വകുപ്പുകളും ചട്ടങ്ങളും തയാറാക്കാനുള്ള അധികാരം പരമമായതാണോ?

- ബി.പി. പിള്ള

വകുപ്പുകളും ചട്ടങ്ങളും ചേരുന്നതാണു നിയമം. വിവിധ നിയമനിര്‍മാണ നടപടികളിലൂടെ ഒരു ബില്‍ പാസാകുമ്പോഴാണു ആക്ട് ഉണ്ടാകുന്നത്. ബില്‍ നിയമസഭ പാസാക്കി ഗവര്‍ണറുടെ അംഗീകാരം ലഭിക്കുമ്പോള്‍ ആക്ട് ആകുന്നു. സഹകരണ
സ്ഥാപനങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിനു നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങളാണു സഹകരണച്ചട്ടങ്ങള്‍. നിയമസഭ ആക്ട് പാസാക്കുമ്പോള്‍ സര്‍ക്കാരാണു ചട്ടങ്ങള്‍ പ്രായോഗികതലത്തില്‍ കൊണ്ടുവരുന്നത്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ
രണ്ടാം ലിസ്റ്റ് പ്രകാരം സഹകരണം ഒരു സംസ്ഥാന വിഷയമാണ്. എങ്കിലും, നിയമത്തിലുള്ള വകുപ്പുവ്യവസ്ഥകളൊന്നും ഭരണഘടനയ്ക്കു വിരുദ്ധമാകാന്‍ പാടില്ല. സഹകരണ പ്രസ്ഥാനത്തിന്റെ അഭിവൃദ്ധിക്കായി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 43
അനുസരിച്ച് സംസ്ഥാനങ്ങള്‍ക്കുള്ള നിര്‍ദേശക തത്വങ്ങള്‍ വിശദമാക്കിയിട്ടുണ്ട്. കേരള സഹകരണ സംഘം നിയമം- 1969 ന്റെ പീഠികയില്‍ വിശദമാക്കിയിട്ടുള്ളതുപ്രകാരം, സംസ്ഥാനത്തെ സഹകരണ മേഖലയുടെ ക്രമാനുഗതമായ വളര്‍ച്ചയ്ക്കും
ഉദ്ധാരണത്തിനും ജനാധിപത്യ സ്വയംഭരണ സ്ഥാപനമായി സമത്വം, സാമൂഹിക നീതി, സാമ്പത്തിക പുരോഗതി എന്നിവ  കൈവരിക്കുന്നതിനായി ഭരണഘടനയിലെ സംസ്ഥാന പദ്ധതിയിലെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി
ലക്ഷ്യപ്പെടുത്തി പാസാക്കിയതാണു കേരള സഹകരണ സംഘം നിയമം. നിയമത്തിലെ വകുപ്പുവ്യവസ്ഥകള്‍ ഭരണഘടനക്ക് അനുസൃതമായിരിക്കണം. അതുപോലെത്തന്നെ, വകുപ്പുകളുടെ വിശദാംശങ്ങളായ ചട്ടങ്ങള്‍ വകുപ്പുവ്യവസ്ഥകള്‍ക്കു
വിരുദ്ധവുമാകാന്‍ പാടില്ല. സഹകരണ സംഘങ്ങളുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ഏഴാം വകുപ്പിലെ വ്യവസ്ഥ എന്തുകൊണ്ട് ഭരണഘടനയുടെ അനുച്ഛേദം 19 (1) (സി) ക്കു വിരുദ്ധമാകുന്നു എന്നും സഹകരണച്ചട്ടം 25, 44, 53, 64 എന്നിവ സഹകരണ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള അംഗങ്ങളുടെ അവകാശങ്ങള്‍, ഭരണസമിതിയെ പിരിച്ചുവിടല്‍, ലാഭവിഭജനം, ഓഡിറ്റ് എന്നിവക്കു വിരുദ്ധമായിരിക്കുന്നുവെന്നും പരിശോധിക്കുകയാണ് ഈ ലേഖന പരമ്പര.

 

1956 നവംബര്‍ ഒന്നിനു കേരളം രൂപീകൃതമായെങ്കിലും സംസ്ഥാനത്തിനു പൊതുവായ ഒരു സഹകരണ നിയമമുണ്ടായതു 1969 മെയ് 15 നാണ്. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിനു 110 വര്‍ഷത്തിലേറെ നീണ്ട ചരിത്രമുണ്ട്. കേരള സംസ്ഥാന രൂപവത്കരണത്തിനു മുമ്പുതന്നെ കേരളത്തിന്റെ ഭൂപ്രദേശങ്ങളില്‍ സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയിരുന്നു. കേരളം പഴയ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ മൂന്നു ഭരണ യൂണിറ്റുകളായിരുന്നു. 1949 ല്‍ തിരുവിതാംകൂറും കൊച്ചിയും യോജിച്ച് തിരു-കൊച്ചി സംസ്ഥാനം രൂപവത്കരിക്കപ്പെട്ടു.

