എം.വി.ആര്‍. കാന്‍സര്‍ സെന്ററില്‍ ഇ.വി. ചാര്‍ജിങ് സ്റ്റേഷന്‍ തുടങ്ങി
കോഴിക്കോട്ടെ എം.വി.ആര്‍. കാന്‍സര്‍ സെന്ററില്‍ വൈദ്യുതിവാഹനങ്ങള്‍ക്കായി ചാര്‍ജിങ് സ്റ്റേഷന്‍ തുടങ്ങി. കാന്‍സര്‍ സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. നാരായണന്‍കുട്ടിവാര്യര്‍ സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്തു. കാന്‍സര്‍ സെന്ററില്‍ എല്ലാ സൗകര്യവും ഒരുക്കുന്നതിന്റെ ഭാഗമാണിതെന്ന് അദ്ദേഹം പറഞ്ഞു. നേരത്തേതന്നെ സെന്ററില്‍ ഡീസല്‍പമ്പുണ്ട്. അതിനുപുറമെയാണ് ഇ.വി. ചാര്‍ജിങ് സ്റ്റേഷന്‍കൂടി തുടങ്ങിയത്. ഒരേസമയം ആറു വാഹനങ്ങള്‍ ഇവിടെ ചാര്‍ജ് ചെയ്യാം. ഈസിഗോ എന്ന സ്ഥാപനമാണ് ഇ.വി. ചാര്‍ജിങ് സ്‌റ്റേഷന്‍ ഏര്‍പ്പെടുത്തിയത്.
ഇന്ത്യയിലുള്ള എല്ലാവിധ ഇലക്ട്രിക് വാഹനവും ഇവിടെ ചാര്‍ജ് ചെയ്യാനാവുമെന്ന് എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ അറിയിച്ചു. കേരളത്തില്‍ ഒരാശുപത്രിയില്‍ ഇ.വി. ചാര്‍ജിങ് സ്‌റ്റേഷന്‍ സ്ഥാപിക്കുന്നത് ആദ്യമായിരിക്കും. ആയിരത്തോളം വാഹനങ്ങള്‍ കാന്‍സര്‍ സെന്ററില്‍ വരുന്നുണ്ട്. അതില്‍ നൂറിലേറെയും ഇലക്ട്രിക് വാഹനങ്ങളാണ്. 10 വര്‍ഷത്തിനകം 80 ശതമാനം വാഹനവും ഇലക്ട്രിക് ആകും എന്നതിനാല്‍ ഇവയുടെ പ്രസക്തി ഏറെയാണ്. ഇ.വി. ചാര്‍ജിങ് സ്റ്റേഷന്‍ യാഥാര്‍ഥ്യമാക്കിയ എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു.