വിയറ്റ്‌നാമിന്റെ ചരിത്രത്തിലാദ്യമായി സാമ്പത്തികത്തട്ടിപ്പിന് ഒരാള്‍ക്കു വധശിക്ഷ

moonamvazhi
  • സാമ്പത്തികക്കുറ്റത്തിന്ആദ്യമായി വധശിക്ഷ
  •  അറുപത്തിയേഴുകാരിയുടെ തട്ടിപ്പ്
    12.5 ബില്യണ്‍ കോടി ഡോളറിന്റേത്

വിയറ്റ്‌നാമിന്റെ ചരിത്രത്തിലാദ്യമായി സാമ്പത്തികത്തട്ടിപ്പിനു ഒരാള്‍ക്കു വധശിക്ഷ വിധിച്ചിരിക്കുന്നു. അതും ഒരു വനിതക്ക്. അമ്മയോടൊപ്പം ഒരു ചെറിയ കടയില്‍നിന്നു ജീവിതം തുടങ്ങി റിയല്‍ എസ്റ്റേറ്റ് രംഗത്തെ റാണിയായി വളര്‍ന്ന ത്രുവോങ് മൈ ലാന്‍ എന്ന അറുപത്തിയേഴുകാരിയാണു ബാങ്ക് തട്ടിപ്പിന്റെ പേരില്‍ തൂക്കുമരത്തിലേറുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ പതിനൊന്നിനാണു ലാനിനെ വധശിക്ഷക്കു വിധിച്ചത്. വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നു ലാനിന്റെ കുടുംബാംഗങ്ങള്‍ അറിയിച്ചു. 12.5 ബില്യണ്‍ കോടി ഡോളറിന്റെ ( ഏതാണ്ട് ഒരു ലക്ഷം കോടി രൂപ ) തട്ടിപ്പിനാണു ലാന്‍ അറസ്റ്റിലായത്. ഇത് ഏതാണ്ട് വിയറ്റ്‌നാമിന്റെ 2022 ലെ മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിന്റെ ( ജി.ഡി.പി ) ആറു ശതമാനം വരും. ഭര്‍ത്താവുള്‍പ്പെടെ ലാനിന്റെ ഏതാനും കൂട്ടാളികള്‍ക്ക് ജയില്‍ശിക്ഷയും വിധിച്ചിട്ടുണ്ട്.

തുടക്കം അമ്മയുടെ
കടയില്‍നിന്ന്

ആഡംബര അപ്പാര്‍ട്ടുമെന്റുകളും ഹോട്ടലുകളും ഷോപ്പിങ് മാളുകളും സ്വന്തമാക്കി കരുത്തുറ്റ ആത്മവിശ്വാസത്തോടെ സ്വന്തം ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തയാളാണു ത്രുവോങ് മൈ ലാന്‍. 1992 വരെ ലാന്‍ ആരാലും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. അവരുടെ അമ്മയ്ക്കു ഹോചിമിന്‍ സിറ്റിയില്‍ സൗന്ദര്യവര്‍ധക വസ്തുക്കള്‍ വില്‍ക്കുന്ന ചെറിയൊരു കടയുണ്ടായിരുന്നു. അവിടെ അമ്മയുടെ സഹായിയായിരുന്നു ലാന്‍. കമ്യൂണിസ്റ്റ് വിയറ്റ്‌നാം ദോയ് മോയ് ( പുനരുദ്ധാരണം ) എന്നറിയപ്പെട്ട സാമ്പത്തികപരിഷ്‌കാരങ്ങളിലേക്കു കടന്നതോടെ ലാനും അമ്മയും തങ്ങളുടെ ലോകം ആ കൊച്ചുകടയില്‍നിന്നു പറിച്ചുനട്ടു. അമ്മ സ്വന്തമായി കുറെ ഭൂമി വാങ്ങി. ക്രമേണ ഏതാനും ഹോട്ടലുകളും റസ്റ്റോറന്റുകളും സ്വന്തമാക്കി. വാന്‍ തിന്‍ ഫട്ട് എന്നൊരു റിയല്‍ എസ്റ്റേറ്റ് കമ്പനി ആരംഭിച്ചതോടെ അവര്‍ക്ക് വെച്ചടിവെച്ചടി കയറ്റമായിരുന്നു. ഹോങ്കോങ്ങിലെ പ്രമുഖ നിക്ഷേപകനായ എറിക് ചൂ നാപ്പിനെ വിവാഹം കഴിച്ചതോടെ അവരുടെ ബിസിനസ് സാമ്രാജ്യം ഒന്നുകൂടി വിപുലമായി. തട്ടിപ്പിന് ഈയടുത്ത് അറസ്റ്റിലാകുംവരെ കമ്പനിയുടെ ചെയര്‍പേഴ്‌സണായി ലാന്‍ തുടര്‍ന്നുപോന്നു. ഹോചിമിന്‍ സിറ്റിയിലെ ഏറ്റവും തലയെടുപ്പുള്ള വന്‍ കെട്ടിടങ്ങളിലൊന്നാണ് ലാനിന്റെ കമ്പനി. 39 നിലകളുള്ള കെട്ടിടമാണിത്. ഈ നഗരത്തില്‍ത്തന്നെ ഒരു പഞ്ചനക്ഷത്ര ഹോട്ടലും സ്വന്തമായുണ്ട്. അറസ്റ്റിലാവുന്നതുവരെ ലാന്‍ അവിടെയാണു താമസിച്ചിരുന്നത്.