തിരുവിതാംകൂര്‍ സംസ്ഥാനത്തു 1914 ല്‍ തിരുവിതാംകൂര്‍ സഹകരണ സംഘം നിയമം പാസാക്കുകയും അതുപ്രകാരം 1915 ല്‍ ട്രിവാന്‍ഡ്രം സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് രജിസ്റ്റര്‍ ചെയ്യുകയും 1916 ജനുവരി 16 നു അതു പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. കാലഘട്ടത്തിന്റെ നിരവധി പരീക്ഷണങ്ങള്‍ അതിജീവിച്ച ഇന്നത്തെ കേരള സംസ്ഥാന സഹകരണ ബാങ്കാണു ( കേരള ബാങ്ക് ) തിരുവിതാംകൂര്‍ സംസ്ഥാനത്തു രൂപവത്കരിച്ച ആദ്യ കേന്ദ്ര സഹകരണ ബാങ്ക്. ട്രാവന്‍കൂര്‍ സഹകരണ സംഘം നിയമപ്രകാരം ക്ലിപ്്തരഹിത ബാധ്യതകളോടുകൂടിയ സംഘങ്ങളാണ് ആദ്യം രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍, വായ്പകള്‍ പിരിച്ചെടുക്കുന്നതു ദുഷ്‌കരമായതോടെ നിരവധി സംഘങ്ങള്‍ സമാപ്തീകരണത്തിലേക്കു പോയതിനാല്‍ 1918 മുതല്‍ സൊസൈറ്റികളുടെ ബാധ്യത ക്ലിപ്തമാക്കിക്കൊണ്ട് നിയമഭേദഗതി വരുത്തി. 1913 ല്‍ നിലവില്‍ വന്ന കൊച്ചിന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് പ്രകാരമാണു കൊച്ചി സംസ്ഥാനത്തെ സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. മദ്രാസ് പ്രൊവിന്‍സില്‍ സഹകരണ സംഘം രജിസ്ട്രാറായിരുന്ന രാജഗോപാലാചാരിയെ കൊച്ചി രാജ്യത്തെ ദിവാനായി നിയമിച്ചതോടെയാണു സഹകരണ നിയമ നിര്‍മാണത്തിനും സഹകരണ സംഘങ്ങളുടെ രൂപവത്കരണത്തിനുമുള്ള ശ്രമങ്ങള്‍ കൊച്ചി സംസ്ഥാനത്ത് ആരംഭിച്ചത്. കൊച്ചിന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് പ്രകാരം കൊച്ചി സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്ത ആദ്യ സഹകരണ സംഘമാണ് എടവനക്കാട് സഹകരണ സംഘം.

ആദ്യ സഹകരണ
സംഘം കണ്ണമ്പ്രയില്‍

ബ്രിട്ടീഷിന്ത്യയില്‍പ്പെട്ട മദിരാശി പ്രവിശ്യയുടെ ഭാഗവും പിന്നീട് കേരള സംസ്ഥാനത്തില്‍ ലയിച്ചതുമായ മലബാറില്‍ 1909 മുതല്‍തന്നെ പ്രാഥമിക സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തനം നടത്തിയിരുന്നു. പാലക്കാട് ജില്ലയിലെ കണ്ണമ്പ്രയില്‍ 1909 ല്‍ രജിസ്റ്റര്‍ ചെയ്ത സഹകരണ സംഘമാണു കേരളത്തിലെ ആദ്യ സഹകരണ സംഘം. ഈ സംഘം 1904 ലെ വായ്പാ സംഘ നിയമമനുസരിച്ച് രജിസ്റ്റര്‍ ചെയ്യപ്പെട്ട സംഘമായിരുന്നു. 1912 ലെ കേന്ദ്ര സഹകരണ സംഘം നിയമമനുസരിച്ച് 1917 ല്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തനമാരംഭിച്ച മലബാര്‍ കോ-ഓപ്പറേറ്റീവ് സെന്‍ട്രല്‍ ബാങ്ക് ( എം.സി.സി. ബാങ്ക്. പിന്നീട് കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് എന്നറിയപ്പെട്ടു ) ആണു മലബാര്‍ പ്രദേശത്തെ ആദ്യ സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്.

1949 ല്‍ തിരുവിതാംകൂര്‍ സംസ്ഥാനവും കൊച്ചി സംസ്ഥാനവും ലയിച്ച് തിരു-കൊച്ചി സംസ്ഥാനം നിലവില്‍ വന്നപ്പോള്‍ തിരു-കൊച്ചി സംസ്ഥാനത്തിനാകമാനം ബാധകമായ ഒരു ഏകീകൃതനിയമം ആവശ്യമാണെന്നു ബോധ്യപ്പെട്ടതിനാലാണു 1951 ല്‍ തിരു-കൊച്ചി സഹകരണ സംഘം നിയമം പാസാക്കിയത്. 1969 ല്‍ കേരള സഹകരണ സംഘം നിയമം പ്രാബല്യത്തില്‍ വരുന്നതുവരെ ഐക്യകേരളത്തിന്റെ മലബാര്‍ പ്രദേശത്തുണ്ടായിരുന്ന സഹകരണ സംഘങ്ങള്‍ 1932 ലെ മദിരാശി സഹകരണ സംഘം നിയമമനുസരിച്ചും തിരു-കൊച്ചി പ്രദേശത്തെ സഹകരണ സംഘങ്ങള്‍ തിരു-കൊച്ചി സഹകരണ സംഘം നിയമമനുസരിച്ചുമാണു പ്രവര്‍ത്തിച്ചിരുന്നത്.

