്കാന്‍ ഷെഡ്യൂള്‍ഡ് ബാങ്ക് പദവി സഹായകമാകുമെന്നാണു പേ ടിഎമ്മിന്റെ പ്രതികരണം. നിലവില്‍ ആറു കോടിയോളം സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളാണു പേ ടിഎമ്മിനുള്ളത്. 5200 കോടി രൂപയുടെ നിക്ഷേപവുമുണ്ട്. വാലറ്റ്, യു.പി.ഐ., ഫാസ്റ്റ്ടാഗ് തുടങ്ങിയ സേവനങ്ങളിലൂടെയും പേ ടിഎം കോടിക്കണക്കിനാളുകളിലേക്കു സേവനം എത്തിക്കുന്നു. ഇനി ഷെഡ്യൂള്‍ഡ് പദവി കൂടി ലഭിക്കുന്നതോടെ സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കുന്ന ഔദ്യോഗിക ബാങ്കായി മാറാന്‍ പേ ടിഎമ്മിനു കഴിയും. പെയ്‌മെന്റ് ബാങ്കുകള്‍ക്കും ചെറുകിട ഫിനാന്‍സ് ബാങ്കുകള്‍ക്കും സര്‍ക്കാരിന്റെ സാമ്പത്തിക ഇടപാടുകളില്‍ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നതിനു തടസ്സമില്ലെന്ന നയം റിസര്‍വ് ബാങ്ക് അടുത്താണു സ്വീകരിച്ചത്. റിസര്‍വ് ബാങ്കിന് ഇത്തരം സ്ഥാപനങ്ങളിലുള്ള നിയന്ത്രണം മുമ്പത്തേക്കാളുപരി കൂടുതലാണ്. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ സാമ്പത്തിക ഇടപാടുകളില്‍ ഇവരെ അകറ്റി നിര്‍ത്തേണ്ടതില്ലെന്നാണു പുതിയ സമീപനം.

രണ്ടാം യു.പി.എ. സര്‍ക്കാറിന്റെ കാലത്താണു പെയ്‌മെന്റ് ബാങ്കുകള്‍ പിറക്കുന്നത്. 2015 ല്‍ 11 പെയ്‌മെന്റ് ബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് അനുമതി നല്‍കി. നോട്ടു നിരോധനത്തിനുശേഷമാണു പേ ടിഎം, ജിയോ തുടങ്ങിയ പെയ്‌മെന്റ് ബാങ്കുകള്‍ രംഗത്തുവന്നത്. 100 കോടി രൂപയാണ് ഇത്തരം ബാങ്കുകള്‍ക്കാവശ്യമായ കുറഞ്ഞ മൂലധനം. പെയ്‌മെന്റ് ബാങ്കുകളെ സ്‌മോള്‍ ഫിനാന്‍സ് രംഗത്തേക്കുകൂടി കടക്കാന്‍ പ്രേരിപ്പിക്കുന്ന നയം 2019 ലാണു കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. താരതമ്യേന കുറഞ്ഞ മൂലധന അടിത്തറ ആവശ്യമായ ചെറുകിട ഫിനാന്‍സ് ബാങ്കുകള്‍ നടത്താന്‍ പെയ്‌മെന്റ് ബാങ്കുകള്‍ക്കും അനുമതി നല്‍കി. സാങ്കേതിക മികവിന്റെ പേരിലാണ് ഇത്തരം ബാങ്കുകളെ പ്രോത്സാഹിപ്പിക്കുന്നത്. ഇവയ്ക്കും പൂര്‍ണ ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പടിപടിയായി അനുമതി നല്‍കുകയാണു കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പേ ടിഎമ്മിനൊപ്പം ജിയോ ഉള്‍പ്പടെയുള്ള പെയ്‌മെന്റ് ബാങ്കുകള്‍ക്കും ചെറുകിട ഫിനാന്‍സ് ബാങ്കുകള്‍ക്കും സര്‍ക്കാര്‍ ഇടപാടുകളുടെ ഏജന്റുമാരായി പ്രവര്‍ത്തിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിട്ടുണ്ട്.

