സഹകരണ മേഖലയുടെ രക്ഷയ്ക്ക് സംരക്ഷണ നിധി വരുന്നു

- കിരണ്‍ വാസു

ഒരു സഹകരണ സംഘം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍
അതിന്റെ പ്രവര്‍ത്തനം തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടുപോകാനുള്ള
സാമ്പത്തിക സഹായം ഉറപ്പാക്കുകയാണു സഹകരണ സംരക്ഷണ നിധിയിലൂടെ
ചെയ്യുന്നത്. പണം തിരിച്ചുകൊടുക്കാനാവാതെ നിക്ഷേപകരില്‍
അവിശ്വാസം വളര്‍ത്തുന്ന സാഹചര്യം മേലില്‍ ഉണ്ടാകാതിരിക്കാനാണു സഹകരണ
സംരക്ഷണ നിധി രൂപവത്കരിക്കുന്നത്.

 

കരുവന്നൂര്‍ സഹകരണ ബാങ്കിലുണ്ടായ പ്രതിസന്ധി സഹകരണ നിക്ഷേപത്തിന്റെ സുരക്ഷയെയും സഹകരണ മേഖലയുടെ നിലനില്‍പ്പിനെയുംപറ്റി ഗൗരവമായ ചര്‍ച്ചകള്‍ക്കാണു വഴിവെച്ചത്. ഒരു ബാങ്ക് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കു പോയപ്പോഴാണ് അതു പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്കും ഒട്ടേറെ പ്രശ്‌നങ്ങള്‍ നേരിടാനുണ്ടെന്ന ബോധ്യം സര്‍ക്കാരിനുണ്ടായത്. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയെ ജില്ലാ സഹകരണ ബാങ്കുകളാണ് ഇതുവരെ ഇടപെട്ട് പരിഹരിച്ചിരുന്നത്. കേരള ബാങ്കിന്റെ പിറവിയോടെ ആ സാധ്യത ഇല്ലാതായി. കേരള ബാങ്കിന് ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്നതിനു റിസര്‍വ് ബാങ്കിന്റെ വിലക്കുണ്ടെന്നും ബോധ്യമായി. സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം രൂപവത്കരിക്കുന്നതിനുപോലും സഹായിക്കാന്‍ കഴിയാത്ത അവസ്ഥയിലാണു കേരള ബാങ്കുള്ളതെന്ന ബോധ്യമാണു സഹകാരികള്‍ക്കും സര്‍ക്കാരിനും ഇതുണ്ടാക്കിയത്. അതായത്, സഹകരണ സംഘങ്ങളുടെ അപക്‌സ് സ്ഥാപനം എന്നതു കേരള ബാങ്കിന് ഒരു വിളിപ്പേര് മാത്രമാണെന്നു ബോധ്യപ്പെട്ടു. ഇതോടെയാണു പ്രാഥമിക സഹകരണ മേഖലയുടെ രക്ഷയ്ക്കു ബദല്‍ മാര്‍ഗം കണ്ടെത്തേണ്ടതുണ്ടെന്ന ചിന്ത സര്‍ക്കാരിനുണ്ടായത്. അതില്‍നിന്നാണു സഹകരണ സംരക്ഷണ നിധിയുടെ പിറവി.

സഹകരണ സ്ഥാപനങ്ങളുടെ പ്രതിസന്ധി രണ്ടു തരത്തിലാണുള്ളത്. പ്രാഥമിക മേഖലയിലുള്ളതിനു സമാനമല്ല അപക്‌സ് സ്ഥാപനങ്ങളിലുള്ളത്. ജനങ്ങളില്‍നിന്ന് ഓഹരിയും നിക്ഷേപവും പിരിച്ച് ഒരു പൊതുലക്ഷ്യം നിശ്ചയിച്ച് പ്രവര്‍ത്തിക്കുന്നവയാണു പ്രാഥമിക സഹകരണ സംഘങ്ങള്‍. ആ പൊതുലക്ഷ്യം നിറവേറ്റുന്നതിന് അവയ്ക്കു സര്‍ക്കാര്‍ സഹായം ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. കാരണം, പ്രാഥമിക സഹകരണ മേഖലയാണു കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ ശക്തി. അതിനുണ്ടാകുന്ന ക്ഷീണം സാധാരണ ജനങ്ങളെയാണു ബാധിക്കുക. എന്നാല്‍, അപക്‌സ് സ്ഥാപനങ്ങളുടെ സ്ഥിതി അങ്ങനെയല്ല. പ്രത്യേകിച്ച് വായ്‌പേതര സ്ഥാപനങ്ങളുടെ കാര്യത്തില്‍. അവ മിക്കവാറും സര്‍ക്കാരിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്നതും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളതുമാണ്. അതിന്റെ പ്രശ്‌നങ്ങള്‍ നേരിട്ട് ജനങ്ങളെ ബാധിക്കുന്നതു താരതമ്യേന കുറവുമാണ്. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു പ്രാഥമിക സഹകരണ മേഖലയിലെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നതും അതു പരിഹരിക്കാന്‍ അടിയന്തര ഇടപെടലിനു ശ്രമിക്കുന്നതും.

കരുവന്നൂരിലെ
പ്രശ്‌നം

കരുവന്നൂര്‍ ബാങ്കിലെ പ്രശ്‌നം പരിഹരിക്കാതെ നീണ്ടുപോയതാണ് ഈ മേഖലയെ മൊത്തത്തില്‍ അതു ബാധിക്കുന്ന സ്ഥിതിയിലേക്ക് എത്തിച്ചത്. ഒരു സംഘം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി എന്നതിനപ്പുറം ക്രിമിനല്‍ കുറ്റങ്ങള്‍ കൂടി ഉള്‍പ്പെട്ടതാണു കരുവന്നൂര്‍ പ്രശ്‌നം സര്‍ക്കാരിനും സഹകരണ മേഖലയ്ക്കും ഒരു കുരുക്കായി മാറാനിടയായത്. നിക്ഷേപകര്‍ക്കു പണം തിരിച്ചുകൊടുക്കാനായില്ല എന്നതാണ് ഈ മേഖലയിലെ നിക്ഷേപകരില്‍ അവിശ്വാസം വളര്‍ത്താന്‍ ഇടയാക്കിയത്. അത്തരം സാഹചര്യം ഭാവിയില്‍ ഉണ്ടാകാതിരിക്കാനുള്ള മുന്നൊരുക്കമായിട്ടാണു സഹകരണ സംരക്ഷണ നിധി രൂപവത്കരിക്കാന്‍ തീരുമാനിച്ചത്. സഹകരണ നിക്ഷേപത്തിനു ഗാരന്റി സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നുണ്ട്. അഞ്ചു ലക്ഷം രൂപവരെയായി നിക്ഷേപ ഗാരന്റി വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ അതു രണ്ടു ലക്ഷമായിരുന്നു. പക്ഷേ, ഒരു സംഘത്തിലെ നിക്ഷേപത്തിനു സഹകരണ നിക്ഷേപ ഗാരന്റി ഫണ്ട് ബോര്‍ഡിന്റെ സഹായം ലഭിക്കുന്നതിനു നിയമപരമായ കാലതാമസമുണ്ട്. സാമ്പത്തിക പ്രതിസന്ധിയിലായ സംഘം അതിന്റെ പ്രവര്‍ത്തനം നിയമപരമായി അവസാനിപ്പിക്കുന്ന ഘട്ടത്തിലാണു ബോര്‍ഡില്‍നിന്നു നിക്ഷേപ ഗാരന്റിത്തുക ലഭിക്കുക. ഇതിനു ചിലപ്പോള്‍ വര്‍ഷങ്ങളെടുക്കും. അത്രയും കാലം ആ സംഘത്തില്‍ നിക്ഷേപിച്ചവര്‍ക്കു പണം തിരികെക്കിട്ടാതെ വരുന്നത് ഈ മേഖലയുടെ വിശ്വാസ്യതയ്ക്കു ഭംഗം വരുത്തും. ഈ കാലതാമസം മറികടക്കുക, അടിയന്തര സഹായം ലഭ്യമാക്കുക എന്നീ ലക്ഷ്യത്തോടെയാണു സഹകരണ സംരക്ഷണ നിധിക്കു രൂപം നല്‍കുന്നത്.