ഭേദഗതി ചെയ്തത്
24 തവണ

1969 ലെ കേരള സഹകരണ സംഘം നിയമത്തില്‍ 110 വകുപ്പുകളും 201 ചട്ടങ്ങളുമാണുള്ളത്. 1971 മുതല്‍ 2022 വരെ 24 പ്രാവശ്യം കേരള സഹകരണ സംഘം നിയമത്തില്‍ ഭേദഗതികള്‍ വരുത്തുകയുണ്ടായി. സഹകരണ സംഘം നിയമത്തില്‍ 2000 ജനുവരി ഒന്നിനു പ്രാബല്യത്തില്‍ വന്ന ഭേദഗതിയില്‍ 27 വകുപ്പുകളിലും 2010 ഏപ്രില്‍ 28 നു പ്രാബല്യത്തില്‍ വന്ന ഭേദഗതികളില്‍ നിയമത്തിലെ 33 വകുപ്പുകളിലും 97 -ാം ഭരണഘടനാ ഭേദഗതിയുടെ പശ്ചാത്തലത്തില്‍ 2013 ഫെബ്രുവരി 15 നു വന്ന ഭേദഗതികളില്‍ 35 വകുപ്പുകളിലുമാണു നിയമഭേദഗതികളുണ്ടായത്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാനുദ്ദേശിക്കുന്ന സഹകരണ നിയമ ഭേദഗതി ബില്ലില്‍ 57 വ്യവസ്ഥകളിലാണു ഭേദഗതികള്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്.

 

കേരള സഹകരണ സംഘം നിയമം തയാറാക്കാനും ഭേദഗതികള്‍ വരുത്താനും ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ 2 -ാം ലിസ്റ്റിലെ 32 -ാം എന്‍ട്രി പ്രകാരം സംസ്ഥാന നിയമസഭയ്ക്ക് അധികാരമുണ്ട്. എന്നാല്‍, വകുപ്പുകളിലെ വ്യവസ്ഥകള്‍ ഭരണഘടനയ്ക്കു വിരുദ്ധമാകാന്‍ പാടില്ല. 97 -ാം ഭരണഘടനാ ഭേദഗതിയിലൂടെ സഹകരണ സംഘങ്ങള്‍ക്കു ബാധകമായ രണ്ടു അനുച്ഛേദങ്ങള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തുകയുണ്ടായി. ഭരണഘടനയുടെ അനുച്ഛേദം 19 ( 1 ) ( സി ) പ്രകാരം സഹകരണ സംഘങ്ങളുടെ രജിസ്‌ട്രേഷന്‍ പൗരന്റെ മൗലിക അധികാരമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതുപോലെത്തന്നെ ഭരണഘടനയുടെ അനുച്ഛേദം 43 ( ബി ) സഹകരണ സംഘങ്ങളുടെ സ്വമേധയാലുള്ള രൂപവത്കരണം, സ്വയംഭരണ പ്രവര്‍ത്തനം, ജനാധിപത്യ നിയന്ത്രണം, പ്രൊഫഷണല്‍ മാനേജ്‌മെന്റ് എന്നിവ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കണമെന്ന സംസ്ഥാന നയത്തിന്റെ നിര്‍ദേശക തത്വങ്ങളെപ്പറ്റിയും അതിന്റെ അനുബന്ധ കാര്യങ്ങളെക്കുറിച്ചും വിശദീകരിക്കുന്നതാണ്. മേല്‍ സൂചിപ്പിച്ച രണ്ട് ആര്‍ട്ടിക്കിളുകളും സുപ്രീംകോടതിയുടെ 2021 ജൂലായ് 20 ലെ വിധിയില്‍ റദ്ദാക്കാതെ ഉയര്‍ത്തിപ്പിടിക്കുകയാണുണ്ടായത്.

97 -ാം ഭരണഘടനാ ഭേദഗതിയുടെയും സുപ്രീംകോടതി വിധിയുടെയും അടിസ്ഥാനത്തില്‍ സഹകരണ നിയമത്തിന്റെ മൂലബിന്ദുവായ വകുപ്പുകളിലെ വ്യവസ്ഥ ഭരണഘടനയ്ക്കനുസൃതമായിരിക്കണമെന്നും ഭരണഘടനയിലെ ആര്‍ട്ടിക്കിളുകള്‍ക്കു വിരുദ്ധമാകാന്‍ പാടില്ലെന്നും നിഷ്‌കര്‍ഷിക്കുന്നു. വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക് കല്‍പ്പറ്റയില്‍ ശാഖ തുടങ്ങാന്‍ നീക്കം നടത്തിയപ്പോള്‍ അതിനെതിരെ കല്‍പ്പറ്റ അര്‍ബന്‍ സഹകരണ സംഘവും മാനന്തവാടി അര്‍ബന്‍ സഹകരണ സംഘവും മറ്റും നല്‍കിയ കേസില്‍ ( കല്‍പ്പറ്റ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റി ഢ െ ജോയിന്റ് രജിസ്ട്രാര്‍ ) കേരള സഹകരണ സംഘം നിയമത്തിലെ വകുപ്പ് 7 (1) (സി) ഭരണഘടനയുടെ അനുച്ഛേദം 19 (1) (സി) യ്ക്കു വിരുദ്ധമാണെന്നും ഉടനെ ഈ വ്യവസ്ഥ നീക്കണമെന്നും ഹൈക്കോടതി വിധിക്കുകയുണ്ടായി. ഒരു സഹകരണ വായ്പാ സംഘത്തിന്റെ പ്രവര്‍ത്തനപരിധിക്കുള്ളില്‍ മറ്റൊരു വായ്പാ സംഘത്തിന്റെ പ്രവര്‍ത്തനപരിധി കടന്നുകയറാന്‍ പാടില്ലെന്ന വ്യവസ്ഥയാണു നിയമത്തിലെ വകുപ്പ് 7 (1) (സി) ലുള്ളത്. ഭരണഘടനയുടെ അനുച്ഛേദം 19 (1) (സി) ല്‍ പറയുന്ന ഒരു സഹകരണ സംഘം രജിസ്റ്റര്‍ ചെയ്യാനുള്ള പൗരന്റെ മൗലികാവകാശത്തിന്റെ ലംഘനമാണ് ഈ നിയന്ത്രണവ്യവസ്ഥ എന്ന വിലയിരുത്തലിലാണു നിയമത്തില്‍ നിന്നു നീക്കാന്‍ വിധിയുണ്ടായത്.

പ്രാബല്യം
വകുപ്പിലെ വ്യവസ്ഥക്ക്

നിയമത്തിലെ വകുപ്പുകളിലെ വ്യവസ്ഥ ഭരണഘടനയ്ക്കു വിരുദ്ധമാകാന്‍ പാടില്ല എന്നതുപോലെ പ്രാധാന്യമര്‍ഹിക്കുന്നതാണു വകുപ്പിലെ വ്യവസ്ഥകളുടെ വിശദാംശങ്ങളായ ചട്ടവ്യവസ്ഥകള്‍. ചട്ടങ്ങള്‍ വകുപ്പുകള്‍ക്കു വിധേയമാണ്. ഏതെങ്കിലും ചട്ടവ്യവസ്ഥ വകുപ്പിലെ വ്യവസ്ഥക്കു വിരുദ്ധമായാല്‍ വകുപ്പിലെ വ്യവസ്ഥക്കായിരിക്കും പ്രാബല്യം. കേരള സഹകരണ സംഘം നിയമത്തിലെ ഏതാനും ചട്ടവ്യവസ്ഥകള്‍ വകുപ്പുകളിലെ വ്യവസ്ഥകള്‍ക്കനുസൃതമല്ല. നിയമത്തിലെ വകുപ്പ് 19 (ബി) ല്‍ ഏതൊരു സഹകരണ സംഘവും ആ സംഘത്തിന്റെ രജിസ്റ്റര്‍ ചെയ്ത മേല്‍വിലാസത്തില്‍ അതിന്റെ അംഗങ്ങള്‍ക്കു പരിശോധിക്കാനായി, ഫീസുകള്‍ ഈടാക്കാതെ, സാധാരണ സമയങ്ങളില്‍ താഴെ വിവരിക്കുന്നവ സൂക്ഷിക്കണമെന്ന വിഭാഗത്തില്‍ ക്ലോസ് (എഫ്) ല്‍ ഒരംഗത്തെ സംബന്ധിച്ച അയാളുടെ ഇടപാടുകളുമായി ബന്ധപ്പെട്ട സംഘത്തിലെ കണക്ക് എന്നതും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ചട്ടം 25 ല്‍ സംഘത്തിലെ കണക്കുകള്‍ പരിശോധിക്കാനുള്ള അംഗങ്ങളുടെ അവകാശം എന്ന വ്യവസ്ഥയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു സംഘത്തിലെ ഏതൊരംഗത്തിനും ഓഫീസ് സമയങ്ങളില്‍ ഏതു സമയത്തും നിശ്ചിതഫീസ് കൊടുത്തശേഷം സ്വന്തമായോ രേഖാമൂലം പ്രത്യേകം അധികാരപ്പെടുത്തിയ അംഗമായ ഒരു ദൂതന്‍ മുഖേനയോ സംഘവുമായി അയാള്‍ നടത്തിയിട്ടുള്ള ഇടപാടുകള്‍ സംബന്ധിച്ച കണക്കുകള്‍ പരിശോധിക്കാവുന്നതാണ് എന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. അംഗം സംഘവുമായി നടത്തിയ ഇടപാടുകള്‍ സംബന്ധിച്ച കണക്കുകള്‍ ഫീസീടാക്കാതെ പരിശോധനയ്ക്കായി ലഭ്യമാക്കണമെന്നു വകുപ്പ് 19 (ബി) വ്യവസ്ഥ ചെയ്തിട്ടുള്ളപ്പോള്‍ നിശ്ചയിക്കപ്പെട്ട ഫീസ് നല്‍കിക്കൊണ്ടു മാത്രമേ ഇവ പരിശോധിക്കാന്‍ കഴിയൂ എന്നു ചട്ടം 25 ല്‍ വ്യവസ്ഥ ചെയ്തിട്ടുള്ളതു വകുപ്പിലെ വ്യവസ്ഥക്കു വിരുദ്ധമായതിനാല്‍ സാധുതയില്ലാത്ത വ്യവസ്ഥയാണ്.

ഭരണസമിതിയെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട 32 -ാം വകുപ്പിന്റെ ഉപവകുപ്പ് (1) (ഇ) ല്‍ പിരിച്ചുവിടല്‍ ഉത്തരവു വന്ന ദിവസം മുതല്‍ ഒരു സഹകരണ സംഘത്തിന്റെയും ഭരണസമിതിയിലേക്കു മത്സരിക്കാനോ ഭരണസമിതിയിലേക്കു നോമിനേറ്റ് ചെയ്യപ്പെടാനോ ഒരു സഹകരണ സംഘത്തിലെയും അഡ്മിനിസ്‌ട്രേറ്ററായി നിയോഗിക്കപ്പെടാനോ പിരിച്ചുവിടപ്പെട്ട ഭരണസമിതിയിലെ അംഗങ്ങള്‍ തുടര്‍ന്നുള്ള രണ്ടു ടേമിലേക്കു അയോഗ്യരായിരിക്കുമെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാല്‍, ഭരണസമിതിയംഗത്വത്തിനുള്ള അയോഗ്യതകള്‍ പ്രതിപാദിക്കുന്ന ചട്ടം 44 ലെ ഉപചട്ടം (1) (കെ) ല്‍ പിരിച്ചുവിടപ്പെട്ട ഭരണസമിതിയില്‍ അംഗമായിരുന്ന വ്യക്തിക്കു പിരിച്ചുവിടപ്പെട്ട് ഒരു വര്‍ഷം പൂര്‍ത്തിയായില്ലെങ്കില്‍ മാത്രമേ അയോഗ്യതയുള്ളു. പിരിച്ചുവിടല്‍ ഉത്തരവിനുശേഷം ഒരു വര്‍ഷം കഴിയുമ്പോള്‍ പിരിച്ചുവിടപ്പെട്ട ഭരണസമിതിയിലെ അംഗങ്ങള്‍ക്കു ഏതൊരു സഹകരണ സംഘത്തിന്റെയും ഭരണസമിതിയിലേക്കു മത്സരിക്കാനും അംഗമായി തിരഞ്ഞെടുക്കപ്പെടാനും അയോഗ്യതയില്ല എന്നുള്ള 44 -ാം ചട്ടത്തിലെ വ്യവസ്ഥക്കു വിരുദ്ധമായ വ്യവസ്ഥയാണു നിയമത്തിലെ വകുപ്പ് 32 ല്‍ നിലവിലുള്ളത്. ചട്ടവ്യവസ്ഥ വകുപ്പിലെ വ്യവസ്ഥക്കു വിരുദ്ധമായതിനാല്‍ 32-ാം വകുപ്പിലെ വ്യവസ്ഥക്കാണു സാധുതയുള്ളത്.