പെയ്‌മെന്റ് ബാങ്ക് ഓപ്പറേഷന്‍

ഗ്രാമീണ മേഖലയിലേക്കടക്കം കടന്നുകയറാനുള്ള തന്ത്രങ്ങളാണ് ഇപ്പോള്‍ പെയ്‌മെന്റ് ബാങ്കുകളും സ്‌മോള്‍ ഫിനാന്‍സ് സ്ഥാപനങ്ങളും നടത്തുന്നത്. ഇതിനു വാണിജ്യ ബാങ്കുകളുമായി ധാരണയുണ്ടാക്കി പുതിയ വായ്പാ പദ്ധതികള്‍ അവതരിപ്പിക്കുകയാണു ചെയ്യുന്നത്. കാര്‍ഷിക മേഖലയിലടക്കം ഇത്തരം പദ്ധതികള്‍ പല പെയ്‌മെന്റ് ബാങ്കുകളും ആസൂത്രണം ചെയ്തുകഴിഞ്ഞു. ഇതിനായി അദാനി ഗ്രൂപ്പിനു കീഴിലെ ബാങ്കിതര ധനകാര്യ സ്ഥാപനമായ ( എന്‍.ബി.എഫ്.സി ) അദാനി കാപ്പിറ്റല്‍ എസ്.ബി.ഐ.യുമായി ധാരണയുണ്ടാക്കി. ട്രാക്ടറും മറ്റു കാര്‍ഷികോപകരണങ്ങളും വാങ്ങാനും അതുവഴി കാര്‍ഷികോല്‍പ്പാദനം മെച്ചപ്പെടുത്താന്‍ കര്‍ഷകര്‍ക്കു സംയുക്ത വായ്പ നല്‍കാനുമാണ് അദാനി കാപ്പിറ്റലും എസ്.ബി.ഐ.യും ഒരുമിക്കുന്നത് എന്നാണു പറയുന്നത്. ആധുനിക കൃഷിരീതികളിലേക്കു കടന്നിട്ടില്ലാത്ത ഉള്‍നാടുകളിലെ കര്‍ഷകരെയാണു പ്രധാനമായും ലക്ഷ്യമിടുന്നത്. കര്‍ഷക വരുമാനം ഇരട്ടിയാക്കുകയെന്ന കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യത്തിലൂന്നി, കാര്‍ഷിക മേഖലയില്‍ യന്ത്രവത്കരണം ഉറപ്പാക്കാനും സംഭരണശാലകള്‍ കാര്യക്ഷമമാക്കാനും ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് എന്‍.ബി.എഫ്.സി.കളുമായുള്ള എസ്.ബി.ഐ.യുടെ സഹകരണം.