സംരക്ഷണ
നിധിയുടെ ലക്ഷ്യം

നിക്ഷേപം സ്വീകരിച്ച് അതു വായ്പയായി നല്‍കിയോ മറ്റേതെങ്കിലും പദ്ധതികള്‍ക്കായി വിനിയോഗിച്ചോ ആണു സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. നല്‍കിയ വായ്പ പലിശസഹിതം തിരിച്ചുകിട്ടാതെ വരിക, ചെലവിട്ട പണം ലാഭസഹിതം പിരിഞ്ഞുകിട്ടാതിരിക്കുക എന്നീ കാരണങ്ങളാല്‍ സഹകരണ സംഘം പ്രതിസന്ധിയിലാകും. അഴിമതി, ക്രമക്കേട്, പണാപഹരണം, വഞ്ചന തുടങ്ങിയ കാര്യങ്ങളാല്‍ സംഭവിക്കുന്ന നഷ്ടങ്ങളും ബാധ്യതകളും ഈ ഗണത്തിലുള്ളതല്ല. ഇത്തരം കാര്യങ്ങളിലൂടെയല്ലാതെ പ്രതിസന്ധി നേരിടുന്ന സംഘങ്ങളെ സഹായിക്കാന്‍ സര്‍ക്കാരിനും സഹകരണ മേഖലയ്ക്കും ബാധ്യതയുണ്ട്. നല്‍കിയ വായ്പ തിരിച്ചു കിട്ടുന്നതോടെയോ അല്ലെങ്കില്‍ ലാഭം പ്രതീക്ഷിച്ചു മുതല്‍മുടക്കിയ സംരംഭത്തില്‍നിന്നു വരുമാനം കിട്ടുന്ന ഘട്ടത്തിലോ ഈ സംഘങ്ങളുടെ പ്രതിസന്ധി പരിഹരിക്കപ്പെടും. പക്ഷേ, അതുവരെ നിക്ഷേപകനു പണം തിരിച്ചുകൊടുക്കാതിരിക്കാന്‍ കഴിയില്ല. നിക്ഷേപകന്‍ ആവശ്യപ്പെടുന്ന ഘട്ടത്തില്‍ മുതലും പലിശയും നല്‍കുമ്പോഴാണ് ഒരു ധനകാര്യസ്ഥാപനത്തിന്റെ വിശ്വാസ്യത നിലനിര്‍ത്താനാവുക. അതിനാല്‍, ഒരു സഹകരണ സംഘം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ അതിന്റെ പ്രവര്‍ത്തനം തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടുപോകാനുള്ള സാമ്പത്തിക സഹായം ഉറപ്പാക്കുകയാണു സഹകരണ നിധിയിലൂടെ ചെയ്യുന്നത്.