അറ്റലാഭ
വിഭജനം

ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഓരോ സംഘവും അതിന്റെ അറ്റലാഭത്തില്‍ നിന്നു നിര്‍ബന്ധമായി വകമാറ്റേണ്ടതും ഓഡിറ്റ് നടത്തുന്ന ഓഡിറ്റര്‍തന്നെ വകമാറ്റേണ്ടതുമായ ഫണ്ടുകളെക്കുറിച്ചാണു സഹകരണ സംഘങ്ങളുടെ അറ്റലാഭ വിഭജനവുമായി ബന്ധപ്പെട്ട 56-ാം വകുപ്പിന്റെ ഉപവകുപ്പ് (1) ല്‍ പ്രതിപാദിക്കുന്നത്. ലാഭത്തിന്റെ 15 ശതമാനത്തില്‍ കുറയാത്ത ഭാഗം കരുതല്‍ധനത്തിലേക്കും അഞ്ചു ശതമാനത്തില്‍ അധികരിക്കാത്ത ഭാഗം സഹകരണ വിദ്യാഭ്യാസ ഫണ്ടിലേക്കും പത്തു ശതമാനം അംഗസമാശ്വാസ ഫണ്ടിലേക്കും നിര്‍ബന്ധമായി മാറ്റിവെക്കണമെന്നാണു ഉപവകുപ്പ് (1) ലെ വ്യവസ്ഥ. ശേഷിക്കുന്ന ലാഭം അംഗങ്ങളുടെ ഓഹരി മൂലധനത്തിനു 25 ശതമാനംവരെ ലാഭവീതം നല്‍കുക, അംഗങ്ങള്‍ സംഘവുമായി നടത്തിയ ബിസിനസിന്റെ വ്യാപ്തിയുടെ അടിസ്ഥാനത്തില്‍ നിയമാവലിയില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള നിരക്കില്‍ ബോണസ് നല്‍കുക, കാര്‍ഷികവായ്പാ സ്ഥിരീകരണ ഫണ്ടിലേക്കു അറ്റലാഭത്തിന്റെ ഏഴു ശതമാനം മാറ്റുക, സഹകരണ പ്രൊഫഷണല്‍ വിദ്യാഭ്യാസ ഫണ്ടിലേക്കു ലാഭത്തിന്റെ അഞ്ചു ശതമാനം നല്‍കുക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു സംഭാവന നല്‍കാനായി അറ്റലാഭത്തിന്റെ പത്തു ശതമാനത്തില്‍ അധികരിക്കാത്ത തുക ഉപയോഗിക്കുക എന്നീ ആവശ്യങ്ങളില്‍ എല്ലാ ആവശ്യങ്ങള്‍ക്കുമോ ഏതെങ്കിലും ഒരാവശ്യത്തിനോ വേണമെങ്കില്‍ ഉപയോഗിക്കാമെന്നാണു വകുപ്പ് 56 ന്റെ ഉപവകുപ്പ് (2) ല്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. 56-ാം വകുപ്പിന്റെ ഒന്നാം ഉപവകുപ്പില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള ഫണ്ടുകളെല്ലാം നിര്‍ബന്ധ സ്വഭാവമുള്ളവയും ഓഡിറ്റര്‍തന്നെ വകമാറ്റുന്നതുമാണെങ്കില്‍ 56 (2) ലെ ഫണ്ടുകള്‍ നിര്‍ബന്ധസ്വഭാവമുള്ളവയല്ല എന്നു മാത്രമല്ല നിയമാവലിവ്യവസ്ഥകള്‍ക്കു വിധേയമായി പൊതുയോഗതീരുമാനത്തിലൂടെ വകമാറ്റുന്നവയുമാണ്.

അറ്റലാഭത്തില്‍ നിന്നു ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു സംഭാവന നല്‍കാനായി വകമാറ്റുന്ന പൊതുനന്മാ ഫണ്ടിലേക്കു നിര്‍ദിഷ്ട പത്തു ശതമാനത്തിനുള്ളില്‍ അഞ്ചു ശതമാനമോ അതില്‍ കുറവോ വകമാറ്റുന്നതിനും വിഭജിക്കാനുള്ള അറ്റലാഭം ശുഷ്‌കമാണെങ്കില്‍ പൊതുനന്മാ ഫണ്ടിലേക്കു വകമാറ്റാതിരിക്കാനും പൊതുയോഗത്തിന് അധികാരമുണ്ട്. ലാഭവിഭജനവുമായി ബന്ധപ്പെട്ട 56-ാം വകുപ്പിന്റെ വിശദാംശങ്ങള്‍ വ്യവസ്ഥ ചെയ്തിട്ടുള്ള 53-ാം ചട്ടത്തിന്റെ ഉപചട്ടം (3) ല്‍ കാര്‍ഷികവായ്പാ സംഘങ്ങളുടെ അറ്റലാഭത്തിന്റെ ഏഴു ശതമാനം കാര്‍ഷികവായ്പ സ്ഥിരതാഫണ്ടിലേക്കു നിര്‍ബന്ധമായി മാറ്റിവെക്കണമെന്നും ഉപചട്ടം (3) (എ) ല്‍ ലാഭത്തിന്റെ അഞ്ചു ശതമാനം സഹകരണ പ്രൊഫഷണല്‍ വിദ്യാഭ്യാസ ഫണ്ടിലേക്കു നിര്‍ബന്ധമായി വകമാറ്റണമെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു. 56-ാം വകുപ്പിന്റെ രണ്ടാം ഉപവകുപ്പനുസരിച്ച് പൊതുയോഗത്തിന്റെ അധികാരപരിധിയില്‍ വരുന്നതും നിര്‍ബന്ധസ്വഭാവമില്ലാത്തതുമായ ഈ രണ്ടു ഫണ്ടുകളും 53-ാം ചട്ടത്തില്‍ നിര്‍ബന്ധ ഫണ്ടുകളാക്കുകയും പൊതുയോഗത്തിന്റെ അധികാരപരിധിയില്‍ നിന്നു മാറ്റി ഓഡിറ്ററുടെ അധികാരപരിധിയിലാക്കുകയും ചെയ്തിരിക്കുന്നു. കേരള സഹകരണ സംഘം ചട്ടം 53 ന്റെ ഉപചട്ടം (3) ഉം (3) (എ) യും വകുപ്പ് 56 ഉപവകുപ്പ് (2) നു വിരുദ്ധമായതിനാല്‍ വകുപ്പിലെ വ്യവസ്ഥക്കാണു നിയമസാധുതയുള്ളത്.