ഇന്ത്യയിലെ കര്‍ഷകര്‍ക്കു ഫലപ്രദമായ വിധത്തില്‍ സാമ്പത്തിക സഹായം നല്‍കാന്‍ കഴിയുന്നതു കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ വഴിയാണ് എന്നാണു നബാര്‍ഡ് വിലയിരുത്തിയിട്ടുള്ളത്. മറ്റു വാണിജ്യ ബാങ്കുകള്‍ക്കൊന്നും ഗ്രാമീണ മേഖലയില്‍ ഇടപെടാന്‍ കഴിഞ്ഞിട്ടില്ല. ഈ രംഗത്തേക്കാണ് എസ്.ബി.ഐ.യുടെ സഹായത്തോടെ അദാനി ഗ്രൂപ്പ് വരുന്നത്. കാര്‍ഷിക മേഖലയില്‍ സഹകരണ സംഘങ്ങളുടെ സ്വാധീനം മറികടക്കാനാണു ചെറുകിട ധനകാര്യ സ്ഥാപനങ്ങളുടെയും പെയ്‌മെന്റ് ബാങ്കുകളുടെയും ശ്രമമെന്നാണ് ഇടതുപക്ഷ സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. കാര്‍ഷിക മേഖലയുടെ നിയന്ത്രണം ലക്ഷ്യമിട്ടാണ് അദാനി ഗ്രൂപ്പ് എത്തുന്നതെന്ന് മുന്‍ധനകാര്യ മന്ത്രി ടി.എം. തോമസ് ഐസക് വിമര്‍ശിച്ചു. കേന്ദ്രം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതും ബാങ്കിങ് രംഗത്തേക്കു കുത്തകകള്‍ വരുന്നതിനോടുള്ള റിസര്‍വ് ബാങ്കിന്റെ എതിര്‍പ്പും അദാനി ഗ്രൂപ്പിനു തിരിച്ചടിയായെന്നും ഈ സാഹചര്യത്തില്‍ കര്‍ഷകരെ നിയന്ത്രിക്കാനുള്ള പുതിയ മാര്‍ഗത്തിന്റെ ഭാഗമാണു എസ്.ബി.ഐയുമായുള്ള സഹകരണമെന്നും അദ്ദേഹം ആരോപിക്കുന്നു. എസ്.ബി.ഐ.യുടെ കാര്‍ഷിക ബിസിനസിന്റെ ഒരു ഭാഗം അദാനിയുടേതുകൂടിയായി മാറുകയാണ് ഈ സഹകരണത്തിലൂടെ. അല്ലാതെ, അദാനിയില്‍ നിന്നു എസ്.ബി.ഐയ്ക്ക് ഒന്നും കിട്ടാനില്ല. അദാനിക്കുവേണ്ടി പണിയെടുക്കണോയെന്നു എസ്.ബി.ഐ.യിലെ ജീവനക്കാര്‍ ആലോചിക്കണം. സംയുക്ത കരാറിന്റെ തീരുമാനമെടുത്ത ബോര്‍ഡില്‍ റിസര്‍വ് ബാങ്കിന്റെയും ധനമന്ത്രാലയത്തിന്റെയും പ്രതിനിധികള്‍ ഉണ്ടായിരുന്നല്ലോ ? അതുകൊണ്ട് ഇക്കാര്യത്തില്‍ കേന്ദ്രം വിശദീകരണം നല്‍കണം – ഡോ. ഐസക് ആവശ്യപ്പെട്ടു.

കാര്‍ഡിന് ഇനി ടോക്കണ്‍

ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകളുടെ ഉപയോഗത്തില്‍ പുതിയ പരിഷ്‌കാരങ്ങള്‍ റിസര്‍വ് ബാങ്ക് നടപ്പാക്കി. പുതുവര്‍ഷത്തില്‍ പുതിയ പരിഷ്‌കാരം നടപ്പാകുമെന്നാണു റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുള്ളത്. സുരക്ഷയ്ക്ക് ഊന്നല്‍ നല്‍കിയുള്ളതാണിത്. കാര്‍ഡ് നല്‍കിയ ബാങ്കിനും കാര്‍ഡ് നെറ്റ്‌വര്‍ക്കിനുമല്ലാതെ രാജ്യത്തു മറ്റൊരു സ്ഥാപനത്തിനോ ശൃംഖലയ്‌ക്കോ 2022 ജനുവരി ഒന്നു മുതല്‍ കാര്‍ഡ് നമ്പര്‍ അതേപടി സൂക്ഷിച്ചുവയ്ക്കാന്‍ കഴിയില്ല. അങ്ങനെ സൂക്ഷിക്കുന്നതു നിയമവിരുദ്ധമായി കണക്കാക്കി നടപടിയെടുക്കാനാകും. ഓണ്‍ലൈന്‍ പണമിടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനായി ‘കാര്‍ഡ് ടോക്കണൈസേഷന്‍’ സമ്പ്രദായമാണു കൊണ്ടുവരുന്നത്. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളും മറ്റും സൂക്ഷിച്ചുവയ്ക്കുന്ന കാര്‍ഡ്‌വിവരങ്ങള്‍ ചോരാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണു പുതിയ നിയന്ത്രണം.