2011 ല്‍ ഏതാനും ബാങ്കുകള്‍ തമ്മിലുണ്ടായ ലയനത്തെത്തുടര്‍ന്നു സയ്‌ഗോണ്‍ ജോയിന്റ് സ്‌റ്റോക്ക് കമേഴ്‌സ്യല്‍ ബാങ്കിന്റെ നിയന്ത്രണം ലാനിന്റെ കൈകളിലായി. ഈ ബാങ്കിനെ ലാന്‍ ഒരു കറവപ്പശുവാക്കി. എന്നിട്ട് ബാങ്കില്‍നിന്നു സ്വന്തം കമ്പനികള്‍ക്കും അവര്‍തന്നെ സ്ഥാപിച്ച ഷാഡോ കമ്പനികള്‍ക്കും ഇഷ്ടംപോലെ വായ്പകള്‍ തരമാക്കിക്കൊടുത്തു. ഈ വായ്പകളെല്ലാം ലാന്‍ സ്വന്തം കമ്പനിയിലേക്കു തിരിച്ചുവിട്ടു. ആയിരക്കണക്കിനു ഷെല്‍ കമ്പനികളാണു ലാന്‍ പടച്ചുവിട്ടത്. ഈ കമ്പനികള്‍ക്കൊക്കെ 2022 വരെ ബാങ്കില്‍നിന്നു യഥേഷ്ടം വായ്പകള്‍ കൊടുത്തുകൊണ്ടിരുന്നു.

2018 ഫെബ്രുവരി ഒമ്പതു മുതല്‍ 2022 ഒക്ടോബര്‍ ഏഴുവരെ 920 വ്യാജ വായ്പാഅപേക്ഷകളാണു ലാനിന്റെ നിര്‍ദേശപ്രകാരം തയാറാക്കി ബാങ്കില്‍ നല്‍കിയതെന്നു കുറ്റപത്രത്തില്‍ പറയുന്നു. ഇത് ഏതാണ്ട് 12.5 ബില്യണ്‍ കോടി ഡോളര്‍ വരും. തന്റെ ബന്ധുക്കളെയും കൂട്ടാളികളെയും ലാന്‍ ബാങ്കിന്റെ പ്രമുഖ പദവികളില്‍ കുടിയിരുത്തി. ബാങ്കിന്റെ മുന്‍ ചെയര്‍മാനും ഡയറക്ടര്‍മാരുമടക്കം ഏതാനും പേര്‍ കേസ് ചാര്‍ജ് ചെയ്യുന്നതിനുമുമ്പേ രാജ്യം വിട്ടു. വിയറ്റ്‌നാമില്‍ നടന്ന ഏറ്റവും വലിയ അഴിമതിക്കേസുകളിലൊന്നാണിത്.

ഒരു വ്യക്തിക്കും ഒരു ബാങ്കിലും സ്വന്തമായി അഞ്ചു ശതമാനത്തിലധികം ഓഹരിയുണ്ടാവാന്‍ പാടില്ലെന്നു നിയമം വന്നതാണു ലാനിനു കുരുക്കായത്. പലരുടെയും പേരില്‍ ഓഹരിയെടുത്തു ബാങ്കിന്റെ 90 ശതമാനത്തിലധികം ഓഹരികള്‍ ലാന്‍ സ്വന്തമാക്കിയിരുന്നു. സര്‍ക്കാരുദ്യോഗസ്ഥരെ വരുതിക്കു നിര്‍ത്താന്‍ ലക്ഷക്കണക്കിനു ഡോളറാണു ലാന്‍ കൈക്കൂലി നല്‍കിയിരുന്നത്. കൈക്കൂലി, ബാങ്കിങ് നിയന്ത്രണനിയമത്തിന്റെ ലംഘനം, പണാപഹരണം എന്നീ കുറ്റങ്ങളാണു ലാനിനുമേല്‍ ചാര്‍ത്തിയത്.