ആറു മാസത്തിനകം
ഓഡിറ്റ് ചെയ്യണം

കേരള സഹകരണ സംഘം നിയമത്തിന്റെ വകുപ്പ് 63 ലെ ക്ലോസ് (4) ന്റെ പ്രൊവിസോയില്‍ എല്ലാ സഹകരണ സംഘങ്ങളുടെയും കണക്കുകള്‍ സാമ്പത്തികവര്‍ഷം അവസാനിച്ച് ആറു മാസത്തിനകം ഓഡിറ്റ് ചെയ്യണമെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. വകുപ്പ് 64 ന്റെ ഉപവകുപ്പ് (4) പ്രകാരം ഓഡിറ്റര്‍ ആവശ്യപ്പെടുന്ന ഫിനാന്‍ഷ്യല്‍ സ്റ്റേറ്റുമെന്റുകളും മറ്റു നിയമപരമായ സ്റ്റേറ്റുമെന്റുകളും സാമ്പത്തികവര്‍ഷം പൂര്‍ത്തിയായി ഒരു മാസത്തിനകം പ്രധാന നിര്‍വഹണ ഉദ്യോഗസ്ഥന്‍ തയാറാക്കി ഭരണസമിതിക്കു നല്‍കുകയും ഈ വിവരം ഓഡിറ്റ് ഡയരക്ടറെ അറിയിക്കുകയും വേണം. മേല്‍സൂചിപ്പിച്ച സ്റ്റേറ്റുമെന്റുകളിലെ കൃത്യത ഉറപ്പുവരുത്തേണ്ട ചുമതല ഭരണസമിതിയുടേതാണ്. ഭരണസമിതി ഇവയിലെ സംഖ്യകളുടെ കൃത്യത കണക്കുബുക്കുകളുമായി ഒത്തുനോക്കി ഉറപ്പുവരുത്തി ഒരു മാസത്തിനകം ഓഡിറ്റര്‍ക്കു നല്‍കണമെന്നും അല്ലാത്തപക്ഷം ഭരണസമിതിയംഗങ്ങളുടെ അയോഗ്യതയായി അതു കണക്കാക്കി ഭരണസമിതിയില്‍ തുടരുന്നതില്‍ നിന്നും അവരെ അയോഗ്യരാക്കി നീക്കം ചെയ്തുകൊണ്ട് സംഘഭരണം തുടര്‍ന്നു നടത്തിക്കൊണ്ടുപോകാന്‍ അഡ്മിനിസ്‌ട്രേറ്ററെ / അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ നിയോഗിക്കുമെന്നും വകുപ്പ് 64 ലെ ഉപവകുപ്പ് (4 എ) ല്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഭരണസമിതി പരിശോധന നടത്തി ശരിയാണെന്നു ബോധ്യപ്പെട്ട സ്റ്റേറ്റ്‌മെന്റുകള്‍ ഓഡിറ്റര്‍ക്കു ലഭിച്ചശേഷം നാലു മാസത്തിനകം ഓഡിറ്റ് പൂര്‍ത്തിയാക്കണമെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് ഓഡിറ്റ് ഡയരക്ടര്‍ക്കു നല്‍കണമെന്നും വകുപ്പ് 64 ന്റെ ഉപവകുപ്പ് (5) ല്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. വകുപ്പ് 64 ന്റെ ഉപവകുപ്പ് (4) (ബി) അനുസരിച്ച് ഓഡിറ്റ് റിപ്പോര്‍ട്ട് ലഭിച്ചശേഷം മൂന്നു മാസത്തിനകം ഓഡിറ്റ് ഡയരക്ടര്‍ ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട സംഘത്തിനു നല്‍കേണ്ടതാണ്.

