സഹകരണ പെന്‍ഷന്‍ ബോര്‍ഡിന്റെ ഫണ്ട് ട്രഷറിയിലേക്ക് മാറ്റുന്നില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

moonamvazhi
  • നിക്ഷേപം മാറ്റാന്‍ തീരുമാനിക്കുന്നുണ്ടെങ്കില്‍ അറിയിക്കണമെന്ന് ഹൈക്കോടതി
  •  കേസ് വിശദമായി വാദം കേള്‍ക്കുന്നതിനായി മാറ്റി

ഹകരണ പെന്‍ഷന്‍ ബോര്‍ഡിന്റെ നിക്ഷേപത്തില്‍നിന്ന് 1000 കോടിരൂപ ട്രഷറിയിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന സന്ദേഹത്തിന് വിരാമമിട്ട് സര്‍ക്കാര്‍. ഇത് സംബന്ധിച്ച് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ സര്‍ക്കാര്‍ നിലപാട് അറിയിച്ചു. പെന്‍ഷന്‍ ബോര്‍ഡിന്റെ നിക്ഷേപം ട്രഷറിയിലേക്ക് മാറ്റാനുള്ള ഒരു തീരുമാനവും സര്‍ക്കാര്‍ എടുത്തിട്ടില്ലെന്നാണ് ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്.

സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പെന്‍ഷന്‍ ബോര്‍ഡിന്റെ നിക്ഷേപത്തില്‍നിന്ന് 1000 കോടി കേരളാബാങ്കില്‍ നിന്ന് ട്രഷറിയിലേക്ക് മാറ്റാന്‍ ശ്രമം നടക്കുന്നുവെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. പെന്‍ഷന്‍ ബോര്‍ഡ് ഭരണസമിതി അംഗങ്ങള്‍ക്ക് പോലും ഇത്തരമൊരു സംശയം ഉണ്ടായിരുന്നു. ഇതിന്റെ വാര്‍ത്തകള്‍ പുറത്തുവന്നതിന്റെ അടിസ്ഥാനത്തില്‍ കേരള പ്രൈമറി കോഓപ്പറേറ്റീവ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ഹൈക്കോടതിയില്‍ റിട്ട് ഹരജി നല്‍കിയത്. ഇതക് പരിഗണിച്ച ഘട്ടത്തിലാണ് സര്‍ക്കാര്‍ നിലപാട് വിശദീകരിച്ചത്.

പെന്‍ഷന്‍ ബോര്‍ഡിന്റെ നിക്ഷേപം മാറ്റുന്നത് സംബന്ധിച്ച് എന്തെങ്കിലും തീരുമാനം എടുക്കുന്നുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ കോടതിയെ അറിയക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളബാങ്കില്‍നിന്ന് നിക്ഷേപം പിന്‍വലിക്കുമ്പോള്‍ ബോര്‍ഡിനുണ്ടാകുന്ന പലിശ നഷ്ടം, ആദായനികുതിയിലെ ഇളവ് എന്നിവയെല്ലാം ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിനാല്‍, ഇതില്‍ അടുത്തയാഴ്ച വിശദമായ വാദം കേള്‍ക്കാനായി മാറ്റി. ജസ്റ്റിസ് രാജാവിജയരാഘവനാണ് കേസ് പരിഗണിച്ചത്.

Leave a Reply

Your email address will not be published.