ഇത്തരം സാമ്പത്തിക സഹായത്തിനു ചില ഇളവുകള്‍ വേണ്ടതുണ്ട്. അതു പലിശരഹിതമായോ നാമമാത്രമായ പലിശയ്‌ക്കോ ഫണ്ട് ലഭ്യമാക്കുക എന്നതാണ്. ഉദാഹരണത്തിന്, ഒരു വായ്പാ സഹകരണ സംഘമാണു പ്രതിസന്ധിയിലായത് എന്നു കരുതുക. അവിടുത്തെ നിക്ഷേപകര്‍ പണം ആവശ്യപ്പെട്ട് എത്തുന്നു, വായ്പയെടുത്തവരില്‍നിന്നു തിരിച്ചടവ് ഉണ്ടാകുന്നുമില്ല. ഈ ഘട്ടത്തില്‍ ആ സംഘത്തിനു വേണ്ടതു നിക്ഷേപകര്‍ ആവശ്യപ്പെടുന്നതിനനുസരിച്ച് അവര്‍ക്കു നല്‍കാനുള്ള പണം കിട്ടലാണ്. ഒപ്പം, സ്വര്‍ണപ്പണയ വായ്പപോലെ റിസ്‌ക് കുറഞ്ഞ വായ്പാ സ്‌കീമുകള്‍ ആകര്‍ഷകമായി അവതരിപ്പിച്ച് വരുമാനം കൂട്ടുകയും വേണം. ഇതു രണ്ടിനും ഉയര്‍ന്ന പലിശ നല്‍കി വായ്പയെടുത്താല്‍ ആ സഹകരണ സംഘത്തിന്റെ പ്രതിസന്ധി മറികടക്കാനാവില്ല. മാത്രവുമല്ല, അതു ചിലപ്പോള്‍ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുകയും ചെയ്യും. കരുവന്നൂരില്‍ സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം രൂപവത്കരിച്ച് പണം കണ്ടെത്താനുള്ള രീതി ഒഴിവാക്കിയതിന്റെ ഒരു കാരണം ഇതുകൊണ്ടുകൂടിയാണ്. കണ്‍സോര്‍ഷ്യത്തില്‍ സഹകരണ സംഘങ്ങള്‍ പണം നല്‍കിയാലും അതിന് ആ സംഘങ്ങള്‍ക്ക് അംഗങ്ങള്‍ക്കു കൊടുക്കുന്ന പലിശയെങ്കിലും നല്‍കേണ്ടതുണ്ട്. ഇങ്ങനെ പലിശ നല്‍കി പണം കണ്ടെത്തിയാല്‍ കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകരുടെ പ്രശ്‌നം പെട്ടെന്നു തീര്‍ക്കാനാവും. പക്ഷേ, ബാങ്കിന്റെ നിലനില്‍പ് കൂടുതല്‍ അപകടത്തിലാകാനാണു സാധ്യത. കുറഞ്ഞ പലിശയ്ക്കു പ്രവര്‍ത്തന മൂലധനം എന്നതാണു സംരക്ഷണ നിധിയിലൂടെ സംഘങ്ങള്‍ക്കു ലഭിക്കുന്ന സഹായം.

എങ്ങനെയാണ്
സംരക്ഷണനിധി?

 

സഹകരണ സംഘങ്ങള്‍ അവയുടെ ലാഭത്തില്‍നിന്നു നിശ്ചിത ശതമാനം കരുതല്‍ധനമായി മാറ്റിവെക്കേണ്ടതുണ്ട്. അത് ആ സംഘം ഭാവിയില്‍ പ്രതിസന്ധി നേരിടുമ്പോള്‍ ഉപയോഗിക്കാനാണ്. ഇങ്ങനെ മാറ്റിവെക്കുന്ന കരുതല്‍ധനം ആ സംഘത്തിന്റെ അപക്‌സ് ബാങ്കിലാണു സൂക്ഷിക്കേണ്ടത്. അതായത്, കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങളിലെ മൊത്തം കരുതല്‍ധനം കേരള ബാങ്കിലാണുള്ളത്. 1050 കോടി രൂപ ഇത്തരത്തില്‍ കേരള ബാങ്കിലുണ്ട്. ഇതിന്റെ ഒരു ഭാഗം സംരക്ഷണ നിധിയിലേക്കു മാറ്റാമെന്നതാണ് ഇപ്പോഴത്തെ തീരുമാനം. ഇതിനാവശ്യമായ രീതിയില്‍ സഹകരണച്ചട്ടത്തില്‍ ഭേദഗതി വരുത്തുമെന്നു സഹകരണ മന്ത്രി വി.എന്‍. വാസവന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ നിധിയിലേക്കു കിട്ടുന്ന തുകയ്ക്കു സംഘങ്ങള്‍ക്കു നിലവില്‍ ലഭിക്കുന്ന പലിശവരുമാനം ഉറപ്പുവരുത്തും. നിധിയിലേക്കു മുതല്‍ക്കൂട്ടുന്ന തുക ഒരു നിശ്ചിത കാലപരിധിയ്ക്കു ശേഷമോ സംഘങ്ങള്‍ക്ക് അടിയന്തിര സാഹചര്യം ഉണ്ടാകുമ്പോഴോ പലിശയടക്കം തിരികെ നല്‍കുന്നതിനും വ്യവസ്ഥ ചെയ്യും. ഇതിലേക്കായി വിശദമായ സ്‌കീം തയാറാക്കുന്നതാണെന്നും മന്ത്രി വിശദീകരിച്ചിട്ടുണ്ട്.