അഴിമതി ഏറ്റവും
വലിയ വിപത്ത്

സാധാരണയായി കൊലപാതകം, രാജ്യദ്രോഹം, ബാലപീഡനം തുടങ്ങിയ ഹീനകൃത്യങ്ങള്‍ക്കാണു വിയറ്റ്‌നാമില്‍ വധശിക്ഷ വിധിക്കാറ്. ബിസിനസ്‌രംഗത്തെ കുറ്റത്തിനു വധശിക്ഷ ഇതാദ്യമാണ്. അഴിമതി തുടച്ചുനീക്കാനുള്ള സര്‍ക്കാറിന്റെ ദൃഢനിശ്ചയമാണിതിനു പിന്നിലെന്നു നിരീക്ഷകര്‍ കരുതുന്നു. 2013 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി നുയെന്‍ ഫൂ ത്രോങ്ങിന്റെ നേതൃത്വത്തിലാണു അഴിമതിക്കെതിരെ കുരിശുയുദ്ധം ആരംഭിച്ചത്. രാജ്യത്തു കമ്യൂണിസ്റ്റ് പാര്‍ട്ടി നേരിടുന്ന ഏറ്റവും വലിയ വിപത്ത് അഴിമതിയാണെന്നു അദ്ദേഹം വിശ്വസിക്കുന്നു. സര്‍ക്കാരിന്റെ കടുത്ത നടപടികള്‍ കാരണം രാജ്യത്തു കൈക്കൂലിസംഭവങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്നാണു ജനം വിശ്വസിക്കുന്നത്. സയ്‌ഗോണ്‍ ജോയിന്റ് സ്റ്റോക്ക് ബാങ്കിലൂടെ ലാനും കൂട്ടാളികളും 2500 വായ്പകളാണ് അനുവദിച്ചത്. ഇതുവഴി 27 ബില്യണ്‍ കോടി ഡോളറാണു നഷ്ടമുണ്ടായത്.

ഒരു മാസം നീണ്ടുനിന്ന വിചാരണയില്‍ തെളിവു നല്‍കാനായി കോടതി 2700 പേരെയാണു വിളിച്ചുവരുത്തിയത്. പത്തു പ്രോസിക്യൂട്ടര്‍മാരും ഇരുനൂറോളം അഭിഭാഷകരും വിചാരണയില്‍ പങ്കാളികളായി. 104 പെട്ടികളിലാണു തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയത്. ഇവയ്‌ക്കെല്ലാംകൂടി ആറു ടണ്‍ ഭാരമുണ്ടായിരുന്നു. ലാനിനൊപ്പം 85 പേരെയാണു വിസ്തരിച്ചത്. ലാനിന്റെ ഭര്‍ത്താവ്, അനന്തരവള്‍ എന്നിവരടക്കമുള്ളവരെയാണു കോടതി കുറ്റക്കാരായി കണ്ടെത്തിയത്. ഇവര്‍ക്കെല്ലാം വിവിധ കാലയളവിലേക്കു ജയില്‍ശിക്ഷ വിധിച്ചിട്ടുണ്ട്. ലാനില്‍നിന്നു 26.9 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം ഈടാക്കാനും വിധിയുണ്ട്.

ലാനിന്റെ പ്രവൃത്തികള്‍ സ്വത്തു കൈകാര്യം ചെയ്യാനുള്ള വ്യക്തികളുടെ അവകാശം മാത്രമല്ല ലംഘിച്ചിരിക്കുന്നതെന്നു വിചാരണക്കോടതി അഭിപ്രായപ്പെട്ടു. അവര്‍ സയ്‌ഗോണ്‍ ജോയിന്റ് സ്റ്റോക്ക് കമേഴ്‌സ്യല്‍ ബാങ്കിനെ സ്വന്തം വരുതിയിലാക്കി. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലും രാഷ്ട്രത്തിന്മേലുമുള്ള ജനവിശ്വാസം ഇടിച്ചു- കോടതി അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published.