മില്‍മ ചെയര്‍മാന്‍ കെ.എസ്. മണിയെ എന്‍.സി.ഡി.എഫ്.ഐ. ബോര്‍ഡ് അംഗമായി തിരഞ്ഞെടുത്തു

moonamvazhi

മില്‍മ ചെയര്‍മാനായ കെ.എസ്. മണിയെ നാഷണല്‍ കോഓപ്പറേറ്റീവ് ഡെയറി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (എന്‍.സി.ഡി.എഫ്.ഐ.) ബോര്‍ഡ് അംഗമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി രണ്ടാം തവണയാണ് കെ.എസ്.മണി ഈ സ്ഥാനത്ത് എത്തുന്നത്. ക്ഷീരമേഖലയെ കര്‍ഷകരില്‍നിന്ന് അറിയുകയും വിപണന സാധ്യത തേടി കര്‍ഷകരുടെ നേട്ടത്തിനായി പ്രയത്‌നിക്കുകയും ചെയ്ത സഹകാരിയാണ് കെ.എസ്.മണി. പ്രാഥമിക ക്ഷീര സംഘത്തിന്റെ പ്രസിഡന്റ് സ്ഥാനത്തുനിന്നാണ് ദേശീയ ഫെഡറേഷന്റെ ഭരണസമിതി അംഗമായുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച.

ഗുജറാത്തിലെ ആനന്ദ് ആസ്ഥാനമായാണ് നാഷണല്‍ കോഓപ്പറേറ്റീവ് ഡെയറി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ ക്ഷീര സഹകരണ ഫെഡറേഷനുകളുടെ അപെക്‌സ് സംഘടനയാണ് എന്‍.സി.ഡി.എഫ്.ഐ. നിലകൊള്ളുന്നത്. നാഷണല്‍ കോഓപ്പറേറ്റീവ് ഡെയറി ഫെഡറേഷന്റെ പുതിയ ചെയര്‍മാനായി ഡോ.മിനേഷ് ഷായെയും തിരഞ്ഞെടുത്തിട്ടുണ്ട്. നിലവില്‍ നിലവില്‍ നാഷണല്‍ ഡെയറി ഡെവലപ്‌മെന്റ് ബോര്‍ഡ് (എന്‍.ഡി.ഡി.ബി.) ചെയര്‍മാനാണ് മിനേഷ് ഷാ.

2021 ജുലായിലാണ് കെ.എസ്. മണി മില്‍മ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടത്. മില്‍മ മലബാര്‍ യൂണിയന്‍ ചെയര്‍മാനുമാണ്. 1989 മുതല്‍ പാലക്കാട് എണ്ണപ്പാടം ക്ഷീര സഹകരണ സംഘത്തിന്റെ പ്രസിഡന്റുമാണ്.