നിലവില്‍ കേരള ബാങ്കില്‍ നിക്ഷേപിക്കുന്ന കരുതല്‍ധനത്തിനു നാലു ശതമാനം പലിശയാണു നല്‍കുന്നത്. ഇതേ പലിശ ഉറപ്പാക്കി ഈ തുക സംരക്ഷണ നിധിയിലേക്കു മാറ്റുമെന്നാണു സഹകരണ മന്ത്രി പറഞ്ഞത്. പ്രതിസന്ധിയിലാകുന്ന സംഘത്തിനു നാലു ശതമാനം പലിശയ്ക്കുതന്നെ ഈ നിധിയില്‍നിന്നു ഫണ്ട് നല്‍കും. അടിയന്തര സാഹചര്യത്തില്‍ സര്‍ക്കാരിനു പലിശയില്ലാതെയും സംഘങ്ങള്‍ക്കു പണം അനുവദിക്കാനാകും. ഇതു സംഘങ്ങള്‍ക്കു വലിയ സഹായമാകുന്ന പദ്ധതിയാണ്. ഒരു സംഘത്തിന്റെ കരുതല്‍ധനത്തില്‍നിന്നു 50 ശതമാനം സഹകരണ സംഘം രജിസ്ട്രാര്‍ക്കും 100 ശതമാനം സര്‍ക്കാരിനും അതതു സംഘത്തിന്റെ ആവശ്യങ്ങള്‍ക്കു വിനിയോഗിക്കാന്‍ അനുമതി നല്‍കാമെന്നാണു നിലവിലെ ചട്ടത്തിലെ വ്യവസ്ഥ. ഇത്, അതതു സംഘങ്ങള്‍ക്കോ സഹകരണ സംഘങ്ങളുടെ പൊതു ആവശ്യത്തിനോ ഉപയോഗിക്കാമെന്ന രീതിയിലേക്കു ചട്ടത്തില്‍ ഭേദഗതി കൊണ്ടുവരേണ്ടതുണ്ട്.

സഹകരണ സംരക്ഷണ നിധി കേരളത്തിലെ സഹകരണ മേഖലയുടെ പൊതുവായ വികസനത്തിനും പ്രതിസന്ധി പരിഹരിക്കാനാവുമെന്ന് ഉത്തമ ബോധ്യമുള്ള പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ പ്രതിസന്ധി തരണം ചെയ്യുന്നതിനും ഉപയോഗിക്കാനാണു ലക്ഷ്യമിടുന്നത്. വായ്‌പേതര സംഘങ്ങള്‍ക്കു സഹായം നല്‍കുന്നത് ഇപ്പോള്‍ സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. കുറഞ്ഞത് 500 കോടി രൂപ സഞ്ചിത നിധിയിലേക്കു സംഭരിക്കുന്ന തരത്തിലാണു പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഇതില്‍നിന്ന് ആദ്യം കരുവന്നൂര്‍ ബാങ്കിനു സഹായം ഉറപ്പാക്കാനാണു തീരുമാനം. നിധിയില്‍ നിന്നുള്ള തുകയുടെ വിനിയോഗവും തിരിച്ചടവും ഉറപ്പുവരുത്തുന്നതിനായി സംഘംതലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും മോണിറ്ററിംഗ് കമ്മിറ്റികള്‍ രൂപവത്കരിക്കും. ഇത്തരത്തിലുള്ള കമ്മിറ്റികളില്‍ സഹകാരികള്‍, വകുപ്പുദ്യോഗസ്ഥര്‍, കേരള ബാങ്ക് ഉദ്യോഗസ്ഥര്‍, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ പ്രതിനിധി, സംസ്ഥാന സഹകരണ യൂണിയന്‍ പ്രതിനിധി, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തും.

