സഹകരണ ബാങ്കുകള്‍ക്ക് ആശങ്കവേണ്ട; പണം കൊണ്ടുപോകുമ്പോള്‍ ഇലക്ഷന്‍ സ്‌ക്വാഡ് പിടിക്കില്ല

moonamvazhi
  • സഹകരണ ബാങ്കുകള്‍ക്ക് ക്യു.ആര്‍.കോഡ് ജനറേറ്റ് ചെയ്യാന്‍ സംവിധാനമില്ല
  • പണം കൊണ്ടുപോകുമ്പോള്‍ സ്ഥാപനത്തിന്റെ സ്ലിപ്പും തിരിച്ചറിയല്‍ രേഖയും കരുതണം

 

തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ഭാഗമായി പണം കൊണ്ടുപോകുന്നതിനുള്ള നിയന്ത്രണം സഹകരണ ബാങ്കുകള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും തടസമാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വാണിജ്യ ബാങ്കുകള്‍ക്കും, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും പണം കൊണ്ടുപോകുന്നതിന് ക്യു.ആര്‍.കോഡ് നല്‍കുന്നുണ്ട്. ഇത് സഹകരണ സ്ഥാപനങ്ങള്‍ക്കില്ല. ഇതായിരുന്നു ആശങ്കയ്ക്ക് കാരണമായത്.

അമ്പതിനായിരം രൂപയില്‍ കൂടുതല്‍ പണമായി കൊണ്ടുപോകുന്നതിനാണ് നിയന്ത്രണമുള്ളത്. ബാങ്കുകളില്‍നിന്ന് പണം പിന്‍വലിച്ചുകൊണ്ടുപോകുമ്പോള്‍ ഇടപാടുകാര്‍ക്കും ക്യു.ആര്‍.കോഡ് നല്‍കുന്നുണ്ട്. ഇലക്ഷന്‍ സീഷര്‍ മാനേജ്മെന്റ് സിസ്റ്റം ( ഇ.എസ്.എം.എസ്.) വഴിയാണ് ക്യു.ആര്‍. കോഡ് നല്‍കുന്നത്. ഇ.എസ്.എം.എസ്. സിസ്റ്റത്തില്‍ ബാങ്കുകള്‍ക്ക് ലോഗിന്‍ ചെയ്ത് ക്യു.ആര്‍.കോഡ് ജനറേറ്റ് ചെയ്യാനാകും. ഇങ്ങനെ ചെയ്യണമെന്ന് ബാങ്കുകളോട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഈ സിസ്റ്റത്തില്‍ ലോഗിന്‍ ചെയ്യാനുള്ള സൗകര്യം സഹകരണ ബാങ്കുകള്‍ക്കും സംഘങ്ങള്‍ക്കുമില്ല.

ഓരോ ജില്ലയിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേകം പരിശോധന സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഫ്ളയിങ് സ്‌ക്വാഡും സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമമുമാണ് പരിശോധനയ്ക്കുത്. ബാങ്കുകള്‍ നല്‍കുന്ന ക്യൂ.ആര്‍.കോഡ് പരിശോധിച്ച് ഇവര്‍ക്ക് പണത്തിന്റെ ഉറവിടം മനസിലാക്കാനാകും. ക്യൂ.ആര്‍.കോഡ് ഇല്ലാത്തതിനാല്‍ സഹകരണ ബാങ്കുകളും സംഘങ്ങളും പണം കൊണ്ടുപോകുന്നതിനുള്ള സ്ലിപ്പ് കരുതണമെന്നാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. സഹകരണ സ്ഥാപനങ്ങള്‍ക്ക് ബ്രാഞ്ചുകളിലേക്കും കേരളബാങ്കിലേക്കും ഓരോദിവസവും പണം കൊണ്ടുപോകേണ്ടതുണ്ട്. ഇത് കൊണ്ടുപോകുന്ന ജീവനക്കാര്‍ ബാങ്കിന്റെ സ്ലിപ്പും തിരിച്ചറിയല്‍ രേഖയും പരിശോധനയ്ക്കുള്ള ഉദ്യോഗസ്ഥരെ കാണിച്ചാല്‍ മതിയാകും.

പരിശോധനയില്‍ പണത്തിന്റെ ഉറവിടമോ ഉദ്ദേശ്യമോ തെളിയിക്കാനായില്ലെങ്കില്‍ ഈ പണം സ്‌പെഷല്‍ സ്‌ക്വാഡ് പിടിച്ചെടുക്കും. വോട്ടെടുപ്പ് കഴിഞ്ഞ് രേഖ ഹാജരാക്കിയാല്‍ മാത്രമാണ് പണം തിരികെ ലഭിക്കുക. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബാങ്കുകള്‍ക്ക് നല്‍കിയ സര്‍ക്കുലറിലൊന്നും സഹകരണ ബാങ്കുകളെയോ സംഘങ്ങളെയോ കുറിച്ച് പരാമര്‍ശിക്കുന്നില്ല. അതിനാല്‍, സഹകരണ മേഖലയിലെ ജീവനക്കാര്‍ക്ക് ആശങ്കയുണ്ടായിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും ക്യൂ.ആര്‍.കോഡ് ജനറേറ്റ് ചെയ്യാന്‍ സംവിധാനമൊരുക്കണമെന്നും കാണിച്ച് തേഞ്ഞിപ്പാലും റൂറല്‍ സഹകരണ ബാങ്കിന്റെ സെക്രട്ടറി തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരുന്നു. നിലവിലെ നിബന്ധനകളില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെങ്കിലും സഹകരണ ബാങ്കുകള്‍ കൊണ്ടുപോകുന്ന പണം പിടിച്ചെടുക്കില്ലെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. സ്ഥാപനത്തിന്റെ സ്ലിപ്പ് രേഖയായി കണക്കാക്കുമെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.