പണമിടപാടില്‍ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡിലെ യഥാര്‍ഥ വിവരങ്ങള്‍ നല്‍കുന്നതിനു പകരം ഒരു ടോക്കണ്‍ ഉപയോഗിക്കുന്നതാണു പുതിയ രീതി. യഥാര്‍ഥ കാര്‍ഡ് വിവരങ്ങള്‍ക്കു പകരം ഈ ടോക്കണായിരിക്കും സൈറ്റുകള്‍ക്കു ലഭിക്കുക. ജനുവരി ഒന്നു മുതല്‍ എല്ലാ സേവനദാതാക്കളും പുതിയ രീതിയിലേക്കു മാറണമെന്നാണു നിര്‍ദേശം. എന്നാല്‍, ഇതു നടപ്പാക്കുന്നതിനു കൂടുതല്‍ സമയം ആവശ്യമാണെന്നു പല കമ്പനികളും ആവശ്യമുന്നയിച്ചിട്ടുണ്ട്. സൈറ്റുകളില്‍ പുതിയ ക്രമീകരണം ഏര്‍പ്പെടുത്താനുള്ള സാങ്കേതിക ബുദ്ധിമുട്ടാണു പല കമ്പനികളും ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഏതെങ്കിലും വെബ്‌സൈറ്റില്‍ കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിച്ച് പെയ്‌മെന്റ് നടത്തുമ്പോള്‍ ആ കാര്‍ഡ് വിവരം സൂക്ഷിച്ചുവയ്ക്കാന്‍ നിലവില്‍ അനുമതിയുണ്ട്. പിന്നീട് അതേ സൈറ്റിലൂടെ പേയ്‌മെന്റ് നടത്തുമ്പോള്‍ കാര്‍ഡ് വിവരങ്ങള്‍ ടൈപ്പ് ചെയ്യാതെ എളുപ്പത്തില്‍ ഇടപാട് പൂര്‍ത്തിയാക്കാം. എന്നാല്‍, ഇങ്ങനെ വിവരങ്ങള്‍ സൂക്ഷിച്ചുവയ്ക്കുന്നതു നല്ല രീതിയല്ല എന്നാണു ആര്‍.ബി.ഐ.യുടെ വിലയിരുത്തല്‍. അതുകൊണ്ടാണു കാര്‍ഡിലെ മുഴുവന്‍ വിവരങ്ങളും സൂക്ഷിക്കുന്നതു നിയമവിരുദ്ധമാക്കി മാറ്റിയത്.