നിക്ഷേപം തിരിച്ചു നല്‍കാന്‍ ബുദ്ധിമുട്ട് നേരിടുന്ന സഹകരണ ബാങ്കുകളെ സഹായിക്കുകവഴി സഹകരണ മേഖലയിലെ നിക്ഷേപം നഷ്ടപ്പെടാതിരിക്കാനും പ്രസ്തുത സ്ഥാപനങ്ങളെ മികവുറ്റവതാക്കാനുമുള്ള കര്‍മപരിപാടിയാണു നടപ്പാക്കുന്നത്. നിക്ഷേപം തിരിച്ചു നല്‍കാന്‍ കഴിയാതെ പ്രതിസന്ധിയിലായ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളുടെയും ബാങ്കുകളുടെയും പ്രശ്‌നങ്ങള്‍ ഉടനടി പരിഹരിക്കാനും പ്രവര്‍ത്തനക്ഷമമാക്കാനും ലക്ഷ്യമിട്ടാണു കൃത്യമായ വ്യവസ്ഥകളോടെ പദ്ധതി തയാറാക്കിയിരിക്കുന്നത്. പ്രതിസന്ധിയില്‍പ്പെട്ട സ്ഥാപനങ്ങളെ ഓരോന്നായി എടുത്തു പഠനം നടത്തി പോരായ്മകള്‍ കണ്ടെത്തി അവ പരിഹരിക്കണമെന്നും സഹകരണ വകുപ്പ് നിശ്ചയിച്ചിട്ടുണ്ട്. സഹകരണ സംഘങ്ങളില്‍ അനഭിലഷണീയ പ്രവണതകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായ നടപടി സ്വീകരിക്കാനാണു തീരുമാനം. ഇതിനാവശ്യമായ നിയമ ഭേദഗതികളോടെയാണു സഹകരണ നിയമ ഭേദഗതി തയാറാക്കിയിട്ടുള്ളത്.

ഉടമസ്ഥര്‍
എത്താത്ത നിക്ഷേപം

സഹകരണ സംഘങ്ങളിലെ ഉടമസ്ഥരില്ലാത്ത നിക്ഷേപം സംഘങ്ങളുടെ പൊതുആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന രീതിയിലേക്കു മാറ്റാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇത്തരം നിക്ഷേപം സഹകരണ നിക്ഷേപ ഗാരന്റി ഫണ്ട് ബോര്‍ഡിലേക്കു മാറ്റാനാണ് ആലോചിക്കുന്നത്. പ്രതിസന്ധിയിലാകുന്ന സംഘങ്ങള്‍ക്ക് അടിയന്തര വായ്പയായി നല്‍കാന്‍ ഈ തുകയും ഉപയോഗിക്കുകയാണു ലക്ഷ്യം. 500 കോടിയിലേറെ രൂപ ഇത്തരത്തില്‍ സഹകരണ ബാങ്കുകളിലുണ്ടെന്നാണു പ്രാഥമിക കണക്ക്. ഇതുകൂടി ഉള്‍പ്പെടുത്തി സഹകരണ സംഘങ്ങളിലെ നിക്ഷേപത്തിനു സുരക്ഷ ഉറപ്പാക്കുന്ന വിധത്തില്‍ സഹകരണ നിക്ഷേപ ഗാരന്റി സ്‌കീം പരിഷ്‌കരിക്കും. കാലാവധി പൂര്‍ത്തിയായി പത്തു വര്‍ഷം കഴിഞ്ഞിട്ടും പിന്‍വലിക്കാത്ത നിക്ഷേപം ഇത്തരത്തില്‍ ഗാരന്റി ബോര്‍ഡിലേക്കു മാറ്റാനാണു ചര്‍ച്ച നടക്കുന്നത്. പത്തു വര്‍ഷമായി ഇടപാട് നടത്താതെ കിടക്കുന്ന എസ്.ബി. അക്കൗണ്ടിലെ പണവും സംഘങ്ങളില്‍നിന്നു ഗാരന്റി ബോര്‍ഡിലേക്കു മാറ്റും. സംസ്ഥാനത്തെ 1625 പ്രാഥമിക സഹകരണ ബാങ്കുകളിലെയും 13,500 പ്രാഥമിക സഹകരണ സംഘങ്ങളിലേയും ഇത്തരത്തിലുള്ള നിക്ഷേപമാണു സര്‍ക്കാര്‍നിയന്ത്രണത്തിലേക്കു മാറ്റുന്നത്. ഈ നിക്ഷേപത്തിനു പിന്നീട് അവകാശികളെത്തിയാല്‍ അവ പലിശസഹിതം സംഘങ്ങള്‍ നല്‍കണം. നല്‍കിയ തുക പിന്നീട് സംഘത്തിനു സര്‍ക്കാര്‍ അനുവദിച്ചുനല്‍കും. ഈ രീതിയിലാണു വ്യവസ്ഥകള്‍ ക്രമീകരിക്കുന്നത്.