നിയമത്തിലെ വകുപ്പ് 64 ന്റെ ഉപവകുപ്പുകളായ (4), (4 എ), (4 ബി), (5) എന്നിവ പ്രകാരം സാമ്പത്തികവര്‍ഷം പൂര്‍ത്തിയായി ഒമ്പതു മാസം കഴിയുമ്പോള്‍ മാത്രമാണു സംഘത്തിന് ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് കിട്ടുക. അപ്പോള്‍ മാത്രമേ പ്രവര്‍ത്തനഫലം ലാഭമായിരുന്നോ നഷ്ടമായിരുന്നോ എന്നും നഷ്ടത്തിലാണെങ്കില്‍ അതിന്റെ കാരണം അവലോകനം ചെയ്തു തുടര്‍ന്നുള്ള വര്‍ഷം നഷ്ടം ഒഴിവാക്കാനുള്ള പരിപാടികള്‍ പരിഗണിക്കാനും വാര്‍ഷികപൊതുയോഗത്തിനു സാധിക്കുകയുള്ളു. അതുപോലെ, പ്രവര്‍ത്തനലാഭത്തില്‍ വിഭജിക്കാനുള്ള ലാഭം അറിഞ്ഞാലേ നിയമാവലിവ്യവസ്ഥയനുസരിച്ച് ലാഭം വിഭജിക്കാന്‍ പൊതുയോഗത്തിനു കഴിയൂ. ഓഡിറ്റ് റിപ്പോര്‍ട്ട് പരിഗണിക്കുക, നഷ്ടത്തിലുള്ള സംഘത്തെ ലാഭത്തിലാക്കാനുള്ള കര്‍മപരിപാടി തയാറാക്കുക, ലാഭവിഭജനം നടത്തുക തുടങ്ങി വാര്‍ഷിക പൊതുയോഗത്തിലെ കാര്യപരിപാടികള്‍ നിറവേറ്റപ്പെടണമെങ്കില്‍ ഓഡിറ്റ് റിപ്പോര്‍ട്ട് വാര്‍ഷിക പൊതുയോഗത്തിനു മുമ്പു കിട്ടണം. സാമ്പത്തികവര്‍ഷം പൂര്‍ത്തിയായശേഷം ആറു മാസത്തിനകം വാര്‍ഷികപൊതുയോഗം സംഘഭരണസമിതി വിളിച്ചുകൂട്ടണമെന്നും അതില്‍ പരാജയപ്പെടുന്ന ഭരണസമിതിയംഗങ്ങള്‍ക്കു തുടര്‍ന്ന് അഞ്ചു വര്‍ഷത്തേക്ക് ഒരു സഹകരണ സംഘത്തിന്റെ ഭരണസമിതിയിലേക്കും മത്സരിക്കാന്‍ അര്‍ഹതയുണ്ടായിരിക്കില്ലെന്നും അവര്‍ സംഘാംഗമായി തുടരാന്‍ യോഗ്യരല്ലെന്നും നിയമത്തില്‍ നിഷ്‌കര്‍ഷിക്കുമ്പോള്‍ വാര്‍ഷികപൊതുയോഗത്തിന്റെ പ്രധാന കാര്യപരിപാടിയായ ഓഡിറ്റ് സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കാര്യം സാമ്പത്തികവര്‍ഷം പൂര്‍ത്തിയായി ഒമ്പതു മാസം കഴിഞ്ഞുമാത്രമാണു സംഘങ്ങള്‍ക്കു ലഭിക്കുന്നത് എന്നതു വൈരുധ്യമാണ്.

ഓരോ വര്‍ഷത്തെയും അക്കൗണ്ട് സ്‌റ്റേറ്റുമെന്റുകള്‍ സാമ്പത്തികവര്‍ഷം പൂര്‍ത്തിയായശേഷം മൂന്നു മാസത്തിനകം സെക്രട്ടറി തയാറാക്കണമെന്നു ഓഡിറ്റുമായി ബന്ധപ്പെട്ട സഹകരണച്ചട്ടം 64 ലെ ഉപചട്ടം (6) ന്റെ പ്രൊവിസോയില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളതു 64-ാം വകുപ്പിന്റെ (4)-ം ഉപവകുപ്പിനു വിരുദ്ധമാണ്. അതുപോലെത്തന്നെ ഓഡിറ്റ്ദിവസം മുതല്‍ ആറു മാസത്തിനകം ബന്ധപ്പെട്ട സംഘത്തിനു ഓഡിറ്റ് മെമ്മോറാണ്ടത്തിന്റെ ഒരു കോപ്പിയോടൊപ്പം ഒരു ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നാണു ചട്ടം 64 ഉപചട്ടം (6) ല്‍ നിലവില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. അതും വകുപ്പിലെ വ്യവസ്ഥക്കു വിരുദ്ധമാണ്.

സമയബന്ധിതമായി വാര്‍ഷികപൊതുയോഗം വിളിച്ചുകൂട്ടാത്തത് ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലാണ് എന്ന വാദത്തിനു നിയമസംരക്ഷണമില്ല. ഓഡിറ്റ് സമയബന്ധിതമായി പൂര്‍ത്തിയാക്കാഞ്ഞതിനാലോ സമയബന്ധിതമായി ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാഞ്ഞതിനാലോ വാര്‍ഷികപൊതുയോഗം സാമ്പത്തികവര്‍ഷം അവസാനിച്ച് ആറു മാസം പൂര്‍ത്തിയാക്കുന്ന സമയപരിധിക്കുള്ളില്‍ വിളിച്ചുകൂട്ടാതിരുന്നാല്‍ ഭരണസമിതിക്കു കടുത്ത ശിക്ഷ സഹകരണ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളപ്പോള്‍ സമയബന്ധിതമായി ഓഡിറ്റ് പൂര്‍ത്തിയാക്കാത്ത, ഓഡിറ്റ് മെമ്മോറാണ്ടം നല്‍കാത്ത, ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത ഓഡിറ്റ് ഡയരക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് ഒരു ശിക്ഷയും ഇല്ല എന്നതു നീതീകരിക്കാവുന്നതല്ല. ( തുടരും )

Leave a Reply

Your email address will not be published.

Latest News
error: Content is protected !!