യഥാര്‍ഥ കാര്‍ഡ്‌വിവരങ്ങള്‍ക്കു പകരം ഒരു കോഡ് ഉപയോഗിക്കാനാണു റിസര്‍വ് ബാങ്ക് നിര്‍ദേശിക്കുന്നത്. ഇതാണ് ‘ടോക്കണ്‍’ എന്ന രീതിയില്‍ അറിയപ്പെടുന്നത്. കാര്‍ഡ്‌വിവരങ്ങള്‍ അതേപടി സൂക്ഷിക്കുന്നതിനു പകരം സൈറ്റുകള്‍ ഇവ ടോക്കണുകളാക്കും. ഒരേ കാര്‍ഡിന് ഓരോ വെബ്‌സൈറ്റിലും പല ടോക്കണായിരിക്കും. ഇതുമൂലം ഏതെങ്കിലും ഒരു സൈറ്റില്‍ വിവരച്ചോര്‍ച്ച ഉണ്ടായാലും അപകടസാധ്യതയില്ല. കാര്‍ഡിനു പകരം ടോക്കണ്‍ സൂക്ഷിക്കണമെങ്കില്‍ പെയ്‌മെന്റ് നടത്തുന്ന സമയത്ത് ഉപഭോക്താവ് സമ്മതം നല്‍കണം. ഫോണില്‍ ലഭിക്കുന്ന ഒ.ടി.പി. നല്‍കുമ്പോള്‍ മാത്രമേ കാര്‍ഡ് ടോക്കണാക്കി മാറ്റൂ. ടോക്കണൈസേഷനു താല്‍പ്പര്യമില്ലെങ്കില്‍ ഓരോ തവണയും കാര്‍ഡ്‌വിവരം നല്‍കി പേയ്‌മെന്റ് നടത്താം. കാര്‍ഡ് നല്‍കുന്ന കമ്പനികളാണു ( വീസ, മാസ്റ്റര്‍കാര്‍ഡ് ) പൊതുവേ ടോക്കണ്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍ (ടി.എസ്.പി). ഇ-കൊമേഴ്‌സ് സൈറ്റില്‍ നിന്നു സാധനം വാങ്ങി പേയ്‌മെന്റ് നടത്തുമ്പോള്‍ ടി.എസ്.പി. ജനറേറ്റ് ചെയ്യുന്ന ടോക്കണാണ് ഇ-കൊമേഴ്‌സ് വെബ്‌സൈറ്റിനു ലഭിക്കുന്നത്. ഇതാണ് അവ സൂക്ഷിക്കുന്നതും. റേസര്‍പേ പോലുള്ള കമ്പനികള്‍ മറ്റു സ്ഥാപനങ്ങള്‍ക്കു ടോക്കണൈസേഷന്‍ സംവിധാനം നല്‍കിത്തുടങ്ങി. കാര്‍ഡ്‌വിവരങ്ങള്‍ സൂക്ഷിക്കാന്‍ പാടില്ലെന്നാണു ചട്ടമെങ്കിലും ഇടപാടുകള്‍ ട്രാക്ക് ചെയ്യാനും മറ്റും സ്ഥാപനങ്ങള്‍ക്കു മാനദണ്ഡങ്ങളോടെ കാര്‍ഡ് നമ്പറിന്റെ അവസാന നാല് അക്കവും കാര്‍ഡ് ഇഷ്യു ചെയ്ത കമ്പനിയുടെ പേരും സൂക്ഷിക്കാന്‍ ആര്‍.ബി.ഐ. അനുമതി നല്‍കിയിട്ടുണ്ട്.

 

നിരോധിക്കുമോ ക്രിപ്‌റ്റോ കറന്‍സി ?

ക്രിപ്‌റ്റോ കറന്‍സിപോലുള്ള ഡിജിറ്റല്‍ കറന്‍സികള്‍ക്ക് ഔദ്യോഗിക അംഗീകാരം നല്‍കുന്നതില്‍ ഇന്ത്യയില്‍ ആശയക്കുഴപ്പം തുടരുകയാണ്. അംഗീകാരം നല്‍കിയാല്‍ സാമ്പത്തിക നിയന്ത്രണ സംവിധാനം കാര്യക്ഷമമാക്കുന്നതിനു ബുദ്ധിമുട്ടുണ്ടാകുമെന്നാണു വിലയിരുത്തുന്നത്. അതേസമയം, ക്രിപ്‌റ്റോ കറന്‍സികള്‍ ഇന്ത്യയിലും വ്യാപകമാവുകയാണെന്നാണു റിപ്പോര്‍ട്ട്. ഈ ഘട്ടത്തിലാണു രാജ്യത്തു ക്രിപ്‌റ്റോ കറന്‍സിക്കു സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തുന്നതിനെ അനുകൂലിക്കുന്നതായി സെന്‍ട്രല്‍ ബോര്‍ഡിനെ റിസര്‍വ് ബാങ്ക് അറിയിച്ചത്. ലഖ്‌നൗവില്‍ ആര്‍.ബി.ഐ. ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സെന്‍ട്രല്‍ ബോര്‍ഡ് യോഗത്തിലാണ് ആര്‍.ബി.ഐ. ഈ നിലപാടെടുത്തത്. ക്രിപ്‌റ്റോ കറന്‍സി ഉയര്‍ത്തുന്ന ആശങ്കകള്‍ വിശദമായി യോഗം ചര്‍ച്ചചെയ്തു. രാജ്യത്തിന്റെ വിശാല സാമ്പത്തികസ്ഥിതിയെയും സാമ്പത്തിക സുസ്ഥിരതയെയും വിദേശവിനിമയത്തെയും ഇതു വലിയ രീതിയില്‍ ബാധിക്കുമെന്നാണ് ആര്‍.ബി.ഐ. പറയുന്നത്. വിദേശത്ത് ഉത്ഭവിക്കുന്ന ഭൗതിക സാന്നിധ്യമില്ലാത്ത ആസ്തികള്‍ നിയന്ത്രിക്കുന്നതിലുള്ള വെല്ലുവിളികളും ആര്‍.ബി.ഐ. ചൂണ്ടിക്കാട്ടുന്നു.