 

വാണിജ്യ ബാങ്കുകളിലെയും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിലെയും ഉടമസ്ഥരെത്താത്ത പണം ആര്‍.ബി.ഐ.ക്കു കൈമാറേണ്ടതുണ്ട്. കേരള ബാങ്കും അര്‍ബന്‍ സഹകരണ ബാങ്കുകളും മലപ്പുറം ജില്ലാ ബാങ്കും ഇത്തരത്തില്‍ റിസര്‍വ് ബാങ്കിനാണു പണം നല്‍കേണ്ടത്. മറ്റു സഹകരണ സംഘങ്ങളിലെ പിന്‍വലിക്കപ്പെടാത്ത പണം നിലവില്‍ അതതു സംഘങ്ങളില്‍ത്തന്നെയാണു സൂക്ഷിക്കുന്നത്. ഇതു റിസര്‍വ് ബാങ്ക് സ്വീകരിക്കുന്ന അതേരീതിയില്‍ സര്‍ക്കാര്‍ ഏറ്റെടുക്കാനും സഹകരണ നിക്ഷേപ സുരക്ഷ സ്‌കീമിനായി ഉപയോഗപ്പെടുത്താനുമാണു തീരുമാനം. ഇതിനുള്ള വ്യവസ്ഥകളുടെ കരട് തയാറാക്കിയിട്ടുണ്ട്. നിക്ഷേപ ഗാരന്റിക്കായി സഹകരണ സംഘങ്ങള്‍ ബോര്‍ഡിലേക്ക് അടക്കുന്ന വിഹിതം പുനര്‍നിശ്ചയിക്കാനും സഹകരണ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. 100 രൂപയ്ക്കു പത്തു പൈസയാണു സംഘങ്ങള്‍ ബോര്‍ഡിലേക്ക് അടക്കേണ്ടിയിരുന്നത്. രണ്ടാം വര്‍ഷം അധികമായി വരുന്ന നിക്ഷേപത്തിനു മാത്രമേ വിഹിതം നല്‍കേണ്ടിയിരുന്നുള്ളൂ. ഈ രീതിക്കു പകരം ഓരോ വര്‍ഷവും സംഘത്തിന്റെ മൊത്തം നിക്ഷേപത്തിനു 100 രൂപയ്ക്കു നാലു പൈസ തോതില്‍ വിഹിതം നല്‍കണം എന്നാക്കും.

നിക്ഷേപ ഗാരന്റി രണ്ടു ലക്ഷത്തില്‍നിന്ന് അഞ്ചു ലക്ഷമാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഒരു സഹകരണ സംഘം സാമ്പത്തിക പ്രതിസന്ധിയിലായി അതിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന ഘട്ടത്തിലാണു നിക്ഷേപത്തിനു ബോര്‍ഡിന്റെ ഗാരന്റി തുക ലഭിക്കുന്നത്. ഈ രീതി മാറ്റണമെന്നു കരുവന്നൂര്‍ സംഭവത്തിനുശേഷം ആവശ്യം ഉയര്‍ന്നിരുന്നു. സംഘം പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെ പ്രതിസന്ധിയാണെന്നു പ്രഖ്യാപിക്കുന്ന ഘട്ടത്തില്‍ത്തന്നെ മൊത്തം നല്‍കേണ്ട തുകയുടെ പകുതി ബോര്‍ഡിനു നേരത്തെ അനുവദിക്കാമെന്നാണു കരട് ഭേദഗതിയില്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഈ പ്രതിസന്ധിയിലേക്ക് എത്തുന്നതിനു മുമ്പ് സംഘങ്ങളെ സംരക്ഷിക്കുന്നതിനാണു കുറഞ്ഞ പലിശയ്ക്ക് ആവശ്യമുള്ള പണം ലഭ്യമാക്കാന്‍ സഹകരണ സംരക്ഷണ നിധി രൂപവത്കരിക്കുന്നത്. ഇതു രണ്ടും നടപ്പാകുന്നതോടെ സഹകരണ മേഖലയിലെ നിക്ഷേപകര്‍ കൂടുതല്‍ സുരക്ഷിതരായി മാറുമെന്നാണു പ്രതീക്ഷിക്കുന്നത്.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!