കിളിയന്തറ സര്‍വീസ് സഹകരണ ബാങ്ക് ആരംഭിച്ച റബ്ബര്‍ ഷീറ്റ് ഫാക്ടറിയുടെ പണി ഈമാസം പൂര്‍ത്തിയാകും

moonamvazhi

റബ്ബര്‍ കര്‍ഷകരെ സഹായിക്കുന്നതിനായി കണ്ണൂര്‍ കിളിയന്തറ സര്‍വീസ് സഹകരണ ബാങ്ക് ആരംഭിച്ച റബ്ബര്‍ ഷീറ്റ് ഫാക്ടറിയുടെ പണി ഈ മാസം പൂര്‍ത്തിയാകും. റബ്ബര്‍ പാല്‍ സംഭരിച്ച് മേല്‍തരം ഗ്രേഡ് റബ്ബര്‍ ഷീറ്റാക്കി കര്‍ഷകര്‍ക്ക് നല്‍കുന്നതാണ് പദ്ധതി. സഹകരണ രംഗത്ത് ആദ്യമായാണ് ഇത്തരം ഒരു സംരംഭം. ബാങ്ക് സമര്‍പ്പിച്ച ഈ വേറിട്ട പദ്ധതിക്ക് കേരള ബാങ്ക് മുഖേനയാണ് വായ്പ ലഭിച്ചത്.

മലയോര മേഖലയായ ഇരിട്ടിലെ ജനങ്ങളുടെ പ്രധാന കൃഷി റബ്ബറാണ്. എന്നാല്‍ റബ്ബറിന്റെ വില കുറഞ്ഞതും റബ്ബര്‍ വെട്ടാനും ടാപ്പിംഗിനുമുളള തൊഴിലാളികളുടെ ലഭ്യതക്കുറവും ഈ മേഖലയെ ആകെ പ്രതിസന്ധിയിലാക്കി. കര്‍ഷകരുടെ ഈ പ്രയാസങ്ങള്‍ക്ക് പരിഹാരമായാണ് ബാങ്ക് ഈ പദ്ധതി ആരംഭിച്ചത്. ഇതുവഴി റബ്ബര്‍ ഷീറ്റ് നേരിട്ട് കര്‍ഷകരിലേക്കെത്തുന്നു. 1 കോടി 96 ലക്ഷം രൂപയാണ് ഇതിന്റെ മൊത്തം ചെലവ്. ഇതില്‍ 1 കോടി 76 ലക്ഷം രൂപയും നബാര്‍ഡ് വായ്പയായി നല്‍കിയിട്ടുണ്ട്.

തലശ്ശേരി വളവുപ്പാറ റോഡിലെ നിരങ്ങള്‍ ചിറ്റയില്‍ കിളിയന്തറ ബാങ്ക് വാങ്ങിയ അരയക്കര്‍ സ്ഥലത്താണ് റബ്ബര്‍ ഷീറ്റ് നിര്‍മ്മാണ ഫാക്ടറി ആരംഭിച്ചത്. പ്രതിദിനം 2000 ലിറ്റര്‍ പാല്‍ സംസ്‌കരിക്കും. കര്‍ഷകരില്‍ നിന്ന് റബ്ബര്‍ പാല്‍ സംഭരിക്കുന്നു. അത് ഫാക്ടറിയില്‍ എത്തിച്ച് യന്ത്രം വഴി ഉറയൊഴിച്ച് പരുവപ്പെടുത്തുന്നു. തുടര്‍ന്ന് ഷീറ്റ് അടി യന്ത്രത്തിലും ശേഷം ഉണക്കല്‍ യന്ത്രത്തിലേക്കും മാറ്റുന്നു. ആര്‍.എസ്.എസ് 4 – ഇനം മേല്‍ത്തരം ഷീറ്റുകളാണ് തയ്യാറാക്കുന്നത്. ഇതിലൂടെ അടിച്ചെടുക്കുന്ന റബ്ബര്‍ ഷീറ്റിന് ബാങ്കിന്റെ ചാര്‍ജ്ജ് ഈടാക്കിയ ശേഷം അതാതു ദിവസത്തെ റബ്ബര്‍ ഷീറ്റിന്റെ വിലയനുസരിച്ച് നല്‍കും.

ഈ മാസം അവസാനത്തോടെ ഫാക്ടറിയുടെ പണി പൂര്‍ത്തിയാകും. അതിനു ശേഷം തൊഴിലാളികള്‍ക്കുളള പരിശീനലം നല്‍കും. ഈ വര്‍ഷം തന്നെ ഫാക്ടറി പ്രവര്‍ത്തനം തുടങ്ങാനാണ് ബാങ്ക് പദ്ധതിയിടുന്നതെന്ന് സെക്ടട്ടറി പറഞ്ഞു.

Leave a Reply

Your email address will not be published.