വിദേശവിനിമയ എക്‌സ്‌ചേഞ്ചുകളില്‍ ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ക്കു സൗകര്യമുണ്ട്. എന്നാല്‍, ഇടപാട് നടത്തുന്നത് ആരെല്ലാമാണെന്നതില്‍ വ്യക്തതയുണ്ടാവില്ല. ഇതാണു വലിയ പ്രതിസന്ധിയുണ്ടാക്കുന്നത്. കേന്ദ്ര ബാങ്കെന്നനിലയില്‍ ക്രിപ്‌റ്റോ കറന്‍സിയില്‍ വലിയ ആശങ്കകളാണ് ആര്‍.ബി.ഐ. രേഖപ്പെടുത്തുന്നത്. ഇക്കാര്യം ആര്‍.ബി.ഐ. ഗവര്‍ണര്‍തന്നെ മുമ്പ് പല തവണ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, സാങ്കേതിക മേഖലയിലെ വികാസത്തിനനുസരിച്ച് ഡിജിറ്റല്‍ ആസ്തിയെന്ന നിലയില്‍ സംതുലിതമായ നിലപാടാണു വേണ്ടതെന്നു സെന്‍ട്രല്‍ ബോര്‍ഡ് യോഗത്തില്‍ ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ക്രിപ്‌റ്റോ കറന്‍സി വിഷയത്തില്‍ നിയമഭേദഗതി കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ആശയക്കുഴപ്പങ്ങളുണ്ട്. ഇതേത്തുടര്‍ന്ന് ക്രിപ്‌റ്റോ കറന്‍സി ബില്ലില്‍ ഇനിയും മാറ്റങ്ങളുണ്ടായേക്കാമെന്നു റിപ്പോര്‍ട്ടുകളുണ്ട്. ഓഫ്‌ഷോര്‍ എക്‌സ്‌ചേഞ്ചുകള്‍ വഴിയും ക്രിപ്‌റ്റോ ഇടപാടു നടത്താമെന്നതിനാല്‍ നിരോധനം കൊണ്ടുവന്നാലും ഫലപ്രദമാവില്ലെന്നാണ് അന്താരാഷ്ട്ര നാണയനിധിയിലെ ചീഫ് ഇക്കണോമിസ്റ്റായ ഗീതാ ഗോപിനാഥ് അഭിപ്രായപ്പെട്ടത്. ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ നടത്തുമ്പോഴുള്ള വെല്ലുവിളികളെ കരുതിയിരിക്കണമെന്ന് ആര്‍.ബി.ഐ. വാണിജ്യ ബാങ്കുകള്‍ക്കു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. വിദേശവിനിമയത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ നടത്തുമ്പോള്‍ കൂടുതല്‍ കരുതല്‍ വേണമെന്നും നിര്‍ദേശമുണ്ട്. 2018 ഏപ്രിലില്‍ ക്രിപ്‌റ്റോ ഇടപാടുകള്‍ക്ക് സൗകര്യം നല്‍കരുതെന്ന് ബാങ്കുകളോട് ആര്‍.ബി.ഐ. നിര്‍ദേശിച്ചിരുന്നു. 2020 മാര്‍ച്ചിലാണു സുപ്രീംകോടതി ഈ ഉത്തരവ് റദ്ദാക്കിയത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!